Ongoing News
ബഷീറിന്റെ ഓർമകൾക്ക് ഒരാണ്ട്; നീതിയിൽ വിശ്വാസം
തിരുവനന്തപുരം | കെ എം ബി എന്ന കെ എം ബഷീർ വേർപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിനാണ് ദാരുണമായ അപകടത്തിൽ സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായ ബഷീറിന്റെ ജീവൻ പൊലിഞ്ഞത്. പുലർച്ചെ ഒരു മണിയോടെ മദ്യപിച്ച് അമിത വേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ എന്ന് യുവ ഐ എ എസുകാരൻ ഓടിച്ച കാറിടിച്ച് ബഷീർ മരിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) യുടെ പരിഗണനയിലാണ്. ഈ വർഷം ഫെബ്രുവരി ഒന്നിന് സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച് ഏറ്റവുമൊടുവിൽ പ്രതികൾ നേരിട്ട് ഹാജരാകാൻ അന്ത്യശാസനം നൽകിയിരിക്കുകയാണ് കോടതി.
കുറ്റപത്രം സമർപ്പിച്ച ശേഷം ഫെബ്രുവരി 24ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടപ്പോൾ അഭിഭാഷകർ വഴി അവധി അപേക്ഷ നൽകിയ പ്രതികൾ കോടതിയിലെത്തിയില്ല. തുടർന്ന് കൊവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 16ന് വിളിച്ച കേസ് മാറ്റിവെക്കുകയും കഴിഞ്ഞ മാസം 21ന് പരിഗണിക്കുകയും ചെയ്തു. ഇക്കുറിയും ഹാജരാകാതിരുന്ന പ്രതികൾക്ക് അടുത്ത മാസം 21ന് നേരിട്ട് ഹാജരാകാൻ അന്ത്യശാസനം നൽകിയിരിക്കുകയാണ്. ഇനിയും നേരിട്ട് ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതിക്ക് വാറണ്ട് പുറപ്പെടുവിക്കാം. പ്രതികളെ നേരിട്ട് വിളിച്ചുവരുത്തി കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷമാണ് ഇനി കേസ് വിചാരണ കോടതിയായ സെഷൻസ് കോടതിയിലേക്ക് മാറ്റുക. ഇതിനുള്ള കമ്മിറ്റൽ നടപടിക്രമങ്ങളാണ് ഇപ്പോൾ മജിസ്‌ട്രേറ്റ് കോടതിയിൽ പുരോഗമിക്കുന്നത്. മാധ്യമ ലോകവും കേരളത്തിന്റെ പൊതുസമൂഹവും ഒരു പോലെ ചർച്ച ചെയ്ത സംഭവമായിട്ടും കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ സസ്‌പെൻഷൻ കാലാവധിക്കിടെ സർക്കാർ സർവീസിൽ തിരികെ പ്രവേശിച്ചിരിക്കുകയാണ്.
കുറ്റകൃത്യത്തിൽ നിന്ന് എത്രകണ്ട് ഓടിയൊളിക്കാൻ ശ്രമിച്ചാലും ശക്തമായ ശാസ്ത്രീയ തെളിവുകളും രഹസ്യമൊഴികളുമാണ് ശ്രീറാമിനെ വിചാരണാ കോടതിയിൽ കാത്തിരിക്കുന്നത്. അഞ്ച് ദൃക്‌സാക്ഷികളാണ് ശ്രീറാമിനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുള്ളത്.
ശ്രീറാം ആദ്യം മുതൽ പറഞ്ഞ വാദങ്ങളെല്ലാം തള്ളിക്കളയുന്ന തെളിവുകളാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തിൽ സമർപ്പിച്ചിട്ടുള്ളത്. സംഭവം നടന്ന സമയം മുതൽ, താൻ ചെയ്ത കുറ്റങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം നടത്തിയതെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. അപകട സമയത്ത് സ്ഥലത്തെത്തിയ പോലീസിനോട്, താനല്ല രണ്ടാം പ്രതിയായ വഫ ഫിറോസാണ് കാർ ഓടിച്ചതെന്നാണ് ശ്രീറാം പറഞ്ഞത്. ഇതേ മൊഴിയാണ് ശ്രീറാം അന്വേഷണ സംഘത്തിന് മുന്നിലും വകുപ്പുതല അന്വേഷണ സമിതിക്ക് മുന്നിലും നൽകിയത്. എന്നാൽ, ഇതിനെയെല്ലാം ഖണ്ഡിക്കുന്നതാണ് കുറ്റപത്രത്തിലെ ശാസ്ത്രീയമായ കണ്ടെത്തലുകൾ.
കാറിന്റെ അമിത വേഗവും അപകടസമയത്ത് കാർ ഓടിച്ചത് ശ്രീറാമാണെന്നുമുള്ള വസ്തുതയും ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.
ബഷീറിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച ഫോക്‌സ് വാഗൺ വെന്റോ കാർ സഞ്ചരിച്ചത് നൂറിലേറെ കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കാർ ബഷീറിന്റെ ബൈക്കിൽ ഇടിച്ചതിന് ശേഷം 24.5 മീറ്ററോളം വലിച്ചിഴച്ചാണ് പബ്ലിക് ഓഫീസിന്റെ മതിലിൽ തട്ടിനിൽക്കുന്നത്. അമിതവേഗത്തിലുള്ള വാഹനം അപകടത്തിൽപ്പെമ്പോൾ ഡ്രൈവർക്ക് ഉണ്ടാകാവുന്ന പരുക്കുകളാണ് ശ്രീറാമിനുണ്ടായിരുന്നതെന്ന് മെഡിക്കൽ കോളജിൽ അദ്ദേഹത്തെ ചികിത്സിച്ച ന്യറോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. പി അനിൽകുമാറിന്റെ സാക്ഷ്യപ്പെടുത്തൽ കുറ്റപത്രത്തിലുണ്ട്. അപകടസമയത്ത് കാർ നൂറിലേറെ കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അരുൺകുമാറിന്റെ റിപ്പോർട്ടും കുറ്റപത്രത്തിലുണ്ട്. ഇവയുടെ ശാസ്ത്രീയ വിശകലനത്തിനായി അന്വേഷണ സംഘം പാപ്പനംകോട് ശ്രീചിത്ര കോളജ് ഓഫ് എൻജിനീയറിംഗിലെ ഓട്ടോമൊബൈൽ വിഭാഗം വിദഗ്ധരിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. ഇടിയുടെ ആഘാതം സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് ഇവരും നൽകിയത്.