First Gear
ഒറ്റ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ ഓടി ഹ്യൂണ്ടായ് കോന ഇലക്ട്രിക് കാര്‍
ബെര്‍ലിന്‍ | ഒറ്റ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഹ്യൂണ്ടായിയുടെ കോന ഇലക്ട്രിക് കാര്‍. ജര്‍മനിയിലെ ലോസിത്സ്‌ഴിംഗ് സര്‍ക്യൂട്ടില്‍ മൂന്ന് ദിവസം നടത്തിയ പരീക്ഷണയോട്ടത്തിലാണ് മൂന്ന് കോന എസ് യു വികള്‍ ഈ നേട്ടം കൈവരിച്ചത്.
ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്ത് ഈ മൂന്ന് കാറുകളും യഥാക്രമം 1018.7, 1024.1, 1026 കിലോമീറ്റര്‍ ഓടി. മോഡിഫൈ ചെയ്യാത്ത വാഹനങ്ങളാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. പരമാവധി മൈലേജ് ലഭിക്കുന്നതിന് എ സിയും എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റങ്ങളും ഓഫാക്കിയിരുന്നു. പകല്‍ സമയത്ത് വേണ്ട ലൈറ്റ് മാത്രമാണ് ഓണാക്കിയത്.
മൂന്ന് ദിവസത്തെ പരീക്ഷണയോട്ടത്തില്‍ 36 ഡ്രൈവര്‍മാരാണ് പങ്കെടുത്തത്. യൂറോപ്പിലെ നഗരാതിര്‍ത്തിയിലെ വേഗത പാലിക്കുന്നതിന് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചാരം. ചാര്‍ജ് തീര്‍ന്നതിന് ശേഷവും ഏതാനും മീറ്ററുകള്‍ വാഹനം സഞ്ചരിച്ചു.