Prathivaram
കെടാതെ കത്തുന്ന കനൽ
കെ എം ബി എന്ന വിളിപ്പേരിൽ മാധ്യമരംഗത്ത് അറിയപ്പെട്ടിരുന്ന കെ എം ബഷീർ വിടപറഞ്ഞിട്ട് ഒരു വർഷം പൂർത്തിയാകുന്നു. മദ്യപിച്ച് അമിതവേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ഓടിച്ച കാറിടിച്ചാണ് 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ബഷീർ കൊല്ലപ്പെടുന്നത്. സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫായ ബഷീറിന്റെ വിയോഗം മാധ്യമലോകവും കേരളത്തിന്റെ പൊതു സമൂഹവും ഒരുപോലെ ചർച്ച ചെയ്ത വലിയ സംഭവമായിട്ടും കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ സസ്‌പെൻഷൻ കാലാവധിക്കിടെ സർക്കാർ സർവീസിൽ തിരികെ പ്രവേശിച്ചിരിക്കുകയാണ്. കേസിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും വഫ ഫിറോസിനെ രണ്ടാം പ്രതിയാക്കിയും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഉന്നത പഠനത്തിനായി വിദേശത്തു പോയി തിരികെയെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ റവന്യൂ വകുപ്പിൽ സർവേ ഡയറക്ടറായി നിയമിച്ചിരുന്നു. ചുമതലയിൽ പ്രവേശിക്കുന്നതിന് മുമ്പ് നടത്തിയ പാർട്ടി കഴിഞ്ഞ് ശ്രീറാം രാത്രി 12.30ന് ശേഷം സുഹൃത്തായ വഫ ഫിറോസിനെ കാറുമായി കവടിയാറിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കവടിയാറിൽ നിന്നും യാത്ര തുടങ്ങിയ ശേഷം വഫയെ ഡ്രൈവിംഗ് സീറ്റിൽ നിന്നും മാറ്റി കാർ അമിത വേഗതയിൽ ഓടിക്കുകയും പബ്ലിക് ഓഫീസിന് മുന്നിൽ വെച്ച് കാർ നിയന്ത്രണം വിട്ട് ബഷീറിന്റെ ബൈക്കിന് പിന്നിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.
[irp]
പോലീസിന്റെ ഒത്തുകളി
മ്യൂസിയം സ്റ്റേഷനിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്തു വെച്ചാണ് അപകടം നടന്നത്. അപകടം കഴിഞ്ഞ് നിമിഷങ്ങൾക്കകം മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശും സംഘവും സംഭവ സ്ഥലത്തെത്തി. ആ സമയം അപകടത്തിൽപ്പെട്ട കാർ ബഷീറിന്റെ ബൈക്കിനെ ഇടിച്ച് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേർത്തുനിർത്തിയ നിലയിലായിരുന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ പുറത്തേക്കിറങ്ങി അപകടം നടന്ന സ്ഥലത്തു നിന്നും ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷികൾ പിന്നീട് പോലീസിന് മൊഴി നൽകി. സ്ഥലത്തെത്തിയ പോലീസ് ആംബുലൻസിൽ ബഷീറിനെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. സംഭവ സ്ഥലത്ത് വെച്ച് ചോദ്യം ചെയ്യലിന് മുതിർന്ന പോലീസിനോട് ശ്രീറാം തന്റെ ഐ എ എസ് വിലാസം വ്യക്തമാക്കിയതോടെ പോലീസിന്റെ സമീപനം അപ്പാടെ മാറി. വഫയോട് മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നു. ഇല്ല എന്ന് വഫ മറുപടി പറഞ്ഞപ്പോൾ എന്നാൽ വീട്ടിൽ പൊക്കോളൂ എന്ന് എസ് ഐ പറഞ്ഞു. യൂബർ വിളിച്ചു വഫ മരപ്പാലത്തുള്ള വീട്ടിലേക്ക് പോകുന്നു. ഇതിനിടെ അപകടത്തിൽ പെട്ട കാർ അവിടെ നിന്നും മാറ്റാൻ പോലീസ് ശ്രമം തുടങ്ങുന്നു. അതിന് മുമ്പ് അവിടെയെത്തിയ ധനസുമോദ് എന്ന മാധ്യമപ്രവർത്തകൻ ശ്രീറാം ഓടിച്ചിരുന്ന കാർ ബഷീറിന്റെ ബൈക്കിലേക്ക് ഇടിച്ചു കയറി നിൽക്കുന്ന നിലയിലുള്ള ചിത്രങ്ങളെടുക്കുന്നു. ഇതാണ് പിന്നീട് അപകടത്തിന്റെതായി പുറത്തുവന്ന ചിത്രങ്ങൾ. ചികിത്സക്കായി ശ്രീറാമിനെ പോലീസ് ജനറൽ ആശുപത്രിയിലെത്തിച്ചു. കാര്യമായ പരുക്കൊന്നുമില്ലാതിരുന്നിട്ടും തന്നെ തുടർ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യണമെന്ന് ശ്രീറാം ആവശ്യപ്പെടുകയായിരുന്നു. പ്രതി മദ്യപിച്ചതായി സംശയമുണ്ടായാൽ ശ്വാസപരിശോധനയും രക്തപരിശോധനയും ചെയ്യിക്കണമെന്ന ചട്ടം നിലനിൽക്കേ ഇതിനായി ഡോക്ടറോട് ആവശ്യപ്പെടാതെ മ്യൂസിയം പോലീസ് ജനറൽ ആശുപത്രിയിൽ നിന്നും ശ്രീറാമിനെ വിട്ടയക്കുകയായിരുന്നു. അപ്പോഴേക്കും ബഷീറിന് അപകടം സംഭവിച്ചതായുള്ള വിവരമറിഞ്ഞ് സുഹൃത്തുക്കൾ ആശുപത്രിയിലേക്കും പോലീസ് സ്റ്റേഷനിലേക്കും എത്തിത്തുടങ്ങി. സിറാജിലുള്ള സഹപ്രവർത്തകർ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി മൃതദേഹം ബഷീറിന്റെതെന്ന് സ്ഥിരീകരിച്ച ശേഷം പോലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴേക്ക് സിറാജ് ഡയറക്ടർ എ സെയ്ഫുദ്ദീൻ ഹാജിയും ബഷീറിന്റെ മറ്റു സുഹൃത്തുക്കളും മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ശ്രീറാമിനെ മദ്യ പരിശോധന നടത്തിയോ എന്ന സുഹൃത്തുക്കളുടെ ആവർത്തിച്ച ചോദ്യത്തിന് ശ്രീറാമിനെ രക്തപരിശോധന നടത്തിയെന്നും അവിടെയുണ്ടായിരുന്ന ഡോക്ടർ ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് കുറിച്ചിരുന്നതായുമാണ് ക്രൈം എസ് ഐ ജയപ്രകാശ് മറുപടി നൽകിയത്. വഫയെ സംഭവ സ്ഥലത്തു നിന്നു തന്നെ വിട്ടയച്ചു എന്നു പറഞ്ഞതിനാൽ അവരെ വിളിച്ചു വരുത്തി രക്തപരിശോധന നടത്തണമെന്ന ആവശ്യം ഉന്നയിച്ചു. തുടർന്ന് പുലർച്ചെ നാല് മണിയോടെയാണ് വഫയെ വിളിച്ചുവരുത്തി പരിശോധന നടത്തിയത്.
രക്തപരിശോധന നടത്തിയില്ലെന്ന സത്യം പുറത്ത്
മൂന്നാം തീയതി രാവിലെ ബഷീറിന്റെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്ന വേളയിലാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്തിയിട്ടില്ലെന്ന നിർണായകമായ വിവരം പുറത്തുവരുന്നത്. അപ്പോഴേക്കും അപകടം നടന്ന് ഒന്പത് മണിക്കൂറോളം പിന്നിട്ടിരുന്നു. രാവിലെ പത്ത് മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ കൂട്ടി പോലീസ് കിംസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ രക്തസാമ്പിൾ എടുത്തെങ്കിലും ഒന്പത് മണിക്കൂർ വൈകിയുള്ള രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. തന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കെ എൽ 01 ബി എം 360 നമ്പർ വോക്സ് വാഗൺ കാർ ഓടിച്ചിരുന്നത് ശ്രീറാം ആണെന്ന് വഫ വ്യക്തമാക്കി. ശക്തമായ സമ്മർദം ഉണ്ടായതിനെ തുടർന്നാണ് വഫയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. തുടർന്ന് തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ വഫയെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ഇതേതുടർന്നായിരുന്നു വൈകുന്നേരം ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടം കഴിഞ്ഞതു മുതൽ പോലീസിന്റെ ഭാഗത്തു നിന്നും അട്ടിമറികളുടെ പരമ്പരയാണ് അരങ്ങേറിയത്. വാഹനമോടിച്ചത് ശ്രീറാമാണെന്ന് വ്യക്തമായിരിക്കെ ആരാണെന്ന് അറിയില്ല എന്നാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരുന്നത്. താരതമ്യേന നിസ്സാരമായ വകുപ്പുകളിട്ടായിരുന്നു കേസെടുത്തിരുന്നത്. പിന്നീട് മാധ്യമങ്ങളുടെയും ബന്ധപ്പെട്ടവരുടെയും നിരന്തര സമ്മർദത്തിനൊടുവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അഡീഷനൽ റിപ്പോർട്ടിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതും ശ്രീറാം വെങ്കിട്ടരാമനെ റിമാൻഡ് ചെയ്യുന്നതും.
[irp]
വിശദമായ കുറ്റപത്രം
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ 2020 ഫെബ്രുവരി ഒന്നിന് സമർപ്പിച്ച കുറ്റപത്രത്തിൽ നൂറ് സാക്ഷിമൊഴികളാണുള്ളത്. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും തെളിവായുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304(II), 201 വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും വഫക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് അമിത വേഗത്തിലും അപകടകരമായും റോഡിലൂടെ വാഹനമോടിച്ചാൽ വാഹനമിടിച്ച് യാത്രക്കാർക്കും കാൽനടക്കാർക്കും മരണം സംഭവിക്കുമെന്നും പൊതുമുതലിന് നാശനഷ്ടമുണ്ടാകുമെന്നും അറിവും ബോധ്യവുമുള്ള ഐ എ എസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. അപകടകരമായി ഡ്രൈവ് ചെയ്ത് വരുത്തിയ മനപ്പൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാർ ശ്രീറാമിന് കൈമാറുകയും വേഗത്തിൽ ഓടിക്കാൻ അനുവദിക്കുകയും ചെയ്തതിനാണ് വഫക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്. അലക്ഷ്യമായി വാഹനമോടിച്ച് വഫ മുന്പും പല തവണ പിടിക്കപ്പെട്ടിട്ടുണ്ട്. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാം. 50 കിലോമീറ്റർ മാത്രം വേഗപരിധിയുള്ള വെള്ളയമ്പലം മ്യൂസിയം റോഡിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ അലക്ഷ്യമായും അപകടകരമായും സഞ്ചരിച്ചിരുന്നതെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസിന്റെ തുടക്കം മുതൽ സിറാജ് മാനേജ്‌മെന്റും കേരള പത്രപ്രവർത്തക യൂനിയനും പുലർത്തിയ നിതാന്ത ജാഗ്രതയുടെ ഫലം കൂടിയാണ് ആറ് മാസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രം.
തെളിവ് നശിപ്പിക്കാനുള്ള
ശ്രമങ്ങൾ പുറത്ത്
ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ബോധപൂർവം നടത്തിയ ശ്രമങ്ങൾ കുറ്റപത്രത്തിൽ അന്വേഷണ സംഘം അക്കമിട്ട് നിരത്തുന്നു. സംഭവം നടന്ന സമയം മുതൽ താൻ ചെയ്ത കുറ്റങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമൻ നടത്തിയതെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. അപകടസമയത്ത് സ്ഥലത്തെത്തിയ പോലീസിനോട് താൻ കാറോടിച്ചിട്ടില്ലെന്നും രണ്ടാം പ്രതിയായ വഫ ഫിറോസാണ് കാർ ഓടിച്ചതെന്നുമാണ് ശ്രീറാം പറഞ്ഞിരുന്നത്. അപകടത്തിൽപ്പെട്ട് മൃതപ്രായനായ ബഷീറിനെ പോലീസ് ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിനു ശേഷം പോലീസിനൊപ്പം മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് വന്ന ശ്രീറാം അപകടത്തിൽ തനിക്കും പരുക്കേറ്റുവെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഒരു പോലീസുകാരനൊപ്പം ജനറൽ ആശുപത്രിയിലെത്തിയ ശ്രീറാം കാര്യമായ പരുക്കൊന്നുമില്ലാതിരുന്നിട്ടും തന്നെ തുടർ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയിൽ ശ്രീറാമിന് മദ്യത്തിന്റെ മണം ഉണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഡോ. രാകേഷ് എസ് കുമാർ രേഖപ്പെടുത്തിയിരുന്നതായി മ്യൂസിയം പോലീസ് ക്രൈം എസ് ഐ മൊഴി നൽകിയിട്ടുണ്ട്.
ശ്രീറാം തന്റെ സുഹൃത്തായ ഡോ. അനീഷ് രാജിനെ വിളിച്ചുവരുത്തുകയും ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോകാതെ പോലീസിന്റെ കണ്ണുവെട്ടിച്ച് സുഹൃത്തിനൊപ്പം കിംസ് ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു. കിംസിൽ ചികിത്സക്കായി എത്തിയ ശ്രീറാം താൻ ഓടിച്ചിരുന്ന കാർ ബൈക്കിലിടിച്ച് ബഷീറിന് അപകടമുണ്ടായ കാര്യം ബോധപൂർവം മറച്ചുവെച്ചു. ഇക്കാര്യം കിംസിലെ ഡോക്ടറുടെ മൊഴിയിൽ ചൂണ്ടിക്കാട്ടുന്നു. കാർ മതിലിൽ ഇടിച്ചാണ് തനിക്ക് പരുക്കേറ്റതെന്നും താൻ വഫയുടെ കാറിൽ സഹയാത്രികനായിരുന്നുവെന്നുമാണ് ശ്രീറാം ഡോക്ടർമാരോട് പറഞ്ഞിരുന്നത്. കിംസ് ആശുപത്രിയിൽ അപ്പോൾ കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. മാസൽവോ ഗ്ലാഡി ലൂയിസ്, ഡോ. ശ്രീജിത്ത് എന്നിവരുടെ നിർദേശ പ്രകാരം ചികിത്സയുടെ ആവശ്യത്തിനായി ശ്രീറാമിന്റെ രക്തമെടുക്കാൻ നഴ്‌സിനോട് നിർദേശിച്ചപ്പോൾ ശ്രീറാം രക്തമെടുക്കാൻ സമ്മതിച്ചില്ല. ഇക്കാര്യം നഴ്‌സ് കേസ് ഷീറ്റിൽ രേഖപ്പെടുത്തി. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതു വരെ രക്തം ശേഖരിക്കുന്നത് മനഃപൂർവം വൈകിപ്പിച്ച് തെളിവ് നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
ശ്രീറാമിന്റെ നുണകൾ പൊളിച്ച് ശാസ്ത്രീയ തെളിവുകൾ
അപകടത്തിൽപ്പെട്ട കാർ താനല്ല ഓടിച്ചിരുന്നതെന്നാണ് ശ്രീറാം അന്വേഷണ സംഘത്തിന് മുന്നിലും വകുപ്പ്തല അന്വേഷണ സമിതിക്ക് മുന്നിലും മൊഴി നൽകിയിരുന്നത്. ഇതെല്ലാം പൊളിക്കുന്നതാണ് കുറ്റപത്രത്തിലെ ശാസ്ത്രീയമായ കണ്ടെത്തലുകൾ. കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ള വസ്തുതയും ശാസ്ത്രീയമായ തെളിവുകൾ നിരത്തിയാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഡ്രൈവ് ചെയ്തിരുന്ന ഫോക്‌സ് വാഗൺ വെന്റോ കാർ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗത്തിലായിരുന്നുവെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്. തിരുവനന്തപുരം റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അരുൺകുമാറിന്റെ റിപ്പോർട്ടും പാപ്പനംകോട് ശ്രീചിത്ര കോളജ് ഓഫ് എൻജിനീയറിംഗിലെ ഓട്ടോമൊബൈൽ വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസർമാരുമടങ്ങുന്ന മൂന്നംഗ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടും അമിത വേഗവും ഇടിയുടെ ആഘാതവും സ്ഥിരീകരിക്കുന്നു. ശ്രീറാം ഓടിച്ചിരുന്ന കാർ ബഷീറിന്റെ മോട്ടോർ ബൈക്കിനെ ഇടിച്ചതിന് ശേഷം 24.5 മീറ്ററോളം വലിച്ചിഴച്ചാണ് പബ്ലിക് ഓഫീസിന്റെ മതിലിൽ പോയി ഇടിച്ചു നിൽക്കുന്നത്. അമിതവേഗത്തിലുള്ള വാഹനം പെട്ടെന്ന് അപകടത്തിൽ പെടുമ്പോൾ വാഹനത്തിന്റെ ഡ്രൈവർക്ക് ഉണ്ടാകാവുന്ന തരത്തിലുള്ള പരുക്കുകളാണ് ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്നതെന്ന് ശ്രീറാമിനെ മെഡിക്കൽ കോളജിൽ ചികിത്സിച്ച ന്യൂറോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. പി അനിൽകുമാർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, മെഡിക്കൽ ഓഫീസർ എന്നിവർ നൽകിയ റിപ്പോർട്ടിൽ അപകടസമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് ശാസ്ത്രീയ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
[irp]
വെള്ളയമ്പലത്തു നിന്നും മ്യൂസിയത്തേക്കുള്ള റോഡിലെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറാ ദൃശ്യങ്ങളും സംഘം ശേഖരിച്ചിരുന്നു. ഇതു കൂടാതെ അപകടത്തിന്റെ ദൃക്‌സാക്ഷികളുടെയും അപകടം കഴിഞ്ഞ് തൊട്ടുപിന്നാലെ എത്തിയവരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അപകട സമയത്ത് കാർ അമിതവേഗത്തിലായിരുന്നുവെന്നും ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് ഇവരെല്ലാം മൊഴി നൽകിയിട്ടുള്ളത്. ആഗസ്റ്റ് രണ്ടാം തീയതി ശ്രീറാം വെങ്കിട്ടരാമൻ കവടിയാറുള്ള തിരുവനന്തപുരം ഐ എ എസ് ഇൻസ്റ്റിറ്റ്യൂട്ടിൽ താമസിച്ചിരുന്നതായും അപകടത്തിന്റെ പിറ്റേന്ന് എത്തി ശ്രീറാമിന്റെ വസ്ത്രങ്ങൾ പോലീസിന്റെ സാന്നിധ്യത്തിൽ എടുത്തതായും ഇൻസ്റ്റിറ്റ്യൂട്ട് സെക്യൂരിറ്റിയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. മറ്റു കാറുകളിൽ ഇല്ലാത്ത വിധത്തിൽ ഫോക്‌സ് വാഗൺ വെന്റോ കാറിൽ ബമ്പറിനും റേഡിയേറ്ററിനും ഇടക്കുള്ള ഇംപാക്ട് ബീം ഉള്ളതിനാലാണ് ഇടിയുടെ ആഘാതമേൽക്കാതെ ശ്രീറാമും വഫയും രക്ഷപ്പെട്ടതെന്ന് ഫോക്‌സ് വാഗൺ ഷോറൂമിലെ അസിസ്റ്റന്റ്മാനേജർ സാക്ഷ്യപ്പെടുത്തുന്നു.
കേസ് ഇനി സെഷൻസ് കോടതിയിൽ
കേസിന്റെ ഗൗരവം പരിഗണിച്ച് തുടർ വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാനുള്ള കമ്മിറ്റൽ നടപടിക്രമങ്ങളാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(3)യിൽ പുരോഗമിക്കുന്നത്.