National
ഫോണില്‍ എ ടി എം പിന്‍ സൂക്ഷിക്കരുതേ; കൊല്‍ക്കത്തയില്‍ വീട്ടുജോലിക്കാരി തട്ടിയത് ലക്ഷങ്ങള്‍
കൊല്‍ക്കത്ത | എളുപ്പത്തിന് പലരും മൊബൈല്‍ ഫോണിലാണ് എ ടി എം പിന്‍ നമ്പറുകള്‍ സൂക്ഷിക്കുക. ഒന്നിലേറെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുണ്ടെങ്കില്‍ വിശേഷിച്ചും. എന്നാല്‍ തട്ടിപ്പ് നടത്തുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ നമ്മുടെ പണം അപഹരിക്കാന്‍ ഇത് ഇടവരുത്തും. ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് പശ്ചിമ ബംഗാളില്‍. വീട്ടുടമ മൊബൈല്‍ സൂക്ഷിച്ച പിന്‍ നമ്പര്‍ ഉപയോഗിച്ച് വീട്ടുജോലിക്കാരിയും ബന്ധുക്കളും ബേങ്കില്‍ നിന്ന് പിന്‍വലിച്ചത് 35 ലക്ഷം രൂപയാണ്.
കൊല്‍ക്കത്ത അന്‍വര്‍ ഷാ റോഡില്‍ താമസിച്ചിരുന്ന സത്യനാരായണന്‍ അഗര്‍വാള്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ആഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ എ ടി എം കാര്‍ഡ് വീട്ടുജോലിക്കാരി മോഷ്ടിക്കുകയായിരുന്നു. മറ്റുപ്രതികളുടെ സഹായത്തോടെ വീട്ടുജോലിക്കാരി വിവിധ സമയങ്ങളില്‍ പണം പിന്‍വലിക്കുകയായിരുന്നു. എ ടി എം പിന്‍ നമ്പര്‍ സത്യനാരായണന്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചുവെച്ചിരുന്നു. ഇതാണ് പ്രതികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
സംഭവത്തില്‍ വീട്ടുജോലിക്കാരി റിത റോയ്(45) മരുമകന്‍ രഞ്ജിത് മുല്ലിക്ക്(31) രഞ്ജിത്തിന്റെ സഹോദരീഭര്‍ത്താവ് സൗമിത്ര സര്‍ക്കാര്‍(45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.