Connect with us

Socialist

ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മഹാനായ നായകൻ: ഇ പി ജയരാജൻ

Published

|

Last Updated

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മഹാനായ നായകന്റെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിടവാങ്ങല്‍ ഏറെ വിഷമിപ്പിക്കുന്നതാണ്. അടുത്ത കാലത്ത് കായികലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നാണ് ധോണിയുടെ വിരമിക്കല്‍. വളരെ അപ്രതീക്ഷിതമായി അതു സംഭവിച്ചു. സ്വാതന്ത്ര്യദിനത്തില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ധോണി വിരമിക്കുന്നതായി അറിയിച്ചത്.

കഴിഞ്ഞ 15 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന താരമാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള മഹേന്ദ്ര സിങ്ങ് ധോണി. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുത്തത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. കളിയിലെ മികവിനേക്കാളുപരി ധോണിയെന്ന നായകനാണ് കൂടുതല്‍ തിളക്കത്തോടെ ഓര്‍മ്മിക്കപ്പെടുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇത്ര വിജയകരമായി നയിച്ച മറ്റൊരു നായകനില്ല.
വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമിലെത്തിയ ധോണി മികച്ച ബാറ്റ്സ്മാന്‍ എന്ന നിലയിലും നായകന്‍ എന്ന നിലയിലും അതിവേഗമാണ് വളര്‍ന്നത്. കീപ്പിങ്ങിലെ മിന്നല്‍വേഗം അവസാന കളി വരെ കാത്തുസുക്ഷിച്ചു.

[irp]

വിക്കറ്റിനിടയിലെ ഓട്ടത്തിലും ആ ചടുലത നമ്മള്‍ കണ്ടതാണ്. എതിര്‍ ബൗളര്‍മാരെ മയമില്ലാതെ പ്രഹരിക്കുന്ന ധോണിയുടെ കൈക്കരുത്തില്‍ ഇന്ത്യ ജയിച്ച മത്സരങ്ങള്‍ ഏറെയാണ്. ഏകദിന ലോകകപ്പ് ഫൈനലില്‍ ആ മികവ് നാം ശരിക്കം അറിഞ്ഞു. ക്രിക്കറ്റ് പുസ്തകങ്ങളിലൊന്നും കാണാത്ത ഷോട്ടുകളായിരുന്നു ആ ബാറ്റില്‍ നിന്നു പ്രവഹിച്ചത്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന ബഹുമതിയും ധോണിക്കു സ്വന്തം. എന്നാല്‍, ഒരു സമ്മര്‍ദ്ദത്തിലും വീഴാതെ സംയമനം പാലിച്ച് നിലകൊള്ളുന്ന, സഹകളിക്കാര്‍ക്ക് എപ്പോഴും പ്രചോദനമാകുന്ന നായകത്വമാണ് അദ്ദേഹത്തെ കൂടുതല്‍ മികവുറ്റവനാക്കുന്നത്. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ഒന്നാന്തരമായി നയിച്ചു.

[irp]

കളിക്കളത്തിലും പുറത്തും വിവാദങ്ങള്‍ എന്നും അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. എങ്കിലും സാധാരണ കുടുംബത്തില്‍ നിന്ന് വന്ന് ലോകക്രിക്കറ്റിന്റെ ഉത്തുംഗങ്ങളിലേക്ക് കയറിച്ചെന്ന ധോണിയെന്ന നായകനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമാണ്. ധോണി കളിക്കളത്തില്‍ നിന്ന് തിരിച്ചുകയറുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അതിവിശിഷ്ടമായ ഒരു അദ്ധ്യായമാണ് അവസാനിക്കുന്നത്. ഐ പി എല്‍ ഉള്‍പ്പെടെയുള്ള കളിക്കളങ്ങളില്‍ ഈ 37 കാരനെ ഇനിയും കാണാനാകും. ക്രിക്കറ്റിലെ ഭാവിതാരങ്ങള്‍ക്ക് ഈ കളിക്കാരനില്‍ നിന്ന് ഏറെ പഠിക്കാനുമുണ്ട്. ധോണിക്ക് നല്ലൊരു ഭാവി ജീവിതം ആശംസിക്കുന്നു.

സംസ്ഥാന കായിക മന്ത്രി

Latest