Editorial
സൈബറിടം സംശുദ്ധമാകട്ടെ, മാധ്യമ ലോകവും
മലയാള മാധ്യമ രംഗത്ത് സജീവ ചര്‍ച്ചയാണിപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം. ഒരു പ്രമുഖ ന്യൂസ് ചാനലിലെ അവതാരകക്കെതിരെ നടന്ന സൈബര്‍ ആക്രമണമാണ് വിവാദത്തിന് നിദാനം. വ്യക്തിപരവും സംസ്‌കാരശൂന്യവുമായ പരാമര്‍ശങ്ങളാണ് ഇവര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്നത്. പോസ്റ്റുകള്‍ ലൈംഗിക ചുവയോടെയുള്ളതും അപകീര്‍ത്തികരവും മാനഹാനിയുണ്ടാക്കുന്നതുമാണെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഡി ഐ ജി സഞ്ജയ് കുമാര്‍ ഡി ജി പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച പത്രപ്രവര്‍ത്തക യൂനിയന്‍ നിവേദനത്തോട് പ്രതികരിക്കവെ കുറ്റക്കാര്‍ ആരായാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ബോധപൂര്‍വം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനടക്കം പ്രത്യേക സംവിധാനം ഒരുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
അറിയാനും അഭിപ്രായം പറയാനും ആവിഷ്‌കരിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തെ മറ്റു വ്യവസ്ഥകളില്‍ നിന്ന് സവിശേഷമാക്കുന്നത്. ഇതിന്റെ ഭാഗമാണ് മാധ്യമ സ്വാതന്ത്ര്യം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ കാവലാളാണ് മാധ്യമങ്ങളെന്ന് രാജ്യത്തെ കോടതികള്‍ പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ചിലപ്പോള്‍ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കും, പത്രസമ്മേളനങ്ങളില്‍ ശക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കും. ഇതെല്ലാം പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇതിനോടെല്ലാം ക്രിയാത്മകമായി പ്രതികരിക്കുകയാണ് സര്‍ക്കാര്‍ വൃത്തങ്ങളും രാഷ്ട്രീയ നേതാക്കളും അണികളും ചെയ്യേണ്ടത്. അതാണ് ശരിയായ രാഷ്ട്രീയ ശൈലി.
അതോടൊപ്പം റിപ്പോര്‍ട്ടിംഗിലും വാര്‍ത്താ സമ്മേളനങ്ങളിലും മാധ്യമ പ്രവര്‍ത്തകരും ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. പത്രസമ്മേളനങ്ങള്‍ കുറ്റവിചാരണക്കുള്ള വേദിയല്ലെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകണം. തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനായി കുത്തിക്കുത്തി ചോദിക്കുന്ന ശൈലി മാധ്യമ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണെന്ന ബോധവും വേണം. പലപ്പോഴും ധര്‍മവും നീതിയും മറന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതും ഇപ്പേരില്‍ അദ്ദേഹം വര്‍ഷങ്ങളോളം മാനസികമായും ശാരീരികമായും പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നതും പത്രങ്ങളുടെ കെട്ടിച്ചമച്ച കഥകളെ തുടര്‍ന്നായിരുന്നുവെന്ന കാര്യം വിസ്മരിക്കാവതല്ല. അദ്ദേഹം ഇക്കാര്യത്തില്‍ നിരപരാധിയാണെന്ന് സുപ്രീം കോടതി പിന്നീട് കണ്ടെത്തുകയും അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിക്കുകയുമുണ്ടായി. സ്വന്തം മാധ്യമ പ്രവര്‍ത്തകക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഇപ്പോള്‍ ധാര്‍മിക രോഷം കൊള്ളുന്ന മാധ്യമസ്ഥാപനം മുമ്പ് നമ്പി നാരായണനെ വേട്ടയാടുന്നതില്‍ മോശമല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലും ദേശീയ തലത്തിലും ഏറെ കോളിളക്കം സൃഷ്ടിച്ച വിഷയമാണ് ലൗജിഹാദ് ആരോപണം.
മുസ്‌ലിം യുവാക്കള്‍ പ്രണയം നടിച്ച് ഇതര സമുദായത്തിലെ പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്ന തരത്തിലുള്ള ഈ പ്രചാരണത്തിന്റെ പേരില്‍ മുസ്‌ലിം സമുദായം ഏറെ വേട്ടയാടപ്പെടുകയുണ്ടായി. ഈ കള്ളക്കഥ മെനഞ്ഞെടുത്തതും ചില മാധ്യമങ്ങളായിരുന്നു. ശുദ്ധ അസംബന്ധമാണ് ലൗജിഹാദ് ആരോപണങ്ങളെന്ന് പിന്നീട് പോലീസും കോടതിയും കണ്ടെത്തിയെങ്കിലും ഈ കഥ പടച്ചുവിട്ട മാധ്യമങ്ങള്‍ ഇന്നുവരെ ക്ഷമാപണം നടത്താന്‍ സന്നദ്ധമായിട്ടില്ല. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍. മാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തകളെ ചൊല്ലി ജീവിതത്തില്‍ ഏറെ മാനസിക പ്രയാസം അനുഭവിക്കേണ്ടി വന്നവരും ജീവിത മാര്‍ഗങ്ങള്‍ വഴിമുട്ടിയവരും ആത്മഹത്യ ചെയ്തവരും നിരവധിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി നാക്കിട്ടടിക്കുന്നവര്‍ അതിന്റെ ഇത്തരം ദുരുപയോഗത്തിനു നേരേ കണ്ണടക്കരുത്. മാനവും അന്തസ്സും ഒരു വിഭാഗം പത്രപ്രവര്‍ത്തകര്‍ക്കു മാത്രമല്ല, സാധാരണക്കാര്‍ക്കുമുണ്ട്. ധര്‍മത്തിന്റെയും നീതിയുടെയും ഭാഗത്ത് നിലയുറപ്പിക്കുകയും സത്യം തുറന്നു കാണിക്കുകയുമാണ് മാധ്യമങ്ങളുടെ കടമ. കക്ഷി വൈവിധ്യത്തിലധിഷ്ഠിതമായ ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ രാഷ്ട്രീയ വാര്‍ത്തകളിലും വിശകലനങ്ങളിലും അവര്‍ നിഷ്പക്ഷത പുലര്‍ത്തേണ്ടതുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമെന്നവകാശപ്പെടുന്ന മാധ്യമങ്ങള്‍ വിശേഷിച്ചും. ഇന്ന് പക്ഷേ, ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിക്കോ കോര്‍പറേറ്റുകള്‍ക്കോ വര്‍ഗീയ ഫാസിസത്തിനോ ദാസ്യപ്പണി നടത്തുന്ന തരത്തിലേക്കും അധികാരത്തിന്റെ ഇടനാഴിയിലെ ഇടനിലക്കാരുടെ അവസ്ഥയിലേക്കും തരംതാഴ്ന്നിരിക്കുന്നു മാധ്യമങ്ങള്‍ പൊതുവെ. പലപ്പോഴും ആനുകാലിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകളില്‍ മുന്‍വിധിയോടെയാണ് അവതാരകര്‍ കടന്നുവരുന്നത്. ഒരു വിഭാഗത്തിന് അവരുടെ നിലപാടുകള്‍ പൂര്‍ണമായി അവതരിപ്പിക്കാന്‍ അവസരം നല്‍കുമ്പോള്‍ എതിര്‍ വിഭാഗത്തിന്റെ സംസാരം തടസ്സപ്പെടുത്തുകയും അവരുടെ നിലപാടുകള്‍ പ്രേക്ഷകരിലെത്താതിരിക്കാനുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്.
സാമൂഹിക മാധ്യമങ്ങള്‍ക്കും ബാധകമാണ് മാധ്യമ സംസ്‌കാരത്തിലെ നൈതികത. എന്നാല്‍ സമൂഹത്തിന് ശരിയായ ദിശാബോധം നല്‍കുകയും സാംസ്‌കാരിക വിനിമയത്തിന്റെ അടയാളമായി വര്‍ത്തിക്കുകയും ചെയ്യേണ്ട സാമൂഹിക മാധ്യമങ്ങള്‍ വൈയക്തിക, സാമൂഹിക നിന്ദക്കും അപവാദ പ്രചാരണത്തിനും പകപോക്കലിനുമുള്ള ഉപകരണമാക്കുകയാണ് പലരും. ഇതിന്റെ ഭാഗമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും. രാഷ്ട്രീയ മേഖലയിലാണ് സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം കൂടുതലായി കാണപ്പെടുന്നത്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വാര്‍ത്ത നല്‍കുന്നവരെ തിരഞ്ഞു പിടിച്ച് അക്രമിക്കുകയാണ് പലപ്പോഴും രാഷ്ട്രീയ നേതാക്കളും അണികളും. കക്ഷിഭേദമില്ല ഇക്കാര്യത്തില്‍. ആശയാഭിപ്രായങ്ങളുടെയും വിവരങ്ങളുടെയും സ്വതന്ത്രവും നിഷ്പക്ഷവുമായ പങ്കുവെക്കലിനു ഉപയുക്തമാകേണ്ട സാമൂഹിക മാധ്യമങ്ങളുടെ ഈ ദുരുപയോഗത്തിനെതിരെ ശക്തമായ നടപടി ഉണ്ടായേ തീരൂ.