Connect with us

National

പൗരത്വ സമരം: ജാമിഅ വിദ്യാര്‍ഥിനികള്‍ക്കും സ്ത്രീകള്‍ക്കും നേരെ പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കും സ്ത്രീ പ്രക്ഷോഭകർക്കും നേരെ പോലീസ് ലൈംഗികാതിക്രമം നടത്തിയതായി റിപ്പോര്‍ട്ട്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍സ് പുറത്തുവിട്ട വസ്തുതാന്വാഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉള്ളത്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആക്ടിവിസ്റ്റുകളുടെയും നിയമവിദഗ്ധരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സമരത്തില്‍ പങ്കെടുത്ത 15 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരില്‍ 70 ശതമാനം പേര്‍ക്കും നേരെ പോലീസ് അതിക്രമമുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 30 സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പോലീസ് നരനായാട്ടില്‍ ക്രൂരമായ പരുക്കുകള്‍ പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

പുരുഷന്മാരുടെ കാല്‍മുട്ടില്‍ ലാത്തികൊണ്ട് അടിക്കുകയും അവര്‍ക്ക് നേരെ വീര്യം കുറഞ്ഞ രാസപഥാര്‍ഥം പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് നേരെയും രാസപദാര്‍ഥം പ്രയോഗിച്ചു. സ്ത്രീകളെ അടിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തു. ബാറ്റല്‍, ലതര്‍ ബൂട്ട്, കൈമുട്ട്, കാല്‍മുട്ട് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മര്‍ദനം.

ചില പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മാറിടങ്ങളില്‍ കുത്തുകയും ബൂട്ട് കൊണ്ട് ചവിട്ടുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചില സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ ലാത്തി കൊണ്ട് പരുക്കേല്‍പ്പിച്ചായും ഇതേ തുടര്‍ന്ന് പലര്‍ക്കും ഗൈനിക്കില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായും റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്. അതിക്രമത്തിന് ഒരാഴ്ചക്ക് ശേഷവും ആക്രമണത്തിനിരയായവരുടെ സ്വകാര്യ ഭാഗങ്ങളില്‍ രക്തസ്രാവം ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ചില പുരുഷന്മാര്‍ക്ക് നേരെയും ലൈംഗികാതിക്രമമുണ്ടായി. അവരുടെ ലൈംഗികാവയവങ്ങളില്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.