Articles
ആത്മഹത്യാ മുനമ്പിലാണ് കര്‍ഷകര്‍
കൊവിഡാനന്തരം രാജ്യത്തെ രക്ഷിക്കാന്‍ പോകുന്നത് കാര്‍ഷിക മേഖലയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാര്‍ഷിക വിപണിയിലെ ഇന്ത്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വേണം ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തിന് ഉയര്‍ന്നുവരാന്‍. കാര്‍ഷിക മേഖല ഉണര്‍ന്നാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടച്ചിടല്‍ രാജ്യത്തെ കര്‍ഷകരെ എങ്ങനെ ബാധിച്ചുവെന്ന് രാജ്യം ചര്‍ച്ച ചെയ്യുന്നുപോലുമില്ലെന്നതാണ് വസ്തുത. അടിസ്ഥാന വര്‍ഗത്തെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നവര്‍ പോലും മഹാമാരി കാലത്ത് അവരെ മറന്നുപോയി. കര്‍ഷക സംഘടനകള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ കൊവിഡ് കാലത്ത് കര്‍ഷക വിഷയങ്ങളില്‍ താത്പര്യമില്ലാത്തവരായി മാറി. വയലുകളില്‍ കൊയ്യാനിറങ്ങിയ കര്‍ഷക തൊഴിലാളികളെ പോലീസ് വളഞ്ഞിട്ടു തല്ലുന്നുവെന്നത് മാത്രമായിരുന്നു അടുത്തിടെ മാധ്യമങ്ങളും പൊതു സമൂഹവും കര്‍ഷകരെക്കുറിച്ച് ചര്‍ച്ച ചെയ്ത ഏക വിഷയം. എന്നാല്‍, ഇന്ത്യയുടെ ഗ്രാമങ്ങളില്‍ നിന്ന് ഉയരുന്ന കര്‍ഷകരുടെ നിലവിളി കേള്‍ക്കാന്‍ ആരുമില്ലാതായിരിക്കുന്നു. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ ആത്മഹത്യകള്‍ മുറപോലെ നടക്കുന്നു.
അണ്‍ലോക്ക് ഒന്ന് ആരംഭിക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഡല്‍ഹിയിലെ പ്രധാന പച്ചക്കറി മാര്‍ക്കറ്റുകളിലൊന്നായ ഓഖ്ല മണ്ഡിയില്‍ വെച്ച് ഇടനിലക്കാരനായ അങ്കിത് തിവാരിയെ കാണുന്നത്. കര്‍ഷകരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മാര്‍ക്കറ്റിലെത്തിക്കുന്നയാളാണ് തിവാരി. കൊവിഡ് കര്‍ഷകരെ എങ്ങനെ ബാധിച്ചുവെന്ന് നേരിട്ടു കണ്ടിട്ടുണ്ടദ്ദേഹം. സീസണുകളില്‍ കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ ചെറിയ വിലക്ക് വാങ്ങി മാര്‍ക്കറ്റുകളിലെത്തിച്ച് വലിയ ലാഭം കൊയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ കര്‍ഷകര്‍ വളരെ ചെറിയ വിലക്കു പോലും ഉത്പന്നങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. എന്നാല്‍, മാര്‍ക്കറ്റുകളില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വിറ്റുപോകുന്നില്ല. അതുകൊണ്ട് ചെറിയ പണത്തിനു പോലും വാങ്ങാന്‍ കഴിയുന്നില്ല. മാര്‍ക്കറ്റുകളില്‍ നിന്നുണ്ടായിരുന്ന കയറ്റുമതിയും നിലച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഈ മേഖലയില്‍ നിലയുറപ്പിച്ചിട്ടെങ്കിലും ഇത്തരത്തിലൊരു അനുഭവം മുമ്പുണ്ടായിട്ടില്ലെന്നാണ് തിവാരി പറയുന്നത്. ഹരിയാന, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് തിവാരി കര്‍ഷകരില്‍ നിന്ന് വാങ്ങി ഡല്‍ഹിയിലെ വിവിധ മാര്‍ക്കറ്റുകളിലെത്തിക്കുന്നത്.
മാര്‍ക്കറ്റുകള്‍ നിര്‍ജീവം
സമാനമായ രീതിയിലുള്ള പ്രതികരണങ്ങളാണ് മാര്‍ക്കറ്റിലെ കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നത്. ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ മാര്‍ക്കറ്റില്‍ ഉത്പന്നങ്ങള്‍ എത്താതിരിക്കുന്നതായിരുന്നു പ്രശ്നം. വിതരണ ശൃംഖയിലെ പ്രശ്നങ്ങള്‍ക്ക് കേന്ദ്രം ചെറിയ പരിഹാരം കണ്ടതോടെ മാര്‍ക്കറ്റുകളില്‍ ഉത്പന്നങ്ങളെത്തി. എന്നാല്‍ വിപണിയില്‍ സപ്ലൈക്കനുസൃതമായ ഡിമാന്‍ഡ് ഇല്ലാതെ പോയതോടെ വില കുറച്ചു. എന്നിട്ടും ആവശ്യക്കാരില്ലാതിരിക്കുന്ന അവസ്ഥയാണ്. എന്നാല്‍ എണ്ണ വില വര്‍ധിക്കുന്നത് കാരണം ഉത്പന്നങ്ങളുടെ വില കച്ചവടക്കാര്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് ലഭ്യമാകുന്നില്ല. ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ പച്ചക്കറി മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പച്ചക്കറിയുടെ വില കുതിച്ചുയരുന്നുണ്ട്. ഡീസല്‍ വില വര്‍ധനവ് ഉയര്‍ത്തിക്കാട്ടിയാണ് ഈ വില വര്‍ധനവ്. എന്നാല്‍ ഇതില്‍ നിന്ന് ഒരു രൂപ പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.
കൊവിഡ് രാജ്യത്തെ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും കടുത്ത രീതിയിലാണ് ബാധിച്ചത്. ഇന്ത്യയുടെ കൃഷിയിടം എന്നറിയപ്പെടുന്ന പഞ്ചാബിലെ കരിമ്പ് കര്‍ഷകനാണ് ജഗ്തര്‍ സിംഗ്. ഈ കര്‍ഷകന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിളഞ്ഞു നില്‍ക്കുന്ന കരിമ്പിന്‍ തോട്ടത്തില്‍ തീയിടുന്ന ജഗ്തര്‍ സിംഗിന്റെ ചിത്രമായിരുന്നു മാധ്യമങ്ങള്‍ കാണിച്ചത്. കൊവിഡ് കാരണം ഷുഗര്‍ മില്ലുകള്‍ അടച്ചതോടെയാണ് തന്റെ കൃഷിയിടത്തിന് ഇദ്ദേഹം തീവെച്ചത്. സര്‍ക്കാര്‍ തങ്ങളുടെ നഷ്ടം പരിഹരിക്കണമെന്നാണ് ജഗ്തര്‍ സിംഗ് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ കര്‍ഷക ഗ്രാമങ്ങളിലെ നിത്യ കാഴ്ചയാണ് ഈ തീയിടല്‍. ഉത്പന്നം വിപണനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത കൃഷിക്കായി വിളവടക്കം കത്തിക്കും. മാസങ്ങളുടെ അധ്വാനവും കൃഷിയിറക്കുന്നതിനു ചെലവായ പണവും ഒരുമിച്ച് കത്തിത്തീരും.
വയലുകളിലെ ഓരോ നാമ്പുകള്‍ക്കുമൊപ്പം കര്‍ഷകരുടെ മോഹങ്ങളും പ്രതീക്ഷകളുമാണ് വളരുന്നത്. ലോണെടുത്തും മറ്റ് സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗിച്ചുമിറക്കുന്ന വിത്തുകള്‍ വളര്‍ന്നു കായ്ച്ചു നില്‍ക്കുമ്പോള്‍ വിപണി ലഭിക്കാതെ വരുന്നതിലും വലിയ പ്രതിസന്ധി ഒരു കര്‍ഷകനു നേരിടാനുണ്ടാകില്ല. എല്ലാ പ്രതീക്ഷകളും ഭാരമായി താങ്ങാനാകാതെ തകര്‍ന്നുപോകുന്ന സന്ദര്‍ഭമാണത്. അധികാരികളോട് കര്‍ഷകര്‍ കേണപേക്ഷിക്കുന്ന ഘട്ടമാണത്. ഒരു ശരാശരി കര്‍ഷകനു മുന്നില്‍ അപ്പോഴാണ് ആത്മഹത്യ അഭയ കേന്ദ്രമായി രൂപപ്പെടുന്നത്.
ഈ ലോക്ക്ഡൗണ്‍ കാലത്തും കര്‍ഷക ആത്മഹത്യകള്‍ക്ക് കുറവുകളൊന്നും സംഭവിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ വിധര്‍ഭയുള്‍പ്പെടെയുള്ള ചില സ്ഥിരം ആത്മഹത്യാ പ്രദേശങ്ങളില്‍ ചെറിയ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും പഞ്ചാബിലെയും ഹരിയാനയിലെയും ബിഹാറിലെയും ഗ്രാമങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെട്ട കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്നു തന്നെയാണ് കര്‍ഷക പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ആര്‍ ബി ഐ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം പ്രതീക്ഷയിലാണ് രാജ്യത്തെ വലിയൊരു ശതമാനം കര്‍ഷകര്‍. എന്നാല്‍ മൊറട്ടോറിയം കൊണ്ട് മാത്രം ഈ പ്രതിസന്ധി താത്കാലികമായി പോലും അവസാനിപ്പിക്കാനാകില്ല.
ആത്മ നിര്‍ഭര്‍ എന്ത് ചെയ്തു?
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ പദ്ധതിയില്‍ കര്‍ഷകരെ പരാമര്‍ശിച്ചിട്ടുണ്ട്. തുടര്‍ച്ചയായി നടത്തിയ പത്രസമ്മേളനത്തിന്റെ മൂന്നാം ദിനത്തിലാണ് നിര്‍മലാ സീതാരാമന്‍ കര്‍ഷകര്‍ക്കായി പദ്ധതികള്‍ അവതരിപ്പിച്ചത്. നേരത്തേയുണ്ടായിരുന്ന പദ്ധതികള്‍ ആവര്‍ത്തിക്കുകയും വിപണിയിലെ സ്വാതന്ത്രവത്കരണവുമാണ് നിര്‍മല കര്‍ഷകര്‍ക്കായി കരുതിവെച്ചത്. എങ്കിലും പ്രതീക്ഷാവഹമാണ്. ആകെ പതിനൊന്ന് പദ്ധതികളാണ് ആത്മനിര്‍ഭറിലുണ്ടായിരുന്നത്. എട്ടെണ്ണം കാര്‍ഷിക മേഖലയിലെ അടിസ്ഥാന വികസനത്തിന്. മൂന്നെണ്ണം ഭരണരംഗത്തെ മാറ്റത്തിനും. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടിയുടെ ഫണ്ട് പ്രഖ്യാപനമാണ് ആദ്യത്തേത്. വിളകളുടെ സംഭരണ പ്രശ്നം പരിഹരിക്കാന്‍ തുക ചെലവഴിക്കുകയെന്നത് പദ്ധതിയുടെ ഭാഗമാണ്. ആഗോളതലത്തില്‍ കാര്‍ഷികോത്പന്നങ്ങള്‍ ഉപയോഗിച്ച് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സഹായകരമാകുമെന്നാണ് പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് ധനമന്ത്രി വിശദീകരിച്ചത്. സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ യൂനിറ്റുകള്‍ക്കായി പതിനായിരം കോടി രൂപയുടെ പദ്ധതിയാണ് മറ്റൊന്ന്. രണ്ട് ലക്ഷം സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. സഹകരണ സംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, മറ്റ് സംരംഭങ്ങള്‍ എന്നിവക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തുക ചെലവഴിക്കും. യു പിയിലെ മാങ്ങ, ആന്ധ്രയിലെ മുളക്, തമിഴ്‌നാട്ടിലെ മരച്ചീനി തുടങ്ങിയവയെ രാജ്യാന്തര നിലവാരത്തിലുള്ള ബ്രാന്‍ഡുകളാക്കി മാറ്റി കയറ്റിയയക്കും. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന വഴി മത്സ്യബന്ധന മേഖലയില്‍ 20,000 കോടിയുടെ പദ്ധതി നടപ്പാക്കും. മത്സ്യ കൃഷി മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് 70 ലക്ഷം ടണ്‍ അധിക ഉത്പാദനം നടപ്പാക്കും. ഇത് 55 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതിയാണ് മറ്റൊന്ന്. മൃഗങ്ങളുടെ വായ, പാദ രോഗങ്ങള്‍ തടയാനായി 13,343 കോടിയുടെ പദ്ധതിയാണുള്ളത്. രാജ്യത്തെ 53 കോടി വളര്‍ത്തു മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കും. കന്നുകാലികളിലെ വാക്‌സിനേഷന്‍ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കന്നുകാലി വളര്‍ത്തല്‍ മേഖലയില്‍ 15,000 കോടിയുടെ അടിസ്ഥാന വികസന ഫണ്ട് പ്രഖ്യാപനവും നടത്തി. 15,000 കോടി തുക ക്ഷീരോത്പാദന രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കും. ക്ഷീര മേഖലയിലെ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. ഔഷധസസ്യ കൃഷിയുടെ പ്രോത്സാഹനത്തിന് നാലായിരം കോടിയുടെ പദ്ധതി, ഗംഗാ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടര്‍ ഭൂമിയില്‍ ഔഷധ ഇടനാഴി, തേനീച്ച വളര്‍ത്തലിനായി 500 കോടി എന്നിവയും പദ്ധതിയിലുണ്ട്.
ഈ പദ്ധതികള്‍ക്ക് പുറമെ വിപണിയെ പൂര്‍ണമായി അഴിച്ചു വിടുന്നതിനുള്ള മൂന്ന് ഭരണപരമായ അഴിച്ചുപണികളും പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു. അവശ്യ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട 1955ലെ എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ടിലെ ഭേദഗതിയായിരുന്നു ഒന്ന്. കര്‍ഷകര്‍ക്ക് ന്യായ വില ലഭ്യമാക്കുന്നതിനാണ് ഭേദഗതി. കൊവിഡ് കാലത്ത് ഈ നിയമം ഉപയോഗിച്ചിരുന്നു. പൂഴ്ത്തിവെപ്പടക്കമുള്ള ഘട്ടങ്ങളില്‍ ഈ നിയമ പ്രകാരമാണ് നടപടിയെടുത്തിരുന്നത്. ഭക്ഷ്യ എണ്ണ, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ പൂഴ്ത്തിവെച്ചാല്‍ നടപടിയെടുക്കുന്നത് നിയന്ത്രിക്കും. ഭക്ഷ്യക്ഷാമം, പ്രകൃതിക്ഷോഭം, ദേശീയ ദുരന്തം എന്നിവയുണ്ടാകുമ്പോള്‍ മാത്രം ഇത്തരം വിളകളുടെ കാര്യത്തില്‍ പൂഴ്ത്തിവെപ്പ് തടഞ്ഞാല്‍ മതിയെന്നാണ് ഭേദഗതി. വിപണന മാര്‍ക്കറ്റുകള്‍ തിരഞ്ഞെടുക്കാന്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കുന്നതായിരുന്നു മറ്റൊന്ന്. കര്‍ഷകര്‍ക്ക് ആര്‍ക്കൊക്കെ വിളകള്‍ വില്‍ക്കാമെന്നത് സംബന്ധിച്ചും പുതിയ നിയമത്തില്‍ പരാമര്‍ശമുണ്ട്. വിള ലൈസന്‍സുള്ള ഭക്ഷ്യോത്പാദന സംഘങ്ങള്‍ക്ക് മാത്രമേ ഇത് വില്‍ക്കാനാകൂ എന്ന തടസ്സം നീക്കും. ഇ-ട്രേഡിംഗ് രീതി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ മെച്ചപ്പെട്ട വിലക്ക് വില്‍ക്കാന്‍ സഹായിക്കുമെന്നും കേന്ദ്രം വിശദീകരിച്ചിരുന്നു. ഉയര്‍ന്ന വില നല്‍കുന്നവര്‍ക്ക് ഉത്പന്നം നല്‍കാനുള്ള നിയമത്തിന്റെ ചട്ടക്കൂടായിരുന്നു അവസാനത്തേത്. വിളയുടെ ഗുണമേന്മ, വിളവെടുപ്പിന്റെ സമയം എന്നിവ പരിഗണിച്ച് വില ഉറപ്പിക്കാനുള്ള അവസരം നല്‍കുന്നതായിരുന്നു ഈ ഭേദഗതി.
വേണ്ടത് അതിവേഗ ആശ്വാസ നടപടികള്‍
ശതകോടിക്കണക്കിന് വരുന്ന രാജ്യത്തെ ജനസംഖ്യയുടെ വലിയ ശതമാനം കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. അവരെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ ഒരു പദ്ധതിയും നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടില്ല. എങ്കിലും ആശാവഹമായ പദ്ധതികള്‍ തന്നെയാണ് തയ്യാറാക്കിയത്. പക്ഷേ, ഇത് കൊവിഡ് മൂലം പ്രതിസന്ധി അനുഭവിക്കുന്ന കര്‍ഷകരെ വേഗത്തില്‍ സഹായിക്കുന്നതിന് പര്യാപ്തമല്ല. വര്‍ഷങ്ങള്‍ എടുത്ത് നടപ്പാക്കേണ്ട പദ്ധതികളാണ് ഓരോന്നും. ഇപ്പോള്‍ കര്‍ഷകര്‍ക്ക് വേണ്ടത് പെട്ടെന്നുള്ള ആശ്വാസമാണ്. കടങ്ങളെഴുതി തള്ളിയും പലിശയോ ഈടുകളോ ഇല്ലാതെ വായ്പ നല്‍കിയുമാകണം രാജ്യത്തിന്റെ അടിസ്ഥാന ജനതയെ തിരികെ കൊണ്ടുവരേണ്ടത്. കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവരുടെ അടിയന്തര ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍, മൊറട്ടോറിയത്തില്‍ ആശ്വസിച്ചിരിക്കുന്ന വലിയൊരു ജനത കൃഷിനിലങ്ങളില്‍ കിടന്ന് പിടയുന്നത് രാജ്യം ഒരു ഇടവേളകളുമില്ലാതെ കാണേണ്ടിവരും. കൊവിഡാനന്തരം കുറച്ച് കാലത്തേക്കെങ്കിലും രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖല കാര്‍ഷിക രംഗം മാത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് കാലത്ത് യുവാക്കളടക്കം നിരവധി പേര്‍ ഈ മേഖലയിലേക്ക് കടന്നുവരികയും ചെയ്യുന്നുണ്ട്. ഇന്ത്യക്ക് ലോകത്തിന് മുന്നില്‍ എഴുന്നേറ്റു നില്‍ക്കാന്‍ സാധ്യമാകുന്ന വഴികളിലൊന്ന് കാര്‍ഷിക രംഗം തന്നെ. കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ കൃഷിയെ പോലെ തന്നെ കാര്‍ഷിക മേഖലയും കൂന്പടഞ്ഞുപോകും. ആത്മ നിര്‍ഭര്‍ യഥാര്‍ഥത്തില്‍ നടപ്പാകണമെങ്കില്‍ ഇന്ത്യയുടെ ഗ്രാമങ്ങളില്‍ നിന്നുയരുന്ന കര്‍ഷകരുടെ നിലവിളി കേള്‍ക്കാനെങ്കിലും അധികാരികള്‍ തയ്യാറാകണം.
കര്‍ഷകരോടൊപ്പം തന്നെ കര്‍ഷക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൂടി അഭിമുഖീകരിച്ചായിരിക്കണം രാജ്യം കര്‍ഷക മേഖലയെ ഉത്തേജിപ്പിക്കേണ്ടത്. കര്‍ഷക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ ആകെയുള്ളത് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി മാത്രമാണ്. കൊവിഡ് കാലത്ത് കര്‍ഷകരോടൊപ്പം തന്നെ പ്രതിസന്ധി അനുഭവിച്ചവരാണിവര്‍. ഒരു ആത്മ നിര്‍ഭറും ഇവരെ അഭിസംബോധന ചെയ്തിട്ടില്ല. കര്‍ഷകരോടൊപ്പം തന്നെ കര്‍ഷക തൊഴിലാളികളും കൂടി ചേര്‍ന്നാണ് ഈ രാജ്യത്തെ നിര്‍മിക്കുന്നതെന്നു മറന്നുപോകരുത്.