Connect with us

National

ബാബരി കേസില്‍ കല്യാണ്‍ സിംഗ് കോടതിയില്‍ ഹാജരായി

Published

|

Last Updated

ലക്‌നോ | അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാവും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കല്യാണ്‍ സിംഗ് വിചാരണാ കോടതിയില്‍ നേരിട്ട് ഹാജരായി. മൂന്ന് മണിക്കൂര്‍ നേരം അദ്ദേഹത്തെ വിചാരണ ചെയ്തു. കല്യാണ്‍ സിംഗ് യു പി ഭരിക്കുമ്പോഴാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചത്.

താന്‍ നിരപരാധിയാണെന്നും അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും രാഷ്ട്രീയ ലക്ഷ്യത്തോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നെന്ന് ലക്‌നോയിലെ പ്രത്യേക സി ബി ഐ കോടതിയില്‍ ഹാജരായതിന് ശേഷം 88കാരനായ കല്യാണ്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അയോധ്യയില്‍ ത്രിതല സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തിയെന്നും സിംഗ് അവകാശപ്പെട്ടു.

കേസില്‍ 32 പ്രതികളുടെ മൊഴികളാണ് സി ബി ഐ കോടതി ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി അടക്കമുള്ള ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ പ്രതികളാണ്. ഇതില്‍ ഉമാ ഭാരതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഡ്വാനിയുടെയും ജോഷിയുടെയും മൊഴി രേഖപ്പെടുത്താനുണ്ട്. ഇവരുടെ മൊഴികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ രേഖപ്പെടുത്തണമെന്ന് അഭിഭാഷകര്‍ അഭ്യര്‍ഥിച്ചിരുന്നു.

Latest