Connect with us

Ongoing News

ഇതിഹാസ താരത്തിന് ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം

Published

|

Last Updated

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത നാമമാണ് എംഎസ് ധോണിയുടെത്. മികച്ച ക്യാപ്റ്റന്‍ മാത്രമല്ല, മികച്ച വിക്കറ്റ് കീപ്പറും മികച്ച ബൗളറും കൂടിയായിരുന്നു അദ്ദേഹം. ഇത്രയും ആള്‍റൗണ്ട് മികവ് പ്രകടിപ്പിച്ച മറ്റൊരു താരം ഇന്ത്യന്‍ ക്രികറ്റിന്റെ സമീപകാല ചരിത്രത്തില്‍ വേറെയുണ്ടാകില്ല. രണ്ട് ലോകകപ്പ് കിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലെത്തിച്ച ഈ ഇതിഹാസ നായകന്‍ ഇന്ത്യന്‍ ക്രികറ്റിന്റെ ചരിത്രഗതി നിര്‍ണയിച്ചുവെന്ന് പറയാം.

അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിക്ക് ആശംസകളുമായി സഹതാരങ്ങള്‍ എത്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിയവരാണ് താരത്തിന് ട്വിറ്ററിലൂടെ ആശംസകള്‍ ചൊരിഞ്ഞത്.

2011ല്‍ ലോകകപ്പ് ഒരുമിച്ച് നേടിയത് ഓര്‍ക്കുന്നു സച്ചിന്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. 2011ല്‍ താങ്കളോടൊപ്പം നേടിയ ലോകകപ്പ് ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു – സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്നതിന്റെ ഹൃദയവേദനയാണ് കോലി പങ്കുവെച്ചത്. ഏതൊരു കളിക്കാരനും ഒരു ദിവസം യാത്ര അവസാനിപ്പിക്കണം. എന്നാല്‍ വളരെ അടുത്തറിയുന്ന ആരെങ്കിലും വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ അത് വളരെ വലിയ വേദനയാകും. രാജ്യത്തിന് വേണ്ടി നിങ്ങള്‍ ചെയ്തതെല്ലാം എല്ലാവരുടെയും ഹൃദയത്തില്‍ നിലനില്‍ക്കും – കോലി ട്വീറ്റ് ചെയ്തു.

സൗരവ് ഗാംഗുലി യുഗാന്ത്യം എന്നാണ് ധോണിയുടെ വിരമിക്കലിനെ വിശേഷിപ്പിച്ചത്. ഒരു യുഗം കടന്നുപോയിരിക്കുന്നു. രാജ്യത്തിനും ലോകക്രിക്കറ്റിനും വിലമതിക്കാനാകാത്ത നേട്ടങ്ങള്‍ സമ്മാനിച്ച ശേഷമാണ് ധോണി വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ നായക മികവിന് പകരം വെക്കാന്‍ മറ്റൊന്നില്ല – ബിസിസിഐയുടെ പത്രക്കുറിപ്പില്‍ ഗാംഗുലി പറഞ്ഞു.

രാഷ്ട്രീയ നേതാക്കളും ധോണിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നു. ധോണിയുടെ ഹെലികോപ്റ്റര്‍ ഷോര്‍ട്ടുകളെ അനുസ്മരിപ്പിച്ചായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ട്വീറ്റ്.

തന്റെ അദ്വിതീയ ക്രിക്കറ്റ് ശൈലിയിലൂടെ ധോണി ദശലക്ഷക്കണക്കിന് ആളുകളെ അത്ഭുതപ്പെടുത്തി. വരും കാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം തുടര്‍ന്നും സംഭാവന നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങള്‍ക്ക് ആശംസകള്‍. ലോക ക്രിക്കറ്റിന് ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ നഷ്ടമാകും, മഹി! – അമിത്ഷായുടെ ട്വീറ്റ് ഇങ്ങനെ.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മഹാനായ നായകന്റെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിടവാങ്ങല്‍ ഏറെ വിഷമിപ്പിക്കുന്നതാണ്. അടുത്ത കാലത്ത് കായികലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നാണ് ധോണിയുടെ വിരമിക്കല്‍. വളരെ അപ്രതീക്ഷിതമായി അതു സംഭവിച്ചു – സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Latest