Connect with us

Religion

ദീപ്ത സ്മരണയാണ് മുഹര്‍റം

മുഹര്‍റം ഹിജ്‌റ വര്‍ഷ കലണ്ടറിലെ ആദ്യ മാസമാണ്. മനുഷ്യ ജീവിതത്തില്‍ സംഭവിക്കുന്ന ഗതിവിഗതികളെ ഓര്‍ത്തുവെക്കാന്‍ വേണ്ടിയുള്ള എളുപ്പ മാര്‍ഗമാണ് കാലനിര്‍ണയം. ലോകത്ത് നിരവധി കാലനിര്‍ണയ രീതികള്‍ നിലവിലുണ്ട്. ഇവയുടെയെല്ലാം ആരംഭം കാലാവസ്ഥയുമായോ ഭൂമിശാസ്ത്രപരമായോ മറ്റോ ഉള്ള പ്രതിഭാസങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.
എന്തുകൊണ്ട് ഹിജ്‌റയെ ഇസ്‌ലാമിക വര്‍ഷ നിര്‍ണയത്തിന്റെ അടിസ്ഥാനമാക്കി? ഇസ്‌ലാമിക ലോകത്ത് കാലനിര്‍ണയത്തിന് ഹിജ്‌റയെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍ പണ്ഡിതന്മാര്‍ പലനിലക്ക് വ്യാഖ്യാനിക്കുന്നുണ്ട്.

ഹിജ്റക്ക് മറ്റുള്ള സംഭവങ്ങള്‍ക്കില്ലാത്ത മാഹാത്മ്യവും പ്രത്യേകതയുമുണ്ട്. പ്രവാചക ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ പറിച്ചു നടലായിരുന്നു ഹിജ്‌റ.
ഹിജ്‌റ അഥവാ പലായനം മനുഷ്യ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള ഒരു സംജ്ഞയാണ്. എല്ലാവരും എന്തെങ്കിലും ഒരു നിലക്ക് പലായനവുമായി ബന്ധപ്പെടുന്നുണ്ട്. നബി(സ) പലായനം ചെയ്തതിനെ പ്രത്യക്ഷത്തില്‍ വിലയിരുത്തുമ്പോള്‍ തന്നെ അത് നാടുവിട്ട് മറ്റൊരു നാട്ടിലേക്കുള്ള പറിച്ചുനടല്‍ മാത്രമായിരുന്നില്ല. മറിച്ച്, വിശ്വാസി ലോകത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ നിന്നും അഭിലാഷങ്ങളില്‍ നിന്നുമുള്ള പറിച്ചുനടലായിരുന്നുവത്. ഹജ്ജിനും ഉംറക്കും പോയവര്‍ക്ക് മക്കയെയും ആ പുണ്യ ഭൂമിയിലെ ഇതര സ്ഥലങ്ങളെയും അത്രപെട്ടെന്ന് പിരിയാനേ തോന്നാറില്ല. അന്യ ദേശക്കാരായിട്ട് പോലും മക്കയോടും പുണ്യ സ്ഥലങ്ങളോടും നമുക്ക് തോന്നുന്ന മാനസികാവസ്ഥ ഇതാണ്. എന്നാല്‍ ആ പുണ്യ ഭൂമിയില്‍ ജനിച്ച, ജീവിതകാലം മുഴുവന്‍ അവിടെ ജീവിക്കാം എന്നു കരുതിയവര്‍ക്ക് നാടുവിടേണ്ടി വന്നാല്‍ എന്തായിരിക്കും! അതായിരുന്നു ഹിജ്‌റ. അതുകൊണ്ടുതന്നെ ഹിജ്‌റക്ക് ചരിത്രപരമായി തുല്യതയില്ലാത്ത സ്ഥാനമുണ്ട്. ഇസ്‌ലാമിക കാലഗണന തുടങ്ങാന്‍ എന്തുകൊണ്ടും അനുയോജ്യമായ സംഭവമായിരുന്നു ഹിജ്‌റ.

തിരുനബി(സ)യും സ്വഹാബാക്കളും സഹിച്ചും ത്യജിച്ചും നമ്മുടെ കൈയിലേക്ക് ഏല്‍പ്പിച്ചു തന്നതാണ് ഇസ്‌ലാം. ഓരോ ഹിജ്‌റ വര്‍ഷവും ആ സഹന ജീവിതത്തിന്റെ ഓര്‍മ പുസ്തകം നമുക്ക് മുമ്പില്‍ തുറന്നുവെക്കുന്നുണ്ട്. പൂര്‍വസൂരികളായ പണ്ഡിതരും മഹത്തുക്കളും ഈ പരിപാവന മതത്തെ നിര്‍വചിച്ചു തന്നു. നല്ലതും ചീത്തയും വകതിരിച്ചു തന്നു. ഇനി യാതൊരു കേടും കൂടാതെ ഈ പരിശുദ്ധ മതം അടുത്ത തലമുറക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നാടും പരിസരവും മനുഷ്യന്റെ ദുഷ്പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കെട്ട ഈ കാലത്ത് നന്മകള്‍ കൊണ്ട് നമ്മുടെ ജീവിതം ധന്യമാക്കാന്‍ സാധിക്കണം. ഓരോ വര്‍ഷാരംഭത്തിലും പുതിയ നന്മകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. ഇമാം ഗസ്സാലി(റ) പറയുന്നു, വര്‍ഷാരംഭത്തില്‍ നല്ലതുകൊണ്ട് തുടങ്ങിയാല്‍ അതിന്റെ ബറക്കത്ത്(ഐശ്വര്യം) ബാക്കിയുള്ള ദിനങ്ങളിലും ഉണ്ടാകും.

ഒരു പുതുവര്‍ഷം കൂടെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നു എന്നതിന്റെ വിവക്ഷ മരണത്തിലേക്ക് ഒരുപടി കൂടി നമ്മള്‍ അടുത്തുവെന്നാണ്. അതുകൊണ്ടുതന്നെ ചിന്തിക്കുന്നവരുടെ പുതുവര്‍ഷങ്ങള്‍ ആരാധനകള്‍ കൊണ്ട് ആഘോഷമാകും.
ഈ മാസത്തെ ആരാധനകള്‍ കൊണ്ട് ധന്യമാക്കാന്‍ നമുക്ക് കഴിയണം. പൂര്‍വീകരെല്ലാം വളരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മാസമാണിത്. പൂര്‍വകാല ആലിമുകളും സജ്ജനങ്ങളും റമസാനിലെ അവസാനത്തെ പത്ത്, ദുല്‍ഹിജ്ജയിലെയും മുഹര്‍റത്തിലെയും ആദ്യത്തെ പത്ത് എന്നിവയെ വളരെ ബഹുമാനിച്ചിരുന്നു. ഇബ്‌നു ഹജറുല്‍ ഹൈതമി(റ) ഫതാവല്‍ കുബ്‌റയില്‍ ഇത് രേഖപ്പെടുത്തുന്നുണ്ട്.
മുഹര്‍റം മാസത്തിലെ നോമ്പിന് അവര്‍ വളരെ മഹത്വം കല്‍പ്പിച്ചിരുന്നു. അലി(റ)നോട് ഒരാള്‍ ചോദിച്ചു: റമസാനിനു ശേഷം നിങ്ങള്‍ നോമ്പനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയാണെങ്കില്‍ ഏത് മാസത്തിലാണ് കല്‍പ്പിക്കുക? മഹാനവര്‍കള്‍ പറഞ്ഞു: നബിയുടെ കാലത്ത് ഒരാള്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞത്, റമസാന്‍ മാസത്തിനു ശേഷം നീ നോമ്പെടുക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ മുഹര്‍റം മാസത്തില്‍ അനുഷ്ഠിക്കുക. കാരണം മുഹര്‍റത്തില്‍ അല്ലാഹു ഒരു സമുദായത്തിന്റെ തൗബ സ്വീകരിച്ചിരിക്കുന്നു. ഇനി മറ്റൊരു സമുദായത്തിന്റെ തൗബ സ്വീകരിക്കാനിരിക്കുന്നു”(തുര്‍മുദി). ഫതാവല്‍ കുബ്‌റയില്‍ ഇബ്നു ഹജറുല്‍ ഹൈതമി ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് പറയുന്നത്, മുഹര്‍റം ആദ്യ പത്തില്‍ നോമ്പെടുക്കല്‍ ശക്തിയായ സുന്നത്താണ്. അതോടൊപ്പം തന്നെ മുഹര്‍റ മാസം മുഴുവന്‍ നോമ്പെടുക്കല്‍ സുന്നത്താണ് എന്നാണ്.
മഹാമാരി പിടിമുറുക്കിയപ്പോള്‍ പ്രതീക്ഷയറ്റുപോയവരാണ് നമുക്ക് ചുറ്റിലും. എന്തുചെയ്യണമെന്നറിയാതെ ഉഴറി നടക്കുന്നവര്‍. പുതിയ വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവര്‍ക്ക് തണലാകാന്‍ നമുക്ക് സാധിക്കണം. അത്തരം നന്മകള്‍ കൊണ്ട് മാനുഷിക മൂല്യത്തെ ഉയര്‍ത്തിക്കാണിക്കുന്ന, പാരത്രിക വിജയത്തിനുതകുന്ന ഒന്നായി ഈ വര്‍ഷം മാറട്ടെ.

Latest