Connect with us

Articles

എരിതീയില്‍ തീവെട്ടിക്കൊള്ള

Published

|

Last Updated

പെട്രോള്‍, ഡീസല്‍ വിലവര്‍ധന മോദി സര്‍ക്കാറിന്റെ ആകെയുള്ള ജനവിരുദ്ധ നടപടിയല്ല എന്നതുകൊണ്ടും മറിച്ചൊന്നും നമ്മള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടക്ക് അനുഭവിച്ചിട്ടില്ല എന്നതുകൊണ്ടും നാമിപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങളോര്‍ത്ത് എനിക്ക് തെല്ലും ആശ്ചര്യമില്ല. പാര്‍ലിമെന്റിലുള്ള അംഗബലത്തിന്റെ അഹങ്കാരം കൊണ്ടും അനേകം അഴിമതികളിലൂടെ കൈവശപ്പെടുത്തിയ പണം കൊണ്ടും വിലക്കുവാങ്ങിയും കുതിരക്കച്ചവടം നടത്തിയും തകര്‍ത്തുകൊണ്ടിരിക്കുന്ന ജനാധിപത്യം, അസ്തിവാരം തോണ്ടപ്പെട്ട നിലയില്‍ കാണപ്പെടുന്ന ഭരണഘടനാ സ്ഥാപനങ്ങളും നീതിപീഠങ്ങളും, സാധാരണക്കാരന്റെ അനേകങ്ങളായ ഇത്തരം ദുരന്തങ്ങള്‍ തുടങ്ങിയവയൊക്കെയാണ് മോദിയുടെ അച്ഛേ ദിന്‍ എന്ന നാടകം.

ഇന്ത്യയെ പോലെ ഒരു രാജ്യത്തെ ഭരിക്കുന്നതിനെ പറ്റി എന്തെങ്കിലും വിവേക ബുദ്ധിയുണ്ടായിരുന്നെങ്കില്‍ സംഭവിക്കുന്നതല്ല 2014 മുതല്‍ മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തുണ്ടായത്. നോട്ടുനിരോധനം, അശാസ്ത്രീയമായ ജി എസ് ടി, ബേങ്കിംഗ് സംവിധാനത്തെ താറുമാറാക്കിയ സാമ്പത്തിക നയങ്ങള്‍, ചുറ്റിലും ശത്രുക്കളെന്നപോല്‍ പരിതാപകരമായ നയതന്ത്ര രീതികള്‍ തുടങ്ങിയവയിലൂടെ ഇന്ത്യയെ ലോക ഭൂപടത്തില്‍ ലജ്ജിപ്പിക്കും വിധം തകര്‍ക്കുകയാണ് മോദിയുടെ മോഡല്‍.

2014ന് ശേഷം എന്നെങ്കിലും സാധാരണക്കാരന് ആശ്വാസമുള്ള എന്തെങ്കിലും ഒരു കാര്യം മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടോ? സ്വച്ഛ് ഭാരതത്തിന്റെ കാര്യമാണെങ്കില്‍ അത് പറയാതിരിക്കലാണ് ഭേദം. നിര്‍മിച്ചു നല്‍കിയ കക്കൂസുകളില്‍ 90 ശതമാനവും വെള്ളമില്ലാത്തതിനാല്‍ ഉപയോഗശൂന്യമാണെന്ന് കണക്കുകള്‍ പറയുന്നു. നിലവില്‍ പെട്രോള്‍ വിലവര്‍ധനയുടെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ന്യായീകരിക്കാന്‍ വേണ്ടി പറയുന്ന “അന്നദാനം” പോലെ മുമ്പ് പ്രചരിപ്പിക്കപ്പെട്ടിരുന്ന ഒന്നായിരുന്നല്ലോ കക്കൂസ് നിര്‍മാണം. അധിക നികുതി ഗ്രാമങ്ങള്‍ തോറും കക്കൂസുകള്‍ നിര്‍മിക്കാനാണെന്ന് പറഞ്ഞത് അന്നത്തെ ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു.

യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ തൊഴിലുറപ്പു പദ്ധതി എടുത്തു കളയാന്‍ തുനിഞ്ഞ മോദിക്ക് കൂട്ടത്തില്‍ ലേശമെങ്കിലും വിവരമുണ്ടായിരുന്ന ആരോ ആണ് അത് നിലനിര്‍ത്തുന്നതാണ് ബുദ്ധിയെന്ന് ഉപദേശിച്ചത്. അല്ലായിരുന്നേല്‍ സ്ഥിതി ആകെ വഷളാകുമായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളിലേക്ക് പണമെത്തുന്ന ഈ വഴിയാണ് രാജ്യത്ത് ഇപ്പോഴും കോടിക്കണക്കിന് ആളുകളുടെ ആശ്വാസം. ഇങ്ങനെയൊക്കെയാണെങ്കിലും ഓരോ ബജറ്റിലും തൊഴിലുറപ്പ് പദ്ധതി അവഗണിക്കപ്പെടുന്നതാണ് കാഴ്ച. മതിയായ ഫണ്ട് നീക്കിവെക്കാതെ സാവധാനത്തില്‍ ഈ ജനകീയ ക്ഷേമപദ്ധതിയും മോദിയും നിര്‍മലയും നിര്‍ത്തിയേക്കും. യു പി എ സര്‍ക്കാറിന്റെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കലും കോലം മാറ്റി നശിപ്പിക്കലുമായിരുന്നല്ലോ ആദ്യത്തെ അഞ്ച് വര്‍ഷം മോദി സര്‍ക്കാറിന്റെ ഹോബി. അതിന്റെയൊക്കെ തിക്തഫലമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് സാരം. മോദി സര്‍ക്കാര്‍ ഇത്രയും കാലത്തിനിടക്ക് നടപ്പാക്കിയതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയെന്ന് അറിയപ്പെടുന്നത് പി എം കിസാനാണ്. അതിനര്‍ഹരായവര്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന 14 കോടി കര്‍ഷകരില്‍ ഇതുവരെ പദ്ധതിയുടെ ഗുണം എത്തിയത് എട്ട് കോടിയില്‍ താഴെ മാത്രം ആളുകള്‍ക്കാണ്. അധികാരത്തില്‍ വന്നയുടനെ എല്ലാവരോടും ബേങ്ക് അക്കൗണ്ട് ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടത് കള്ളപ്പണം കൊണ്ടുവന്ന് വീതം വെക്കുമെന്ന് പറഞ്ഞായിരുന്നു. ഒടുവില്‍ ആറ് വര്‍ഷത്തിനിപ്പുറം മുപ്പത് കോടി ആളുകള്‍ക്ക് അക്കൗണ്ടില്‍ ഒരഞ്ഞൂറു രൂപ ഇട്ടുകൊടുത്തു എന്നു പറയുന്നതാണ് ഈ മഹാമാരിക്കാലത്തെ ആകെയുള്ള മോദിയുടെ ജനസേവനം.

കക്കൂസ് നിര്‍മാണം മുതല്‍ അന്നദാനം വരെയുള്ള ന്യായങ്ങള്‍ ചിരിച്ചുകൊടുക്കാന്‍ പോലും നിലാവാരമില്ലാത്തതാണ്. കേന്ദ്ര സഹമന്ത്രി മുരളീധരന്റെ “ആപേക്ഷിക സിദ്ധാന്ത”ത്തിന്റെ കാര്യം പറയേണ്ടതുമില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ തീവെട്ടിക്കൊള്ളയെ എത്ര മലക്കംമറിഞ്ഞ് ന്യായീകരിച്ചാലും ശരിയാകില്ല. കഴിഞ്ഞ 21 വര്‍ഷത്തിനിടക്ക് ക്രൂഡോയില്‍ വില ഏറ്റവും കുറഞ്ഞ ഈ സമയത്താണ് ലോകത്തിലേറ്റവും കൂടിയ നിരക്കില്‍ നമ്മള്‍ എണ്ണ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്. ഈ മഹാമാരിക്കാലത്തെ അവസരമാക്കി മാറ്റും എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ അത് പൊതുജനങ്ങളെ ഇങ്ങനെ ചൂഷണം ചെയ്തുകൊണ്ട് തന്നെയാകണമല്ലോ!

2011- 2012 കാലത്ത് ക്രൂഡോയില്‍ വില ശരാശരി 111.89 ഡോളര്‍ ആയിരുന്നു. 2019-2020 ആകുമ്പോഴേക്കും ശരാശരി 60.68 ഡോളര്‍ ആയി കുറഞ്ഞു. 2011-2012 കാലത്ത് ഇന്ത്യയില്‍ ശരാശരി 58.50 രൂപയുണ്ടായിരുന്ന ഇന്ധന വില 2019-2020 കാലത്ത് 75.55 ആയി ഉയര്‍ന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. 2014ല്‍ യു പി എ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ശരാശരി 101.10 ഡോളറാണ് ഇന്ധന വില. എന്നാല്‍ ഇന്ത്യയില്‍ ശരാശരി 71 രൂപക്കായിരുന്നു ജനങ്ങള്‍ക്ക് പെട്രോള്‍ ലഭിച്ചിരുന്നത്. അന്ന് പ്രതിഷേധിച്ച് കാളവണ്ടിയുന്തിയവരും സ്‌കൂട്ടര്‍ തള്ളിയവരും ഇപ്പോള്‍ എന്തെടുക്കുകയായിരിക്കും? കാരണം അന്താരാഷ്ട്ര വിപണിയില്‍ ശരാശരി 33.36 ഡോളര്‍ മാത്രമാണ് മൂല്യമെങ്കില്‍ നമ്മളിപ്പോള്‍ ഇന്ധനവിലയായി കൊടുക്കുന്നത് 80 രൂപയോളമോ അതിലധികമോ ആണ്. മൂന്നാഴ്ചയിലേറെയായി തുടര്‍ച്ചയായി വിലവര്‍ധന തുടരുകയും ചെയ്യുന്നു.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ യു പി എ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരുന്നത് വിലനിര്‍ണയാധികാരം കമ്പനികള്‍ക്കു നല്‍കിയ തീരുമാനത്തെ ചൂണ്ടിയായിരുന്നു. അധികാരത്തില്‍ വന്നാല്‍ എല്ലാം പരിഹരിച്ച് 40 രൂപക്ക് പെട്രോളും ഡീസലും കൊടുക്കുമെന്നൊക്കെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ “നൂറുദിവസം കൊണ്ട് പെട്രോള്‍, ഡീസല്‍ വില നിയന്ത്രിച്ചു കാണിച്ചുതരാം” എന്നാണ് മോദി വാദിച്ചത്. ഇതിപ്പോള്‍ ആറ് വര്‍ഷം കഴിഞ്ഞു. ലോകത്തിലേറ്റവും കുറഞ്ഞ വിലക്ക് ഇന്ധനവും ലഭിക്കുന്നു. എന്നിട്ടും വാക്ക് പാലിക്കാന്‍ പറ്റാത്തത് അവര്‍ക്കതിന് താത്പര്യമില്ലാത്തതിനാലാണ്. കമ്പനികള്‍ വിലകൂട്ടുമ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദവും നിയന്ത്രണവും ഉണ്ടായിരുന്നതിനാലാണ് നൂറ് ഡോളറിനു മുകളില്‍ ശരാശരി ഇന്ധന വില അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായിരുന്നപ്പോഴും അറുപതിനും എഴുപതിനുമൊക്കെ നമുക്ക് ഇന്ധനം ലഭ്യമായത്. ഇപ്പോള്‍ ലോകാടിസ്ഥാനത്തില്‍ എല്ലായിടത്തും കുറയുമ്പോഴും നമുക്ക് മാത്രമാണ് ദുരിതം. ഇത് കമ്പനികളെ നിയന്ത്രിക്കാന്‍ താത്പര്യമില്ലാത്തതിനാലും ഈ ദുരിതവേളയിലും അമിത നികുതി ചുമത്തി ജനങ്ങളെ ദ്രോഹിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതിനാലുമാകണം. അല്ലെങ്കില്‍ നോക്കൂ, യു പി എ ഭരണത്തിന്റെ അവസാന മൂന്ന് വര്‍ഷം ഇന്ധന വിപണിയില്‍ നിന്ന് കണക്കാക്കിയിരുന്ന നികുതി മൂല്യം 13 ശതമാനം ആയിരുന്നെങ്കില്‍ മോദി സര്‍ക്കാറിന്റെ ഈ മൂന്ന് വര്‍ഷം കൊണ്ട് 175 ശതമാനം നികുതിയാണ് ഇന്ധന വിപണിയില്‍ നിന്ന് ഊറ്റിയിരിക്കുന്നത്.

ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ അടക്കമുള്ള നികുതിയിനത്തില്‍ 16 ലക്ഷം കോടിയാണ് 2014 മുതല്‍ മോദി സര്‍ക്കാര്‍ പിടിച്ചെടുത്തിട്ടുള്ളത്. അടിസ്ഥാന വിലയുടെ രണ്ടും മൂന്നും ഇരട്ടിയൊക്കെ നികുതി ചുമത്തി ഇന്ധന വിപണി മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ നമ്മളെന്താണ് ബ്രിട്ടീഷ് കോളനിയിലാണോ കഴിയുന്നത് എന്ന് ആലോചിച്ചു പോകുന്നു. കൊവിഡ് 19 പ്രതിസന്ധിക്കിടയില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് വരുമാനം സൃഷ്ടിക്കാന്‍ തൊഴിലുറപ്പ് പദ്ധതി പോലുള്ളവ ഉപയോഗപ്പെടുത്താനെങ്കിലും ഈ സര്‍ക്കാര്‍ ആലോചിക്കണം. 25,000 കോടി രൂപ കണക്കാക്കാമെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് താത്കാലികമായെങ്കിലും ആശ്വാസമെത്തിക്കാന്‍ കേന്ദ്രത്തിന് കഴിയും. കൂടാതെ ഇപ്പോള്‍ കേന്ദ്രം ചുമത്തുന്ന ഈ അധിക നികുതി പരമാവധി വെട്ടിക്കുറച്ച് ആ പണം ജനങ്ങളുടെ കൈയില്‍ നിര്‍ത്തി അവരുടെ ഉപഭോഗശേഷി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതുപോലെ, നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുക എന്നത് കൂടി കേന്ദ്രത്തിന്റെ പ്രധാന അജന്‍ഡയില്‍ വരണമായിരുന്നു. ഇന്ധനങ്ങളുടെ നികുതി കുറച്ച് വിലനിയന്ത്രണം കൊണ്ടുവന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ചെറിയ തോതില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തി കൊവിഡ് 19 പ്രതിരോധം അടക്കമുള്ള സര്‍ക്കാറുകളുടെ അപ്രതീക്ഷിത അധിക ചെലവുകളെ അഭിമുഖീകരിക്കാന്‍ ശ്രമിക്കാവുന്നതാണ്. എന്നാല്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ഇത്രമേല്‍ തകര്‍ക്കുന്ന ഒരു കേന്ദ്ര സര്‍ക്കാറിന് ഇത്തരം വിഷയങ്ങളില്‍ ഒട്ടും ശ്രദ്ധ പതിപ്പിക്കാന്‍ നിര്‍വാഹമില്ല.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ ഒരു പ്രധാനമന്ത്രി എന്ന നിലക്ക് നരേന്ദ്ര മോദിയെ ലോകം വിലയിരുത്തിക്കഴിഞ്ഞു. അതിര്‍ത്തി കടന്ന് നമ്മുടെ സ്ഥലം കൈയേറി ജവാന്മാരെ വധിച്ച ചൈനക്ക് മൊബൈല്‍ ആപ്പ് നിരോധിച്ചുകൊണ്ട് മറുപടി കൊടുത്ത ഒരു ദയനീയാവസ്ഥ എന്തുമാത്രം നാണക്കേടാണ്. അല്ലെങ്കിലും ഗാല്‍വന്‍ ആക്രമണത്തില്‍ ലോകം മുഴുവന്‍ ചൈനയെ എതിര്‍ക്കുന്ന സാഹചര്യത്തിലും ചൈന നമ്മുടെ അതിര്‍ത്തി കടന്നിട്ടില്ലെന്ന ചൈനീസ് വാദത്തെ അതേപോലെ ആവര്‍ത്തിച്ച ഒരു പ്രധാനമന്ത്രിയില്‍ നിന്ന് നമ്മളെന്താണ് പ്രതീക്ഷിക്കുന്നത്? ദുര്‍ബലനായ പ്രധാനമന്ത്രി എന്നതിനൊപ്പം ജനദ്രോഹത്തിന്റെ വിഷയത്തിലും മോദി ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം കാണപ്പെടും. ശക്തമായ പ്രതിഷേധം ഉയരണം. മഹാമാരിക്കാലത്ത് വിലനിയന്ത്രണം കൊണ്ടുവന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെങ്കില്‍ ക്ഷേമ രാഷ്ട്രം എന്നതൊക്കെ വലിയ കോമഡിയാകില്ലേ? ഇത് പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന്റെ കാര്യത്തില്‍ കേന്ദ്രത്തിനും വൈദ്യുതി ബില്ലിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനും ബാധകമാണ് എന്നോര്‍ക്കണം.

Latest