Articles
നോക്കൂ, ഈ മനുഷ്യന്റെ പത്ത് വര്‍ഷങ്ങള്‍
പി ഡി പി സ്ഥാപക നേതാവ് അബ്ദുന്നാസര്‍ മഅ്ദനി അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ചെയ്തിട്ടില്ല, നിരപരാധിയാണ് എന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ നേരിടുന്ന ഒരു നിസ്സഹായതയുണ്ട്. അത് അവര്‍ക്കാര്‍ക്കും അദ്ദേഹത്തിന് വേണ്ടി ഇനിയൊന്നും ചെയ്യാന്‍ കഴിയില്ല എന്ന വേദനയാണ്. കുറ്റാരോപിതനായി നിയമ നിര്‍വഹണ വ്യവസ്ഥക്കുള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ആ വ്യവസ്ഥ ഒരാളെ അപരാധിയെന്നോ നിരപരാധിയെന്നോ വിധിക്കുന്നത് വരെ അതിന്റെ നൂലാമാലകളില്‍ കെട്ടി മറിയാനാണ് നമ്മുടെ ഓരോരുത്തരുടെയും വിധി. ആ വിധിയാണ് മഅ്ദനിയുടെ കാര്യത്തില്‍ വീണ്ടും നമ്മള്‍ കാത്തിരിക്കുന്നത്. അപ്പോഴും ഓര്‍മിക്കേണ്ട ഒരു കാര്യമുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിയെ സഹായിക്കാന്‍ ആളുകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കഴിയുന്ന ഒരു സമയവും കാലവും ഉണ്ടായിരുന്നു. വ്യക്തിപരമോ രാഷ്ട്രീയപരമോ സാമുദായികമോ ആയ നൈതിക രാഹിത്യങ്ങളില്‍ കുടുങ്ങി ആ അവസരങ്ങള്‍ ഓരോന്നായി നാം ഇല്ലാതാക്കി. അതുകൊണ്ടുതന്നെ ഇന്നിപ്പോള്‍ മനുഷ്യാവകാശങ്ങളെപ്പറ്റിയും നൈതിക രാഷ്ട്രീയത്തെപ്പറ്റിയും ഒക്കെയുള്ള നമ്മുടെ വ്യാജ പരിഗണനകളുടെ റഫറന്‍സ് പോയിന്റായി മഅ്ദനി കാരാഗൃഹത്തില്‍/ ജാമ്യത്തില്‍/ ആശുപത്രി തടവില്‍ കാലം കഴിക്കുന്നു.
ഈ കുറിപ്പ് എഴുതുന്നതിനു മുമ്പ് വെറുതെ മഅ്ദനിയെ കുറിച്ചുള്ള വിക്കിപീഡിയ പേജ് വായിച്ചു. ഏത് വിധത്തിലായിരിക്കാം അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ ലളിത വായനകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നറിയാനുള്ള മാര്‍ഗമാണല്ലോ വിക്കിപീഡിയയിലെ രചനകള്‍. അതില്‍ മഅ്ദനി ഇസ‌്ലാമിക് സേവാ സംഘ് രൂപവത്കരിച്ചതും പിന്നീട് പി ഡി പി എന്ന പാര്‍ട്ടി രൂപവത്കരിച്ചതും സൂചിപ്പിച്ചിട്ടുണ്ട്. അതിനു ശേഷം കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസില്‍ പ്രതിയാക്കപ്പെട്ടതും ഏകദേശം ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം നിരപരാധിത്വം തെളിയിച്ച് പുറത്തു വന്നതായും പറയുന്നുണ്ട്. സമാനമായ കാര്യം ബെംഗളൂരു സ്‌ഫോടന കേസിലും സംഭവിക്കുമെന്ന് പ്രതീക്ഷിക്കണം. പക്ഷേ, അസാമാന്യമായ വാഗ്‌ധോരണിക്ക് ഉടമയായ, പുതിയ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ മുന്നോട്ടുവെച്ച, മുസ‌്ലിം – പിന്നാക്ക രാഷ്ട്രീയത്തിന് പുതിയ കര്‍തൃത്വം രൂപപ്പെടുത്താന്‍ ശ്രമിച്ച ഒരാളുടെ ജീവിതത്തിലെ ഇരുപതിലധികം വര്‍ഷങ്ങള്‍ തടവറക്കുള്ളില്‍ ആയിരുന്നു എന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമായ കാര്യമല്ല. അതിനേക്കാള്‍ അപകടകരമാണ് ആ നിയമ നിഷേധത്തെ പൊതിഞ്ഞു നില്‍ക്കുന്ന പൊതു സമൂഹത്തിന്റെ മൗനം.
മഅ്ദനിയുടെ രാഷ്ട്രീയം മുന്നോട്ടുവെച്ച ചില സങ്കല്‍പ്പങ്ങള്‍, സാമൂഹിക പാരികല്പനകള്‍ അദ്ദേഹത്തെ എന്നെന്നേക്കുമായി കുറ്റക്കാരനാക്കിയതു പോലെ തോന്നുന്നു. ആ സങ്കല്‍പ്പങ്ങളുടെ ഗുണ ദോഷ വിചാരം പ്രസക്തമായ കാലത്തല്ല നാമിപ്പോള്‍ ഉള്ളത്. അത്തരം ചിന്തകള്‍ നിങ്ങള്‍ക്കുണ്ട് എന്നത് പോലും അപകടത്തിന് കാരണമായേക്കാവുന്ന കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. സര്‍വ തലങ്ങളിലും സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് മേല്‍ക്കൈ ഉള്ള ഒരു സാമൂഹിക സന്ദര്‍ഭത്തില്‍ ആണ് നാം മഅ്ദനിയുടെ മോചനത്തെപ്പറ്റി സംസാരിക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന എല്ലാ സ്ഥാപനങ്ങളും വളരെ വ്യവസ്ഥാപിതമായി തകര്‍ത്തു കൊണ്ടിരിക്കുന്നു. സ്വതന്ത്രമായ മാധ്യമങ്ങളോ നീതിന്യായ കോടതികളോ നിലവിലുണ്ടോ എന്നതൊക്കെ വലിയ ചോദ്യങ്ങളായി മാറിക്കഴിഞ്ഞു. ഈയൊരു സാഹചര്യം ആത്യന്തികമായി ഇരകള്‍ക്ക് നീതി ലഭിക്കും എന്ന പ്രതീക്ഷകളെ തകിടം മറിക്കുകയാണ്. ഭരണകൂടം ഒരു വ്യക്തിക്ക് എതിരെ, അല്ലെങ്കില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തിന് എതിരെ നടത്തുന്ന അക്രമങ്ങള്‍ക്ക് എതിരായി ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നമുക്ക് പൊരുതാനും നീതി നേടിയെടുക്കാനും കഴിയും എന്നൊരു ധാരണ നിലവില്‍ ഉണ്ട്. പക്ഷേ, ഈ കാണുന്ന വിധത്തില്‍ രേഖീയമായ രീതിയില്‍ അല്ല ഭൂരിപക്ഷ നീതി സങ്കല്‍പ്പങ്ങള്‍ മേധാവിത്വം പുലര്‍ത്തുന്ന സമൂഹങ്ങളില്‍ സംഭവിക്കുക. അവിടെ ക്രിമിനല്‍ നീതിനിര്‍വഹണ സംവിധാനത്തെ ഉപയോഗിച്ച്, അതിന്റെ നടപടിക്രമങ്ങളും ചിട്ടവട്ടങ്ങളും ഉപയോഗിച്ച് നീതിയുടെ നിര്‍വഹണത്തെ പരിഹാസ്യമാക്കാന്‍ എളുപ്പത്തില്‍ കഴിയും.
ഗുജറാത്ത് ന്യൂനപക്ഷ വംശഹത്യാ കേസുകളില്‍ സംഭവിച്ചത് കൃത്യമായും ഇത് തന്നെയാണ്. ഈ ലഹളയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ നമുക്ക് അറിയാവുന്നത് പോലെ അതില്‍ മഹാഭൂരിപക്ഷം കേസുകളിലും പ്രതികളെ വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ട പല കേസുകളിലും പ്രതികള്‍ അപ്പീല്‍ സമര്‍പ്പിച്ച് ഉപരി കോടതികളില്‍ നിന്ന് വിടുതല്‍ സമ്പാദിച്ചു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതികളെ ശിക്ഷിക്കാന്‍ പ്രയാസമായത് മാത്രമല്ല കാരണം. ഇത്തരം കേസുകളില്‍ മിക്കവാറും നീതിനിര്‍വഹണ സംവിധാനം, കേസുകള്‍ ഫയല്‍ ചെയ്യുകയും വിചാരണ ചെയ്യുകയും ഒക്കെ ചെയ്യുന്നത് ഒരുതരം ആചാര രൂപത്തില്‍, കൃത്യമായ പ്രാഥമിക വിവര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാതെ, സാക്ഷിമൊഴികള്‍ കൃത്യമായി രേഖപ്പെടുത്താതെ ഒക്കെ ആണ്. അതുകൊണ്ടുതന്നെ ഇതില്‍ മനപ്പൂര്‍വമോ അല്ലാതെയോ കടന്നു കൂടുന്ന സാങ്കേതികതകളില്‍ കുടുങ്ങി മിക്ക കേസുകളും തള്ളിപ്പോകും. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന, ഒരിക്കലും അവസാനിക്കാത്ത ചടങ്ങുകളും നടപടികളും ഉപയോഗിച്ച് ഇരകളെ തളര്‍ത്തി നിസ്സഹായരാക്കി അവസാനം അന്യായമായ ഒത്തുതീര്‍പ്പില്‍ കൊണ്ടെത്തിക്കും. ഈയൊരു പൊതു പാറ്റേണ്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായി വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ സ്ഥിരമായി ആവര്‍ത്തിച്ചു വരുന്ന ഒന്നാണ്.
ഇതില്‍ നിന്ന് വിപരീതമാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ പ്രതികളായി വരുന്ന കേസുകളിലെ രീതി. ഏതെങ്കിലും തീവ്രവാദ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് പത്തോ ഇരുപതോ വര്‍ഷം വിചാരണാ തടവുകാരനായി ജയിലില്‍ കഴിഞ്ഞ ശേഷം അവസാനം നിരപരാധിയാണെന്ന് തെളിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ഒരായുസ്സിന്റെ നല്ല പങ്ക് തീര്‍ന്ന് പോയിരിക്കും. ബെംഗളൂരു സ്‌ഫോടന കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മലയാളിയായ സക്കരിയ്യയുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം തെളിഞ്ഞാല്‍ പോലും ലഭിക്കാവുന്ന പരമാവധി ശിക്ഷ രണ്ട് വര്‍ഷം തടവാണത്രെ. ആ ചെറുപ്പക്കാരന്‍ ഇപ്പോള്‍ തന്നെ പത്ത് വര്‍ഷം ജയിലിനുള്ളില്‍ ചെലവഴിച്ചു കഴിഞ്ഞു എന്നതാണ് ദയനീയ യാഥാര്‍ഥ്യം.
മഅ്ദനിയുടെ രാഷ്ട്രീയം പലരെയും അസ്വസ്ഥപ്പെടുത്തി എന്ന് പറയുമ്പോള്‍ അതില്‍ ശ്വാസംമുട്ടല്‍ അനുഭവിച്ച ഒരു വിഭാഗം ഇവിടുത്തെ മുഖ്യധാരാ മുസ‌്ലിം രാഷ്ട്രീയം കൂടിയാണ്. അതുപോലെ തന്നെ മഅ്ദനിയുടെ തടവറ ജീവിതം കൊണ്ട് ഗുണമുണ്ടായ രാഷ്ട്രീയവും ഇവിടെയുണ്ട്. ഈ വിധത്തില്‍ വിവിധ തലങ്ങളില്‍ അനീതിയുടെ നിരവധി അടരുകളാല്‍ രൂപപ്പെട്ടതാണ് അബ്ദുന്നാസര്‍ മഅ്ദനിയുടെ തടവറ ജീവിതം.
ഈ കാര്യങ്ങളൊക്കെ ഒരു സംവാദ വിഷയമായി മാത്രമേ നമ്മില്‍ ഭൂരിഭാഗം പേരുടെയും ജീവിതത്തില്‍ കടന്നുവന്നിട്ടുള്ളൂ. മഅ്ദനിയെ പോലുള്ളവരെ സംബന്ധിച്ചിടത്തോളം ഇതവരുടെ ദൈനംദിന ജീവിതാനുഭവങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞു. എങ്ങനെ ആയിരിക്കും നീണ്ടകാലത്തെ തടവറയുടെ ഇങ്ങേ അറ്റത്ത് നിന്ന് അബ്ദുന്നാസര്‍ മഅ്ദനി തന്റെ ജീവിതത്തെ, ആ ജീവിതത്തില്‍ പലരും ആടിത്തീര്‍ത്തുകൊണ്ടിരിക്കുന്ന അനീതിയുടെ അടരുകളെ, രാഷ്ട്രീയ മുതലെടുപ്പുകളെ, അവഗണനകളെ, ഇവയൊക്കെ സംഭവിക്കുന്ന നമ്മുടെ സാമൂഹിക വ്യവസ്ഥകളെ നോക്കിക്കാണുന്നത്? കരുണയാല്‍ പൊതിയുന്ന ദൈവം അവന്റെ അടുപ്പക്കാരില്‍പ്പെടുത്തി സ്‌നേഹ ചുംബനങ്ങളാല്‍ ചേര്‍ത്തു നിര്‍ത്തിയ പത്ത് വര്‍ഷങ്ങള്‍ കൂടി കടന്നുപോയി എന്നാണ് തന്റെ രണ്ടാം ഘട്ട ജയില്‍ വാസത്തെ കുറിച്ച് മഅ്ദനി കഴിഞ്ഞ ദിവസം എഴുതിയത്. നിയമ വ്യവസ്ഥയുടെ കാരുണ്യവും കാത്ത് ആ മനുഷ്യന്‍ ഇനി നില്‍ക്കുന്നില്ലെന്ന് സാരം. നമ്മുടെ പിന്തുണയെന്ന കാരുണ്യവും ആ മനുഷ്യന്‍ ആവശ്യപ്പെടുന്നില്ല. ജീവിതത്തിലുടനീളം തന്നെ വേട്ടയാടിയ നിയമ വ്യവസ്ഥയെ കുറിച്ചുള്ള, മനുഷ്യാവസ്ഥകളെ കുറിച്ചുള്ള അങ്ങേയറ്റം കണിശവും സമഗ്രവുമായ ഒരു വിമര്‍ശനം മഅ്ദനിയുടെ ഈ കാഴ്ചപ്പാടില്‍ ഉണ്ട്. മഅ്ദനിക്ക് മുന്നില്‍ തോറ്റു തലകുനിച്ചു നില്‍ക്കണോ എന്നുള്ളത് ഇനി മഅ്ദനി അല്ലാത്തവരുടെയെല്ലാം ചോദ്യമാണ്. ആ ചോദ്യത്തിന് ഉത്തരം പറയാനുള്ള കെല്‍പ്പ്, കെട്ടുറപ്പ്, ആത്മവിശ്വാസം നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് ഉണ്ടാകുമോ? ഇല്ലെന്നതാണ് നമ്മുടെ അനുഭവങ്ങള്‍ ദിനേന അടിവരയിട്ടുകൊണ്ടിരിക്കുന്നത്.