Connect with us

Sports

താങ്ക് യൂ... ക്യാപ്റ്റൻ കൂൾ; പടിയിറങ്ങുന്നത് ഇന്ത്യൻ പടയുടെ കപ്പിത്താൻ

Published

|

Last Updated

ഒരു ടീമിന് വേണ്ടതെല്ലാം നേടിക്കൊടുത്ത് പതിവുപോലെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ക്യാപ്റ്റൻ കൂൾ. 1983ന് ശേഷം 2011ൽ ഇന്ത്യൻ മണ്ണിൽ ലോക കിരീടമെത്തിച്ച് ഐ സി സിയുടെ എല്ലാ കിരീടവും രാജ്യത്തിന് സമ്മാനിച്ചാണ് ഇന്ത്യൻ പടയുടെ കപ്പിത്താൻ പടിയിറങ്ങുന്നത്.

2007 ലെ പ്രഥമ ട്വൻറി 20 ലോകകപ്പ് നേടുന്നതിലും 2013 ലെ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തിലും ക്യാപ്റ്റൻ കൂളെന്ന് വിളിപ്പേര് ലഭിച്ച ധോണിയുടെ നേതൃപാടവത്തിന് ലോക ക്രിക്കറ്റ് സാക്ഷിയായതാണ്. 2019ലെ ന്യൂസിലാൻഡിനെതിരായ ലോകകപ്പ് സെമി ഫൈനലിൽ ടീമിന്റെ പ്രതീക്ഷ അസ്തമിച്ച് ധോണി റണ്ണൗട്ടാവുമ്പോൾ ഒരു ക്രിക്കറ്റ് പ്രേമിയും ഇത് അദ്ദേഹത്തിന്റെ അവസാന മത്സരമാകുമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകില്ല. അന്ന് ധോണി റൺഔട്ട് ആയില്ലെങ്കിൽ ലോകകപ്പ് കിരീടം വീണ്ടും ഇന്ത്യയിലെത്തും എന്ന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വിചാരിച്ചിട്ടുണ്ടാകും. അത്രക്ക് ആത്മവിശ്വാസമായിരുന്നു ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ സാന്നിധ്യം.

ക്രിക്കറ്റിന്റെ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത റാഞ്ചിയിൽ നിന്നെത്തി ഇന്ത്യൻ ക്രിക്കറ്റിന്റെ ബ്രാൻഡായി മാറിയ മഹിയുടെ ക്രിക്കറ്റ് ജീവിതം ലോകം ആശ്ചര്യത്തോടെ നോക്കി നിന്നു. 2019ലെ ലോകകപ്പിനുശേഷം ഒരു വർഷത്തെ ഇടവേളക്കിടയിൽ തിരിച്ചുവരവിന്റെ പ്രതീക്ഷക്ക് വിരാമമിട്ടാണ് ഇപ്പോഴത്തെ വിരമിക്കൽ പ്രഖ്യാപനവും. 2014-ൽ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള ധോണിയുടെ വിരമിക്കൽ പ്രഖ്യാപനവും അപ്രതീക്ഷിതമായിരുന്നു.

“ഇതുവരെയുള്ള നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി. ഈ നിമിഷം മുതൽ എന്നെ വിരമിച്ചവനായി കണക്കാക്കുക”. എന്നാണ് ധോണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 1981ൽ ബിഹാറിലെ റാഞ്ചിയിലായിരുന്നു ധോണിയുടെ ജനനം (ഇപ്പോൾ ഝാർഖണ്ഡ്). 2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെയുള്ള ഏകദിന ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ച മഹി പതിനാറ് വർഷം നീണ്ടുനിന്ന സംഭവബഹുലമായ കരിയറിനാണ് അവസാനം കുറിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിലും ഐ പി എല്ലിലും ഒപ്പമുണ്ടായിരുന്ന സുരേഷ് റെയ്നയും ധോണിക്ക് പിന്നാലെ വിരമിക്കൽ തീരുമാനം അറിയിച്ചതോടെ ക്രിക്കറ്റ് പ്രേമികൾക്ക് അതൊരു ഇരട്ടി പ്രഹരമായി.

Latest