Malappuram
'ഹമാരീ സമീന്‍' ശ്രദ്ധേയമായി; മഅദിന്‍ സ്വാതന്ത്ര്യ ദിന പരിപാടിക്ക് ഓണ്‍ലൈനായി ആയിരങ്ങള്‍
മലപ്പുറം | സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ഹമാരീ സമീന്‍ വെര്‍ച്വല്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ സെലബ്രേഷനില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായാണ് ഇത്തവണ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാരതത്തിന്റെ കരുത്തായ മതേതരത്വവും ജനാധിപത്യവും വൈവിധ്യങ്ങളിലെ ഒരുമയും സംരക്ഷിക്കാന്‍ ഓരോ ഭാരതീയനും കടമയുണ്ടെന്നും രാജ്യത്തെ കീറിമുറിച്ച് മതരാഷ്ട്രമാക്കാനുള്ള ഗൂഢ തന്ത്രത്തെ നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എം.എ യൂസുഫലി മുഖ്യാതിഥിയായിരുന്നു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. പരസ്പരം അറിഞ്ഞും പങ്കുവെച്ചും മാത്രമേ രാജ്യത്തിന് വളരാനാകൂ എന്ന മഹത്തായ സന്ദേശമാണ് രാഷ്ട്ര ശില്‍പ്പികള്‍ നമുക്ക് നല്‍കിയത്. വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടും വൈജാത്യങ്ങളെ അംഗീകരിച്ചും മുന്നോട്ട് പോകുമ്പോഴാണ് സ്വാതന്ത്ര്യ ലബ്ദിയുടെ അര്‍ത്ഥം പൂര്‍ണമാകുന്നത്. ആ പൂര്‍ണതക്ക് വേണ്ടി ഓരോ ഭാരതീയനും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. കെ.കെ.എന്‍ കുറുപ്പ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. മഅദിന്‍ വിദ്യാര്‍ത്ഥികള്‍ ആലപിച്ച ഫ്രീഡം സോംഗ് വളരെ ഹൃദ്യമായി. മഅദിന്‍ പബ്ലിക് സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെ പരേഡും പരിപാടിയുടെ ഭാഗമായി നടന്നു. മഅദിന്‍ അക്കാദമിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വീടുകളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.