Travelogue
ചരിത്രമുറങ്ങുന്ന റോസ് ദ്വീപിലൂടെ
രണ്ട് വൈദേശികാധിപത്യങ്ങൾ നിലയുറപ്പിച്ചിരുന്ന ഒരു കൊച്ചു ദ്വീപ്, പിൽക്കാലത്ത് ഇന്ത്യയുടെ ഭാഗമായി മാറുകയും ചെയ്ത ആൻഡമാൻ നിക്കോബാർ ദ്വീപിലെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ഒരു യാത്ര. നോർത്ത് ബേ, റോസ് ദ്വീപ്, വൈപ്പർ ദ്വീപ് തുടങ്ങിയ ദ്വീപുകളിലേക്കുള്ള ബോട്ട് സർവീസുകൾ നടത്തുന്ന രാജീവ് ഗാന്ധി വാട്ടർ സ്‌പോർട്‌സ് കോംപ്ലക്‌സിലെ ബോട്ട് ജെട്ടിയിൽ നിന്നും വൈകിട്ട് നാല് മണിയോടെ ബോട്ടിൽ റോസ് ദ്വീപ് ലക്ഷ്യമാക്കി നീങ്ങി. ചാറ്റൽ മഴയും കാറ്റും അകന്പടിയുണ്ടായിരുന്നു. പതിനഞ്ച് മിനുട്ടിന് ശേഷം ബോട്ട് റോസ് ജെട്ടിയോടടുത്തു. സുരക്ഷാ പരിശോധനക്ക് ശേഷം പതിയെ ദ്വീപിലേക്ക് പ്രവേശിച്ചു.
യുദ്ധത്തിന്റെ ശേഷിപ്പ്
ചെക്കിംഗ് കഴിഞ്ഞു അകത്തേക്ക് കയറിയാൽ ആദ്യം കാണാൻ കഴിയുന്നത് ജപ്പാനീസ് ബങ്കർ ആണ്. 1942 ലെ രണ്ടാം ലോക മഹായുദ്ധ സമയത്ത് ജപ്പാനീസ് സേന നിർമിച്ച ബങ്കറാണിത്. ശത്രുവിന്റെ കണ്ണിൽ പെടാതെ ബങ്കറിൽ ഒളിച്ചിരുന്ന് വെടിവെക്കാനായിട്ടുള്ള ചെറിയ ദ്വാരങ്ങളുണ്ട് ഇതിനകത്ത്. ഇതിനകത്ത് കയറിയാണ് ജപ്പാനീസ് സേന കടലിലൂടെ റോസ് ദ്വീപിലേക്ക് വരുന്ന ശത്രുക്കളെ തുരുത്തിയിരുന്നത്. മുമ്പോട്ട് നടക്കുമ്പോൾ റോസ് ഐലൻഡിന്റെ ചരിത്രം എഴുതിവെച്ച നിരവധി ബോർഡുകൾ കാണാം. അതിലൊന്നിൽ ഇപ്രകാരം എഴുതി വെച്ചിട്ടുണ്ട് “പാരീസ് ഓഫ് ദ ഈസ്റ്റ് “. ഒരു പാശ്ചാത്യനഗരത്തിന്റെ തലയെടുപ്പുണ്ടായിരുന്ന റോസ് ദ്വീപിന്റെ പഴയൊരു വിശേഷണമാണ് ആ വാക്യം .
ദ്വീപിൽ ജനറേറ്ററുകൾ സ്ഥാപിച്ച് കൊണ്ട് രാത്രിയെ പ്രകാശപൂരിതമാക്കിയിരുന്നു. തൊട്ടടുത്ത പോർട്ട്‌ബ്ലെയറിൽ നിന്ന് റോസ് ദ്വീപിനെ നോക്കുമ്പോൾ ഒരു വലിയ കപ്പൽ കടലിൽ നങ്കൂരമിട്ടതായിട്ടേ തോന്നൂ. മാനുകൾ യഥേഷ്ടം വിളയാടുന്ന റോസ് ദ്വീപ് ചുറ്റിക്കാണാൻ ഇപ്പോൾ ഇലക്്ട്രിക് വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ദ്വീപിന്റെ ഓരത്തായി മനോഹരമായ ബീച്ച്. തൊട്ടടുത്തായി വേരുകൾ അള്ളിപ്പിടിച്ച ഒരു പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കടലെടുത്തു കൊണ്ടിരിക്കുകയാണ്. കുറച്ച് സമയം കടൽ വെള്ളത്തിൽ കാല് നനച്ചു തിരികെ വന്ന വഴിയിലൂടെ ദ്വീപിന്റെ ഏറ്റവും ഉയർന്ന പ്രതലത്തിലേക്ക് നടന്നു.
ചരിത്രമുറങ്ങുന്ന വിസ്മയക്കെട്ടിടം
മുമ്പോട്ട് നടക്കുമ്പോൾ മാൻകൂട്ടങ്ങളും തെങ്ങുകളും പനമരങ്ങളും കൊച്ചു കൂടാരങ്ങളും നയനാനന്ദകരമാക്കുന്നു. കൊളോണിയൽ കാലഘട്ടത്തിൽ നിർമിച്ചതെന്ന് കരുതുന്ന ഒത്തിരി കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ ഇടിഞ്ഞുപൊളിഞ്ഞ് പാതി ദ്രവിച്ചു ഓർമപ്പെടുത്തലുകളായി നിൽപ്പുണ്ട്. ആ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിലെല്ലാം വൻമരങ്ങളുടെ വേരുകൾ ആലിംഗനം ചെയ്തു കിടക്കുകയാണ്. ഓരോ കെട്ടിടങ്ങൾക്കടുത്തും അതെന്തായിരുന്നുവെന്ന് വളരെ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ഒരു സുവർണ കാലഘട്ടത്തെയാണ് ആ കെട്ടിടങ്ങളും മരങ്ങളും പ്രതിനിധാനം ചെയ്യുന്നത്.
നടന്നു മുകളിലെത്തിയപ്പോൾ കടലിൽ കപ്പലുകൾക്ക് നങ്കൂരമിടാൻ ഉപയോഗിക്കുന്ന കൊളുത്തും വൃത്താകൃതിയിലുള്ള ഒരു മൈതാനവുമുണ്ട്. ബ്രിട്ടീഷുകാർ മുന്പ് ഹെലിപ്പാഡായി ഉപയോഗിച്ചിരുന്നതാണ് ഇവിടം. ഇനി ഇവിടുന്നങ്ങോട്ട് ഒത്തിരി പടവുകൾ താണ്ടി താഴോട്ടിറങ്ങി ചെന്നാൽ ബംഗാൾ കടലിൽ സ്ഥാനമുറപ്പിച്ച ഒരു സായിപ്പിന്റെ പ്രതിമയും ലൈറ്റ് ഹൗസും കാണാം.
1858 വരെ കാടുപിടിച്ചു കിടന്നിരുന്ന റോസ് ദ്വീപിന്റെ തലവര മാറുന്നത് സെല്ലുലാർ ജയിലെന്ന ആ വലിയ തടവറ നിർമിക്കപ്പെട്ടതോടെയാണ്.
ലൈറ്റ് ആൻഡ്
സൗണ്ട് ഷോ
1941 വരെ ആരും കൊതിച്ചുപോകുന്ന ഒരു സ്വപ്ന നഗരമായിരുന്നു റോസ് ദ്വീപ് അഥവാ ഇന്നത്തെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപെന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ ദ്വീപ്. ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെ റോസ് ദ്വീപിന്റെ ചരിത്രം നിശ്ശബ്ദതയോടെ വീക്ഷിക്കുകയാണ് ആളുകൾ. റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണം കൊണ്ട് പുളകിതമായ സദസ്സിൽ തെല്ല് ഭയവുമില്ലാതെ നമ്മളൊക്കെ ഇതെത്ര കേട്ടതാ എന്ന മട്ടിൽ ശ്രോദ്ധാക്കളിരിക്കുന്ന സദസ്സിലേക്ക് രാത്രിയിലും കടന്നുവരുന്ന മാനുകളും മുയലുകളും ആളുകളെ കൗതുകം ഉണർത്തുന്നു. ബ്രിട്ടീഷ് നേവിയുടെ ക്യാപ്റ്റൻ ഡാനിയേൽ റോസിന്റെ പേരിട്ട ഈ റോസ് ദ്വീപിലേക്ക് ആദ്യത്തെ കമ്മീഷണറും ആൻഡമാന്റെ ഭരണാധികാരിയുമായ ബ്രിട്ടീഷ് രാജ്ഞിയുടെ ഉദ്യോഗസ്ഥൻ എത്തിയത് 1872 ലാണ്. അന്നുതൊട്ട് രണ്ടാം ലോകയുദ്ധം വരെ 24 ഓളം കമ്മീഷണർമാർ ഈ ദ്വീപിൽ കൊന്നും കൊലവിളിച്ചുംക്രൂരത കാട്ടിയും സുഖലോലുപതയിലൂടെ രാജകീയ ജീവിതം നയിച്ചു. ബ്രിട്ടനിലെ ആഡംബര മന്ദിരങ്ങളെ പോലും തോൽപ്പിക്കുന്ന വിധത്തിലാണ് റോസ് ഐലൻഡിലെ കെട്ടിടങ്ങളുടെ രൂപകൽപ്പന.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷം 1979ൽ ഇന്ത്യൻ നേവി റോസ് ദ്വീപിനെ ഏറ്റെടുത്തു. കാടുമൂടി തുടങ്ങിയ ദ്വീപിലേക്ക് മാനുകളെയും മയിലുകളെയും യഥേഷ്ടം തുറന്നുവിട്ടു. ആർക്കും പ്രവേശനാനുമതി ഇല്ലാതിരുന്ന ദ്വീപിലേക്ക് 1990ൽ വീണ്ടും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു.
റോസ് ദ്വീപ് സന്ദർശിക്കുന്ന ഒരാളും ഇവിടുത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒഴിവാക്കരുത്. ദ്വീപിലെ മനോഹര കാഴ്ചകൾക്കപ്പുറം റോസ്, അതെന്തായിരുന്നുവെന്ന് ആ ഷോയിലൂടെ മനസ്സിലാകും. ചരിത്രം പിറന്ന മണ്ണിൽ ചരിത്രത്തോട് ഇഴകിയിരിക്കുമ്പോൾ ഒരു കഥ പറഞ്ഞുതരുന്ന റോസ് ദ്വീപ് മുത്തശ്ശിയെ കേൾക്കാൻ കണ്ണും കാതും കൂർപ്പിച്ച് ജിജ്ഞാസയോടെ നമ്മൾ ഇരുന്നുപോകും.
• അബു വി കെ
abuvk55@gmail.com