Covid19
കൊവിഡ് രോഗികള്‍ക്കും 65 കഴിഞ്ഞവര്‍ക്കും പോസ്റ്റല്‍ ബാലറ്റ്
ന്യൂഡല്‍ഹി | കൊറോണവൈറസ് വ്യാപന പശ്ചാത്തലത്തില്‍ കൊവിഡ്- 19 സ്ഥിരീകരിച്ചവര്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും വരും തിരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. 1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെയാണിത്. മിതമായ രീതിയില്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍, പ്രദേശത്ത് മെഡിക്കല്‍ സൗകര്യമില്ലാത്തതിനാല്‍ വീട്ടുനിരീക്ഷണത്തില്‍ കഴിയുകയാണെങ്കില്‍ അവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ മാറ്റങ്ങള്‍. നേരത്തേ സായുധ സേനാംഗങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചിരുന്നത്. അതേസമയം, കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്രമായ അംഗവൈകല്യമുള്ളവര്‍ക്കും 80 വയസ്സിന് മുകളിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചിരുന്നു.
65 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊറോണവൈറസ് ബാധക്ക് വലിയ സാധ്യതയുണ്ടെന്നാണ് ഡബ്ല്യു എച്ച് ഒ അടക്കം നല്‍കുന്ന മുന്നറിയിപ്പ്. ഇവര്‍ പുറത്തിറങ്ങുന്നതിന് വലിയ നിയന്ത്രണങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഇവര്‍ക്കും ഏര്‍പ്പെടുത്തിയത്.