Connect with us

Ongoing News

ഗാന്ധിജി അന്ന് മലയാളവും പറഞ്ഞു

Published

|

Last Updated

മഹാത്മജി മലയാളം പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുകയും കൈയടിക്കുകയും ചെയ്തവരില്‍ ഈ ഞാനുമുണ്ടായിരുന്നു-സ്വാതന്ത്ര്യസമര സേനാനിയും ഖാദി പ്രസ്ഥാനത്തിന്റെ കേരളത്തിലെ അമരക്കാരില്‍ പ്രധാനിയുമായിരുന്ന വി പി അപ്പുക്കുട്ട പൊതുവാള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ആ ചിത്രം വാക്കുകളില്‍ വരച്ചുകാട്ടി. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രലിപികളിൽ തുന്നിച്ചേർത്ത ഒാരോ സംഭവവും വിവരിക്കുമ്പോൾ 86 വർഷത്തിനിപ്പുറവും അപ്പുക്കുട്ട പൊതുവാളിന്റെ വാക്കുകളിൽ പോരാട്ടത്തിന്റെ വീര്യം നിറഞ്ഞു നിന്നു. ഹരിജന്‍ സേവാ ഫണ്ടിലേക്ക് ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ലേലം ചെയ്യുമ്പോള്‍ ലേലക്കാരനെ അനുകരിച്ചാണ് ഗാന്ധിജി മലയാളം പറഞ്ഞത്.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയാണ് 1934 ജനുവരി 12ന് ഗാന്ധിജി എത്തിയത്. സ്വാമി ആനന്ദതീര്‍ഥന്‍ ഹരിജന്‍ കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസം നൽകാനുമായി സ്ഥാപിച്ച നാരായണ വിദ്യാലയത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ വരവ്. വിദ്യാലയവളപ്പില്‍ മാവിന്‍തൈ നടുകയും സന്ദര്‍ശക പുസ്തകത്തില്‍ എഴുതുകയും ചെയ്തു. അവിടെ നിന്ന് ഭക്ഷണവും കഴിച്ചശേഷമാണ് ഗാന്ധിജി പൊതുയോഗത്തില്‍ സംസാരിക്കാനായി എത്തിയത്- എല്ലാം ഇന്നലെ നടന്ന സംഭവം പോലെ അപ്പുക്കുട്ട പൊതുവാളിന്റെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.

[irp]

അന്ന് 11 വയസ്സാണ് പ്രായം. പയ്യന്നൂര്‍ മിഷന്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. ഇപ്പോഴത്തെ പഴയ ബസ്്സ്റ്റാൻഡിന് കിഴക്കുള്ള വയലിലായിരുന്നു പൊതുയോഗം. യോഗസ്ഥലത്ത് വന്‍ ജനസഞ്ചയം. ഗാന്ധിജി ജനക്കൂട്ടത്തോട് സംസാരിച്ചു. അയിത്തം ഹിന്ദു മതത്തിന്റെ വലിയ ദൂഷ്യമാണ്. അത് നമുക്ക് ഇല്ലാതാക്കണം. അയിത്താചരണം ഹിന്ദു ധര്‍മത്തിന് എതിരാണ്. നാം എല്ലാവരും സമന്മാരാണ്. കീഴാളര്‍ എന്ന് പറയുന്നവരെ മുഖ്യധാരയിലെത്തിക്കണം. എങ്കില്‍ മാത്രമേ സ്വാതന്ത്ര്യത്തിന് അവകാശപ്പെടാന്‍ നമുക്ക് അര്‍ഹതയുള്ളൂ. മഹാത്മാവിന്റെ വാക്കുകള്‍ ഇപ്പോഴും ഈ സ്വാതന്ത്ര്യ സമര പോരാളിയുടെ കാതില്‍ മുഴങ്ങുന്നു.
പൊതുയോഗത്തിലെ പ്രസംഗത്തിനുശേഷം ഹരിജന്‍ സേവാസംഘം ഫണ്ടിലേക്ക് ഗാന്ധിജി സംഭാവന ആവശ്യപ്പെട്ടു. പണമായും ആഭരണങ്ങളായും ജനം സംഭാവന നൽകി. ആഭരണങ്ങള്‍ ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ ലേലം ചെയ്തു -അദ്ദേഹം ഓര്‍മിച്ചു.

[irp]

1923 ഒക്ടോബര്‍ ഒമ്പതിന് കരിപ്പത്ത് കമ്മാര പൊതുവാളിന്റെയും വി പി സുഭദ്രാമ്മയുടെയും മകനായാണ് അപ്പുക്കുട്ട പൊതുവാളിന്റെ ജനനം. ഗാന്ധിമാര്‍ഗത്തിലായിരുന്നു ജീവിതം. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കണ്ണൂരിലും കോഴിക്കോട്ടും വിദ്യാര്‍ഥിയോഗങ്ങളില്‍ പ്രസംഗിച്ചതിന് അറസ്റ്റിലായി. രണ്ടാഴ്ച കണ്ണൂര്‍ ജയിലിലായി. അയിത്തത്തിനെതിരെ പോരാട്ടം നടത്തുന്ന സ്വാമി ആനന്ദതീര്‍ഥനെ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനം അദ്ദേഹവുമായി അടുപ്പിച്ചു. 1944ല്‍ ചര്‍ക്കാ സംഘത്തിന്റെ കേരള ശാഖയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1947 മുതല്‍ മദിരാശി സര്‍ക്കാറിന്റെ കീഴില്‍ പയ്യന്നൂരിലെ ഊര്‍ജിത ഖാദി കേന്ദ്രത്തിന്റെ ചുമതലക്കാരനായി.
1962ല്‍ ഖാദി ഗ്രാമോദ്യോഗ് കമ്മീഷനില്‍ ഉദ്യോഗസ്ഥന്‍. 1957ലെ കാലടി സര്‍വോദയ സമ്മേളനത്തിന്റെ ഓഫീസ് ചുമതല വി പി അപ്പുക്കുട്ടനായിരുന്നു. വിനോബഭാവേ, ജയപ്രകാശ് നാരായണന്‍ എന്നിവരോടൊപ്പം ഭൂദാന പദയാത്രയില്‍ പങ്കാളിയായി. ഗാന്ധി സ്മാരക നിധി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഭാരതീയ സംസ്‌കൃത പ്രചാരസഭയുടെ അധ്യക്ഷന്‍, സംസ്‌കൃത മഹാവിദ്യാലയം പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഗാന്ധിയന്‍ ദര്‍ശനത്തിലെ ആധ്യാത്മികത, ഭഗവത് ഗീത ആത്മവികാസത്തിന്റെ ശാസ്ത്രം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

• സുനിൽ രാമന്തളി

---- facebook comment plugin here -----

Latest