Gulf
കൊവിഡ് 19 നെഗറ്റീവ് ആയവർക്ക് അബുദാബിയിൽ പ്രവേശിക്കാൻ അനുവാദം
അബുദാബി | കൊറോണ ബാധയില്ലായെന്ന് തെളിയിക്കുന്ന രേഖയുള്ളവർക്ക് അബുദാബിയിലേക്ക് പ്രവേശം അനുവദിക്കുമെന്ന് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ അതോറിറ്റി അറിയിച്ചു. അബുദാബി ഡിപ്പാർട്‌മെൻറ് ഓഫ് ഹെൽത്, അബുദാബി പോലീസ് എന്നിവയുമായി ചേർന്ന് സംയുക്ത കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയിൽ എടുത്ത പരിശോധനാ ഫലമാണ് പ്രവേശനത്തിനായി അധികൃതർക്ക് നൽകേണ്ടത്.
നാഷണൽ സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏതെങ്കിലും ആശുപത്രികളിൽ നിന്നോ സ്‌ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നോ കൊവിഡ് -19 പരിശോധനകൾ നടത്തിയ ശേഷം, അൽഹൊസൻ ആപ്പിലൂടെയോ എസ് എം എസ് വഴിയോ ലഭിക്കുന്ന പരിശോധനാ ഫലമാണ് കാണിക്കേണ്ടത്. അബുദാബിയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാതലത്തിലാണ് അധികൃതരുടെ തീരുമാനം.
തപാൽ, അവശ്യവസ്തുക്കൾ എന്നിവയുടെ നീക്കത്തിന് നൽകിയിട്ടുള്ള ഇളവുകൾ തുടരും. മാസ്‌കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ തുടർന്നും കർശനമായി പാലിക്കാനും അബുദാബി നിവാസികളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മറ്റു എമിറേറ്റുകളിൽ നിന്നുള്ള തൊഴിലാളികൾക്ക് എമിറേറ്റിൽ പ്രവേശിക്കുന്നതിന് ഏർപെടുത്തിയ വിലക്കുകൾ തുടരും.