Business
ഓണ്‍ലൈന്‍ ഫാര്‍മസി നെറ്റ്‌മെഡ്‌സിന്റെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കി റിലയന്‍സ്
ബെംഗളൂരു | ഓണ്‍ലൈന്‍ ഫാര്‍മസിയായ നെറ്റ്‌മെഡ്‌സിന്റെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 620 കോടി രൂപയുടെ ഓഹരികളാണ് റിലയന്‍സ് ഏറ്റെടുത്തത്. ഓണ്‍ലൈന്‍ ചില്ലറ വ്യാപാര ഭീമനായ ആമസോണ്‍.കോം രാജ്യത്ത് ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് റിലയന്‍സിന്റെ ഇടപാട്.
വിറ്റാലിക് ഹെല്‍ത്ത് കമ്പനിയുടെയും അനുബന്ധ കമ്പനികളുടെയും കൂട്ടായ പേരാണ് നെറ്റ്‌മെഡ്‌സ്. വിറ്റാലിക് കമ്പനിയില്‍ 60 ശതമാനം നിക്ഷേപമാണ് ഇതോടെ റിലയന്‍സിനുള്ളത്. അനുബന്ധ കമ്പനികളില്‍ നൂറ് ശതമാനം ഉടമസ്ഥതയുമുണ്ട്.
ആധികാരിക പ്രിസ്‌ക്രിപ്ഷന്‍ നല്‍കുന്ന രാജ്യത്തെ ലൈസന്‍സുള്ള ഇ-ഫാര്‍മ വെബ്‌സൈറ്റാണ് നെറ്റ്‌മെഡ്‌സ്. മരുന്നുകളും മറ്റ് ആരോഗ്യസംബന്ധിയായ ഉത്പന്നങ്ങളും നല്‍കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് മരുന്ന് അടക്കമുള്ള വസ്തുക്കളുടെ ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിച്ചിട്ടുണ്ട്. പ്രധാന ഓണ്‍ലൈന്‍ വ്യാപാര വേദികളായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, റിലയന്‍സിന്റെ ജിയോമാര്‍ട്ട് തുടങ്ങിയവ തമ്മില്‍ വലിയ മത്സരമാണുള്ളത്.