International
ദക്ഷിണ കൊറിയയില്‍ കാണാതായ മേയര്‍ മരിച്ച നിലയില്‍

സ്യോള്‍ | ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സ്യോളിലെ മേയര്‍ പാര്‍ക് വുന്‍ സൂണിനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഇദ്ദേഹത്തെ കാണാതായിരുന്നു. വടക്കന്‍ സ്യൊളിലെ ജില്ലയായ സംഗ്ബക് ഡോംഗിലെ ബുഗാക് കുന്നിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെയാണ് അദ്ദേഹത്തിന്റെ മൊബൈല്‍ സിഗ്നല്‍ അവസാനം രേഖപ്പെടുത്തിയത്. മരണ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. മകളെ വിളിച്ച് വിട പറയുന്ന തരത്തില്‍ മേയര്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് മകള്‍ പോലീസിനെ വിവരമറിയിച്ചു. അന്തിമ ആഗ്രഹത്തെ തോന്നിപ്പിക്കുന്ന തരത്തിലാണ് പിതാവ് സംസാരിച്ചതെന്ന് മകള്‍ പറഞ്ഞു. വിളിക്കുന്നതിന് അഞ്ച് മണിക്കൂര്‍ മുമ്പാണ് പിതാവ് വീടുവിട്ടത്. അതേസമയം, സന്ദേശത്തിന്റെ ഉള്ളടക്കം മകള്‍ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, മേയര്‍ക്കെതിരെ വനിതാ ജീവനക്കാരി ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതാകുന്നതും മരിച്ച നിലയില്‍ കണ്ടെത്തുന്നതും.