Articles
അനുഭൂതി എല്ലാവരിലേക്കുമെത്തട്ടെ
ഇതെഴുതുമ്പോള്‍ സങ്കടം ഇരമ്പുന്നുണ്ട്. കാല്‍നൂറ്റാണ്ടായി ഒരു ഹജ്ജ് പോലും മുടങ്ങിയിട്ടില്ല. ഈ വര്‍ഷവും കൊതിയോടെ മോഹിച്ചിരുന്നതാണ്. ഓരോ വര്‍ഷവും അല്ലാഹുവിന്റെ അതിഥികളില്‍ ഒരാളാകുമ്പോഴുള്ള സന്തോഷം വിവരണാതീതമാണ്. പ്രത്യാശയോടെ മനസ്സിനുള്ളിലെയെല്ലാം അല്ലാഹുവിനു മുമ്പില്‍ സമര്‍പ്പിക്കാനുള്ള വേദിയാണല്ലോ ഹജ്ജ്- അല്ലാഹു ഏറെ ആദരിച്ച ചടങ്ങ്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മഹാമാതൃകകളായ ഇബ്റാഹീം നബി(അ)നെയും ഹാജറ (റ)യെയും ഇസ്മാഈല്‍ നബി(അ)നെയും എല്ലാ കാലത്തേക്കും ഓര്‍മിപ്പിക്കുന്ന വിധത്തില്‍ അല്ലാഹു സംവിധാനിച്ചതാണ് ഹജ്ജിന്റെ ഓരോ കര്‍മങ്ങളും. ജനലക്ഷങ്ങള്‍ സമ്മേളിക്കുന്ന വിശുദ്ധ മക്കയിലിപ്പോള്‍ പതിനായിരത്തോളം വിശ്വാസികളാണ് ഹജ്ജ് നിര്‍വഹിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടാണ് ഓരോ കര്‍മവും. സഊദി ഭരണകൂടത്തെ അഭിനന്ദിക്കുകയാണ്.
ലോകമാകെ കൊവിഡ് 19ന്റെ ഭീതിയില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ ആഘോഷിക്കുന്ന ബലിപെരുന്നാള്‍ ഏറ്റവും ശ്രദ്ധയോടെയാണ് വിശ്വാസികള്‍ നിര്‍വഹിക്കേണ്ടത്. കാരണം, സ്വന്തത്തെയും പ്രിയപ്പെട്ടവരെയും ചുറ്റുമുള്ളവരെയും എല്ലാം കാക്കേണ്ട ബാധ്യത നമുക്കുണ്ട്. നബി (സ)യുടെ ഹദീസ് അതാണല്ലോ സൂചിപ്പിക്കുന്നത്: “മഹാമാരി ഒരു നാട്ടില്‍ ഉണ്ടായാല്‍ അവിടെ വസിക്കുന്നവര്‍ മറ്റെങ്ങോട്ടും പോകരുത്; മറ്റു ദേശക്കാര്‍ അങ്ങോട്ട് പോകുകയും അരുത്”.
ലോകത്ത് തന്നെ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാഷ്ട്രങ്ങളിലൊന്നായി നമ്മുടെ രാജ്യം ഇതിനകം മാറിയിട്ടുണ്ട്. ഓരോ ദിവസവും ഇന്ത്യയില്‍ അര ലക്ഷത്തോളം പേര്‍ രോഗബാധിതരാകുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍ കാണിക്കുന്നത്. വളരെ ജാഗ്രതയോടെ രോഗത്തെ പ്രതിരോധിച്ച കേരളത്തിലാകട്ടെ, ദിനേന ശരാശരി ആയിരം പേരെ രോഗം ബാധിക്കുന്ന അവസ്ഥയും കാണുന്നു. പരമാവധി സൂക്ഷ്മത പാലിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. എല്ലാ നിയന്ത്രണങ്ങളും പൂര്‍ണമായി പാലിച്ചാണ് ഇത്തവണ പെരുന്നാള്‍ നിസ്‌കാരവും ബലികര്‍മവും നിര്‍വഹിക്കുകയെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഞങ്ങള്‍ ഉറപ്പു നല്‍കിയതാണ്. അതുകൊണ്ടുതന്നെ ഈ പെരുന്നാള്‍ ദിനത്തെ തികഞ്ഞ ജാഗ്രതയോടെയാണ് നമ്മള്‍ ഓരോരുത്തരും സ്വീകരിക്കേണ്ടത്.
കൊവിഡ് രൂപപ്പെടുത്തിയ പലതരത്തിലുള്ള പ്രയാസങ്ങള്‍ ഓരോരുത്തരെയും ബാധിച്ചിട്ടുണ്ട്. ശീലിച്ചുപോന്ന ജീവിത രീതികളില്‍ മാറ്റം വന്നിരിക്കുന്നു. സാമൂഹിക ജീവിതം കുറഞ്ഞു, ജോലി നഷ്ടമായി, വരുമാനത്തില്‍ ഇടിവ് വന്നു, ചെലവുകള്‍ കുറക്കാന്‍ നിര്‍ബന്ധിതമായി… നിശ്ചയമായും ഇതിനെ അല്ലാഹുവിന്റെ പരീക്ഷണമായാണ് നാം കാണേണ്ടത്. നമ്മുടെ ഓരോ ചലനങ്ങളും സൂക്ഷ്മമായി കാണുന്നവനാണ് നാഥന്‍. പ്രാര്‍ഥനകളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. അല്ലാഹു ഇഷ്ടപ്പെടാത്ത വഴിയിലേക്ക് ജീവിതം പോകരുത്. ഖുര്‍ആന്‍ പറയുന്നു; “നിശ്ചയമായും പ്രയാസത്തിന്റെ കൂടെ എളുപ്പവും വരാനുണ്ട്.” വിശ്വാസികള്‍ അല്ലാഹുവിന്റെ റഹ്മത്തില്‍ സദാ പ്രതീക്ഷ വെക്കുന്നവരാകണം.
ഇബ്റാഹീം നബിയുടെ ജീവിതം വലിയ സന്ദേശം നല്‍കുന്നുണ്ട്. പ്രയാസങ്ങളുടെ വൈതരണികളെയാണല്ലോ അവിടുന്ന് അതിജീവിച്ചത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതിക്കെതിരെ ശബ്ദിച്ചപ്പോള്‍ ഇബ്‌റാഹീം നബിയെ ക്രൂരമായി അക്രമിച്ചു, തീയിലേക്ക് എറിഞ്ഞു. ഒന്നും അവിടുത്തെ വിശ്വാസത്തിന്റെ ദൃഢതയെ ബാധിച്ചില്ല. അല്ലാഹുവിന്റെ ഓരോ അരുളുകളെയും അതിന്റെ യഥാര്‍ഥ പൊരുളില്‍ നിര്‍വഹിക്കാന്‍ ഇബ്‌റാഹീം നബി(അ) മുന്നിട്ടിറങ്ങി. മകനെ ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനും സമ്മതിച്ചു. ഉന്നതമായ ആ സമര്‍പ്പണത്തിന്റെ മഹത്വത്തെ ആദരിച്ചാണ് വിശ്വലോകമെങ്ങും എല്ലാക്കാലവും അനുസ്മരിക്കുന്ന, ആദരിക്കുന്ന പ്രവാചകരാക്കി അവിടുത്തെ അല്ലാഹു മാറ്റിയത്. അവിടുത്തെ ജീവിതത്തെ ലോകാവസാനം വരെ ഓര്‍ക്കാനുള്ളതാണ് ഹജ്ജിലെ ഓരോ കര്‍മങ്ങളും. ഖുര്‍ആന്‍ എത്രയെത്രയാണ് ഇബ്‌റാഹീം നബിയുടെ മഹത്വത്തെ, വിശേഷണങ്ങളെ എടുത്തു പറഞ്ഞത്.
ബലിപെരുന്നാളില്‍ പ്രകടമായ ആഘോഷങ്ങള്‍ കുറവാണെങ്കിലും നമ്മുടെ ഭക്തിയിലോ ആരാധനകളിലോ ഒട്ടും കുറവ് വരുത്താതിരിക്കാന്‍ വിശ്വാസികള്‍ അതീവ ജാഗ്രത കാണിക്കണം. തക്ബീര്‍ ധ്വനികള്‍ നമ്മുടെ അധരങ്ങളില്‍ നിറയണം. പെരുന്നാള്‍ ദിനത്തിലെ പുണ്യകര്‍മങ്ങളിലൊന്നാണ് കുളി. പെരുന്നാളിന്റെ സുന്നത്തായ കുളി ഞാന്‍ നിര്‍വഹിക്കുന്നു എന്ന നിയ്യത്തോടെ സുബ്ഹിക്കു ശേഷമാണ് ഇതുവേണ്ടത്. മറ്റു വൃത്തികള്‍ വരുത്തുന്നതും പുതിയതും ഉള്ളതില്‍ വിലപിടിപ്പുള്ളതുമായ വസ്ത്രം ധരിക്കുന്നതും സുന്നത്താണ്. ഭക്ഷണം നിസ്‌കാരാനന്തരം കഴിക്കുന്നതാണ് ബലിപെരുന്നാളിന് ഉത്തമം.
അതോടൊപ്പം, നമുക്ക് ചുറ്റുമുള്ളവരുടെ പ്രയാസങ്ങള്‍ കണ്ടറിയണം. പതിറ്റാണ്ടുകളായി സമൃദ്ധിയോടെ പെരുന്നാള്‍ ആഘോഷിച്ചവരാണ് എല്ലാവരും. നിലവിലെ സാഹചര്യം എല്ലാവര്‍ക്കും അതിനു സാധ്യമാകുന്ന അവസ്ഥയില്‍ ആകില്ല. പല തൊഴില്‍ മേഖലകളും നാല് മാസമായി നിശ്ചലമാണല്ലോ. അങ്ങനെ നമുക്ക് ചുറ്റും ജീവിക്കുന്നവരെ കണ്ടറിയണം. അവര്‍ക്ക് സഹായങ്ങള്‍ എത്തിക്കണം. പ്രത്യേകിച്ച്, മദ്‌റസാ മുഅല്ലിമുകള്‍ക്ക്. നമ്മുടെ കുട്ടികള്‍ക്ക് ദീനീ വിജ്ഞാനം പകര്‍ന്നു നല്‍കുന്നവരാണവര്‍. അവരുടെ കുടുംബങ്ങള്‍ സന്തോഷത്തോടെ പെരുന്നാള്‍ ആഘോഷിക്കുന്നുവെന്ന് അവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ മാനേജ്മെന്റും താമസിക്കുന്ന സ്ഥലത്തെ മഹല്ല് നിവാസികളും ഉറപ്പു വരുത്തണം. പാവങ്ങളെ സഹായിക്കാന്‍ പെരുന്നാള്‍ ദിനത്തില്‍ ഏറ്റവും നന്നായി ശ്രദ്ധിക്കുമായിരുന്നുവല്ലോ തിരുദൂതര്‍ മുഹമ്മദ് (സ). അവിടുത്തെ മാതൃകകള്‍ നാം പൂര്‍ണമായി അനുധാവനം ചെയ്യണം.
സാധാരണ പെരുന്നാളിന് യാത്രകള്‍ പ്രധാനമായി നടക്കാറുണ്ട്. എന്നാല്‍, ഈ കൊവിഡ് കാലത്തിന്റെ ഗൗരവം മനസ്സിലാക്കി യാത്രകള്‍ അടിയന്തരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്തണം. സമ്പര്‍ക്കം ലഘൂകരിക്കേണ്ടതുള്ളതിനാല്‍, വീട്ടില്‍ തന്നെ ശ്രദ്ധയോടെ ചെലവഴിക്കുന്നതാണ് ഉത്തമം. ക്വാറന്റൈനില്‍ വിശ്രമിക്കുന്നവരുടെ കാര്യത്തില്‍ വലിയ ശ്രദ്ധ വേണം. ഈ ആഘോഷ സമയത്ത് ഒറ്റപ്പെടലിന്റെ വിഷാദം അവരില്‍ ഉണ്ടാകാന്‍ പാടില്ല. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും അകലം പാലിച്ചും അവരെ കൂടി പെരുന്നാളിന്റെ അനുഭൂതിയിലേക്ക് കൊണ്ടുവരണം. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍ തുടങ്ങിയവര്‍ക്കെല്ലാം ആവശ്യമായ ഭക്ഷണവും മറ്റും എത്തിക്കാന്‍ നാം ജാഗ്രത കാണിക്കണം. നമ്മുടെ ജീവന്‍ കാക്കാന്‍ വലിയ അധ്വാനം നടത്തുന്നവരാണ് അവര്‍. പെരുന്നാളിന്റെ സന്തോഷം അവരിലേക്കെല്ലാം വിനിമയം ചെയ്യാന്‍ നമുക്കാകണം.
കാലവര്‍ഷത്തിന്റെ മുന്നോടിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കേരളം അഭിമുഖീകരിച്ച പ്രളയത്തിന്റെ വേദനകള്‍ ഇപ്പോഴും മാറിയിട്ടില്ല. ഇത്തവണ അങ്ങനെയുള്ള പ്രയാസങ്ങള്‍ ഇല്ലാതിരിക്കാന്‍ ഈദ് നാളില്‍ എല്ലാവരും പ്രാര്‍ഥിക്കണം. അടുത്ത വര്‍ഷം നമുക്കെല്ലാം ഭംഗിയായി ഹജ്ജ് നിര്‍വഹിക്കാനുള്ള ഭാഗ്യത്തിന് വേണ്ടിയും നാം ദുആ ചെയ്യണം. പ്രാര്‍ഥനക്ക് ഉത്തരം കിട്ടാന്‍ വളരെ സാധ്യതയുള്ള ദിവസമാണ് ഇന്ന്. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.
കാന്തപുരം
എ പി അബൂബക്കര്‍ മുസ്‌ലിയാര്‍