National
പ്രതിരോധത്തില്‍ ഇന്ത്യക്കുള്ള അവസരങ്ങള്‍ പോര്‍ട്ടലുമായി രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി| പ്രതിരോധത്തില്‍ ഇന്ത്യക്കുള്ള അവസരങ്ങള്‍ എന്ന പേരില്‍ പുതിയ പോര്‍ട്ടല്‍ അവതരിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആത്മനിര്‍ഭരത സപ്തയുടെ ഭാഗമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് രാജ്‌നാഥ് സിംഗ് പോര്‍ട്ടല്‍ അവതരിപ്പിച്ചത്. ചടങ്ങില്‍ ഡിഫന്‍സ് സ്റ്റാഫ് തലവന്‍ ബിപിന്‍ റാവത്തും പങ്കെടുത്തു.
കഴിഞ്ഞ ഏഴ് ദിവസമായി നിരവധി സംഘടനകള്‍ പ്രതിരോധകാര്യം ചര്‍ച്ച ചെയ്തു. നിരവധി ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. രാജ്യം സ്വയം പര്യാപ്തമാകുക എന്ന സ്വപ്‌നമാണ് ഇതിലൂടെ പങ്കുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലെ പ്രതിരോധ ഉത്പാദന യൂണിറ്റ് തദ്ദേശീയ പോര്‍ട്ടല്‍ വികസിപ്പിച്ചിരുന്നു. ഈ ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും. ഇത് സന്തമായി നമ്മുക്ക് പ്രതിരോധ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് സഹായിക്കും. സുതാര്യത കൊണ്ടുവരുന്നതിലും സ്വാശ്രയ ഇന്ത്യയെന്ന സ്വപ്‌നം നിറവേറ്റുന്നതിലും പ്രതിരോധ മേഖലയിലെ ഇന്ത്യന്‍ വ്യവസായങ്ങളെ ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം, പുറത്ത് നിന്ന് വാങ്ങാന്‍ കഴിയാത്ത 101 പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക ശനിയാഴ്ച സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതോടെ ഇറക്കുമതി ലാഭിക്കാന്‍ കഴിയുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.