Connect with us

National

ചൈനീസ് ബഹിഷ്കരണം: ഐ സി ഐ സി ഐ ബേങ്കിൽ വൻ നിക്ഷേപവുമായി പീപ്പിൾസ് ബേങ്ക് ഓഫ് ചൈന

Published

|

Last Updated

ന്യൂഡൽഹി| എച്ച് ഡി എഫ് സി ലിമിറ്റഡിൽ ഓഹരി വിഹിതമുയർത്തി ഈ വർഷമാദ്യം ഇന്ത്യൻ വിപണയിൽ ഒരു കുതിച്ചുച്ചാട്ടം സൃഷ്ടിച്ചതിന് പിന്നാലെ ഐ സി ഐ സി ഐ ബേങ്കിലും നിക്ഷേപം നടത്തി പീപ്പിൾസ് ബേങ്ക് ഓഫ് ചൈന. കഴിഞ്ഞയാഴ്ച അവസാനിച്ച ഐ സി ഐ സി ഐ ബേങ്കിന്റെ 15,000 കോടി രൂപയുടെ മൂലധന സമാഹരണത്തിലെ നിക്ഷേപകരിൽ ഒരാളായി ചൈനീസ് ബേങ്ക് മാറി. അർഹരായ ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഹരികൾ നൽകുന്ന ക്യു ഐ പി വഴിയായിരുന്നു നിക്ഷേ പ സമാഹരണം.

പീപ്പിൾസ് ബേങ്ക് ഓഫ് ചൈന ഉൾപ്പെടെ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ, ഇൻഷ്വറൻസ് കമ്പനികൾ, ആഗോള സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന 357 നിക്ഷേപ സ്ഥാപനങ്ങളാണ് ഐ സി ഐ സി ഐ ബേങ്കിന്റെ ഓഹരി വാങ്ങിയത്. സിംഗപ്പൂർ ഗവൺമെന്റ്, മോർഗൻ ഇൻവെസ്റ്റ്‌മെന്റ് , സൊസൈറ്റി ജനറൽ തുടങ്ങിയ സ്ഥാപനങ്ങളും പ്രധാന നിക്ഷേപകരിൽ ഉൾപ്പെടുന്നുണ്ട്.

എച്ച് ഡി എഫ് സി ലിമിറ്റഡിന്റെ ഒരു ശതമാനം ഓഹരിയാണ് കഴിഞ്ഞ മാർച്ചിൽ പീപ്പിൾസ് ബേങ്ക് ഓഫ് ചൈന സ്വന്തമാക്കിയത്. ഇതോടെ വിദേശ നിക്ഷേപങ്ങൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. കൂടാതെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു ശതമാനത്തിന് താഴെ ഓഹരികൾ പല കമ്പനികളായി ചൈനീസ് ബേങ്ക് വാങ്ങിക്കൂട്ടിയിട്ടുണ്ട്.

നിലവിൽ ഇന്ത്യയിൽ ചൈനീസ് നിക്ഷേപത്തിന് യാതൊരു തടസ്സവുമില്ല. എന്നാൽ ഗാൽവാൻ വാലി അതിർത്തിയിലെ ഏറ്റുമുട്ടലിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. ഇന്ത്യാൃ ചൈനാ ബന്ധം അന്നുമുതൽ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ ഓഹരി നിക്ഷേപം.

---- facebook comment plugin here -----

Latest