Malappuram
'ഇന്റെത് റെഡിയായില്യ, എന്നാ ഞമ്മക്ക് ഒരു കൊയ്പ്പുല്യ' -VIDEO
മലപ്പുറം | “ഇന്റെത് റെഡിയായില്യ, എന്നാ ഞമ്മക്ക് ഒരു കൊയ്പ്പുല്യ” ഇതാണ് സാമൂഹിക മാധ്യമങ്ങളില്‍ പുതുതായി ട്രെന്‍ഡായ വാക്ക്. ഇതിന് കാരണമായതോ കിഴിശ്ശേരി കുഴിമണ്ണ കുഴിഞ്ഞളത്തെ നാലാം ക്ലാസുകാരനായ അക്കരമ്മല്‍ വീട്ടില്‍ കുന്നത്തേരി ഫാഇസിന്റെ വാക്കുകളും.
കടലാസ്കൊണ്ട് പൂവ് നിര്‍മിക്കാനായി സെല്‍ഫി വീഡിയോ ചെയ്തതാണ് ഈ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ കാരണമായത്. ഇക്കഴിഞ്ഞ ബുധനാഴ്ച വീട്ടുകാര്‍ ഭക്ഷണം കഴിക്കുന്ന സമയം നോക്കി ഉമ്മ മൈമൂനയുടെ ഫോണ്‍ കൈയിലെടുത്ത് ആരുമറിയാതെ റൂമില്‍ കൊണ്ട് വന്ന് വെച്ചാണ് ഈ കൊച്ചു മിടുക്കന്‍ സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്തത്.
[irp]
വീടുകാരെത്തിയതോടെ ഫോണ്‍ ഓഫാക്കി. പിന്നീട് സഹോദരി സ്വാലിഹ ഉമ്മയുടെ ഫോണ്‍ പരിശോധിക്കുന്നതിനെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഉമ്മയെയും മറ്റൊരു സഹോദരി നാസിഹയെയും വീഡിയോ കാണിച്ചു. വിവരം ഗള്‍ഫിലുള്ള പിതാവ് അബ്ദുല്‍ മുനീര്‍ സഖാഫിയയും അറിയിച്ചു. പിതാവ് അനിയന്‍ സുലൈമാനെയും വിവരം ധരിപ്പിച്ചു. സുലൈമാന്‍ വീഡിയോ കാണുകയും അത് ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തു. ഈ ഗ്രൂപ്പില്‍ നിന്ന് പുറത്തേക്ക് പോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
[irp]
രണ്ട് മിനുട്ടിലധികം സമയം വരുന്ന വീഡിയോ കടലാസ് ഉപയോഗപ്പെടുത്തി പൂവ് എങ്ങിനെ നിര്‍മിക്കാമെന്ന് പറയാനാണ് മിടുക്കന്‍ ശ്രമിക്കുന്നത്.
മികച്ച അവതാരണത്തിലൂടെ ഇതിനാവശ്യമായ പെന്‍സില്‍, കത്രിക, പേപ്പര്‍ എന്നിവ പ്രയോജനപ്പെടുത്തണമെന്നും അത് എങ്ങിനെ കടലാസ് മുറിക്കണമെന്നും പറയുന്നുണ്ട്.
മനോഹരമായ അവതരണം കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ്. എന്നാല്‍ വീഡിയോയുടെ അവസാനം കടലാസ് പൂവ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കിലും ഇതില്‍ ഒരു തരി കൂസലുമില്ലാതെ നിഷ്കളങ്കമായി അത് പരാജയപ്പെട്ടെന്ന് വിവരിക്കുകയാണ് ഫാഇസ്.
ചെലര്‍ത് ശരിയാകും, ചെലര്‍ത് ശരിയാകൂല, എന്റത് ശരിയായില്ല. മ്മക്ക് കൊയ്പ്പല്യ. ഈ ഡയലോഗാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്.
കുട്ടിയുടെ അവതരണ രീതിക്കും സത്യസന്ധതക്കും വലിയ പിന്തുണയാണ് ഓരോ കോണില്‍ നിന്നും ലഭിക്കുന്നത്. കുഴിമണ്ണ ഇസ്സത്ത് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.