Ongoing News
നിങ്ങളുടെ കൈയില്‍ മറുപടിയുണ്ടോ?
ആ.. ഇത് കാട്ടുപോത്ത്.
ഇതേ വേറെ ഒന്ന് …ഇത് ജിറാഫ്.
ഒന്നുകാണുന്നുണ്ടേ….ഇത് കടുവ.
യാ..ഉമ്മാ…ഒന്നിതാ തടിച്ചത്. ഹിപ്പപ്പൊട്ടാമസ്.
അതാ മോളേ..രണ്ടെണ്ണം മേൽക്കുമേൽ…ആനകളാണ്.
ശരിയായ ആഫ്രിക്കനാനകൾ.
ഇതാ ഇതാ ഇത് നോക്ക്…ചെമ്പന്‍, സ്റ്റൈലന്‍- പേടമാന്‍. പേടമാന്‍ സൗന്ദര്യത്തിന്റെ പ്രതീകമാണ്. അതിനെ ഒന്നും ചെയ്യാതെ തിരിച്ച് കാട്ടിലേക്ക് തന്നെവിട്ടു. അപ്പോള്‍ അബ്ദുവിന്റെ ചോദ്യം വന്നു..
ഉപ്പാ …സിമ്മനില്ലാ…
ഉപ്പാക്ക് സിമ്മനെ പേടിയാ…?
ഊം.. !!
ഞാന്‍ കടുപ്പിച്ച് നിഷേധിച്ചു.
എന്റുപ്പ്പാക്ക് ഒന്നിനേയും പേടിയില്ല .
എന്റുപ്പ സിമ്മനെയെല്ലാം അടിച്ച് പരത്തി ചപ്പാത്തിയാക്കും. സൂപ്പർ ഹീറോ ആണ് അവന് അവന്റെ ഉപ്പ.
ടൈഗറിനേയോ….?
ഊം, ലവലേശം. ഞാൻ ഇല്ലെന്ന് വരുത്തി കൈ കുലുക്കി.
മോന്റുപ്പാ ടൈഗറിനെ പിടിച്ച് മലര്‍ത്തി, മുഖത്ത് ഉമ്മ കൊടുക്കും. ഇത് പറയുമ്പോള്‍ ഞാന്‍ തൊട്ടടുത്ത ഷീറ്റില്‍ കിടത്തിയ ഈസ മോനെ കൈവിടര്‍ത്തി മുഖത്ത് ചുംബിച്ച് കാണിച്ച് കൊടുത്തു- ഇതാ ഇങ്ങനെ!
ഒരു പണി കിട്ടിയിരിക്കുന്നു. ലേശം ക്ലേശകരമാണ്. ത്രീ ഇൻ വണ്‍ എന്നു പറയാം. ഹവ്വാബിയുടെ മുടി കോതി മെടഞ്ഞുകൊടുക്കണം. അബ്ദുവിനെ അപായകരമായ കുരുത്തക്കേടുകളില്‍ നിന്നും വികർഷിപ്പിച്ച് നിരീക്ഷണ വലയത്തില്‍ തളഞ്ഞുനിര്‍ത്തണം. വീരനാം അലിയാരുടെ ശൂര കഥകള്‍ പാടിക്കേള്‍പ്പിച്ച് പാല് കൊടുത്ത് ഉറക്കിക്കിടത്തിയ ഈസമോന്‍ വശം കാവലിരിക്കണം. ഹൂ..ഹൂ..ഹൂ…!!! കൂട്ടത്തില്‍ കടുത്ത ഒരു നിര്‍ദേശവും.
ഇനി ഇതിന്റെയിടയില്‍ എയ്താനും വായിക്കാനും നിന്ന് ശ്രദ്ധ വിട്ടുപോവല്ലേ….
അപ്പോള്‍ വർധിത ജാഗ്രതയില്‍ മൂന്ന് പേരെ ഒരേ സമയം നിയന്ത്രിച്ചുകൊണ്ടുള്ള കഠിന പ്രവൃത്തിയിലാണ് ഞാന്‍. ഒരു ത്രിതല പഞ്ചായത്ത് ഇലക്്ഷനിൽ പ്രിസൈഡിംഗ് ഓഫീസറായി ഇരിക്കുന്ന പ്രതീതി. കണ്ണ് തെറ്റിയാല്‍ കള്ളവോട്ട്, ആൾമാറാട്ടം, ബൂത്ത് പിടി എല്ലാം നടക്കും. അബ്ദു അലമാര തുറന്ന് സകലം വാരിവലിച്ചിടും. ഇല്ലേ വാഹനം പായുന്ന റോഡിലേക്കോടും. അതുമില്ലേ മേശവലിപ്പില്‍ നിന്ന് ചില്ലറയിസ്ക്കി മുസ്തുക്കാന്റെ കടയില്‍ പോയി ഇമ്ലിപുളി വാങ്ങി വീശും.
മസിലുപിടിച്ച മനസ്സും തുറന്ന് ഉണ്ടാക്കനാക്കി വെച്ച കണ്ണുമായി ഞാന്‍ സ്ഥിതി ചെയ്യുന്നു. അപ്പോഴാണ് ഞാന്‍ ഹവ്വാബിയുടെ മുടികോതല്‍ തുടങ്ങിയത്. മുടി വാരുന്നതിൽ എനിക്ക് സവിശേഷമായ കഴിവുണ്ട്. ഞാനത് ഉപ്പയിൽ നിന്ന് പകർന്നെടുത്തതാണ്. ഉപ്പ പെങ്ങന്മാരെ മടിയിലിരുത്തി പേൻചീർപ്പു കൊണ്ടും ഈരോലി കൊണ്ടും മുടിവാരി വൃത്തിയാക്കുന്നത് ഞാൻ കണ്ടതാണ്. ഉപ്പ ഇപ്പോൾ ഇല്ല. എന്നാലും എനിക്കത് എന്റെ കണ്ണാൽ കാണുന്നതുപോലെ തോന്നുന്നു, ഇപ്പോഴും. പള്ളിക്കാട്ടിലെ ആ ആറടിമണ്ണ് സ്വർഗക്കസ്തൂരി ആക്കണേ കരുണക്കടലേ… യാ അല്ലാഹ്….
ഹവ്വയുടെ തലമുടി പരിചരിക്കവെ, പെട്ടെന്ന് ഒരു മുട്ടൻ പേന്‍ പ്രത്യക്ഷപ്പെട്ടു! എങ്ങനെയോ ഞാനതിനെ നുള്ളിയെടുത്തു, നിലത്തിട്ട് നഖം കൊണ്ട് പൊട്ടിച്ചു. അപ്പോള്‍ എന്തിനെന്നറിയില്ല എനിക്ക് വായില്‍ വെള്ളം പൊട്ടി!
അവളുടെ തലയിലെ പേനുകളെ വന്യമൃഗങ്ങളായും തലമുടിയെ കന്യാവനമായും ഞാന്‍ സങ്കല്‍പ്പിച്ചു. പേൻ കിട്ടിയപ്പോൾ അബ്ദുവും കൂട്ടുകൂടി. മനുഷ്യേതര ജീവിവർഗങ്ങളും മനുഷ്യരെ പോലെ സമാനസമുദായങ്ങള്‍ തന്നെയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. അപ്പോള്‍ പേനുകളുടെ സർവകലാശാല, പേനുകളുടെ പാർട്ടി സമ്മേളനം പേനുകളുടെ പോലീസ് സ്‌റ്റേഷന്‍, പേനുകളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇതൊക്കെ സങ്കല്‍പ്പിച്ച് തലപുണ്ണാക്കി.
ഞാന്‍ അബ്ദുവിന്റെ ശ്രദ്ധ ഹവ്വാബിയുടെ ഘോരവനത്തിലേക്ക് ക്ഷണിച്ചു. ഞാന്‍ പുറത്തെടുക്കുന്ന വന്യമൃഗങ്ങളെ കൊല്ലുന്ന ഉദ്യോഗവും അവന് നല്‍കി. അങ്ങനെ ത്രിമാന നിയന്ത്രണങ്ങള്‍ ഭംഗിയിൽ കൈകാര്യം ചെയ്ത് മുന്നോട്ടുപോകവേ ഉണ്ട് ഗ്രിൽസിന് മുട്ട്. കറണ്ട് പോയിട്ടുണ്ട്. പുറത്ത് ചെന്നുനോക്കുമ്പോള്‍ മധ്യവയസ്‌കയായ ഒരു സ്ത്രീ. അപ്പോഴേക്കും, അലക്കും കുളിയും കഴിഞ്ഞ് അവളും പുറത്തെത്തി, ഭാഗ്യം.
മൂന്നാല് തവണ വിളിച്ചിരുന്നുവത്രേ. ഞാന്‍ ഫോണെടുക്കായ്കയാലാണ് നേരിട്ട് വന്നിരിക്കുന്നത് പോലും. ഞാന്‍ അഞ്ചെട്ടു കൊല്ലം മുമ്പ്, ബി എഡിന് പഠിപ്പിച്ച ഒരു പയ്യന്റ അമ്മയാണ്. മോശമില്ലാത്ത രീതിയില്‍ കോഴ്സ് പൂർത്തിയാക്കിയതാണ് അവൻ. നന്നായി ക്ലാസെടുക്കും. മാർക്ക് ച്ചിരി കുറവാണ്. പിന്നീട് ഇഗ്നോന്റെ എം എ ഇംഗ്ലീഷും ചെയ്തിട്ടുണ്ട്. ഡി ടി പിയും ഡിസൈനിംഗും വശമാക്കിയിട്ടുണ്ട്. വടകരയിലുള്ള പേരുകേട്ട ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജോലി ചെയ്യുന്നു. രണ്ടോ മൂന്നോ സ്ഥലങ്ങളിൽ ട്യൂഷൻ ക്ലാസ് എടുക്കുന്നുണ്ട്.
ഈയമ്മക്ക് ഈയൊരൊറ്റ ഒന്നേയുള്ളൂ, ആണായിട്ടും പെണ്ണായിട്ടും. അവന് രണ്ട് വയസ്സുള്ളപ്പോള്‍ മരിച്ചു പിരിഞ്ഞതാണ് അച്ഛൻ. കുവൈത്തിലായിരുന്നു. പട്ടാള ക്യാമ്പിനടുത്ത് സ്വന്തമായി കാന്റീന്‍ നടത്തുകയായിരുന്നു. പതിനേഴ് ദിവസം കഴിഞ്ഞാണ് ബോഡി നാട്ടിലെത്തിയത്. അപകടമാണെന്ന് പറയുന്നുണ്ട്. ഗ്യാസ് പൊട്ടിത്തെറിച്ചതാണെന്ന് പറയുന്നുണ്ട്. ക്യാമ്പില്‍ നിന്ന് വെടികൊണ്ടതാണെന്ന് പറയുന്നുണ്ട്. കാശു ചോദിച്ചതിന് പട്ടാളക്കാരൻ അടിച്ചുകൊന്നതാണെന്ന് പറയുന്നുണ്ട്. സൈലന്റ് അറ്റാക്ക് ആണ് എന്നും പറയുന്നുണ്ട്. ഇന്നും നിജാവസ്ഥ ആര്‍ക്കുമറിയില്ല. ശേഷം ഈ അമ്മ ചോരവിയര്‍ത്തിട്ടാണ് ഇവനെ വളര്‍ത്തിയത്. പഠിപ്പിച്ച് ആളാക്കിയതും.
തുന്നല്‍ പീടികയില്‍ കുടുക്കുവെക്കല്‍, എൽ പി സ്കൂളിൽ ഉച്ചക്കഞ്ഞി വെക്കൽ, തൊഴിലുറപ്പില്‍ ചെന്ന് പാതയോരം വെടിപ്പാക്കല്‍ എന്നുതുടങ്ങി പലജാതി പണികള്‍ ചെയ്താണ് ജീവിതത്തെ വലിച്ചിവിടെയെത്തിച്ചത്. അടുത്ത ബന്ധുക്കളാല്‍ ചതിക്കപ്പെട്ടതാണ് വാസ്തവത്തില്‍. സമ്പന്നരായി വാഴേണ്ടവരായിരുന്നു. ചോദിക്കാനും പറയാനും ആളില്ലെന്ന് വന്നപ്പോള്‍ അവകാശമായി കിട്ടേണ്ട പറമ്പും വീടിന്റെ ഓഹരിയും കൊടുക്കുന്നതിന് പകരം എന്തോ ചിക്ലി കൊടുത്ത് ഇറക്കിവിടുകയായിരുന്നു. അന്നതൊന്നും മനസ്സിലായില്ല. പണിയെടുത്തും കുറിവെച്ചും ലോണെടുത്തുമൊക്കെയാണ് ഏഴ് സെന്റ്സ്ഥലം കൈക്കലാക്കിയത്. അതില്‍ ചാപ്പ കെട്ടിയാണ് എട്ടൊന്‍പത് വര്‍ഷക്കാലം കഴിഞ്ഞത്. നല്ല മഴക്കാലത്ത് വെള്ളം അകത്തേക്ക് കയറും. കട്ടിലിൽ കയറി നിന്ന് മേശപ്പുറത്ത് സ്റ്റൗ വെച്ചാണ് കട്ടന്‍ കാച്ചി കുടിച്ചത്. രാത്രിയില്‍ വീടിന്റെകത്തും ചായ്പ്പിലും പേക്രോം തവളകൾ കരയും. ചിലപ്പോള്‍ ജലപ്പാമ്പുകള്‍ ഇഴഞ്ഞുവരും. അന്നൊരുനാൾ റൂമില്‍ വെള്ളം കയറിയപ്പോള്‍ ഒഴുകിയെത്തിയത് തീട്ടക്കട്ട, ഭേ!! ഒരിക്കല്‍ ടെയ്‌ഫോയ്ഡ് പിടിച്ച് മോന്‍ പോയി എന്നെന്നെ കരുതിയതാ. ഇപ്പോഴത്തെ വീടാക്കിയിട്ട് രണ്ട് കൊല്ലം തികഞ്ഞിട്ടില്ല. ഭീമമായ കടമുണ്ട്. മാസാമാസം പതിനഞ്ചായിരത്തിന് മുകളില്‍ ലോണടക്കണം. കാര്‍ഷിക ബേങ്കില്‍ പണയം വെച്ച പൊന്നിന് പലിശ കൂടിവരുന്നുണ്ട്. ചിലപ്പോള്‍ ലേലം ചെയ്ത് വിറ്റ് പോകും. ഇതെല്ലാം അവന് അറിയാം. ഇത്രയും പറഞ്ഞ് ആ അമ്മ കണ്ണു തുടച്ചു. ഇല്ല അവർക്ക് നിയന്ത്രിക്കാനാകുന്നില്ല. അവർ പൊട്ടിക്കരയുകയാണ്.
കാര്യമെന്താണെന്ന് വെച്ചാല്‍ ഭയങ്കര ഡീസന്റിലാണ് ഇപ്പോൾ അവന്റെ ജീവിതം. വിലകൂടിയ സൂട്ടും കോട്ടുമേ വാങ്ങൂ. ഇപ്പം വാങ്ങിയ എകരമുള്ള മോട്ടോർ സൈക്കിളിന് ഒന്നര ലക്ഷത്തിലും മേലെയാണ് വില. ഇടക്കിടെ ചങ്ങാതിമാരെയും കൂടി ഊട്ടിയിലും മൈസൂരുവിലും ബെംഗളുരുവിലും ഇങ്ങനെ കറക്കം തന്നെ. ഓനിപ്പം കൈക്ക് കെട്ടുന്ന വാച്ചിന് തന്നെ വരും 16,000 രൂപ. കഴിഞ്ഞമാസം ഓളെയും കൂട്ടി ഡൽഹിയിലും താജ്മഹലും ഒക്കെ പോയി. വരവും പോക്കും ഒക്കെ വിമാനത്തിൽ തന്നെ. അന്നേരമെല്ലാം ഞാനൊറ്റക്ക് ഒരു മനുഷ്യന്‍ ഇതിന്റെ ഉള്ളിലിങ്ങനെ കഴിയും. പെണ്ണ് കെട്ടി മൂന്നാല് മാസം വരേക്കും കിട്ടുന്ന ശമ്പളം മുഴുവനായും എന്റെ കൈയില്‍ തന്നിരുന്നു. ലോണടവും വീട്ടിലെ ചെലവും ഒക്കെ ഞാനാ നടത്തിയിരുന്നത്. അവനെെന്തങ്കിലും വട്ടച്ചിലവിന് വേണമെങ്കില്‍ ഞാന്‍ കൊടുക്കലായിരുന്നു. ഓന്‍ വരുന്നന്ന് ഞാന്‍ നല്ല ഓട്ടടയും കോഴിക്കറിയും ഉണ്ടാക്കിവെക്കും.
അവന് ജീവനാണത്. ഇപ്പതൊന്നും ഓന് പറ്റൂല. രാത്രി പത്തര പതിനൊന്ന് മണിയായാല്‍ ഓന്‍ ഓളെയും കൂട്ടി ആ സ്‌കൂട്ടറുമെടുത്ത് അങ്ങാടിയില്‍ പോകും. എന്നിട്ട് ചുട്ട കോഴിയും ചത്ത കൊഴിയുമൊക്കെ തിന്ന് നട്ടപ്പാതിരക്ക് കയറിവരും. ഓളാണെങ്കിൽ കാലത്ത് പോത്തിനെ പോലെ ഉറങ്ങുന്നത് കാണാം. ഞാനൊന്നും പറയാന്‍ പോക്കില്ല. കാരണം അതൊന്നും അവനിപ്പോ ഇഷ്ടമല്ല. ഓനിക്ക് ആകെ ഒരു ലോകമേയുള്ളൂ. ഓളും ഓന്റെ ചങ്ങായിമാരും. ഞാന്‍ അധികപ്പറ്റായ എന്തോ ആണ്. ഈ വീട്ടില്‍ ഓലല്ലാതെ ആരാ പാര്‍ക്കാനുള്ളത്. വേറെ സ്ഥലം വാങ്ങി പുതിയ വീട് വെക്കണം എന്നുണ്ട് പോൽ ഉള്ളിൽ. എന്റെ ലോണും കടവുമൊന്നും തിരിഞ്ഞ് നോക്കുന്നതേയില്ല. പുതിയ ബൈക്ക് വിറ്റ് കാർ വാങ്ങുന്നുണ്ട് പോലും. സംഭാവനയും സഹായവും ചോദിച്ചുകൊണ്ട് ആളുകള്‍ ഓനെയും ചോദിച്ച് വരുന്നത് കാണാം. ഓല്‍ക്കെല്ലാം ഓന്‍ വാരിക്കോരി കൊടുക്കുന്നുണ്ട്. ഇന്നാള് അവൻ എന്റെ കൈയിൽ ഒരു പൊതി തന്നു പോയി. അത് തുറന്നു നോക്കിയപ്പോൾ അതിൽ 12,000 രൂപയുണ്ട്. എനിക്ക് വലിയ ആശ്വാസമായി. പറ്റു പീടികയിൽ കൊടുക്കാനുണ്ട് ഏഴും ചില്ലറയും. പുറമേ ലോൺ ഉണ്ട്. കുറി ഉണ്ട്. രാത്രിയിൽ കാണാ, അവൻ വിളിക്കുന്നു. അത് വായനശാലയിലേക്ക് ടിവി വാങ്ങാൻ വേണ്ടി ഏറ്റതാണ്. നാളെ രാവിലെ ആളു വന്നാൽ കൊടുക്കണം. പുതിയ വണ്ടി എത്തുമ്പോഴേക്ക് തകൃതിയായി കാര്‍ പോര്‍ച്ച് കെട്ടാനുള്ള ഒരുക്കത്തിലാണ്. എന്താണ്, ഇതൊന്നും എനിക്ക് മനസ്സിലാകുന്നില്ല.
അല്ലാ, അപ്പം ഓന് നിങ്ങളോട് സ്‌നേഹമില്ലേ?
സ്‌നേഹമില്ലായിമയൊന്നുമില്ല. വന്നുകണ്ടപാടേ കെട്ടിപ്പിടിക്കുകയും അണച്ചു ചുംബിക്കുകയും ഒക്കെ ചെയ്യും. അസുഖമുണ്ടായാലും വല്ലാത്ത ബേജാറാ…വെള്ളമ്പോലും കുടിക്കൂല. അടുത്ത് നിന്ന് നീങ്ങൂല.
അപ്പോള്‍ അവളുടെ അവസ്ഥയെന്താ?
ഓളും നല്ല മോളൊക്കെത്തന്നെയാണ്. പച്ചപ്പാവാ… എന്ത് പറഞ്ഞാലും പ്രശ്‌നമില്ല. കുറേ ഉറങ്ങണം കാര്യായിട്ട്. തിന്നുന്ന കാര്യത്തിലും നിഷ്ഠ ഒന്നുമില്ല. എന്ത് കിട്ടിയാലും കഴിച്ചു കൊള്ളും. പക്ഷേ, കണ്ടമാനം ഉടുപ്പുകള്‍ വാങ്ങിയിടുന്നത് കാണാം. പല തരത്തിലും പല കോലത്തിലുമുള്ളത്. ഓരോ ടോപ്പിനും എത്രയാ വില? ഒന്ന് വാങ്ങി മൂന്നോ നാലോ പ്രാവശ്യം ഒന്ന് കൊളുത്തി പിന്നെ മൂലക്കിട്ട്. അപ്പോഴേക്ക് പുതിയ ഫാഷൻ. വേറെ വാങ്ങി. അത് ഓള് വാങ്ങിപ്പിക്കുന്നതാണോ, അല്ലേ ഓന്‍ വാങ്ങിക്കൊടുക്കുന്നതാണോന്ന് തിരിപാട് കിട്ടുന്നില്ല. പിന്നെ കണക്കില്ലാതെ ഫാന്‍സി സാധനങ്ങള്‍ ബാഗ് നിറച്ച് കൊണ്ടുവരുന്നത് കാണാം. എല്ലാം ബല്യ ബല്യ പെയ്‌സന്റെ സാധനങ്ങള്‍.
ഇതെല്ലാം ഇപ്പോള്‍ എന്തിനാ എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാനിതില്‍ എന്ത് പിഴച്ചു എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാനും ക്ലാസുകളെടുത്തിട്ടുണ്ടായിരിക്കണം. ഒരു പക്ഷേ അന്ന് ഈ അമ്മ നേരത്തേ വിടാനോ വൈകിയേ വരൂ എന്ന് പറയാനോ വിളിച്ചിരിക്കണം. ബിഎഡ് എത്തിയിട്ടും എൽ കെ ജി കാരനെ പോലെ അരുമയായ് ആയിരുന്നല്ലോ ലാളിച്ചിരുന്നത്. അപ്പോള്‍ എന്റെ മറുപടികളില്‍ ഒരു വിദ്യാര്‍ഥി സൗഹൃദ സമീപനത്തിന്റെ സുഗന്ധം പ്രസരിച്ചിരിക്കണം. ഇവന്റെ ദരിദ്ര അവസ്ഥ അന്ന് എനിക്ക് മനസ്സിലായിരുന്നു. അതു മനസ്സിലാക്കി അവന് ഞാനൊരു ഫെയ്്വർ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. അന്ന് ചാരിറ്റി ക്ലബ്ബിന്റെ ചാർജ് എനിക്കായിരുന്നു. ഫുഡ് ഫെസ്റ്റ് വഴി കിട്ടിയ ഒരു വമ്പൻ തുക സമീപത്തെ സ്കൂളിലെ കുട്ടികൾക്ക് നോട്ട് ബുക്ക് വാങ്ങി കൊടുക്കാമെന്ന് നിർദേശം വന്നപ്പോൾ വേണ്ട നമ്മുടെ കോളജിൽ തന്നെ പാവപ്പെട്ടവർ ഉണ്ട് എന്ന് പറഞ്ഞ് അത് ഈ അമ്മക്ക് എത്തിച്ചുകൊടുത്തത് ഞാനായിരുന്നു.
ഇങ്ങനെയൊക്കെ സൗന്ദര്യാത്മകമായും സ്വയംപൊക്കുപരമായും ആണ് ഇതിനെയൊക്കെ ഞാൻ കാണാൻ ശ്രമിക്കുന്നത് എങ്കിലും “സാറേ പഠിപ്പിക്കുമ്പോൾ ഒദിയാർക്കത്തിൽ പഠിപ്പിക്കാഞ്ഞിട്ടല്ലേ ഇവൻ ഈ കോലത്തിൽ ആയിപ്പോയത്” എന്ന ചുട്ടശകാരം ആയാണ് എനിക്കീ വരവും ഈ പരാതി പറച്ചിലും അനുഭവപ്പെടുന്നത്.
എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അമ്മയോട് നല്ല സ്നേഹം ഉണ്ട്. പക്ഷേ, കാര്യങ്ങൾ പ്രാക്ടിക്കലായി മനസ്സിലാക്കുന്നില്ല. എന്താണിത് രോഗം?. ഇത് ഇവന്റെ മാത്രം പ്രശ്നമല്ല. വേറെയും ഒരു കുട്ടിയെ എനിക്കറിയാം. ഏകദേശം ഇതിനോട് തുല്യമായ ദരിദ്രമായ അവസ്ഥയിൽ വളർന്നവനാണ്. മാത്രവുമല്ല, നന്നായി മത വിദ്യാഭ്യാസം നേടിയ ഒരു ഉസ്താദ് കുട്ടി കൂടിയാണ്. പക്ഷേ, ജീവിക്കുന്നത് യാഥാർഥ്യങ്ങളുടെ മണ്ണിൽ അല്ല മറിച്ച് ഫാന്റസിയുടെ ആകാശത്തിലാണ്. അവന്റെ ഉമ്മയും ഇതേപോലെ കംപ്ലൈന്റ്പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നിസ്കാരത്തിലും ഖുർആൻ ഓത്തിലും ഒന്നും ഒരു ചിട്ട ഇല്ല. പക്ഷേ, ഇടക്കിടെ ചങ്ങാതിമാരെയും കൂട്ടി ഏർവാടിയിലും അജ്മീരിലും സിയാറത്തിന് പോകും. സമ്മേളനങ്ങൾക്കും സംഘടനാ മീറ്റിംഗുകൾക്കും ഇടക്കിടെ പോകും. പക്ഷേ, വാതം വന്നു കിടപ്പിലായ ആങ്ങളയെ പോയി കാണാൻ കാലങ്ങളായി പറയുന്നു ഇതുവരെ പോയിനോക്കിയിട്ടില്ല. അത് പറയുന്നത് തന്നെ അവന് കേട്ടുകൂടാ.
എന്താണ് പടച്ചോനെ ഇതിനൊക്കെ ഒരു മറുപടി പറയുക. ഒരു ഉത്തരവും കിട്ടാതെ തരിച്ച് അങ്ങനെ ഇരിക്കുന്നതിനിടയിൽ ഉണ്ട് ഹവ്വാബി കടന്നുവരുന്നു. ഉപ്പാ ഒന്ന് ചോദിക്കട്ടെ:
മൂന്ന് അല്ലി എടുത്തിട്ടല്ലേ ഉപ്പാ മുടി മെടയുന്നത്? എന്നിട്ട് രണ്ട് പട്ടയല്ലേ കാണുന്നുള്ളൂ. ഒന്ന് ഏടപ്പോയി? മുടിമെടയല്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഒരു കുഴക്കുന്ന ചോദ്യമാണ് ഇവൾ ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്. സത്യം പറയാം. എനിക്കതിന്റെ ഉത്തരം അറിയില്ല. ഈ അമ്മ പറഞ്ഞുവരുന്ന മകന്റെ പ്രശ്‌നത്തിനും ഒരു പ്രത്യുത്തരം പറയാനറിയില്ല. വിനീതമായ എന്റെ അറിവില്ലായ്മ വളരെ പരസ്യമായി ഞാന്‍ വിളംബരം ചെയ്യുകയാണ്. ഈ അമ്മയെ സമാധാനിപ്പിച്ച് വിടാന്‍ നിങ്ങളുടെ ആരുടെയെങ്കിലും കൈയില്‍ വല്ല മറുപടിയും ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞുതന്ന് സഹായിക്കണം. അല്ലെങ്കില്‍ നിങ്ങൾക്ക് ആ കുട്ടിയുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ നിങ്ങൾ എന്തെല്ലാം കാര്യങ്ങളാണ് അവനെ ഉപദേശിക്കുക എന്നൊന്ന് പറഞ്ഞു തരികയെങ്കിലും വേണം, പ്ലീസ്!