Business
ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍, പാല്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ വാങ്ങാന്‍ റിലയന്‍സ്

മുംബൈ | ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ ചില്ലറ വില്‍പ്പനക്കാരായ അര്‍ബന്‍ ലാഡറും പാല്‍ ഡെലിവറി കമ്പനിയായ മില്‍ക്ബാസ്‌കറ്റും വാങ്ങാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചര്‍ച്ചകള്‍ നടത്തുന്നു. അര്‍ബന്‍ ലാഡറുമായുള്ള ചര്‍ച്ച പ്രാഥമിക ഘട്ടത്തിലാണെന്നും 30 മില്യന്‍ ഡോളറിനായിരിക്കും ഇടപാടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പാല്‍ അടക്കമുള്ള നിത്യോപയോഗ വസ്തുക്കളുടെ ഓണ്‍ലൈന്‍ ഇടപാടിനും ഡെലിവറിക്കും ആവശ്യക്കാരേറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇടപാടുകള്‍. ആമസോണിനും വാള്‍മാര്‍ട്ടിന്റെ ഫ്ളിപ്കാര്‍ട്ടിനും വെല്ലുവിളിയുയര്‍ത്തി കഴിഞ്ഞ മെയ് മാസം ഓണ്‍ലൈന്‍ ഗ്രോസറി സര്‍വീസ് ആയ ജിയോമാര്‍ട്ടിന് മുകേഷ് അംബാനിയുടെ റിലയന്‍സ് തുടക്കമിട്ടിരുന്നു.
ആമസോണുമായും ആലിബാബയുടെ സഹായമുള്ള ഓണ്‍ലൈന്‍ ഗ്രോസറി വില്‍പ്പനക്കാരായ ബിഗ്ബാസ്‌കറ്റുമായും മില്‍ക്ബാസ്‌കറ്റ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച തരത്തിലുള്ള ഇടപാടിലെത്താന്‍ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് റിലയന്‍സുമായുള്ള ചര്‍ച്ചകള്‍.