Connect with us

Articles

റെഡ്യാവലും കൊയപ്പാവലും പിന്നെ പാഴായിപ്പോയ ഒരു കുത്തിത്തിരിപ്പും

Published

|

Last Updated

കൊണ്ടോട്ടി കുഴിഞ്ഞൊളം സ്വദേശിയായ മുഹമ്മദ് ഫായിസ് കഴിഞ്ഞ ഒരാഴ്ചയായി സാമൂഹിക മാധ്യമങ്ങളിലെന്നതു പോലെ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലും താരമായി നിറഞ്ഞു നില്‍ക്കുകയാണ്. പ്രമുഖ പത്രങ്ങള്‍ മുഖപ്രസംഗമെഴുതി; മുഖ്യമന്ത്രി സമയമെടുത്ത് അതിന്റെ പ്രത്യേകതകള്‍ വിവരിച്ചു. വെറുതെ വീട്ടിലിരിക്കുമ്പോള്‍ ഈ കുട്ടി ചെയ്ത ഒരു കളിശ്രമം ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും കിടന്ന് കറങ്ങുകയായിരുന്നു ആദ്യം. മലപ്പുറം നാട്ടുഭാഷാ തനിമ കൊണ്ടും ആ വീഡിയോ അവസാനിപ്പിക്കുമ്പോള്‍ ഫായിസ് എടുക്കുന്ന നിലപാടിലെ ആത്മവീര്യോര്‍ജം കൊണ്ടുമാണ് അത് സൂപ്പര്‍ ഹിറ്റായി വൈറലായത്. കടലാസ് ശ്രദ്ധാപൂര്‍വം പലതായി മടക്കി പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തിയതിനു ശേഷം കത്രിക കൊണ്ട് മുറിക്കുമ്പോള്‍ പൂവിന്റെ ചിത്ര രൂപം ലഭിക്കുന്ന മാജിക്കാണ് ഫായിസ് പരീക്ഷിക്കുന്നത്. പക്ഷേ, അത് തത്കാലം നടന്നില്ല. തിരിഞ്ഞു പോയി. അപ്പോള്‍ അവന്‍ പറയുന്നു. ചെലോലത് റെഡ്യാവും ചെലോലത് റെഡ്യാവൂല്ല. ഇന്റേത് റെഡ്യായിറ്റില്ല. ന്നാലും ഞമ്മക്കൊരു കൊയപ്പൂല്ല്യ. മലപ്പുറത്തിന്റെയും കൊണ്ടോട്ടിയുടെയും തനത് ഭാഷാ പ്രാദേശികതയാണ് ഇതില്‍ ഏറ്റവും ആകര്‍ഷകം.

കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന സിനിമയില്‍ രണ്ട് സ്ത്രീകള്‍ സഊദിയിലേക്ക് വീട്ടുവേലക്കായി പോകാന്‍ നെടുമ്പാശ്ശേരിയിലെയോ കരിപ്പൂരിലെയോ വിമാനത്താവളത്തിലിരിക്കുന്ന സീനുണ്ട്. ഹിന്ദു സ്ത്രീയോട് പര്‍ദ ധരിച്ച മുസ്‌ലിം സ്ത്രീ ചോദിക്കുന്നു, ങ്ങളേട്യാ? ഹിന്ദു സ്ത്രീയുടെ മറുപടി. ഞാന്‍ പട്ടാമ്പ്യാ. അപ്പോള്‍ മുസ്‌ലിം സ്ത്രീ: ഞാന്‍ കൊണ്ടോട്ട്യാ. ഇവിടെ ശുദ്ധമലയാളത്തിന്റെയും ക്രമകേരളീയതയുടെയും പരിനിഷ്ഠിതത്വം (സ്റ്റാന്‍ഡേര്‍ഡ്) പട്ടാമ്പിയിന്മേലും അതിന്റെ അപരം കൊണ്ടോട്ടിയിന്മേലും ആണ് ഉറപ്പിച്ചെടുക്കുന്നത്. ഈ വിരുദ്ധ ദ്വന്ദ്വപ്രതീതി, സിനിമയിലും പൊതുവ്യവഹാരങ്ങളിലും അപ്പോഴും പിന്നീടും നിഷ്ഠൂരമായി പലതാവര്‍ത്തിച്ചു. മലപ്പുറത്തിഷ്ടം പോലെ ബോംബ് കിട്ടുമല്ലോ (ആറാം തമ്പുരാന്‍ എന്ന സിനിമ), മലപ്പുറത്തു നടന്ന വര്‍ഗീയ ലഹളയില്‍ കാല് മുറിച്ച അച്ഛന്‍ പോലീസ് (വിനോദയാത്ര എന്ന സിനിമ), മലപ്പുറത്തെ പരീക്ഷാ വിജയങ്ങള്‍ കോപ്പിയടി വഴി (പൊതുബോധത്തില്‍ നിന്ന് പകര്‍ന്നു പെരുകി മുഖ്യരാഷ്ട്രീയ നേതാക്കളാല്‍ പുറത്തു വന്നത്) എന്നിങ്ങനെയുള്ള സാംസ്‌കാരികാക്രമണങ്ങള്‍ മലപ്പുറത്തിനെ, പൈശാചികതയുടെയും മൗഢ്യത്തിന്റെയും സ്ഥലമായി അടയാളപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. അടുത്ത കാലത്ത് പാലക്കാട് ജില്ലയില്‍ നടന്ന ഒരു കാട്ടാനയുടെ പടക്ക മരണത്തെ, മലപ്പുറത്തിന്റെ മേല്‍ ആരോപിക്കാനുള്ള ശ്രമം കേന്ദ്ര മന്ത്രിയില്‍ നിന്ന് തുടങ്ങി, ദേശീയ നാട്യ ബഹളമയച്ചാനലില്‍ ചെന്നെത്തിയതും ഇതിന്റെ തുടര്‍ച്ചയാണ്.

സംസാരഭാഷയുടെ കാര്യത്തില്‍ മലപ്പുറത്തിനെയും മാപ്പിളമാരെയും അപഹസിക്കല്‍ എത്രയോ കാലമായി നിര്‍ബാധം നടക്കുന്ന ഒരു കാര്യമാണ്. കേട്ടുകേള്‍വിയായി പ്രചാരത്തിലുള്ള ഒരു കഥ ഇപ്രകാരമാണ്. മലയാളം മാഷ് ലീവായതുകൊണ്ട് പകരക്കാരനായെത്തിയ അറബി മാഷ്, കുട്ടികളെ മഴ എന്ന വാക്ക് പഠിപ്പിക്കുന്നു. മഴ എന്നുച്ചരിക്കാനാകാത്ത അറബി മാഷ് മയ, മജ, മഷ എന്നൊക്കെ പറയുന്നുണ്ട്. അപ്പോളെണീറ്റ ഒരു കുട്ടി മഴ എന്നാണുച്ചരിക്കേണ്ടത് എന്ന് വിളിച്ചു പറഞ്ഞു. അപ്പോള്‍ അറബി മാഷ്: മയ, മജ, മഷ എന്നൊക്കെയും പിന്നെ വാരരൂട്ടി പറഞ്ഞതു പോലെയും പറയാം എന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു എന്നാണ് കഥ. അതായത്, “ശുദ്ധ”മലയാളം ഉച്ചരിക്കാന്‍ പോലും കഴിയാത്തവരാണ് മാപ്പിളമാരും പ്രത്യേകിച്ച് മലപ്പുറത്തുള്ളവരും എന്നാണ് പൊതുബോധത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഭാഷ, സംസ്‌കാരം, സിനിമ, മാധ്യമങ്ങള്‍ എന്നിവയുടെയെല്ലാം മേഖലകളില്‍ കഴിഞ്ഞ കാലത്തു നടന്ന നിരന്തരമായ വിമര്‍ശനാവബോധ പ്രക്രിയകളിലൂടെയാണ് ഈ അപഹാസ്യവത്കരണത്തെയും അപരവത്കരണത്തെയും ചെറുത്തുകൊണ്ടിരിക്കുന്നത്. ആ പ്രക്രിയ കുറെയധികം മുന്നേറിയിട്ടുണ്ടെന്നത് സ്പഷ്ടമാണ്. സുഡാനി ഫ്രം നൈജീരിയ പോലുള്ള സിനിമ ഹിറ്റായതും ഒക്കെ അതിന്റെ തെളിവാണ്. ഫായിസിന്റെ നാടന്‍ ഡയലോഗ് ഏറ്റവും ഓമനത്തത്തോടെ മുഴുവന്‍ കേരളവും കേരളത്തിനു പുറത്തുള്ള മലയാളികളും ഏറ്റെടുത്തതിനു പിന്നിലും ഈ വിമര്‍ശന പ്രക്രിയയുടെ പ്രകാശവും ഊര്‍ജവും പ്രകടമാണ്.

തന്റെ പരിശ്രമം വിജയിച്ചില്ലെങ്കിലും കുഴപ്പമില്ല, താന്‍ നിരാശപ്പെടാനൊന്നും പോകുന്നില്ല എന്ന അവസാനത്തെ സന്ദേശമാണ് ഫായിസിന്റെ വര്‍ത്തമാനത്തിലെ ഏറ്റവും വലിയ ആഹ്ലാദമെന്നത് എല്ലാവര്‍ക്കും ബോധ്യമായിട്ടുള്ളതാണെന്നതിനാല്‍ അത് വിശദീകരിക്കുന്നില്ല. എന്നാല്‍, ഫായിസിന്റെ വീഡിയോ വൈറലായതിനു തൊട്ടു പിന്നാലെ; അത് കേരള രാഷ്ട്രീയ- സംസ്‌കാര- മത സാമുദായിക പ്രതിനിധാനങ്ങളെയും അതിന്റെ ഭാഷാ/വേഷ സന്ദിഗ്ധതകളെയും തെറ്റായി വ്യാഖ്യാനിക്കാനും ചിത്രീകരിക്കാനുമുള്ള ടൂളായി ചില കുത്തിത്തിരിപ്പുശക്തികള്‍ പെട്ടെന്ന് തന്നെ വഴിമാറ്റിക്കൊണ്ടുപോയി എന്നതാണ് ഞെട്ടിപ്പിക്കുന്ന വിപരിണാമം.

ജയറാം ജനാര്‍ദനന്‍ എഴുതുന്നു: നിലത്തിട്ട കുന്തം നെഞ്ചത്തേക്ക് എന്നൊരു പറച്ചില്‍ ഈ നാട്ടില്‍ വന്നതിനു ശേഷം കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്. ഈ പ്രയോഗം ഇടതുപക്ഷത്തിനും ചേരും. ഫായിസ് മോന്റെ തൊപ്പിയിട്ട ചിത്രത്തെ പറ്റിയുള്ള ഒരു ചര്‍ച്ച ഒരു സ്‌ക്രീന്‍ ഷോട്ടിന്റെ രൂപത്തില്‍ അതിവേഗത്തില്‍ ഇടതുപക്ഷത്തിന്റെ പിടലിക്ക് വന്ന് കേറിയിട്ടുണ്ട്. ഇടതുപക്ഷക്കാരുടെ ഇസ്‌ലാമോഫോബിയ എന്നാണ് ഈ സ്‌ക്രീന്‍ ഷോട്ട് വെച്ചുള്ള പ്രബന്ധങ്ങള്‍ വിവരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലുള്ള മുപ്പതോ നാല്‍പ്പതോ ലക്ഷത്തില്‍ അധികം വരുന്ന ഇടതു രാഷ്ട്രീയക്കാരുടെ ഇസ്‌ലാമിക മത ചിഹ്നങ്ങളോടുള്ള നിലപാട് വിവരിക്കാന്‍ ഉപയോഗിക്കുന്ന സാമ്പിള്‍ സൈസ് ആണ് ഈ സ്‌ക്രീന്‍ ഷോട്ട് എന്നോര്‍ക്കുക.

നിരീശ്വരവാദി/സെക്യുലര്‍/ഇടതുപക്ഷ നിലപാടുള്ള ആള്‍ എന്നു കരുതപ്പെടുന്ന ഒരാളുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ആണ് ഞാന്‍ കണ്ടത്. നിരീശ്വരവാദി, സെക്യുലറിസ്റ്റ്, ലെഫ്റ്റിസ്റ്റ് എന്നിവ പര്യായ പദങ്ങള്‍ അല്ല. അവയില്‍ ഓരോന്നിലും നിരവധി വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ മെയിന്‍ സ്ട്രീം നിരീശ്വരവാദവും ഇടതു രാഷ്ട്രീയവും തമ്മില്‍ പൊരുത്തപ്പെടുക പോലുമില്ല. ദൈവ വിശ്വാസം ഇല്ലാത്ത കുറെ വലതു ചിന്താഗതിക്കാര്‍ എന്നാണ് കേരളത്തിലെ നിരീശ്വരവാദികളില്‍ പലരെയും വായിച്ചപ്പോള്‍ ഉണ്ടായ അനുഭവം.

സെക്യുലറിസവും അതുപോലെ തന്നെ ബഹുമുഖമായ വൈവിധ്യങ്ങള്‍ ഉള്ള ഒരാശയമാണ്. അതിന്റെ സോഫ്റ്റ്, ഹാര്‍ഡ്, ഫ്രഞ്ച്, ഇന്ത്യന്‍, യു എസ് വേര്‍ഷന്‍സ് തമ്മില്‍ വിശദാംശങ്ങളില്‍ നല്ല വ്യത്യാസങ്ങളും അഭിപ്രായ ഭിന്നതകളും നിലവിലുണ്ട്. ഇത്തരം നൂറായിരം വ്യത്യാസങ്ങള്‍ പരിഗണിക്കാതെയാണ് ഫായിസ് മോന്റെ തൊപ്പിയെ പറ്റി ഏതോ ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ചോദ്യം ചോദിച്ചതിന് ഇടതുപക്ഷം മറുപടി പറയാന്‍ ആവശ്യം ഉയരുന്നത്. ഫോബിയ ടീമിനെ സംബന്ധിച്ചിടത്തോളം ആഘോഷ രാവാണ്. മൂര്‍ച്ച കൂട്ടി വെച്ചിരിക്കുന്ന ചാപ്പകള്‍ തലങ്ങും വിലങ്ങും കുത്താന്‍ പറ്റിയ അവസരം അവര്‍ നന്നായി മുതലാക്കുന്നുണ്ട്.
സെക്യുലര്‍ എന്നാല്‍ ഇടതുപക്ഷം എന്നര്‍ഥമില്ല. ലിബറല്‍ സെക്യുലര്‍ വീക്ഷണമുള്ള എത്രയോ ആളുകള്‍ തികഞ്ഞ ഇടതു വിരുദ്ധര്‍ ആണ്. എതീസ്റ്റിന്റെയും സെക്യുലറിസ്റ്റിന്റെയും അഭിപ്രായങ്ങള്‍ അതാത് ജ്ഞാനപദ്ധതികളുടെ ഫ്രെയിം വര്‍ക്കില്‍ നിന്നുകൊണ്ട് നിര്‍വഹിക്കുന്നതാണ്. ഇടതു രാഷ്ട്രീയ പദ്ധതിയുടെ ഊന്നല്‍ നിരീശ്വരവാദം പ്രചരിപ്പിക്കലോ ആളുകളെ പിടിച്ച് സെക്യുലറിസ്റ്റുകള്‍ ആക്കുന്നതിലോ അല്ല.

ഇടതു രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം തൊപ്പിയും പര്‍ദയും തലപ്പാവും കുട്ടിച്ചാത്തന്‍ തെയ്യവും ഒന്നും വിഷയമല്ല. സി പി എമ്മിന്റെ നേതാവ് ഹര്‍കിഷന്‍ സിംഗ് അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ ടര്‍ബന്‍ ധരിച്ചിരുന്നു. അതിനെ ഒരു സാംസ്‌കാരിക ചിഹ്നമായിട്ടാണ് അദ്ദേഹവും പാര്‍ട്ടിയും കണ്ടിട്ടുള്ളത്.

ഒറ്റപ്പെട്ട സംഭവങ്ങള്‍ എടുത്തുകൊണ്ട് നടത്തുന്ന സാമാന്യവത്കരണങ്ങള്‍ വേറൊരു സാഹചര്യത്തില്‍ ആണെങ്കില്‍ എതിര്‍ക്കുമായിരുന്ന ആളുകള്‍ തന്നെയാണ് ഇവിടെ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത് എന്നത് കൗതുകകരം തന്നെ. (ജയറാം ജനാര്‍ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് അനുമതിയോടെ ഉദ്ധരിച്ചത്)
യാഥാര്‍ഥ്യാനന്തര (പോസ്റ്റ്ട്രൂത്ത്) കാലത്ത്, ഫാസിസ്റ്റേജന്റന്മാര്‍ പ്രതിരോധ മുന്നണിയുടെ വക്താക്കളായി രംഗത്തു വരും എന്നതിന്റെ മികച്ച ഉദാഹരണമായി വേണം ഇത് വായിച്ചെടുക്കാന്‍. ഒരു ഭാഗത്ത് ഇടതു വായാടികള്‍ അഥവാ വലതു മായാവികള്‍ ആയും മറുഭാഗത്ത് ന്യൂനപക്ഷ സംരക്ഷകര്‍, പ്രക്ഷോഭകര്‍ എന്നൊക്കെയുമുള്ള വ്യാജ വേഷങ്ങളണിഞ്ഞ് തുള്ളിക്കളിക്കുന്നവരാണ് ഇക്കൂട്ടര്‍. വിശാല ഇടതു പക്ഷത്തിന്റെയും വിശുദ്ധ ഇസ്‌ലാമിന്റെയും പ്രയോഗ- ആശയ- വിശ്വാസ മണ്ഡലങ്ങള്‍ക്കുള്ളില്‍ നുഴഞ്ഞുകയറി, അവയുടെ ആഖ്യാന സ്വാഛന്ദ്യങ്ങളെ ഛിന്നഭിന്നമാക്കുന്ന ട്രോജന്‍ കുതിരകളെ തിരിച്ചറിഞ്ഞേ മതിയാകൂ.

Latest