Connect with us

National

ഫേസ്ബുക്ക് വിവാദം: രാഹുല്‍ ഗാന്ധിക്കും ശശി തരൂരിനുമെതിരെ ബിജെപിയുടെ അവകാശ ലംഘന നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി | ഫേസ്ബുക്ക് വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും ഡോ. ശശി തരൂരിനും എതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ബിജെപി എംപി നിഷികാന്ത് ദുബെ ആണ് നോട്ടീസ് നല്‍കിയത്. നേരത്തെ ദുബെക്ക് എതിരെ ശശി തരൂര്‍ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു.

മാന്യതയുടെ എല്ലാ സീമകളും പാര്‍ലിമെന്ററി നടപടിക്രമങ്ങളുടെ അടിസ്ഥാന തത്വങ്ങളും ധാര്‍മികതയും ലംഘിച്ചുവെന്ന് ആരോപിച്ചാണ് ശശി തരൂരിന് എതിരായ നോട്ടീസ്. വ്യാജവാര്‍ത്തയും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാണ് രാഹുലിന് എതിരായ നോട്ടീസില്‍ ആരോപിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി തലവനായ ശശി തരൂര്‍ ദുബെക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം തിരിച്ചും നോട്ടീസ് നല്‍കിയത്. ഫേസ്ബുക്കിനെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാനല്‍ മീറ്റിംഗ് വിളിക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തെ ദുബെ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ, അവമതിപ്പുളവാക്കുന്ന അഭിപ്രായ പ്രകടനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന് തരൂര്‍ നോട്ടീസ് നല്‍കിയിരുന്നത്.

ഇന്ത്യയില്‍ ഫേസ്ബുക്കും വാടസ്ആപ്പും ബിജെപി നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന വാര്‍ത്തയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

Latest