Techno
അമേരിക്കയില്‍ ടിക്ടോക്കിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ട്വിറ്റര്‍
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിരോധന ഭീഷണിയിലുള്ള ചൈനീസ് ആപ്പ് ടിക്ടോക്കിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ട്വിറ്റര്‍. ഇതുസംബന്ധിച്ച് ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സുമായി ട്വിറ്റര്‍ പ്രാഥമികഘട്ട ചര്‍ച്ചയിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അമേരിക്കയിലെ ടിക്ടോക്കിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള ട്വിറ്ററിന്റെ സാമ്പത്തികസ്ഥിതിയെ സംബന്ധിച്ച് വിപണി വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നു. ട്വിറ്ററിന്റെ ഓഹരി മൂലധനം 30 ബില്യന്‍ ഡോളറാണുള്ളത്. ടിക്ടോക്ക് ഏറ്റെടുക്കാന്‍ കൂടുതല്‍ മൂലധനം തേടേണ്ടി വരും ട്വിറ്ററിന്.
ദിവസങ്ങള്‍ക്ക് മുമ്പ് ടിക്ടോക്ക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് രംഗത്തുവന്നിരുന്നു. മൈക്രോസോഫ്റ്റിനെ പിന്തള്ളി ടിക്ടോക്ക് ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. ടിക്ടോക്ക് അടക്കമുള്ള ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കുമെന്ന ഭീഷണി ട്രംപ് ഭരണകൂടം മുഴക്കുന്ന പശ്ചാത്തലത്തിലാണ് വിപണിയിലെ ഈ നീക്കങ്ങള്‍. ഇന്ത്യ ആഴ്ചകള്‍ക്ക് മുമ്പ് ടിക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു.