International
വളരെ പ്രധാനപ്പെട്ട ഒരാൾക്ക് ഇന്ന് മാപ്പ് നൽകും; പക്ഷേ അത് സ്‌നോഡൻ ആയിരിക്കില്ല-ട്രംപ്
വാഷിംഗ്ടൺ| വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിക്ക് ഇന്ന് മാപ്പ് നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ അത് രാജ്യത്തിന്റെ ആഭ്യന്തര രഹസ്യങ്ങൾ റഷ്യക്ക് ചോർത്തി നൽകിയ എഡ്വേർഡ് സ്‌നോഡനോ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിനോ ആയിരിക്കില്ല. ഇന്നലെ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിലിരുന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.
അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും യു എസ് നടത്തിയ ആഭ്യന്തര രഹസ്യങ്ങൾ റഷ്യക്ക് ചോർത്തി നൽകിയ നാഷനൽ സെക്യൂരിറ്റി ഏജൻസിയിലെ മുൻ ജീവനക്കാരനായിരുന്ന എഡ്വേർഡ് സ്‌നോഡൻ നിലവിൽ റഷ്യയിലാണുള്ളത്. ശനിയാഴ്ചയാണ് സ്‌നോഡന് മാപ്പ് നൽകുന്ന കാര്യം പരിഗണിക്കുന്നതായി ട്രംപ് പറഞ്ഞത്. എൻ എസ് എ ഉൾപ്പെടെ അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ നടത്തിയ ആഭ്യന്തര അന്തർദേശീയ നിരീക്ഷണ പ്രവർത്തനങ്ങൾ 2013ൽ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെ തുടർന്നാണ് സ്‌നോഡന് റഷ്യയിൽ അഭയം തേടേണ്ടിവന്നത്. റഷ്യൻ അംബാസിഡറായിരുന്ന സെർജി കിസ്ല്യാക്കുമായുള്ള സംഭാഷണവുമായി ബന്ധപ്പെട്ട് എഫ് ബി ഐയോട് നുണ പറഞ്ഞെന്നാണ് ഫ്ലിനിന്നിനെതിരെയുള്ള ആരോപണം. ഇതിന് രണ്ട് തവണ ഫ്ലിൻ മാപ്പപേക്ഷിച്ചിരുന്നു. ഈ കേസ് യു എസ് നീതിന്യായ വകുപ്പിന്റെ പരിഗണനയിലാണ്.
ദീർഘകാല സുഹൃത്തും ഉപദേശകനുമായിരുന്ന റോജർ സ്‌റ്റോണിന്റെ ശിക്ഷാ കുറക്കാനായി കഴിഞ്ഞ മാസം ട്രംപ് തന്റെ അധികാരപരിധി ഉപയോഗപ്പെടുത്തിയിരുന്നു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ അന്വേഷിക്കുന്ന യുഎസ് കോൺഗ്രസ്സ് അംഗങ്ങളോട് ഇതുമായി ബന്ധപ്പെട്ട് നുണ പറഞ്ഞതിനാണ് റോജർ സ്റ്റോൺ നടപടി നേരിട്ടത്.