Articles
ബഹിഷ്‌കരണത്തിനുമപ്പുറം

‘‘കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭ””മെന്ന് ഇക്കാലത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്ക് എഴുതാനാകുമായിരുന്നില്ല. കനകം മൂലമെന്നത് ചോദ്യം ചെയ്ത് ആഭരണ നിര്‍മാണ തൊഴിലാളികളും കാക്കത്തൊള്ളായിരം വരുന്ന ജ്വല്ലറികളും രംഗത്തുവരുമായിരുന്നു. കനകം മൂലം മാത്രമാണോ കലഹമെന്ന യുക്തിക്ക് ഒരു നമ്പ്യാര്‍ക്കും മറുപടിയുണ്ടാകില്ല. കാമിനി മൂലം കലഹമെന്നത് “പൊളിറ്റിക്കല്‍ കറക്ടനസ്സി”ന്റെ പേരിലാകും വിചാരണചെയ്യപ്പെടുക. കലഹത്തിനോ അതുവഴിയുള്ള ക്രൂരതക്കോ വഴിവെക്കുന്ന “കാമുകന്‍”മാരുടെ പട്ടിക നിരത്തപ്പെടുകയും ചെയ്‌തേനെ. പണ്ടായതിനാല്‍ കുഞ്ചന്‍ നമ്പ്യാര്‍ രക്ഷപ്പെട്ടു. പക്ഷേ, നമ്പ്യാരുടെ ദീര്‍ഘവീക്ഷണം ഇക്കാലത്തും അംഗീകരിക്കപ്പെടുന്നുവെന്നതില്‍ തര്‍ക്കംവേണ്ട. “കനകം മൂലം കാമിനി മൂല”മുള്ള മറ്റൊരു കലഹത്തിന്റെ മധ്യത്തിലാണ് നമ്മള്‍. കലഹത്തിന് ആക്കം കൂട്ടാന്‍ മാധ്യമങ്ങള്‍, വിശിഷ്യാ വാര്‍ത്താ ചാനലുകള്‍ ആവത് പണിപ്പെടുകയും ചെയ്യുന്നു. ആയതിന്റെ മൂര്‍ധന്യത്തില്‍ ചാനലൊന്നിന്റെ പടികയറില്ലെന്ന് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
മാധ്യമങ്ങളുടെ പരിലാളനകൊണ്ട് വളര്‍ന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് സി പി ഐ (എം) നേതാക്കള്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുള ചതയ്ക്കാന്‍ ഭരണകൂടത്തിനൊപ്പം വൃത്താന്ത പത്രങ്ങളില്‍ പലതുമുണ്ടായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പില്‍ക്കാലത്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ രംഗത്തുണ്ടായിരുന്ന മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ച് അവര്‍ ഓര്‍മിപ്പിക്കുന്നു. അതിനെയൊക്കെ അതിജീവിച്ച പ്രസ്ഥാനത്തിന് ഒരു ചാനലിന്റെ “സംവാദ വേദി” ഉപേക്ഷിച്ചതുകൊണ്ട് ഒരു ചുക്കും സംഭവിക്കാനില്ലെന്ന് അവര്‍ കരുതുന്നു. സംഘടനാ സംവിധാനം ശക്തമായ സി പി ഐ (എം) നെ സംബന്ധിച്ച് ആ കരുതല്‍ അസ്ഥാനത്തല്ല. സംവാദ വേദികളെന്ന് തെറ്റിദ്ധരിക്കപ്പെട്ട ചാനല്‍ ചര്‍ച്ചകള്‍ പലപ്പോഴും പല അജന്‍ഡകളുടെയും നടത്തിപ്പു വേദികളാണ് എന്നതില്‍ തര്‍ക്കം വേണ്ട. സ്വര്‍ണക്കടത്ത് പിടിക്കപ്പെടുകയും ആരോപണവിധേയരില്‍ ഒരാളായ സ്വപ്‌ന സുരേഷുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് സൗഹൃദമുണ്ടായിരുന്നുവെന്ന് വ്യക്തമാകുകയും ചെയ്തതോടെ സര്‍ക്കാറിനെയും അതിന് നേതൃത്വം നല്‍കുന്ന സി പി ഐ (എം)നെയും ആക്രമിക്കാനുള്ള ആയുധമായി അത് ഉപയോഗിക്കപ്പെടുകയാണ്.
പ്രതിപക്ഷം അത് ചെയ്യുന്നതില്‍ കുറ്റം പറയാനില്ല. വസ്തുതകള്‍ പുറത്തുവരിക എന്നതിനപ്പുറത്തുള്ള രാഷ്ട്രീയ താത്പര്യം അവര്‍ക്കുണ്ടാകുക സ്വാഭാവികം. മാധ്യമങ്ങളുടെ സ്ഥാനം പ്രതിപക്ഷത്താകയാല്‍, രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് വാര്‍ത്താ ചാനലുകളില്‍ പ്രാമുഖ്യം ലഭിക്കുകയും ചെയ്യും. അതിനുമപ്പുറത്ത് അവതാരകര്‍ ന്യായാധിപ സ്ഥാനമേറ്റെടുത്ത് വിചാരണ നടത്താന്‍ മുതിരുകയും വിചാരണക്ക് മുമ്പ് വിധി പറയുകയും ചെയ്താല്‍ അത് നല്ല പ്രവണതയായി കാണാനാകില്ല. അത്തരം വിചാരണക്ക് നിന്നുകൊടുക്കേണ്ടതില്ല എന്ന സി പി ഐ (എം) തീരുമാനം തെറ്റെന്ന് പറയുക വയ്യ. ഇത്തരം വിചാരണകളിലൂടെ നടപ്പാക്കപ്പെടുന്നത് കേരളം ഇത്രയും നാള്‍ തള്ളിക്കളഞ്ഞവരുടെ രാഷ്ട്രീയ അജന്‍ഡയാണെന്ന സന്ദേഹം കൂടിയുള്ളപ്പോള്‍ പ്രത്യേകിച്ചും. സംവാദങ്ങളില്‍ പങ്കെടുക്കില്ലെന്ന തീരുമാനം പ്രാകൃതവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വാദിക്കുന്നതില്‍ അര്‍ഥമൊന്നുമില്ല. സംവാദങ്ങളില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം പോലെ പ്രധാനമാണ് പങ്കെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും. സംവാദങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ ആ പ്രക്രിയ സ്വതന്ത്രവും ജനാധിപത്യപരവുമായിരിക്കണം. അതങ്ങനെയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വാര്‍ത്താ ചാനലുകള്‍ക്ക് സാധിക്കുമെന്ന് “സംവാദ”ങ്ങളെ നിഷ്പക്ഷമായി വീക്ഷിച്ചാല്‍ തോന്നുന്നുമില്ല.
അതുപറയുമ്പോള്‍ തന്നെ ഇത്തരം വേദികളുടെ ജനാധിപത്യ വിരുദ്ധതയെക്കുറിച്ച് പറയാന്‍ സി പി ഐ (എം)ന് എന്തര്‍ഹത എന്ന ചോദ്യവുമുണ്ട്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സോളാര്‍ അഴിമതിയെക്കുറിച്ചുള്ള നിരന്തര ചര്‍ച്ചകള്‍ നടന്നപ്പോള്‍ അത് തികച്ചും ജനാധിപത്യപരമായിരുന്നോ? പ്രതിപക്ഷത്തെ (അക്കാലത്ത് സി പി ഐ (എം) യോ സി പി ഐയോ) പ്രതിനിധി, സ്വതന്ത്ര നിരീക്ഷകരെന്ന പേരില്‍ എത്തുന്നവര്‍, അവതാരകന്‍ എന്നിവരൊക്കെ ഒരു പക്ഷത്തു നില്‍ക്കുകയും അതിനൊക്കെ കോണ്‍ഗ്രസ് പ്രതിനിധി മറുപടി പറയാന്‍ സമയം കിട്ടാതെ വലയുകയും ചെയ്തപ്പോള്‍ ജനാധിപത്യ വിരുദ്ധമാണിതെന്ന തോന്നല്‍ ഇന്ന് സംവാദ വേദിയെക്കുറിച്ച് പരാതി പറയുന്ന സി പി ഐ (എം)ന് തോന്നിയിരുന്നോ? മറുപടി പറയാന്‍ തുടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളെ അന്നും അവതാരകര്‍ തടസ്സപ്പെടുത്തിയിരുന്നു. കണക്കെടുത്താല്‍ 15 തവണ തടസ്സപ്പെടുത്തി, 18 തവണ തടസ്സപ്പെടുത്തി എന്നൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറയാനും കഴിയും. അക്കാലത്ത് ജനാധിപത്യ വിരുദ്ധത തോന്നിയിട്ടില്ലെങ്കില്‍ ഇപ്പോള്‍ തോന്നുന്നതില്‍ അര്‍ഥമില്ല. സോളാര്‍ ഇടപാട് പുറത്തുവന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായിട്ടായിരുന്നുവെന്നതും അതിനെ വളര്‍ത്തിയെടുത്തത് ഗ്രൂപ്പ് പോരായിരുന്നുവെന്നതും കണക്കിലെടുക്കുമ്പോള്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ജനാധിപത്യ വിരുദ്ധതയെക്കുറിച്ച് വലിയ പരാതിയുണ്ടാകാന്‍ ഇടയില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ തട്ടിപ്പിന് കൂട്ടുനിന്നാല്‍ മുഖ്യമന്ത്രിക്ക് അതില്‍ ഉത്തരവാദിത്വമില്ലേ എന്ന ചോദ്യം തന്നെയാണ് അന്ന് ടെലിവിഷന്‍ വേദികളില്‍ ഉയര്‍ന്നത്. ഇപ്പോഴും അതുതന്നെയല്ലേ ഉയരുന്നത്? ഒറ്റ വ്യത്യാസമേയുള്ളൂ, മടിയില്‍ കനമില്ലെന്ന് കുറേക്കൂടി ആത്മവിശ്വാസത്തോടെ പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കുന്നുണ്ട്. അത്രയും ആത്മവിശ്വാസം പ്രകടിപ്പിക്കാതിരുന്നതിന്റെ കേട് (എതിര്‍ ഗ്രൂപ്പിന്റെ കളിയറിയാവുന്നതുകൊണ്ട് കൂടിയാണ് ആത്മവിശ്വാസം കുറഞ്ഞത്) സോളാര്‍ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കുണ്ടാകുകയും ചെയ്തു. അന്നത്തെ “സംവാദ”ങ്ങളിലൊന്നും മനഃപ്രയാസം തോന്നാതിരുന്ന, മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ തട്ടിപ്പിന് കൂട്ടുനിന്നാല്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് വാദിച്ച സി പി ഐ (എം)കാര്‍ ഇപ്പോള്‍ ജനാധിപത്യ വിരുദ്ധത എന്ന ആരോപണം ഉന്നയിക്കുകയും മറുപടി പറയാന്‍ സമയം കിട്ടുന്നില്ലെന്ന് കുണ്ഠിതപ്പെടുകയും ചെയ്യുമ്പോള്‍ അവിടെ കാരണം രാഷ്ട്രീയം മാത്രമാകും.
എങ്കിലും ഇതൊരവസരമാണ്. അതുപയോഗപ്പെടുത്തണമെങ്കില്‍ സി പി ഐ (എം) മാത്രമല്ല, കോണ്‍ഗ്രസും മറ്റ് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കണം. വാര്‍ത്താ ചാനലുകളുടെ ചര്‍ച്ചാ വേദികളെ യഥാര്‍ഥ സംവാദ വേദികളാക്കണം. ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് മാത്രമേ ഈ അഭ്യര്‍ഥനയുള്ളൂ. നുണയോ പാതി നുണയോ അനുസ്യൂതം പ്രവഹിക്കുന്ന സംഘ്പരിവാര്‍ നാവുകളോടില്ല. സോളാര്‍ കാലത്ത് എല്ലാ രേഖകളും കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ചാനല്‍ സ്റ്റുഡിയോകളില്‍ കയറിയിറങ്ങിയ നേതാവിന്റെ പില്‍ക്കാല വളര്‍ച്ചയില്‍ നിരന്തര ചര്‍ച്ചകള്‍ നല്‍കിയ സംഭാവന ചെറുതായിരുന്നില്ലെന്ന് ഓര്‍മയുണ്ടാകണം മതനിരപേക്ഷ രാഷ്ട്രീയം പിന്തുടരുന്ന പാര്‍ട്ടികള്‍ക്ക്. അതുകൊണ്ട് കൂടിയാണ് സംവാദ വേദികളെ തിരികെപ്പിടിക്കാന്‍ കൂട്ടായി ശ്രമിക്കണമെന്ന് പറയുന്നത്. ബഹളങ്ങള്‍ക്കും ചെളിവാരിയെറിയലുകള്‍ക്കും ഒളിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കലുകള്‍ക്കും സംഘ അജന്‍ഡകളുടെ ഒളിച്ചുകടത്തലുകള്‍ക്കും അവതാരക ധാര്‍ഷ്ട്യങ്ങള്‍ക്കുമപ്പുറത്ത് വസ്തുത മനസ്സിലാക്കാന്‍ ജനത്തിന് അവസരം നല്‍കുന്ന വേദിയാകണം ചാനല്‍ ചര്‍ച്ചകള്‍.
ഈ സംവാദങ്ങള്‍ യഥാര്‍ഥ വിഷയങ്ങളെ തമസ്‌കരിച്ച്, പുകമറ സൃഷ്ടിക്കാന്‍ മാത്രമേ സഹായിക്കുന്നുള്ളൂ. സോളാറില്‍, തട്ടിപ്പിനപ്പുറത്ത് ആരോപണവിധേയ സ്ഥാനത്തു നിന്ന സ്ത്രീയുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടെന്ന് ആരോപിക്കപ്പെട്ട ബന്ധമാണ് നിരന്തര ചര്‍ച്ചക്ക് വിധേയമായത്. അതിന് പാകത്തിലുള്ള രേഖകളാണ്, ഒളിഞ്ഞു നോട്ടത്തില്‍ അഭിരമിക്കുന്ന മലയാളികള്‍ക്ക് മുന്നില്‍, നേതാക്കളെന്ന് അവകാശപ്പെട്ടവര്‍ അവതരിപ്പിച്ചത്. അത് ഏറ്റുപാടുകയാണ് സംവാദ വേദികള്‍ ചെയ്തത്. ഏതാണ്ട് സമാനമാണ് ഇപ്പോഴത്തെ സ്ഥിതിയും. സ്വര്‍ണക്കടത്താണ് മുഖ്യമെങ്കില്‍, അതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണമെങ്കില്‍ അതിലേക്ക് വെളിച്ചം വീശാന്‍ ഉതകുകയെങ്കിലും ചെയ്യണം സംവാദങ്ങള്‍. അത് നടക്കുന്നുണ്ടോ? “കാമിനി മൂലമുള്ള കലഹ”മായി പരിമിതപ്പെടുകയും ആ ബന്ധത്തിന്റെ പുകമറയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെ തന്നെയും നിര്‍ത്താന്‍ ശ്രമിക്കുകയും (സോളാറിലേത് പോലെ, വസ്തുതകളുടെ പിന്‍ബലമൊന്നുമില്ലാതെ) അതേക്കുറിച്ച് പല ഭാഗങ്ങളില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് ഏകനായി മറുപടി പറയാന്‍ വിധിക്കപ്പെടുന്നവരെ അധിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ സി പി ഐ (എം) തീരുമാനം ന്യായീകരിക്കപ്പെടും. അങ്ങനെ ന്യായീകരിക്കപ്പെടുന്ന അവസ്ഥക്ക് കാരണഭൂതരാകുന്ന അവതാരക വേഷങ്ങളെ, തിരുത്തുക എന്നതും അവരുടെ പുച്ഛച്ചിരികള്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമാണ്.