Vazhivilakk
വിശപ്പെന്ന പാഠപുസ്തകം
എപ്പോഴാണ് ഞെട്ടിയുണർന്നതെന്നറിയില്ല! ഉറക്കം വരുന്നേയില്ല, തൊട്ടുവിളിച്ചിട്ട് അവൾ അറിയുന്നുമില്ല.
സഹിച്ചേക്കാം നേരം വെളുക്കട്ടെ എന്ന് കരുതി മറിഞ്ഞുകിടന്നു. ഇല്ല, ഉറക്കം കനിയുന്നില്ല. ഇനി രക്ഷയില്ല. നാണക്കേടാണെങ്കിൽ നാണക്കേട്! അവളെ ഉണർത്തുകയല്ലാതെ വേറെ വഴിയില്ല. അവൾ ഉണരുകയും വേണം കുഞ്ഞിമോന്റെ ഉറക്കൊട്ട് ഉടയുകയുമരുത്. ഞാൻ സമർഥമായി അവളെ തട്ടിവിളിച്ചു. കണ്ണ് തിരുമ്മി ഉണർന്ന അവളോട് വിനയവും ബഹുമാനവും ഭയവും സ്‌നേഹവും മുപ്പത് : മുപ്പത് : മുപ്പത് : പത്ത് അനുപാതത്തിൽ കലർത്തി ഞാൻ പറഞ്ഞു.
വല്ലാതെ വിശക്കുന്നു പ്രിയേ, എന്തെങ്കിലും ഉണ്ടാകുമോ?
“ഇപ്പോഴല്ലേ തിന്ന് കിടന്നത്, വയറ്റിൽ പയ്യും മക്കളുമുണ്ടോ?” പയ്യ് മീൻസ് പശു, ഗോ.
സംഭവം ശരിയാണ്. ഭക്ഷണം കഴിച്ചിട്ട് മണിക്കൂറുകൾ ആയിട്ടേയുള്ളൂ. തീർത്തും, അപ്രസക്തമാണ് ഈ പാതിരാവിശപ്പ്. വേറൊരു കാര്യം, സ്വന്തം വീട്ടിലാണെങ്കിൽ ഞാൻ ഇവളുടെ വക്കാലത്തിനൊന്നും നിൽക്കാതെ കിച്ചണിൽ കയറി മിച്ചമുള്ളത് നൊട്ടിപ്പെറുക്കി തിന്നുകൊള്ളും. ഇത് ഭാര്യ വീടാണ്! ആഹാരം പോരാഞ്ഞിട്ട് പുതിയാപ്പിള പാതിരാക്ക് അടുക്കളയിലിറങ്ങി എന്ന് അറിഞ്ഞാൽ പോരാത്തരമാണ്. മാത്രമല്ല, രാത്രി ഭക്ഷണം കഴിക്കുമ്പോൾ അമ്മായുമ്മയും കൂടെയുണ്ടായിരുന്നു. ഒപ്പം രണ്ട് അനിയൻ പിയാപ്പിളമാരും. എന്ത് പറ്റിയെന്നറിയില്ല, അവരിരുവരും പെട്ടെന്ന് നിർത്തി. വൈകുന്നേരം വല്ല ഇടത്തട്ടോ പുറന്തീറ്റയോ ഒപ്പിച്ചിരിക്കണം. അവർ നിർത്തിയ ശേഷവും ഞാൻ രണ്ട് കയിൽ കോരിയിട്ടു. പരിശുദ്ധ പോത്തിറച്ചിയുടെ പശ്ചാത്തല സാന്നിധ്യമുള്ള കക്കൊറോട്ടിയാണ് കോള്. നല്ലോണം ഇട്ട് കഴിക്ക് എന്ന് അമ്മായിമ്മ നിർബന്ധിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഒറ്റക്ക് തീറ്റ തുടരാൻ എനിക്ക് ചമ്മൽ തോന്നി. നമുക്കില്ലേ ചിലപ്പോൾ വേണമായിരുന്നിട്ടും വേണ്ടെന്ന് പറഞ്ഞ് ഇടഞ്ഞ് നിൽക്കാൻ ഉള്ളിൽ നിന്ന് ഒരു ദുഷ്തള്ള് വരൽ. എനിക്ക് ചില സദസ്സിൽ ചെന്നാലും അങ്ങനെ അനുഭവപ്പെടാറുണ്ട്. സ്‌റ്റേജിലേക്ക് ആരെങ്കിലും വിളിച്ചാൽ വിനയ പരവശതയാൽ സദസ്സിൽ തന്നെ ശഠിച്ചിരിക്കും. കുറച്ച് കഴിഞ്ഞാൽ തോന്നും, അവിടെ കയറി ഇരുന്നാൽ മതിയായിരുന്നെന്ന്.
ഒട്ടും ഒച്ചപ്പാടുണ്ടാക്കാതെ ഞാനും ഭാര്യയും പൂച്ചകളെ പോലെ അടുക്കളയിലെത്തി. ആരെങ്കിലും കണ്ടുപിടിച്ചാൽ “നിങ്ങൾ എലികൾ പായുന്ന ശബ്ദം കേട്ടോ” എന്ന് ചോദിക്കാമെന്ന് ഞാൻ മനസ്സിൽ വെച്ചു.
നോക്കുമ്പോൾ കക്കോറൊട്ടിയുടെ ഉരുളി കാലി, വടിച്ചുവെച്ചിരിക്കുന്നു! എന്തെങ്കിലും പുതുതായി ഉണ്ടാക്കിപ്പിക്കാനുള്ള മൂഡിലല്ലാ അവൾ. പകുതി എന്റെ കൂടേയും മറ്റേ പകുതി ഉറക്കിന്റെ കൂടെയുമെന്ന ഭിന്നാവസ്ഥയിലാണ്.
“ഉച്ചക്കത്തെ ചോറുണ്ടോന്ന് നോക്ക് നീ…”
ഉണ്ട്, പക്ഷേ കറിയില്ല.
ഇത് പറയുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞ അരിശക്കാളിമ ശരിക്ക് എന്നോടായിരുന്നില്ല, മറിച്ച് അനവസരത്തിൽ വിരുന്നുവന്ന വിശപ്പിനോടായിരുന്നു.
നീ ഒരു ഡബ്ൾ ഓംലൈറ്റടി. മല്ലിച്ചപ്പും കുരുമുളക്‌പൊടിയും ഇട്ടോ. കുറച്ച് തക്കാളിക്കുറുമയും ഉണ്ടാക്കിക്കോ.
പൂച്ചയെ പോലെ കണ്ണടച്ച് ഞാനങ്ങ് പറഞ്ഞിട്ടു. ഞാൻ കരുതിയത്, അവിടെയുണ്ടായിരുന്ന ഒരു ചെമ്പഴുക്കാ നേന്ത്രക്കായ എടുത്ത് കൈയിൽ പിടിപ്പിച്ച് “തത്കാലം ഇതും തിന്ന് ചൂടുവെള്ളവും കുടിച്ച് വേഗം പോയി കിടന്നാട്ടെ” എന്നു പറയുമെന്നായിരുന്നു. പക്ഷെ, എന്റെ കുഷുണ്ട് മനസ്സിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ ചോദിച്ചു, നിങ്ങൾക്ക് മൈദന്റെ ദോശയും എഗ്ഗ് സ്‌ക്രാംബ്ലും ആക്കിത്തരട്ടെ, നിങ്ങൾക്കത് നല്ല ഇഷ്ടമല്ലേ? ഞാൻ പറഞ്ഞു, യെസ് !
നോക്കിയാട്ടേ, പെണ്ണുങ്ങളുടെ ഒരു മനസ്സ്. ഏത് പാതിരാക്കും ത്യാഗപ്പെടാനുള്ള മഹാമനസ്സ്. തിരിച്ച് നമ്മളായിരുന്നു ആ സ്ഥാനത്തെങ്കിലോ?
ഉറക്കിന്റെ കഞ്ചാവുവായു ശ്വസിച്ച് മത്തുകിടക്കുമ്പോൾ, അതൊന്നെട്, ഇതൊന്ന് അവിടെ വെക്ക് എന്ന് പറഞ്ഞാൽ പോലും നമ്മൾക്ക് ഈർഷ്യ നുരയുന്നു. എന്തിനധികം മൂത്രസഞ്ചി പൊട്ടുമാറ് യൂറിയ മർദനമുണ്ടാകുമ്പോൾ ഒന്നെഴുന്നേറ്റ് ഒഴിച്ച് കിടക്കാൻ പോലും നമുക്ക് മടിയാണ്.
ഉറക്ക് മുറിച്ച് ഉണരുക എന്നത് വല്ലാത്തൊരു സമരം തന്നെയാണ്. പരിശുദ്ധ പുസ്തകങ്ങളിലെല്ലാം അതേപറ്റി പെരുത്ത് പോരിശ പറഞ്ഞിട്ടുണ്ട്.
മൊരിഞ്ഞ ദോശക്കുള്ളിൽ വെജ്ജാലംകൃത മുട്ടക്കൂട്ടാൻ ഗർഭിതമാക്കി അഞ്ചാറ് ദോശയങ്ങ് ചുരുട്ടിവിട്ടപ്പോൾ കണ്ണു കണ്ടു. ശ്വാസം വീണു. ചിന്തകൾ നേരെയായി. ഞാൻ ഒരു കസാല വലിച്ചിട്ട് സിറ്റൗട്ടിലിരുന്നു. നീ പോയി കിടന്നോ? അപ്പോൾ എനിക്കൊരു അനാവശ്യ ആഗ്രഹം വന്നു. ഇതുവരെ അവളോട് പറഞ്ഞിട്ടില്ല. അതൊട്ട് എഴുതാനോ പറയാനോ പാടുമില്ല. ഒരു സിസർ കത്തിച്ച് വലിച്ചാലോ എന്നൊരാശ!! എവിടെ നിന്നാണ് ആ ചിന്ത വന്നതെന്നോ എന്ത് കൊണ്ടാണ് അങ്ങനെ വന്നതെന്നോ എന്നതിന് ശാസ്ത്രീയമായി ഒരു ഉത്തരവും ഇല്ല. വന്ന പോലെ അതെവിടെയോ അലിഞ്ഞുപോയി.
ഞാൻ ചിന്തിച്ചത് അപ്പോൾ വിശപ്പ് എന്ന വീര്യത്തെ കുറിച്ചാണ്, ഊർജത്തെക്കുറിച്ചാണ്. വിശപ്പുണ്ടാകുന്നത് നമ്മൾ അറിയുന്നുണ്ടല്ലോ? അതുകൊണ്ടാണല്ലോ പശിയടക്കാനായി നാം പണിക്ക് പോകുന്നത്.
മൊത്തത്തിൽ ലോകത്തെ ചലിപ്പിക്കുന്നത് തന്നെ വളരെ അടിസ്ഥാനപരമായി വിശപ്പെന്ന ലാവണ്യമാർന്ന കൊത്തിവലിയാണ്. കൃഷിയും കച്ചവടവും വ്യവസായവും ഉത്പാദനവും പ്രവാസവും എന്നു വേണ്ട പഠിക്കലും പഠിപ്പിക്കലും എല്ലാം വിശപ്പുമായി പൊക്കിൾകൊടി ബന്ധിച്ചു കിടക്കുന്നു. നല്ല കവിത വരാൻ, നല്ല കഥകൾ വരാൻ വേണം മെച്ചപ്പെട്ട വിശപ്പ്. എനിക്ക് എം ടിയുടെ, ബഷീറിന്റെ, ചുള്ളിക്കാടിന്റെ, വിക്ടർ യുഗോയുടെ ഒക്കെ വിശപ്പ് പരാമർശങ്ങൾ ഓർമവന്നു. എല്ലാറ്റിലുമുപരി വിശപ്പു സംബന്ധമായ ആത്മീയ വീക്ഷണങ്ങൾ എന്നിൽ തളിർത്തുണർന്നു. ഹൃദയ രോഗങ്ങൾക്കുള്ള ശമന മാർഗമായി ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) അദ്കിയാഇൽ പറഞ്ഞ ഒന്ന് കാലിക്കുടലാണ് ബത്‌നുൽഖലാ! വിശപ്പിനെ മഹത്വപ്പെടുത്തുകയും കുംഭവീർപ്പിക്കലിനെ തച്ചു കൈ കഴുകുകയും ചെയ്യുന്ന ഒരു ഉപാധ്യായം തന്നെയുണ്ട്, ആത്മീയ സാഹിത്യത്തിലെ മാഗ്‌നം ഓപസായ “ഇഹ്യാഇൽ”
സത്യത്തിൽ നമ്മുടെ ശരീരം ഒരു മറയാണ്. ഒരു മണ്ണുമതിൽ. കാണേണ്ടതിനെ കാണാൻ വിടാതെ മറച്ചുപിടിക്കുന്ന തോന്നാസ്യത്തടസ്സം. ആ മണ്ണ് മാംസത്തെ പാഠംപഠിപ്പിക്കാൻ ഒരേയൊരു വഴിയേയുള്ളൂ. കഠിനമായ വിശപ്പു കൊണ്ടുള്ള ആഴ്ചുംബനം. അത് “സിദ്ധാർത്ഥയിൽ.” ഹെർമൻ ഹെസ്സ പറയുന്നതു പോലെ ഞണ്ണാൻ കിട്ടാതിരിക്കുമ്പോൾ എടുക്കുന്ന നിവൃത്തികെട്ട ഉപവാസമല്ല, മറിച്ച് തിന്നാൻ എമ്പാടുമുണ്ടായിരിക്കെ, ശരീരമണ്ണ് അതിലേക്ക് തുടിച്ച് തുള്ളിനിൽക്കവേ ശരീരത്തെ അടക്കിനിർത്തി ആഹാരം വിലക്കുന്ന പവിത്രമായ വിശപ്പാണ് ഉപവാസം.
വിശപ്പ് നല്ലൊരു പാഠപുസ്തകം തന്നെയാണ്. ആരുറപ്പില്ലാത്ത കുമിളസമൃദ്ധി നമ്മുടെ തനതായ വിശപ്പിനെ കട്ടുകൊണ്ടുപോയതാണോ ന്യൂജനിൽ നാമിന്ന് കാണുന്ന കലർപ്പുകളുടെ ഹേതു. പള്ള നന്നായി കാളുമ്പോളേ, നമ്മൾ ഭൂമിയിലാണ് ജീവിക്കുന്നത്, ഇത് കാമ്പാണ്, അത് കൂമ്പാണ്, ഇത് കഞ്ഞിയാണ്, അത് ഉണക്കമുള്ളനാണ് എന്നൊക്കെയുള്ള വിവേചന ധിഷണ ഉണരുകയുള്ളൂ. അല്ലെങ്കിൽ വെർച്യു വാർന്നുപോയ വെർച്വൽ ലോകത്തിലെ ആകാശപ്പക്ഷികളായി സ്വപ്‌നത്തിലൊഴുകുകയാണ് ചെയ്യുക.
തൊട്ടുമുമ്പത്തെ തലമുറയോട് ചോദിച്ചാലറിയാം, വിശപ്പിന്റെ വൃത്തവും പ്രയാസവും. വിശപ്പ് മനുഷ്യനെ മണ്ണിനോട് ഒട്ടിച്ചത് പോലെ അവരെ പരസ്പരവും പറ്റിച്ചുനിർത്തിയിരുന്നു. കടൽകടന്നെത്തിയ പെട്രോസമൃദ്ധി വിശപ്പിനെ വിഴുങ്ങിയപ്പോൾ മനുഷ്യരിലെ പശിമ വറ്റി, പരസ്പരമകന്നു. പറഞ്ഞുവരുന്നത് വിശപ്പിനെ പതിയെ പതിയെ രുചിച്ച് പരിശീലിച്ചോ എന്നിടത്തേക്കാണ്. കൊടുംവിശപ്പിന്റെ കാടിളക്കിയുള്ള മദവരവിന്റെ കാലൊച്ചകൾ അടുത്തെങ്ങോ മുഴങ്ങുന്നുണ്ട്. വിശപ്പ് കൊണ്ട് നാം നിങ്ങളെ പരീക്ഷിക്കും, ക്ഷമാശിലർക്ക് സുവിശേഷം എന്ന് ഖുർആൻ ഒരിടത്തുണർത്തുന്നുണ്ട്. വിശപ്പ് ഒരു അനുഗ്രഹമാണ്. പത്തായം നിറച്ച് ഉണ്ടെങ്കിൽ കൂടി, ഇടക്കിടെ വിശപ്പിനെയും നാം വിരുന്നിന് വിളിക്കണം. നന്നായി സത്കരിച്ച് വിടുകയും വേണം.
ഇനി വിശപ്പിനെ കുറിച്ചുള്ള അനുഭവം പറച്ചിലാകാം. ഓരോരുത്തരായി ഓരോന്ന് പങ്കിടണം. ഞാൻ തുടങ്ങാം.
ഉപ്പാക്ക് പണികുറഞ്ഞ കാലം. പട്ടിണിയെ നല്ല പരിചയം. ഒരു രാത്രി നോക്കുമ്പോൾ ചോറുവെക്കാൻ ഒറ്റമണി അരിയില്ല. ഞങ്ങൾ അഞ്ചാറുമക്കൾ. ഉമ്മ, ഉപ്പ, ഉപ്പോമ. ഒരുപക്ഷേ അരിയില്ലാത്തത് ഉപ്പ അറിഞ്ഞുകാണില്ല. രാത്രി വൈകി ഉപ്പ വരുന്നു. പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു. നോക്കുമ്പോൾ ഒന്നും തടഞ്ഞിട്ടില്ല. ഞങ്ങളെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മുഖത്തോട് മുഖം നോക്കി നിന്നു. കിടന്നിട്ട് ആർക്കും ഉറക്കം വരുന്നില്ല. ഉപ്പ എഴുന്നേറ്റു. തോർത്തുമുണ്ടെടുത്ത് പറമ്പിലേക്കിറങ്ങി. തള കെട്ടി തെങ്ങിലേക്ക് കയറി. മൂക്കാത്ത അഞ്ചാറ് പച്ചത്തേങ്ങകൾ പറിച്ചിട്ടു. കട്ടൻ ചായയും തേങ്ങാപ്പൂളുകളും ശർക്കരക്കണ്ടങ്ങളും തിന്ന് അന്ന് അന്തിയുറങ്ങി. സാഹസങ്ങളുടെ മുൾക്കടൽ താണ്ടാൻ, വേണം വിശപ്പിന്റെ തള്ള്. നല്ലൊരു ഭാഷ വിരിയാനും വേണം വിശപ്പിന്റെ കനിവ്.