Articles
കെ സുരേന്ദ്രനു വേണ്ടി ബെന്നി ബെഹനാന്‍ എഴുതുമ്പോള്‍
ഉമ്മന്‍ ചാണ്ടിക്കു ശേഷം ആര് എന്ന ചോദ്യത്തിന് ഒരുപക്ഷേ ഉത്തരമാകേണ്ട ആളാണ് നിലവില്‍ യു ഡി എഫ് കണ്‍വീനറായ ബെന്നി ബെഹനാന്‍. നിലവില്‍ മൂന്നോ നാലോ അധികാര കേന്ദ്രങ്ങള്‍ ഉള്ള കോണ്‍ഗ്രസില്‍ ഈ സാധ്യതക്ക് ഇനി എന്ത് സംഭവിക്കും എന്ന് ഇപ്പോള്‍ പറയാനാകില്ല. വലിയ മുന്‍തൂക്കം ആര്‍ക്കുമില്ല എന്ന് വേണമെങ്കില്‍ പറയാം. ഏതായാലും 2018 മുതല്‍ കൈയാളുന്ന കണ്‍വീനര്‍ പദവി തീര്‍ച്ചയായും ബെന്നി ബെഹനാന് ഭാവിയില്‍ ഗുണം ചെയ്‌തേക്കാം എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റൂ. ഇത്രയും സാധ്യതയും പദവിയും ഉള്ള യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തിരുന്നു കൊണ്ട് ബെന്നി ബെഹനാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 18.07.20ന് അയച്ച കത്ത് ഇങ്ങനെ തുടരുന്നു.
“(സ്വപ്ന സുരേഷുമായുള്ള) ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ ബഹു. മന്ത്രി പറഞ്ഞത് ഈ ഫോണ്‍വിളികള്‍ യു എ ഇ കോണ്‍സുലേറ്റ് ജനറല്‍ സ്‌പോണ്‍സര്‍ ചെയ്ത, അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന റമസാന്‍ ഭക്ഷണ കിറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് എന്നാണ്. മന്ത്രിയുടെ അപേക്ഷ പ്രകാരം ആയിരം ഭക്ഷണ കിറ്റുകള്‍ കണ്‍സ്യൂമര്‍ ഫെഡ് മുഖേന വിതരണം ചെയ്യുകയും ഈ തുക കണ്‍സ്യൂമര്‍ ഫെഡിന് നേരിട്ടു നല്‍കുകയും ചെയ്തു”. ബെന്നി ബെഹനാന്‍ മന്ത്രി കെ ടി ജലീലിനെതിരെ പ്രധാനമന്ത്രിക്കയച്ച കത്ത് ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. കത്തിന്റെ അവസാന ഭാഗത്ത്, എഫ് സി ആര്‍ എ ആക്ട് 2010ന്റെ അഞ്ചാം സെക് ഷന്‍ ലംഘിച്ച മന്ത്രി കെ ടി ജലീലിനെതിരെ ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് യു ഡി എഫ് കണ്‍വീനര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സെക് ഷന്‍ പ്രകാരം അഞ്ച് വര്‍ഷം തടവോ പിഴയോ രണ്ടുമോ ചുമത്താവുന്ന കുറ്റമാണ് മന്ത്രി ജലീല്‍ നിര്‍വഹിച്ചിരിക്കുന്നത് എന്ന് പ്രസ്തുത കത്ത് പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കുന്നു.
ഇസ്‌ലാമിക മത വിശ്വാസപ്രകാരം അതീവ പ്രാധാന്യം ഉള്ളതും ഉന്നതവുമായി കണക്കാക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് സക്കാത്ത്/സ്വദഖ എന്ന പേരിലൊക്കെ അറിയപ്പെടുന്ന ദാന ധര്‍മങ്ങള്‍. അത് നല്‍കല്‍ ഒരു മതപരമായ ബാധ്യത ആയിരിക്കുമ്പോള്‍ തന്നെ ചില മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ അത് നിര്‍ബന്ധവും ആക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് ധാരാളം സര്‍ക്കാറിതര സംഘടനകള്‍ക്ക് സഹായം ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസം, മതം, സംസ്‌കാരം എന്നിങ്ങനെ പല മേഖലകളിലും പ്രവര്‍ത്തിക്കുന്ന, അതിനായുള്ള രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഇത് ലഭിക്കുന്നത്. അതായത് വിദേശ സഹായം എന്നു കേള്‍ക്കുമ്പോള്‍ തന്നെ എന്തോ കുഴപ്പം നടന്നു എന്ന് വിചാരിക്കേണ്ട കാര്യമില്ല എന്നര്‍ഥം. കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു പാര്‍ലിമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത് 2018ലെ കണക്കുപ്രകാരം മതപരമായ ആവശ്യങ്ങള്‍ക്ക് വിദേശ സാമ്പത്തിക സഹായം ലഭിക്കുന്ന 5,804 എന്‍ ജി ഒകള്‍ ഇന്ത്യയില്‍ ഉണ്ട് എന്നാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്ക് പ്രകാരം 2016-17ല്‍ 23,176 എന്‍ ജി ഒകള്‍ക്കായി 15,329.16 കോടി രൂപ വിദേശ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. 2016ല്‍ ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം എഫ് സി ആര്‍ എ ആക്ട് 2010 അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യന്‍ എന്‍ ജി ഒകളുടെ എണ്ണം 33,091 ആണ്. ഇങ്ങനെ സാമ്പത്തിക സഹായം ലഭിക്കുന്നതില്‍ നല്ലൊരു ശതമാനം ക്രിസ്ത്യന്‍ മത സംഘടനകളാണ്. കണക്കുകള്‍ നോക്കുമ്പോള്‍ പത്തനംതിട്ട ജില്ലയാണ് ഇത്തരത്തില്‍ സാമ്പത്തിക സഹായം ലഭിക്കുന്നവരുടെ കേരളത്തിലെ ആസ്ഥാനം എന്ന് തോന്നുന്നു.
ഇങ്ങനെ കോടികളുടെ വിദേശ സഹായം കൊണ്ട് അമ്മാനമാടുന്നതിന്റെ ഇടയിലാണ് അഞ്ച് ലക്ഷം രൂപ വിലവരുന്ന റമസാന്‍ കിറ്റുകള്‍ ഒരു മന്ത്രി പാവപ്പെട്ട മനുഷ്യര്‍ക്ക് വിതരണം ചെയ്യാന്‍ ഉത്സാഹം കാണിച്ചതിന്റെ പേരില്‍ ധാര്‍മിക രോഷം പുകയുന്നത്. ചാരിറ്റി എന്നത് എല്ലാ മതങ്ങളിലും പൊതുവായി ഉള്ള ഘടകമാണ്. മതങ്ങളെ സംബന്ധിച്ച് അവരുടെ തനത് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയാണ് അത്. ഇസ്‌ലാമിക കര്‍മ ശാസ്ത്രത്തില്‍ അതിനെ കുറച്ചു കൂടി സ്ഥാപനവത്കരിച്ചിട്ടുണ്ട് എന്ന് കാണാം. മതപരമായി ഉയര്‍ന്ന പ്രാധാന്യമുള്ള, സമൂഹത്തിന് ഗുണം ചെയ്യുന്ന, നാം ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ പ്രയോജനകരമായ ഒരു കാര്യമാണ് ഇതെന്ന് വ്യക്തം. ഇങ്ങനെ സാമൂഹികമായ ഗുണം സൃഷ്ടിക്കുന്ന മതപരതയുടെ ഗുണാത്മകമായ അംശത്തെ സൂചിപ്പിക്കുന്ന ഒരു രീതിയെയാണ് രാഷ്ട്രീയ ലാഭം നോക്കി യു ഡി എഫ് കണ്‍വീനര്‍ അവമതിക്കാന്‍ നോക്കുന്നത്.
കൂട്ടത്തില്‍ നാം വിസ്മരിക്കാന്‍ പാടില്ലാത്ത ഒരു കാര്യം കൂടെയുണ്ട്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എന്‍ ജി ഒകളെ അവരുടെ വരുതിക്ക് കൊണ്ടുവരാന്‍ വലിയ ശ്രമം നടന്നു. പല എന്‍ ജി ഒകളുടെയും രജിസ്ട്രേഷന്‍ റദ്ദാക്കി. മോദി സര്‍ക്കാര്‍ നോട്ടമിട്ടത് പ്രധാനമായും മനുഷ്യാവകാശം, മതം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകളെ ആണ്.
മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോട് സംഘ്പരിവാറിനുള്ള രോഷം മനസ്സിലാക്കാന്‍ എളുപ്പമാണ്. സംഘ്പരിവാര്‍ ഭീകരതയെ പുറത്ത് കൊണ്ടുവരുന്നതില്‍ പല ഹ്യൂമന്‍ റൈറ്റ്സ് എന്‍ ജി ഒകളും വഹിച്ച പങ്ക് നമുക്ക് ഓര്‍മിക്കാം. അതുപോലെ തന്നെ, വിശാലമായ സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന എന്‍ ജി ഒകളെ നേരിടുക എന്നുള്ളത്. അവര്‍ വിദേശ സഹായം സ്വീകരിച്ച് ഇന്ത്യയില്‍ മതപരിവര്‍ത്തനം സംഘടിപ്പിക്കുന്നു എന്നാണ് കാലാകാലങ്ങളായുള്ള സംഘ്പരിവാര്‍ പ്രചാരവേല. ഇത് യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തിരിച്ചുവെച്ചിരിക്കുന്ന കുന്ത മുനയാണ്. ഈ വിധത്തില്‍ എല്ലാ അര്‍ഥത്തിലും ന്യൂനപക്ഷ വിരുദ്ധമായ കേന്ദ്ര സര്‍ക്കാറിനോടാണ്, കുറച്ച് റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ സഹായം നല്‍കിയതിന് എഫ് സി ആര്‍ എ നിയമ ലംഘനം ആരോപിച്ച് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു മന്ത്രിയെ ജയിലിലടക്കണം എന്ന് യു ഡി എഫ് കണ്‍വീനര്‍ ആവശ്യപ്പെടുന്നത്.
ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രന്‍ എഴുതിയതാണോ എന്ന് തോന്നിപ്പിക്കുന്ന ഭാഷയില്‍ ബെന്നി ബെഹനാന്‍ ഇങ്ങനെയൊരു കത്തെഴുതുമ്പോള്‍ യു ഡി എഫിന്റെ രാഷ്ട്രീയ ഭാവനയെ കുറിച്ചുള്ള പ്രധാനപ്പെട്ട ചില ചോദ്യങ്ങളെ അത് പുറത്തു കൊണ്ടുവരുന്നുണ്ട്. ആരെയൊക്കെ, ഏത് സമുദായത്തെയൊക്കെ, ആരുടെയൊക്കെ താത്പര്യങ്ങളെ കുരുതി കൊടുത്തുകൊണ്ടാണ് താത്കാലികമായ രാഷ്ട്രീയ ലാഭങ്ങള്‍ കൊയ്‌തെടുക്കാനാകുക എന്നതാണ് ആ ചോദ്യം. സ്വര്‍ണക്കടത്തായാലും വിദേശ സഹായമായാലും എന്തിന് ഒരു മഹാമാരിയോ പ്രളയമോ ആണെങ്കില്‍ പോലും മുസ്്ലിം സമുദായമാണ് ഇക്കൂട്ടരുടെയൊക്കെ പ്രിയപ്പെട്ട ഇര. അതാകുമ്പോള്‍ ആരുടെയും വിചാരണയോ കണക്കുപരിശോധനയോ നേരിടേണ്ടി വരില്ല എന്ന സൗകര്യവുമുണ്ട്. ഈ സൗകര്യം ആസ്വദിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ ഇങ്ങേ തലക്കല്‍ നിന്നുകൊണ്ടാണ് ബെന്നി ബെഹനാന്‍ പുതിയ കത്ത് എഴുതിയിരിക്കുന്നത്. മാറാട് കലാപ കാലത്ത് ഹിന്ദു ഐക്യവേദിയുടെ അമര്‍ഷങ്ങളെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിക്കൊണ്ടാണല്ലോ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി തണുപ്പിക്കാന്‍ ശ്രമിച്ചത്.
നിര്‍ണായക സന്ദര്‍ഭങ്ങളില്‍ മുസ്്ലിംകളെ അടിക്കാനുള്ള വടി കൊടുത്ത് സംഘ്പരിവാരത്തിനു ഓശാന പാടി രക്ഷപ്പെട്ടുകളയാം എന്ന ക്രിസ്ത്യന്‍ സാമുദായിക സംഘടനകളുടെ കുതികാല്‍ വെട്ടുമായി ഇത്തരം രാഷ്ട്രീയ ഭാവനകള്‍ ചേര്‍ന്നു പോകുന്നുമുണ്ട്. പാര്‍ലിമെന്റില്‍ താന്‍ തന്നെ ചോദിച്ച ചോദ്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി നല്‍കിയ മറുപടി സ്വന്തം ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് മായ്ചുകളഞ്ഞ ബെന്നി ബെഹനാന്‍ തന്നെയാണ് ഈ കത്തും എഴുതിയത് എന്നത് യാദൃച്ഛികമല്ല, ഒരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. കോണ്‍ഗ്രസില്‍ മുമ്പ് ചാലപ്പുറത്തു നിന്ന് തുടങ്ങി ഇപ്പോള്‍ കോട്ടയം, ആലപ്പുഴ വഴി പടര്‍ന്നുകൊണ്ടിരിക്കുന്ന ആ രോഗത്തെ തുറന്നു കാട്ടാന്‍ മാത്രം ആത്മവിശ്വാസവും രാഷ്ട്രീയ നൈതികതയും ജ്ഞാനവും രാഷ്ട്രീയ ഭാവനയുമുള്ള ഒരു മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇനി എപ്പോഴെങ്കിലും ഉണ്ടാകുമോ?
ജയറാം ജനാര്‍ദ്ദനന്‍