Connect with us

Articles

അനുഭവങ്ങള്‍ സാക്ഷി പറയും; ഇതല്ല ആ റിപ്പബ്ലിക്‌

Published

|

Last Updated

അലിഗഢ് ക്യാമ്പസിലെ ജുമാ മസ്ജിദിലേക്ക് വെള്ളിയാഴ്ച ദിവസങ്ങളിലെ യാത്ര സ്‌ട്രെച്ചി ഹാളിന്റെ ഓരത്തൂടെയായിരുന്നു. അന്ന് ഒരിക്കല്‍ പോലും അന്വേഷിച്ചില്ല ആരാണ് ഈ സ്‌െട്രച്ചി എന്ന്. വായനക്കിടയില്‍ പിന്നീട് കണ്ടെത്തി, 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷ് രാജ് നമ്മുടെ മണ്ണില്‍ രൂഢമൂലമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് സര്‍ ജോണ്‍ സ്‌ട്രെച്ചി എന്ന്. ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയപ്പോള്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അദ്ദേഹം ഇന്ത്യയെ കുറിച്ച് പഠിപ്പിച്ചു. ആ പാഠങ്ങള്‍ ഒരു പുസ്തകമാക്കിയപ്പോള്‍ “ഇന്ത്യ” എന്ന് പേരിട്ടു. നമ്മുടെ നാടിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ആ രചനയില്‍ അദ്ദേഹത്തിന്റെ വാദം ഇന്ത്യ എന്നത് എണ്ണമറ്റ രാജ്യങ്ങളുള്ള ഒരു വിശാല ഭൂപ്രദേശത്തിന് ബ്രിട്ടീഷുകാര്‍ നല്‍കിയ പേര് മാത്രമാണെന്നാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം ഇന്ത്യയിലെ വിവിധ “രാജ്യങ്ങളു”മായി താരതമ്യം ചെയ്യുമ്പോള്‍ വളരെ നിസ്സാരമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഉദാഹരണത്തിന്, സ്‌കോട്ട്‌ലാന്‍ഡ് പലതരത്തിലും സ്‌പെയിനിന് സമാനമാണ്; എന്നാല്‍ പഞ്ചാബും ബംഗാളും തമ്മിലുള്ള അന്തരങ്ങള്‍ ചെറുതല്ല. ഇന്ത്യയിലെ “രാജ്യങ്ങള്‍ക്ക്” യൂറോപ്യന്‍ രാജ്യങ്ങളെ പോലെ വ്യതിരിക്തമായ രാഷ്ട്രീയ, സാമൂഹിക സ്വത്വമൊന്നുമില്ല എന്നും സ്‌ട്രെച്ചി കണ്ടെത്തി. ബ്രിട്ടീഷ് രാജാണ് ഇന്ത്യയെന്ന ആശയത്തിന്റെ ഉപജ്ഞാതാക്കളെന്നും ഒരു രാഷ്ട്രമായി നിലനില്‍ക്കാന്‍ കാണ്ഠഹാര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടുനിവര്‍ന്നുകിടക്കുന്ന ഭൂപ്രദേശത്തിന് സാധ്യമല്ലെന്നും കോളനിവാഴ്ചക്കാര്‍ വാദിച്ചു.

[irp]

ബ്രിട്ടീഷ് രാജിന്റെ നൈരന്തര്യം ഒരനിവാര്യ ഘടകമാണെന്നും ഇന്ത്യന്‍ ജനത രാഷ്ട്രീയമായി ഇപ്പോഴും ഒരു പ്രാക്തന സമൂഹമാണെന്നും സമര്‍ഥിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. സ്വതന്ത്ര ഇന്ത്യാ രാജ്യം നമുക്ക് വിധിക്കപ്പെട്ടിട്ടില്ല എന്ന കാഴ്ചപ്പാട് കൊണ്ടുനടന്നത് സ്‌ട്രെച്ചി മാത്രമായിരുന്നില്ല. വിഖ്യാത നോവലിസ്റ്റും ജേര്‍ണലിസ്റ്റും കവിയുമായ റുഡ്യാഡ് കിപ്ലിംഗ് ജനനം കൊണ്ട് ഇന്ത്യക്കാരനാണെങ്കിലും ഒരാധുനിക രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യക്കാര്‍ അശക്തരും അപ്രാപ്തരുമാണെന്നാണ് വിശ്വസിച്ചുപോന്നത്. ഇന്ത്യക്കാര്‍ക്ക് സ്വയം ഭരിക്കാന്‍ കഴിയില്ല എന്ന നിഗമനത്തിലെത്തിയ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലാണ് മുന്‍പന്തിയില്‍. 1930, 31 കാലഘട്ടത്തില്‍ സ്വയംഭരണം എന്ന് കേള്‍ക്കുമ്പോള്‍ ചര്‍ച്ചില്‍ പരിഹാസം കൊണ്ട് ഉത്തരം മുട്ടിക്കാന്‍ ശ്രമിച്ചു. ഗാന്ധിജി ഉപ്പുസത്യഗ്രഹം സംഘടിപ്പിച്ച ഘട്ടത്തില്‍, ഡൊമിനിയന്‍ പദവി നല്‍കുന്നതിനെ കുറിച്ച് ബ്രിട്ടീഷ് മേധാവികള്‍ ദേശീയ നേതാക്കളോട് സംസാരിക്കാന്‍ തുടങ്ങി. പക്ഷേ, ചര്‍ച്ചില്‍ ആ നിര്‍ദേശം അപ്പടി തള്ളിക്കളഞ്ഞു. 1930 ഡിസംബറില്‍ ലണ്ടനിലെ ഒരു പ്രസംഗത്തില്‍ ചര്‍ച്ചില്‍ പറഞ്ഞത്, ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിടുകയാണെങ്കില്‍ സായുധരായ ഹിന്ദുക്കളുടെ കടന്നുകയറ്റം തടയുന്നതിന് വെള്ളപ്പട്ടാളത്തെ, ആവശ്യമെങ്കില്‍ ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്‌തെങ്കിലും നിയോഗിക്കേണ്ടി വന്നേക്കാമെന്നാണ്. “ഇന്ത്യയോടുള്ള നമ്മുടെ കടമ” എന്ന വിഷയത്തില്‍ ആല്‍ബെര്‍ട്ട് ഹാളില്‍ പ്രസംഗിക്കവെ ചര്‍ച്ചില്‍ ചില മുന്നറിയിപ്പുകള്‍ നല്‍കി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ബ്രാഹ്മണരുടെ കൈകളിലേക്ക് അധികാരമേല്‍പ്പിച്ച് നാം ഇന്ത്യയെ കൈവെടിയുകയാണെങ്കില്‍ അത് ക്രൂരവും വഞ്ചനാപരമായ ഒരു കൃത്യവുമായിരിക്കും. നമ്മള്‍ ഇന്ത്യ വിടുന്നതോടെ, ഇതിനകം പടുത്തുയര്‍ത്തിയ ഭരണസംവിധാനം തകരുകയും മധ്യകാല കാട്ടാളത്തത്തിലേക്ക് രാജ്യം തിരിച്ചുപോകുകയും ചെയ്യാതിരിക്കല്ല.

[irp]

ചര്‍ച്ചിലിന്റെയും സ്‌ട്രെച്ചിയുടെയുമൊക്കെ പ്രവചനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെയും മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ കാലഘട്ടത്തെ കൈക്കുമ്പിളിലൊതുക്കിയ മഹാരഥന്മാരുടെയും ചരിത്ര നിയോഗത്തെ മഹനീയമാക്കുന്നത്. പടിഞ്ഞാറന്‍ രാഷ്ട്രമീമാംസകരുടെയും ബുദ്ധിജീവികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് ബ്രാഹ്മണാധിപത്യത്തെയും ഭൂരിപക്ഷ മേധാവിത്വത്തെയും ജനാധിപത്യ മാര്‍ഗത്തിലൂടെ നവീകരിച്ച്, ജാതി, മത ചിന്തയുടെയും മത, ഭാഷാ വിഭാഗീയതകളുടെയും കെട്ടുനാറുന്ന പാരമ്പര്യത്തെ ശുദ്ധീകരിച്ചെടുത്തതും ബഹുസ്വരതയുടെ പുതിയൊരു സംസ്‌കൃതി വികസിപ്പിച്ചെടുത്തതും. ഈ ദൗത്യത്തില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് എന്താണെന്ന് വിസ്മരിച്ചതാണ് രാജ്യത്തിന്റെ ഇന്നത്തെ ഉത്കണ്ഠാകുലമായ പതനത്തിനും ആ പാര്‍ട്ടിയുടെ ശിഥിലീഭവനത്തിനും കാരണമായത്. ഇന്ത്യ എന്ന ആശയം 1947 ആഗസ്റ്റ് 15ന് പൊട്ടിമുളച്ചതല്ല. ദേശീയ ബോധം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ മനോമുകുരത്തില്‍ മുളച്ചുപൊങ്ങിയ ശ്രേഷ്ഠ വികാരവുമല്ല. പ്രത്യുത, ഒരു പ്രത്യേക ഭൂവിഭാഗത്തില്‍ ജീവിക്കുന്നവര്‍ പരസ്പരം കൈമാറിയ മനുഷ്യത്വത്തിന്റെ ആദാന പ്രദാനങ്ങള്‍ സമ്മാനിച്ച ജൈവികമായ സാമൂഹിക ബന്ധങ്ങളുടെ ആകത്തുകയാണ്. ഹിന്ദുസ്ഥാന്‍ എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ് ആരാണെന്നറിയുമോ? ഡല്‍ഹിയിലെ സൂഫീവര്യനായിരുന്ന ശൈഖ് നിസാമുദ്ദീന്‍ ഔലിയയുടെ അരുമ ശിഷ്യന്‍ മഹാകവി അമീര്‍ ഖുസ്‌റു! പേര്‍ഷ്യന്‍, ഹിന്ദി ഭാഷകളില്‍ അദ്ദേഹം രചിച്ച കവിതകളിലാണ് ദേശസ്‌നേഹത്തിന്റെ ആദിമ സ്പന്ദനങ്ങള്‍ നാം തൊട്ടറിയുന്നത്. 1857ല്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ചണിനിരന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ “ഒന്നാം സ്വാതന്ത്ര്യ സമരം” എന്ന് പേരിട്ടതും അപ്പേരില്‍ ഗ്രന്ഥം രചിച്ചതും വി ഡി സവര്‍ക്കറാണ്. രാഷ്ട്രീയ ഋതുപ്പകര്‍ച്ചയില്‍ സവര്‍ക്കറിലുണ്ടായ ചിന്താപരമായ പരിണാമങ്ങളാണ് ഇന്ത്യന്‍ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് സമാന്തരമായി വര്‍ഗീയതയുടെയും വിഭാഗീയതയുടെയും ചിന്താമണ്ഡലം വികസിപ്പിക്കുന്നതും ഹിന്ദുത്വ എന്ന വിപത്കരമായ ആശയധാരയിലൂടെ ഇന്ത്യക്കാരുടെ മനസ്സ് മലീമസമാക്കുന്നതും. 1920കളില്‍ തുടക്കമിട്ട ഈ മലിനീകരണ പ്രക്രിയ നൂറ്റാണ്ടുകള്‍ കൊണ്ട് പുഷ്‌കലിച്ച് പാരസ്പര്യത്തിന്റെയും ബഹുമുഖ സംസ്‌കാരത്തിന്റെയും ആധാരശിലകളെ ഇളക്കിയിടുന്ന വര്‍ത്തമാനകാല അനുഭവ യാഥാര്‍ഥ്യങ്ങളായി കഴിഞ്ഞിരിക്കുന്നു. അതിലൂടെ ഇന്ത്യയെന്ന ആശയത്തിന്മേല്‍ നാം കെട്ടിപ്പടുത്ത സ്വപ്‌നങ്ങളെ പേക്കിനാക്കളാക്കി മാറ്റുമ്പോള്‍ സ്വാതന്ത്ര്യം നിരര്‍ഥകമാകുന്നുവെന്ന് മാത്രമല്ല, രാജ്യത്തിന്റെ ഭാവി ഇരുളടയുകയുമാണ്.

[irp]

വിധിയുടെ സമാഗമ വേളയില്‍ നാം കേട്ടത്

ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിച്ചിടപ്പെട്ട രണ്ട് പ്രസംഗങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുണ്ട്. ഒന്ന്, അര്‍ധ രാത്രിയില്‍ രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉറക്കമുണര്‍ന്ന് പുതിയൊരു അരുണോദയത്തിന് സാക്ഷിയായപ്പോഴാണ്. 1947 ആഗസ്റ്റ് 14ന് അര്‍ധ രാത്രി, ഭരണഘടനാനിര്‍മാണ സഭയിലെ മഹദ് വ്യക്തിത്വങ്ങളുടെ സവിധത്തില്‍ പിറക്കാനിരിക്കുന്ന പുലരിയുടെ സുഗന്ധവും ശോഭയും വാരിവിതറിയ ആ വാക്കുകള്‍ ഒരിക്കലും മറക്കാനാകില്ല. “”Long years ago we made a tryst with destiny”” എന്ന് തുടങ്ങുന്ന വാചകം ഉള്‍ക്കൊള്ളുന്ന വൈകാരികതയാണ് സ്വതന്ത്ര ഇന്ത്യയെ കുറിച്ചുള്ള നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് കസവുഞെറികള്‍ തുന്നിപ്പിടിപ്പിച്ചത്. ലോകം ഉറങ്ങിക്കിടന്നപ്പോഴാണ് ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നാം ഉണര്‍ന്നെഴുന്നേറ്റത്.

അവിടുന്നിങ്ങോട്ട് പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള തീവ്ര യജ്ഞത്തിലായിരുന്നു രാഷ്ട്രശില്‍പ്പികള്‍. മനുഷ്യന് നിര്‍മിക്കാന്‍ പറ്റുന്ന ഏറ്റവും നല്ലൊരു ഭരണഘടന അവര്‍ എഴുതിയുണ്ടാക്കി. രാജ്യത്തിന് പ്രത്യേകിച്ചൊരു മതമില്ലെങ്കിലും വിശ്വാസ, അനുഷ്ഠാന, പ്രബോധന സ്വാതന്ത്ര്യം മൗലികാവകാശമായി എഴുതിവെച്ചു. ന്യൂനപക്ഷങ്ങള്‍, അധസ്ഥിതര്‍, ദുര്‍ബല വിഭാഗങ്ങള്‍, ജീവിതത്തില്‍ വെളിച്ചം തട്ടാത്ത ജനതതികള്‍ എന്നിവര്‍ക്കെല്ലാം സാമൂഹികോന്നതി ഉറപ്പാക്കാന്‍ വ്യവസ്ഥകള്‍ വെച്ചു. പൗരസമത്വമായിരുന്നു എല്ലാ സ്വാതന്ത്ര്യങ്ങളുടെയും അവകാശങ്ങളുടെയും ആന്തരിക ചോദന. ഭൂരിപക്ഷ ന്യൂനപക്ഷാന്തരം ചിന്തയിലും പ്രയോഗത്തിലും നിഷിദ്ധമാണെന്ന് ഭണഘടന വ്യാഖ്യാനം ചെയ്ത് ന്യായാസനങ്ങള്‍ വിധിച്ചുകൊണ്ടിരുന്നു. രാജ്യത്തിന്റെ മേല്‍ഗതി പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ളതാണെന്നും വിഭവങ്ങള്‍ നീതിപൂര്‍വം വിതരണം ചെയ്യണമെന്നും ആ കാലഘട്ടത്തിന്റെ വിധാതാക്കള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ പുതിയ സുപ്രഭാതത്തില്‍ വര്‍ഗീയ ചിന്തകള്‍ മാഞ്ഞുതേഞ്ഞു പോകുമെന്ന പ്രതീക്ഷയില്‍ ഹിന്ദുമഹാസഭ നേതാവായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെ പ്രഥമ വ്യവസായ മന്ത്രിയായി നെഹ്‌റു അവരോധിച്ചു. പക്ഷേ, തങ്ങളുടെ വര്‍ഗീയ വിഷലിപ്തമായ മനസ്സുകളെ ശുദ്ധീകരിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധ്യമല്ല എന്ന മുന്നറിയിപ്പോടെ സ്വാതന്ത്ര്യത്തിന്റെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മഹാത്മജിയെ നാഥുറാം ഗോഡ്‌സെ വെടിവെച്ചുകൊന്നു. ലോകം ഞെട്ടലോടെ കേട്ട ആ ദുരന്തത്തെ കുറിച്ച് വിവരിച്ചപ്പോഴും മനഃസാക്ഷിയുള്ളവരുടെ അന്തഃസ്ഥലികളെ ഹൃദയ വേദനയില്‍ മുക്കി കാലം മറക്കാത്ത കുറെ വചനങ്ങള്‍ നെഹ്‌റുവില്‍ നിന്ന് നാം ശ്രവിച്ചു. “” Friends and Comrades, the light has gone out of our lives and there is darkness everywhere”” – സോദരങ്ങളേ, നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം അണഞ്ഞിരിക്കുന്നു. എങ്ങും കൂരിരുട്ടാണ്””.

നല്ലൊരു നാളെയെ കുറിച്ച് കിനാവ് കാണാന്‍ പഠിപ്പിച്ചതിലാണ് നെഹ്‌റുവിന്റെ മഹത്വം കുടികൊള്ളുന്നത്. വര്‍ഗീയമായി ഒരിക്കലും അദ്ദേഹം ചിന്തിച്ചില്ല. അപചയങ്ങളെ അപ്പപ്പോള്‍ തിരുത്താന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ മകള്‍ക്കും പേരക്കിടാങ്ങള്‍ക്കും ജനാധിപത്യമെന്നത് അധികാര വഴിയിലേക്കുള്ള ഏണിപ്പടി മാത്രമായിരുന്നു. അധികാരം നിലനിര്‍ത്താന്‍ ജനായത്ത സ്ഥാപനങ്ങളെ ഗളഹസ്തം ചെയ്യാന്‍ മടിച്ചില്ല. അങ്ങനെയാണ് 1975 ജൂണ്‍ രണ്ടിന് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതോടെ രാജ്യം മറ്റൊരു വഴിത്തിരിവിലേക്ക് കടന്നു. ആ കാലസന്ധിയിലാണ് ആര്‍ എസ് എസിന് അധികാര പങ്കാളിത്തം ലഭിക്കുന്നതും മുഖ്യധാരയില്‍ ലയിച്ചുചേരുന്നതും.

ആഗസ്റ്റ് അഞ്ചിന്റെ അനുഭവങ്ങള്‍

ഗാന്ധിജിയെ കൊന്നവരുടെ, ബാബരി മസ്ജിദ് തകര്‍ത്തവരുടെ, ആയിരക്കണക്കിന് ന്യൂനപക്ഷങ്ങളുടെ കഥ കഴിച്ചവരുടെ കൈകളിലാണ് ഇന്ന് രാജ്യത്തിന്റെ സിംഹാസനവും ചെങ്കോലും. 1947ല്‍ സ്ഥാപിച്ച മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളായിരുന്നു 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയത് മുതല്‍ നടന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ലോകം നോക്കിനില്‍ക്കെ അയോധ്യയില്‍ അരങ്ങേറിയത് നെഹ്‌റു സ്ഥാപിച്ച റിപ്പബ്ലിക്കിന്റെ തകര്‍ച്ചയും വി ഡി സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറും ഹെഡ്‌ഗേവാറും സ്വപ്‌നം കണ്ട ഹിന്ദുത്വ റിപ്പബ്ലിക്കിന്റെ ഭൂമി പൂജയുമാണ്. യോഗേന്ദ്ര യാദവിന്റെ പ്രയോഗം കടമെടുത്ത് പറഞ്ഞാല്‍, രണ്ടാം റിപ്പബ്ലിക്കിന്റെ ശിലാന്യാസം. രാജ്യത്തിന്റെ പ്രധാനമന്ത്രി “യജമാനന്റെ” റോളില്‍ സന്ന്യാസി വേഷമണിഞ്ഞ് പൂജാദി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഇത് രണ്ടാം വിമോചന സമരത്തിന്റെ ഫലപ്രാപ്തിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ഇവിടുത്തെ മതനിരപേക്ഷ കക്ഷികളും പ്രസ്ഥാനങ്ങളും ഞെട്ടിയില്ല എന്നതാണ് ഏറ്റവും വലിയ ട്രാജഡി. ശിലാന്യാസം പ്രഖ്യാപിച്ചപ്പോള്‍ തന്നെ സംഘ്പരിവാരം ജയിച്ചുകഴിഞ്ഞിരുന്നു. ആഗസ്റ്റ് അഞ്ചിന് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശകലനം ചെയ്യാനുള്ള ത്രാണി മതനിരപേക്ഷ ചേരിക്ക് നഷ്ടപ്പെട്ടതോടെ വര്‍ഗീയതയോട് രാജിയാകാനുള്ള ആവേശം ഇരട്ടിച്ചു. അങ്ങനെയാണ് ഗാന്ധി കുടുംബത്തിലെ ചിലര്‍ രാമഭക്തരായി അവതരിക്കുന്നത്. മോദിയുടെ രാമന്‍, രാഷ്ട്രീയ രാമനാണെന്ന് തുറന്നുപറയാനുള്ള ആര്‍ജവം നഷ്ടപ്പെട്ടപ്പോള്‍ ലോകമാകെ അമ്പരന്നു. മിഹിര്‍ ശര്‍മ സൂചിപ്പിച്ചത് പോലെ ലോകത്തിലെ ഒരു പോപുലിസ്റ്റ് നേതാവിനും സാധിക്കാത്തവിധം മോദി നാടകീയമായും അപായകരമായും ഘടികാരം എത്രയോ പിറകോട്ട് ചലിപ്പിച്ചിരിക്കുകയാണ്. ചര്‍ച്ചിലും സ്‌ട്രെച്ചിയും പ്രവചിച്ച ബ്രാഹ്മണിക്കല്‍ ആധിപത്യത്തിലേക്കും അതുവഴിയുള്ള നാശത്തിലേക്കുമായിരിക്കും ഇനി രാജ്യത്തിന്റെ കുതിപ്പ്. അയോധ്യയിലെ കര്‍മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരും ടെലിവിഷന്‍ ആംഗര്‍മാരും വാര്‍ത്താ അവതരണത്തിനിടയില്‍ “ജയ് ശ്രീറാം” വിളിക്കുന്ന ജുഗുപ്‌സാവഹമായ കാഴ്ച കണ്ടിട്ടും ശുദ്ധ മതേതരവാദികള്‍ മൗനം ദീക്ഷിച്ചു. ഇരകള്‍ ഭയന്നുവിറച്ച് ഒളിച്ചോടി. “ദി വയര്‍” എഡിറ്റര്‍ ഇന്‍ ചീഫും പ്രഗത്ഭ രാഷ്ട്രീയ അപഗ്രഥകനുമായ സിദ്ധാര്‍ഥ് വരദരാജ് ശിലാന്യാസം കഴിഞ്ഞ ഉടന്‍ എഴുതിയ ചിന്തനീയമായ ലേഖനത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 1990കളുടെ അന്ത്യത്തില്‍ ഇന്ത്യയിലെത്തിയ യൂഗോസ്ലാവിയയില്‍ നിന്നുള്ള യു എന്‍ പ്രതിനിധി 2003ല്‍ തിരിച്ചുപോകാനായപ്പോഴേക്കും വംശീയതയുടെയും വര്‍ഗീയതയുടെയും മറവില്‍ ആ രാജ്യം എട്ട് കഷ്ണമായി മാറിയിരുന്നു. ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ യാത്രയയപ്പ് നല്‍കിയപ്പോള്‍ അദ്ദേഹം തൊണ്ടയിടറി പറഞ്ഞത്, ഏത് രാജ്യത്തേക്കാണ് മടങ്ങിപ്പോകേണ്ടതെന്ന് എനിക്കറിയില്ല എന്നാണ്. ഇന്ത്യയില്‍ അത് സംഭവിക്കാതിരിക്കാന്‍ ജനാധിപത്യമെന്നത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയാണെന്ന് തെറ്റിദ്ധരിച്ച നേതാക്കളെ തിരുത്തണം. നഷ്ടപ്പെട്ട ഭരണഘടനാ മൂല്യങ്ങള്‍ തിരിച്ചുപിടിക്കുകയും വേണം. ഈ ഘനാന്ധകാരത്തില്‍ പ്രശസ്ത ഇറ്റാലിയന്‍ ബുദ്ധിജീവി അന്റോണിയോ ഗ്രാംഷിയുടെ വാക്കുകളാണ് ഓര്‍മയിലെത്തുന്നത്: “എന്റെ ബുദ്ധി എന്നെ വല്ലാതെ നിരാശാവാദിയാക്കുന്നു; എങ്കിലും എന്റെ മനക്കരുത്ത് എനിക്ക് ശുഭാപ്തി പകരുന്നുണ്ട്”.

• കാസിം ഇരിക്കൂര്‍