Editorial
വിശ്വാസ്യത കാക്കേണ്ടത് കോടതിയലക്ഷ്യത്തിലൂടെയല്ല
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണിനെതിരായ സുപ്രീം കോടതിയുടെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ രണ്ട് തരത്തിലുള്ള ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. ന്യായാധിപരെ അതിരുകടന്ന് വിമര്‍ശിക്കുമ്പോള്‍ കോടതിയലക്ഷ്യ നടപടികളുടെ വാള്‍ ചുഴറ്റണമെന്നും അത് നീതിന്യായ സഭയുടെ അന്തസ്സും വിശ്വാസ്യതയും നിലനിര്‍ത്താന്‍ അനിവാര്യമാണെന്നും ഒരു ഭാഗത്തുള്ളവര്‍ വാദിക്കുന്നു. കോടതിയലക്ഷ്യ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ എക്കാലത്തും കോടതികള്‍ സംയമനം പാലിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പ്രശാന്ത് ഭൂഷണിനെതിരായി എടുത്തിട്ടുള്ള കേസും കുറ്റവിചാരണയും ശരിയായ ദിശയിലാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. 1971ലെയടക്കം കോടതിയലക്ഷ്യ ചട്ടങ്ങള്‍ അങ്ങേയറ്റം അവ്യക്തമാണെന്ന മറുവാദവും ഉയരുന്നുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ കോടതിയലക്ഷ്യ നിയമങ്ങള്‍ പരമാവധി മൃദുവായിരിക്കുകയാണ് വേണ്ടത്. കോടതികള്‍ അവയുടെ അന്തസ്സും വിശ്വാസ്യതയും സൂക്ഷിക്കേണ്ടത് നീതിപൂര്‍വകമായ വിധികളിലൂടെയും ധീരമായ നീതിന്യായ ഇടപെടലുകളിലൂടെയും ആയിരിക്കണം. വിമര്‍ശകരുടെ വായടപ്പിച്ച് ഉണ്ടാക്കിയെടുക്കുന്ന മാന്യത നിലനില്‍ക്കില്ലെന്നും ഈ പക്ഷത്തുള്ളവര്‍ വാദിക്കുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, മുന്‍ ചീഫ് ജസ്റ്റിസുമാര്‍ എന്നിവര്‍ക്കെതിരെയുള്ള രണ്ട് ട്വീറ്റുകളുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരിക്കുന്നത്. “അടിയന്തരാവസ്ഥയില്ലാതെ തന്നെ കഴിഞ്ഞ ആറ് വര്‍ഷം ഇന്ത്യയില്‍ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ തിരിഞ്ഞുനോക്കിയാല്‍ അതില്‍ സുപ്രീം കോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും” എന്നായിരുന്നു ആദ്യ ട്വീറ്റ്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നാഗ്പൂരില്‍, ആഡംബര ബൈക്കായ ഹാര്‍ലി ഡേവിഡ്സണില്‍ ഇരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ ട്വീറ്റ്. “ബി ജെ പി നേതാവിന്റെ അമ്പത് ലക്ഷം രൂപയുടെ ബൈക്കില്‍ ഹെല്‍മെറ്റും മുഖാവരണവുമില്ലാതെ ചീഫ് ജസ്റ്റിസ് ഇരിക്കുന്നു. ഈ സമയം ജനങ്ങള്‍ക്ക് നീതി നിഷേധിച്ച് സുപ്രീം കോടതി അടച്ചിട്ടിരിക്കുകയാണ്” എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷാ തുടങ്ങിയ ന്യായാധിപര്‍, മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, ആക്ടിവിസ്റ്റുകള്‍, അക്കാദമീഷ്യന്‍മാര്‍ ഉള്‍പ്പെടുന്ന 131 പ്രമുഖ വ്യക്തികള്‍ സംയുക്ത പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ് ഐക്യദാര്‍ഢ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രശാന്ത് ഭൂഷണിനെതിരെ കുറ്റം ചാര്‍ത്തുന്ന സുപ്രീം കോടതി സ്വയം തരംതാഴുകയും റിപ്പബ്ലിക്കിനെ തരംതാഴ്ത്തുകയും ചെയ്തിരിക്കുന്നുവെന്നാണ് പ്രമുഖ ചരിത്രകാരന്‍ രമചന്ദ്ര ഗുഹ പ്രതികരിച്ചത്. ജനാധിപത്യത്തില്‍ സുപ്രീം കോടതി വഹിക്കുന്ന പങ്ക് സംബന്ധിച്ചുള്ള തുറന്ന ചര്‍ച്ചകളെ പരിമിതപ്പെടുത്തുകയാണ് പ്രശാന്തിനെതിരായ നടപടിയെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.
1952ലെ കോടതിയലക്ഷ്യ ചട്ടം പരിഷ്‌കരിച്ച് 1971ല്‍ നിലവില്‍ വന്ന ചട്ടമനുസരിച്ചാണ് ഇന്ന് കോടതിയലക്ഷ്യ പരാതികളില്‍ കോടതി തീരുമാനമെടുക്കുന്നത്. സിവില്‍, ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികളാണ് കൈക്കൊള്ളുക. ഒരു വിധി നടപ്പാക്കാന്‍ കോടതി ഉത്തരവാദിത്വപ്പെടുത്തിയ വ്യക്തി അതില്‍ അലംഭാവം കാണിക്കുമ്പോഴാണ് പ്രധാനമായും സിവില്‍ കോടതിയലക്ഷ്യം വരുന്നത്. എന്നാല്‍ കോടതിക്കെതിരായ, അപകീര്‍ത്തികരമെന്ന് തോന്നുന്ന അഭിപ്രായ പ്രകടനങ്ങള്‍ ക്രിമിനല്‍ നടപടി ക്ഷണിച്ചു വരുത്തും.
1971ലെ കോടതിയലക്ഷ്യ നിയമത്തിന്റെ അപര്യാപ്തത ന്യായാധിപരുടെ ആത്മനിഷ്ഠമായ തീര്‍പ്പിന് വഴിവെക്കുന്നുവെന്നതാണ് പ്രശ്‌നം. അപകീര്‍ത്തിയുടെ മാനദണ്ഡങ്ങള്‍ നിയമം കൃത്യമായി നിര്‍വചിക്കുന്നില്ല. വസ്തുതാവിരുദ്ധവും തെളിവില്ലാത്തതുമായ പരാമര്‍ശങ്ങള്‍, വിധിക്ക് പകരം ന്യായാധിപനെ വ്യക്തിപരമായി വിമര്‍ശിക്കല്‍ തുടങ്ങിയവയാണ് കോടതിയലക്ഷ്യത്തിന്റെ വാള്‍ ചുഴറ്റുന്നതിന് ന്യായീകരണമായി കോടതികള്‍ കാണാറുള്ളത്. പ്രശാന്ത് ഭൂഷണിന്റെ കാര്യത്തില്‍ ഒന്നാമത്തെ ട്വീറ്റിന് നിരവധി കോടതി വിധികള്‍ അദ്ദേഹത്തിന് തെളിവായി വെക്കാവുന്നതാണ്. രണ്ടാമത്തെ ട്വീറ്റിലാണെങ്കില്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ബൈക്ക് പ്രകടനം പടമായി പത്രങ്ങളില്‍ മുഴുവന്‍ നിറഞ്ഞതാണ്. കൊവിഡ് കാലത്ത് കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തു. 2006ലെ ഭേദഗതി പ്രകാരം കുറ്റാരോപിതന് വസ്്തുതകൾ നിരത്തി കോടതിയലക്ഷ്യത്തെ പ്രതിരോധിക്കേണ്ടതാണ്.
യു എസും യു കെയുമെല്ലാം കോടതിയലക്ഷ്യ നിയമങ്ങള്‍ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുകയും കാര്‍ക്കശ്യം കുറക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യ പഴയ നിയമത്തിന്റെ പുതിയ പ്രയോഗങ്ങളിലേക്ക് തിരിയുകയാണ്. അടുത്ത കാലത്തായി വന്ന വിധികളും ഉന്നത നീതിപീഠങ്ങളിലെ നിയമനങ്ങള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചകളും നീതിന്യായ വിഭാഗത്തിന്റെ വിശ്വാസ്യതക്ക് വല്ലാതെ പരുക്കേല്‍പ്പിച്ച ഘട്ടമാണ് ഇതെന്നും ഓര്‍ക്കണം. കോടതി മുറി വിട്ടിറങ്ങി ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍, രഞ്ജന്‍ ഗോഗോയി എന്നിവര്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ മുഖം മാത്രമല്ല കെട്ടത്, ജുഡീഷ്യല്‍ സംവിധാനത്തിന്റെ തന്നെയാണ്. അന്ന് അവര്‍ ഉന്നയിച്ച മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ വിഷയത്തില്‍ പോലും ഒരു വര്‍ഷത്തിനിപ്പുറവും തീര്‍പ്പുണ്ടായിട്ടില്ല. ഫാസിസ്റ്റ് സ്വഭാവം പുലര്‍ത്തുന്ന സര്‍ക്കാറുകള്‍ നിലനില്‍ക്കുമ്പോഴെല്ലാം ഒരു “ഡീപ് സ്റ്റേറ്റ്” രൂപപ്പെടാറുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളും ഉദ്യോഗസ്ഥ സംവിധാനവും സര്‍ക്കാറിന്റെ താത്പര്യങ്ങള്‍ ആവശ്യപ്പെടാതെ തന്നെ നടപ്പാക്കിക്കൊടുക്കുന്ന അവസ്ഥയാണ് “ഡീപ് സ്റ്റേറ്റ്”. റാഫേല്‍ ഇടപാട്, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം, ബാബരി മസ്ജിദ് തുടങ്ങി ഒട്ടേറെ കേസുകളില്‍ നീതിപീഠങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ കാണുമ്പോള്‍ ഏതൊരാളും ചോദിച്ചു പോകും, കോടതികളും ഡീപ് സ്റ്റേറ്റിന്റെ ഭാഗമായോ? പക്ഷപാത രഹിതമായ വിധികളുടെ പേരിലാകണം നമ്മുടെ കോടതികള്‍ അന്തസ്സ് വീണ്ടെടുക്കേണ്ടത്, കോടതിയലക്ഷ്യത്തിന്റെ വടിയെടുത്താകരുത്.