Articles
പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളേ...
1960കള്‍ക്ക് ശേഷം വ്യാപകമായ ഗള്‍ഫ് പ്രവാസമാണ് നമ്മുടെ നാടിന്റെ വികസനം സാധ്യമാക്കിയത്. ആ കാലത്തിനു മുമ്പും ശേഷവും ജീവിച്ച ആളുകള്‍ക്ക് ഗള്‍ഫ് നാടുകള്‍ നമ്മുടെ സംസ്ഥാനത്തെ എപ്രകാരമാണ് മാറ്റിയത് എന്നതിന് വിവരണം വേണ്ടിവരില്ല. തൊഴില്‍ അവസരങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധിയായിരുന്നു. വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലും മറ്റു മേഖലകളിലും അനേകം വാതിലുകള്‍ ഗള്‍ഫ് തുറന്നിട്ടു. ഓരോ കുടുംബത്തില്‍ നിന്നും നിരവധി പേര്‍ പ്രവാസത്തിലേക്ക് ഇറങ്ങിപ്പോയി. നാട്ടിലെ കുടുംബത്തിന്റെ കൂടെ ജീവിക്കാനുള്ള ആഗ്രഹമില്ലാത്തതുകൊണ്ടല്ല; കുട്ടികളുടെ പട്ടിണി മാറ്റാനും പ്രിയപ്പെട്ടവര്‍ക്ക് നല്ലൊരു ജീവിതം നല്‍കാനുമായിരുന്നു ആ പുറപ്പെട്ടുപോക്ക്. പതിയെ, കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്കെല്ലാം ഈ കുടിയേറ്റം കാരണമായി.
1970കള്‍ മുതലുള്ള പ്രവാസ ലോകവുമായുള്ള ബന്ധം, നമ്മുടെ സഹോദരന്മാരുടെ ഓരോ പ്രതീക്ഷകളെയും അടുത്തുനിന്നു കാണാന്‍ കാരണമായിട്ടുണ്ട്. അവരുടെ സങ്കടങ്ങള്‍ നമ്മുടേത് എന്ന പോലെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ ദരിദ്രമായ സാഹചര്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതത്തിനുള്ള ഒരുപാട് അവസരങ്ങള്‍ ഗള്‍ഫ് തുറന്നുനല്‍കി. ഉയര്‍ന്ന ഉദ്യോഗതലം മുതല്‍ കഫ്ത്തീരിയകളില്‍ വരെ ഇന്ത്യക്കാര്‍, പ്രത്യേകിച്ചും മലയാളികള്‍ വ്യാപകമായി. ഗള്‍ഫ് ഭരണാധികാരികളും വളരെ അനുകമ്പയോടെയും ഹൃദയ വിശാലതയോടെയും ഇന്ത്യക്കാരെ സ്വീകരിച്ചു.
കേരളത്തിന്റെ വികസന ഘട്ടം ആരംഭിക്കുകയായിരുന്നു ഗള്‍ഫ് പ്രവാസത്തോടെ. നമ്മുടെ നാട്ടില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. സാമൂഹിക, സാംസ്‌കാരിക സംരംഭങ്ങള്‍ ഏറിവന്നു. വ്യാപാര സ്ഥാപനങ്ങളും സമുച്ഛയങ്ങളും മാളുകളും പൊന്തിവന്നു. സ്വന്തമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ നിരവധിയായി. വിദ്യാഭ്യാസ, ജീവിത സാഹചര്യങ്ങള്‍ ഉയര്‍ന്നുവന്നതോടെ, കേരളത്തിന്റെ എല്ലാ മേഖലകളിലും മുന്നേറ്റം വന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറി. വിദേശികള്‍ക്ക് ഇഷ്ടപ്പെട്ട നാടായി നമ്മുടേത്. ഗള്‍ഫ് പ്രവാസം നമ്മുടെ കാഴ്ചപ്പാടുകളെ ലോകോത്തരമാക്കി. അറബ് ലോകവുമായി കേരളത്തിന് ഉണ്ടായിരുന്ന പരമ്പരാഗത വ്യാപാര, വൈജ്ഞാനിക ബന്ധങ്ങള്‍ക്ക് പുതിയ ഭാവം കൈവന്നു.
ഈയിടെ ആഹ്ലാദകരമായ ഒരനുഭവം ഉണ്ടായി. ഷാര്‍ജ ഭരണാധികാരി ഹിസ് ഹൈനസ് സുല്‍ത്വാന്‍ മുഹമ്മദ് അല്‍ഖാസിമി ആരംഭിച്ച അല്‍ഖാസിമിയ്യ യൂനിവേഴ്സിറ്റിയുടെ ആരംഭ ഘട്ടത്തില്‍ തന്നെ മര്‍കസുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍, പൂര്‍ണ സ്‌കോളര്‍ഷിപ്പോടെ ഓരോ വര്‍ഷവും മര്‍കസില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിവിധ കോഴ്സുകളില്‍ അവിടെ പ്രവേശനം നേടി. അവരുടെ ആദ്യത്തെ ബാച്ച് കോഴ്‌സ് പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം ബിരുദം നേടുകയുണ്ടായി.
നമ്മുടെ സ്ഥാപനങ്ങള്‍, പള്ളികള്‍, മദ്‌റസകള്‍, ഉന്നത വിദ്യാഭ്യാസ കോളജുകള്‍, മികച്ച ആരോഗ്യ സൗകര്യങ്ങള്‍ എല്ലാം വികസിച്ചു വന്നത് പ്രവാസികളിലൂടെയാണ്. ഗള്‍ഫ് പ്രവാസികളുടെ സവിശേഷത, അവരില്‍ മിക്ക പേരും വരുമാനത്തിന്റെ വലിയൊരു പങ്കും കേരളത്തില്‍ നിക്ഷേപം നടത്തിയവരായിരുന്നു എന്നതാണ്. അതോടൊപ്പം, ജീവകാരുണ്യ, സാമൂഹിക മുന്നേറ്റ സംരംഭങ്ങള്‍ക്ക് ഉദാരമായി സംഭാവനകള്‍ നല്‍കി. ജന്മനാട്ടില്‍ നിന്ന് മാറിനില്‍ക്കുമ്പോഴും, നാടിന്റെ എല്ലാ കാറ്റും വെളിച്ചവും അവര്‍ ഹൃദയത്തില്‍ ഏറ്റുപിടിച്ചു.
2008ലെ സാമ്പത്തിക പ്രതിസന്ധിയെ വലിയ ബുദ്ധിമുട്ടുകള്‍ കൂടാതെ പ്രവാസികള്‍ അതിജീവിച്ചു. ഒന്നുരണ്ട് വര്‍ഷം കൊണ്ട്, ആ പ്രശ്‌നങ്ങളൊക്കെ തീര്‍ന്നു. അന്ന് പലരും ആശങ്കപ്പെട്ട പോലെ ഒന്നും സംഭവിച്ചില്ല. എന്നാല്‍, കൊവിഡിന്റെ സാഹചര്യം അസാധാരണ വെല്ലുവിളികള്‍ ഉണ്ടാക്കി. ഗള്‍ഫിലും ഇന്ത്യയിലും ഒരേ സമയം പ്രശ്നം രൂക്ഷമായതിനാല്‍, സുരക്ഷാ നടപടികളുടെ പേരില്‍ അന്താരാഷ്ട്ര, ആഭ്യന്തര വിമാന യാത്രകള്‍ തത്കാലം നിര്‍ത്തിവെച്ചത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി. ആ ഘട്ടങ്ങളിലെല്ലാം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും നടത്തിയ ആശയ വിനിമയങ്ങളിലെല്ലാം ഉന്നയിച്ചത് പ്രവാസികളുടെ ആധികളായിരുന്നു. പ്രവാസികളില്‍ ആവശ്യമായവര്‍ക്ക് നാട്ടിലെത്താന്‍ വഴികള്‍ തുറക്കുന്നത് സംബന്ധിച്ചും ആശയവിനിമയം നടന്നു. ലോക്ക്ഡൗണ്‍ കഴിഞ്ഞ് അധികം വൈകാതെ വിദേശ ഫ്ളൈറ്റുകള്‍ക്ക് നമ്മുടെ സര്‍ക്കാര്‍ സമ്മതം നല്‍കി. വന്ദേ ഭാരത് പദ്ധതി തയ്യാറാക്കിയതോടൊപ്പം, സ്വകാര്യ സംഘടനകള്‍ക്കും കമ്പനികള്‍ക്കും വിമാനം ചാര്‍ട്ട് ചെയ്യാനുള്ള അവസരവും അധികൃതര്‍ നല്‍കി. അതിലൂടെ പതിനായിരങ്ങള്‍ക്ക് നാടണയാന്‍ സാധിച്ചത് ഗള്‍ഫിലും നാട്ടിലും വലിയ ആശ്വാസമുണ്ടാക്കി. പ്രവാസികള്‍ക്ക് മാനസിക സമ്മര്‍ദം കുറയാന്‍ അത് നിമിത്തമായി. കുറച്ചു ദിവസങ്ങളായി, ശുഭകരമായ വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കുറയുന്നുവെന്നും പതിയെ എങ്കിലും സാധാരണ ജീവിതം സാധ്യമായി തുടങ്ങി എന്നും അറിയാനാകുന്നു.
പ്രവാസ ലോകത്തെ സംഘടനകളായ ഐ സി എഫും ആര്‍ എസ് സിയും മര്‍കസ് കമ്മിറ്റിയും അലുംനിയും എല്ലാം പ്രവാസികളെ സഹായിക്കുന്നതില്‍ നിര്‍വഹിച്ച റോള്‍ പ്രശംസനീയമാണ്. കൊവിഡ് പ്രശ്നം ആരംഭിച്ചപ്പോള്‍ തന്നെ, ഐ സി എഫ് കമ്മിറ്റികള്‍ പ്രത്യേക യോഗങ്ങള്‍ അടിയന്തരമായി ചേരുകയും പ്രതിരോധ- സഹായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. നാട്ടില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അവരെയെല്ലാവരെയും വിളിച്ചു കൂട്ടി, നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങള്‍ വിവരിച്ചു നല്‍കിയിരുന്നു ഓരോ സമയങ്ങളിലും. ഐ സി എഫിന്റെ ജി സി സി കമ്മിറ്റികളും ഓരോ രാഷ്ട്രങ്ങളിലെ കമ്മിറ്റികളും അവര്‍ക്കു കീഴിലെ വ്യത്യസ്ത റീജ്യന്‍ കമ്മിറ്റികളും കൃത്യമായ ഇടപെടലുകള്‍ നടത്തി. ഭക്ഷണം ആവശ്യമുള്ളവര്‍ക്കെല്ലാം എത്തിച്ചു. രോഗികളെ ആശുപത്രികളിലേക്കാക്കി. മാനസിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സാന്ത്വനം പകര്‍ന്നു.
ആത്മവിശ്വാസത്തോടെ, പ്രാര്‍ഥനകളോടെ, മുന്‍കരുതലുകള്‍ സ്വീകരിച്ച് സഹോദരങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും തുണയായി അവര്‍. ജാതി, മത ഭേദമന്യേ എല്ലാവരോടും കരുണാര്‍ദ്രമായ സമീപനം സ്വീകരിച്ചു.
ഇവരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനം തിരിച്ചറിഞ്ഞ് ഗള്‍ഫ് ഭരണകൂടങ്ങള്‍ നിര്‍വഹിക്കുന്ന കൊവിഡ് പ്രതിരോധ പദ്ധതികളില്‍ ഐ സി എഫ് മര്‍കസ് കൂട്ടായ്മയെ പങ്കാളികളാക്കി. യു എ ഇയില്‍ പത്ത് ലക്ഷം ഭക്ഷണ കിറ്റ് വിതരണം ഏറ്റവും നീതിയുക്തമായി ചെയ്യാനായി.
ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അനുമതി കിട്ടിയപ്പോള്‍ നമ്മുടെ പ്രവര്‍ത്തകര്‍ വളരെ സജീവമായി മുന്നോട്ടുവന്നു. നിരവധി വിമാനങ്ങളാണ് സഊദി അറേബ്യ, യു എ ഇ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, ഖത്വര്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പറന്നത്. ഓരോ വിമാനത്തിലും ഏറ്റവും പ്രയാസപ്പെടുന്ന പത്ത് ശതമാനത്തിലധികം പേര്‍ക്ക് ടിക്കറ്റ് സൗജന്യമായി നല്‍കി. അനേകം ഉദാരമതികള്‍ ഈ സംരംഭവുമായി സഹകരിച്ചു. മര്‍കസ് അലുംനിയുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ കേരളത്തിന് പുറത്തേക്കും പറന്നു. മുംബൈ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് വിമാനങ്ങള്‍ അയക്കാനുള്ള യത്‌നങ്ങള്‍ നടത്തിവരുന്നു. ഒരു ലക്ഷത്തിലധികം പേര്‍ തിരിച്ചെത്തിയതോടെ കേരളത്തിലേക്കുള്ള ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാന്‍ നിരവധി ആളുകള്‍ കാത്തിരിക്കുകയാണ് ഇപ്പോഴും. അയല്‍ സംസ്ഥാനങ്ങളിലെ ആളുകള്‍ നാട്ടിലെത്താന്‍ വഴികള്‍ തേടി ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്നുണ്ട്. മര്‍കസ് അലുംനിയുടെ ഒരു വിമാനം ഇന്നലെ ദുബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറക്കുകയുണ്ടായി. ചാര്‍ട്ട് ചെയ്ത ഒരു വിമാനത്തില്‍ മുഴുവന്‍ യാത്രികരെയും സൗജന്യമായി ഇവിടെ എത്തിക്കാനും മര്‍കസിന് സാധിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ വിശ്രമമില്ലാത്ത യത്‌നമുണ്ട് ഇത്തരം ഓരോ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും. അവര്‍ക്ക് വേണ്ടിയാകണം നമ്മുടെ പ്രാര്‍ഥനകള്‍.
പ്രിയപ്പെട്ട പ്രവാസി സഹോദരന്മാര്‍ എപ്പോഴും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണം. വിശ്വാസികള്‍ പ്രാര്‍ഥനകള്‍ സജീവമാക്കണം. വിശ്വാസികളുടെ സവിശേഷത, അവര്‍ സന്തോഷ വേളകളിലും സങ്കട വേളകളിലും അല്ലാഹുവിനെ ഓര്‍ക്കുന്നവരാണ് എന്നതാണ്. ഇതിനേക്കാള്‍ വലിയ പ്രതിസന്ധികള്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവയെ നാം അതിജീവിച്ചിട്ടും ഉണ്ട്. കൊവിഡിനെയും നാം അതിജീവിക്കും എന്ന് പ്രതീക്ഷിക്കാം. അതിനായി നമുക്ക് പ്രാര്‍ഥിക്കാം.