Articles
പൈലറ്റിറങ്ങിപ്പോകുമ്പോള്‍
ഇന്ത്യയില്‍ ജനാധിപത്യത്തിന് അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം നല്‍കിയ തിരഞ്ഞെടുപ്പ് വിജയങ്ങളായിരുന്നു രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കര്‍ണാടകത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയങ്ങള്‍. മധ്യപ്രദേശിലും രാജസ്ഥാനിലും തനിച്ചും കര്‍ണാടകയില്‍ മുന്നണി രൂപവത്കരിച്ചും കോണ്‍ഗ്രസ് അധികാരം പിടിച്ചു. ജനാധിപത്യ ഇന്ത്യ തിരിച്ചുവരുന്നുവെന്ന പ്രതീതിയായിരുന്നു ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ അധികാരത്തിലേറുമ്പോള്‍ രാജ്യത്തെ ജനാധിപത്യ സമൂഹത്തിനുണ്ടായിരുന്നത്. എന്നാല്‍, കര്‍ണാടകക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറും പ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളാണ് ജയ്പൂരില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള പ്രശ്‌നങ്ങള്‍ക്കൊടുവില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതായി കോണ്‍ഗ്രസ് പ്രസ്താവിച്ചു. കോണ്‍ഗ്രസ് നിയമസഭാ അംഗങ്ങളുടെ യോഗം ചേര്‍ന്നാണ് പാര്‍ട്ടി തീരുമാനം കൈക്കൊണ്ടത്. പുറത്താക്കിയതായുള്ള വിവരം കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് പ്രഖ്യാപിച്ചത്. സച്ചിന്‍ പൈലറ്റിനൊപ്പം പോയ രണ്ട് മന്ത്രിമാരായ വിശ്വേന്ദര്‍ സിംഗ്, രമേഷ് മീണ എന്നീ മന്ത്രിമാരെയും പുറത്താക്കിയിട്ടുണ്ട്. ഇതോടൊപ്പം പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍മാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് ബി ജെ പിയുമായി ഒത്തുകളിച്ചെന്നാണ് പുറത്താക്കുന്നതിനായി കോണ്‍ഗ്രസ് പറഞ്ഞത്. ശരിയായിരിക്കാം, ബി ജെ പി പണവും അധികാരവും ഉപയോഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാറുകളെ മറിച്ചിടാന്‍ ആവത് ശ്രമിക്കുന്നുണ്ട്. എന്നാല്‍ സച്ചിന്‍ പൈലറ്റിനെ പോലെ, ജ്യോതിരാദിത്യ സിന്ധ്യയെ പോലെ, സംസ്ഥാനതലങ്ങളിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളെ എങ്ങനെയാണ് ബി ജെ പിക്ക് വിലകൊടുത്ത് വാങ്ങാന്‍ കഴിയുന്നതെന്ന/ അതിന് ശ്രമിക്കുന്നതെന്ന ഒരേയൊരു ചോദ്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വയം ചോദിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങള്‍ തലപൊക്കുമ്പോള്‍ തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ശാസിക്കേണ്ടവരെ ശാസിക്കുകയും അനുനയിപ്പിക്കേണ്ടവരെ അനുനയിപ്പിക്കുകയും ചെയ്യേണ്ട ഒരു ഡിപ്ലോമസി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് നഷ്ടപ്പെട്ടുപോയതാണ് കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ ഒരു രാത്രി വെളുക്കുമ്പോഴേക്ക് നിലംപൊത്തി പോകുന്നതിന് കാരണമാകുന്നത്. ജനം ഭരണം ഏല്‍പ്പിച്ചിട്ടും ബി ജെ പി അധികാരം കൊത്തിക്കൊണ്ടുപോയ സംസ്ഥാനങ്ങളിലെ സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ ദേശീയ നേതൃത്വത്തിന്റെ കഴിവുകേട് ബോധ്യമാകും.
ജൂലൈ പന്ത്രണ്ടിന് പകല്‍ കൃത്യം 12.27ന് കോണ്‍ഗ്രസ് ദേശീയ നേതാക്കളിലൊരാളായ കപില്‍ സിബല്‍ ഒരു ട്വീറ്റ് ചെയ്തിരുന്നു. അതിങ്ങനെയാണ്- “”നമ്മുടെ പാര്‍ട്ടിയെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നു. നമ്മുടെ കുതിരപ്പന്തിയില്‍ നിന്ന് എല്ലാ കുതിരകളും ഇറങ്ങി ഓടിയ ശേഷം മാത്രമേ നമ്മള്‍ ഉണരുകയുള്ളൂ””. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തെക്കുറിച്ചുള്ള ഈ ആശങ്ക ഡല്‍ഹിയില്‍ സിബലില്‍ മാത്രമൊതുങ്ങുന്നുവെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ അപജയം. സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കുന്ന ഒരു സന്ദര്‍ഭം വരെയെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ക്ക് പാര്‍ട്ടി അണികളെ നിയന്ത്രിക്കാനുള്ള കെല്‍പ്പുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ അധ്യക്ഷനായതിന് ശേഷം സംസ്ഥാനങ്ങളിലെ നേതാക്കള്‍ തോന്നിയ പോലെ കാര്യങ്ങള്‍ ചെയ്യുകയായി. രാഹുല്‍ സ്ഥാനമൊഴിഞ്ഞിട്ടും അതു തന്നെ സ്ഥിതി. പല സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയിട്ടും പാര്‍ട്ടിക്കപ്പുറം സ്വന്തം താത്പര്യങ്ങള്‍ക്ക് നേതാക്കള്‍ വഴിമാറുന്നത് ഡല്‍ഹിയിലിരുന്ന് കാണുക മാത്രമാണ് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ചെയ്തത്. അവിടെയാണ് ബി ജെ പി പണച്ചാക്കുകളുമായി എത്തുന്നതും കോണ്‍ഗ്രസ് നേതാക്കളെയും എം എല്‍ എമാരെയും ആ ചാക്കുകളിലേക്ക് കയറ്റുന്നതും. അശോക് ഗെഹ്‌ലോട്ട് – പൈലറ്റ് തര്‍ക്കം വിശദമായ മറ്റൊരു വിശകലനത്തിനുള്ള തലം നല്‍കുന്നുണ്ടെങ്കിലും ഏറ്റവും ഒടുവില്‍ പാര്‍ട്ടിയെ വഞ്ചിക്കാന്‍ പൈലറ്റ് ശ്രമം നടത്തിയെന്നു കാണുന്ന നിമിഷത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം പൈലറ്റിനെ പുറത്താക്കാനുള്ള അനുമതി നല്‍കിയത് ശ്ലാഘനീയമാണ്. അത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ജീവസ്സുറ്റതാക്കുകയേ ചെയ്യുകയുള്ളൂ.
യഥാര്‍ഥത്തില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് പിന്നാലെ തന്നെ അടി തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സംസ്ഥാനമാകെ കോണ്‍ഗ്രസിനു വേണ്ടി കളത്തിലുണ്ടായിരുന്നത് സച്ചിന്‍ പൈലറ്റായിരുന്നു. എന്നാല്‍ അധികാരം ലഭിച്ചതോടെ മുഖ്യമന്ത്രി പദത്തിനായി സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‌ലോട്ടും രംഗത്തെത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ യുവ നേതാവിനെ കോ പൈലറ്റാക്കി ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായി. പ്രശ്‌നങ്ങള്‍ വീണ്ടും തുടര്‍ന്നു കൊണ്ടിരുന്നു. ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളെ സച്ചിന്‍ പൈലറ്റ് പല തവണ ഈ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍, ദേശീയ നേതൃത്വത്തിന് ഇടപെടാന്‍ താത്പര്യമില്ലായിരുന്നു. മുഖ്യമന്ത്രി തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നു എന്നതാണ് സച്ചിന്‍ പൈലറ്റിന്റെ പ്രധാന ആരോപണം. ഇതിനിടെ നാല് മാസങ്ങള്‍ക്ക് മുമ്പ്, മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയുമായി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോഴും കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തിലെടുത്തില്ല. ഇതിന് പിന്നാലെ രാജ്യത്ത് കൊവിഡ് പിടിമുറുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കൊപ്പം രാജസ്ഥാനിലും രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ മുതലെടുത്ത് ബി ജെ പി കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ബി ജെ പിയുമായി സച്ചിന്‍ പൈലറ്റ് ചര്‍ച്ച നടത്തിയെന്നായിരുന്നു വാര്‍ത്ത.
സച്ചിന്‍ പൈലറ്റും ബി ജെ പിയും വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. എന്നാല്‍, പൈലറ്റിന്റെ നേതൃത്വത്തില്‍ പ്രാദേശിക നീക്കങ്ങള്‍ ശക്തമായിരുന്നു. ഇതിനിടെയാണ് ഒരു കോണ്‍ഗ്രസ് എം എല്‍ എക്കും ഒരു സ്വതന്ത്ര എം എല്‍ എക്കും ബി ജെ പി 20 കോടി മുതല്‍ 25 കോടി വരെ പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് രണ്ട് ബി ജെ പി അംഗങ്ങളെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് എം എല്‍ എമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ബി ജെ പി ശ്രമിക്കുന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പോലീസിലെ പ്രത്യേക ഓപറേഷന്‍ ഗ്രൂപ്പിന്റെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും ചീഫ് വിപ്പ് മഹേഷ് ജോഷിക്കും പോലീസ് നോട്ടീസയച്ചു. വിഷയത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടത്. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. അതിനിടെ, എം എല്‍ എമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് റെയ്ഡിനുള്ള ശ്രമവും നടത്തി. ഇതോടെയാണ് തന്നെ വേട്ടയാടുന്നുവെന്നാരോപിച്ച് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയത്. പിന്നാലെ ഗെഹ്‌ലോട്ട് വിളിച്ച അടിയന്തര മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് 12 എം എല്‍ എമാരെയും കൂട്ടി പൈലറ്റ് ഡല്‍ഹിയിലേക്ക് പറന്നു.
ഇവക്കെല്ലാം ശേഷമാണ് പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കാര്യമായി ഇടപെടുന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും മറ്റും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും സച്ചിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രിയങ്ക പലവട്ടം നേരിട്ട് കാണാന്‍ ആവശ്യപ്പെട്ടിട്ടും പൈലറ്റ് വഴങ്ങിയില്ല. ഈ സമയമെത്തിയപ്പോഴേക്കും ബി ജെ പി പൈലറ്റിനെ റാഞ്ചിയിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. അതുവരെ കാത്തിരുന്ന ദേശീയ നേതൃത്വത്തിനാണ് ആദ്യ പിഴവു പറ്റിയത്. വിളിച്ചു വരുത്തി തീര്‍പ്പാക്കി വിടേണ്ട ഒരു വിഷയം വലിച്ചു നീട്ടി ബി ജെ പിക്ക് ആവശ്യമായ വിധത്തില്‍ പരുവപ്പെടുവോളം കാത്തിരിക്കുകയായിരുന്നു അവര്‍.
കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ സംഭവിച്ചതുപോലെ തന്നെയാകുമോ രാജസ്ഥാനിലും സംഭവിക്കുക എന്നത് മാത്രമാണ് ഇനി കേള്‍ക്കാന്‍ ബാക്കി നില്‍ക്കുന്നത്. പൈലറ്റിന്റെ പിന്തുണയോടെ അധികാരം പിടിക്കുമെന്നു തന്നെയാണ് ബി ജെ പിയുടെ പക്ഷം. അതേസമയം, ബി ജെ പിയില്‍ ചേരാനില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ പുതിയൊരു പാര്‍ട്ടി പിറവിയെടുക്കും. 20 അംഗങ്ങള്‍ തനിക്കൊപ്പമുണ്ടെന്നാണ് പൈലറ്റ് പറയുന്നത്. അതേസമയം, 13 സ്വതന്ത്രരുടെയും രണ്ട് അംഗങ്ങളുള്ള സി പി എമ്മിന്റെയും ഒരംഗമുള്ള ആര്‍ എല്‍ ഡിയുടെയും പിന്തുണയില്‍ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി ജെ പി ഇനിയാര്‍ക്കൊക്കെ വിലയിട്ടിരിക്കുന്നുവെന്നതിനെ ആശ്രയിച്ചു കൂടിയായിരിക്കും ഈ നിഗമനം.
ബി ജെ പിയുമായി ഒരിക്കലും സഹകരിച്ച് പ്രവര്‍ത്തിക്കില്ലെന്നും പാര്‍ട്ടി വിട്ടത് കടുത്ത അവഗണനയും അപമാനവും നേരിട്ടതിനെ തുടര്‍ന്നാണെന്നുമാണ് ഇന്നലെ സച്ചിന്‍ പൈലറ്റ് വിശദീകരിച്ചത്. താന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസ് നേതാവാണ്. ജനങ്ങള്‍ക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പൈലറ്റിന്റെ ചിറകിലേറിയാണ് കോണ്‍ഗ്രസ് രാജസ്ഥാന്‍ പിടിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിന് വഴിയില്ല. എന്നിട്ടും അനുനയത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിയായി. അധികാരവും ജോലിയും തുല്യമായി ക്രമീകരിക്കണമെന്ന് അന്ന് രാഹുല്‍ ഗാന്ധി ഗെഹ‌്ലോട്ടിനോട് നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിക്കപ്പെട്ടു. ഗെഹ്‌ലോട്ട് അധികാരം തന്നിലേക്ക് മാത്രം ചുരുക്കുന്നതിനുള്ള നടപടികളാണ് കൈക്കൊണ്ടത്. പൈലറ്റിനെ പരമാവധി ഒതുക്കാനും ശ്രമിച്ചു. ഗെഹ്‌ലോട്ടായാലും പൈലറ്റായാലും പാര്‍ട്ടി കാണിക്കുന്ന റണ്‍വേയിലൂടെ മാത്രമേ പറത്താവൂവെന്ന ശാഠ്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാനങ്ങളിലെ നേതാക്കളെ പഠിപ്പിക്കണം. അല്ലാത്തവരെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യണം. എന്നിട്ടും കഴിയുന്നില്ലെങ്കില്‍ പിരിച്ചുവിടണം. അല്ലെങ്കില്‍ കോണ്‍ഗ്രസ് തന്നെയാകും പറക്കുന്നതിനിടെ ആഴക്കടലിലോ വലിയ ഗര്‍ത്തങ്ങളിലോ ചെന്നു പതിക്കുക. ഇതൊന്നും ചെയ്യാന്‍ കഴിയാത്ത ദേശീയ നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെങ്കില്‍ ആദ്യം തിരുത്ത് വരുത്തേണ്ടത് അവിടെയായിരിക്കണം.