International
ടിക്ടോക്കിനെതിരെ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്
പാരീസ് | ഫ്രഞ്ച് ഡാറ്റാ പ്രൈവസി വിഭാഗമായ സി എന്‍ ഐ എല്‍ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്കിനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ചൈനയിലെ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്കിനെതിരെ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഡച്ച് അധികൃതര്‍ നിലവില്‍ സമാന അന്വേഷണം നടത്തുന്നുണ്ട്.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നതിനെ ആധാരമാക്കിയാണ് അന്വേഷണം. മെയ് മാസത്തില്‍ ലഭിച്ച പരാതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് ഫ്രഞ്ച് സി എന്‍ ഐ എല്‍ അറിയിച്ചു.
സി എന്‍ ഐ എല്ലിന്റെ അന്വേഷണത്തെ സംബന്ധിച്ച് അറിയാമെന്നും അവരുമായി സഹകരിക്കുമെന്നും ടിക്ടോക്ക് അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കല്‍ തങ്ങളുടെ മുന്തിയ പരിഗണനയാണെന്നും കമ്പനി അറിയിച്ചു.
സ്വകാര്യ ഡാറ്റകള്‍ കൈവശമുള്ളതിനാല്‍ ദേശസുരക്ഷക്ക് തന്നെ ടിക്ടോക് ഭീഷണിയാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യയില്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ടിക്ടോക്ക് അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിച്ചിട്ടുണ്ട്.