Connect with us

Kerala

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍; ഓണ്‍ലൈന്‍ ഹിയറിംഗിന് അവസരം

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഹിയറിംഗിന് ഓണ്‍ലൈന്‍ വഴിയോ, മൊബൈല്‍ ഫോണ്‍/വീഡിയോകോള്‍ വഴിയോ മറ്റ് വിധത്തിലോ ഹാജരാകുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. കണ്ടെയിന്റ്മെന്റ് സോണുകള്‍ മാറി മാറി വരുന്ന സാഹചര്യത്തിലും കോവിഡ് വ്യാപനം മൂലം അപേക്ഷകര്‍ക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തിലുമാണ് വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനോ ഭേദഗതി വരുത്തുന്നതിനോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടില്‍ ഒപ്പ് പതിച്ച്, ഫോറം നമ്പര്‍ 14-ല്‍ ഫോട്ടോ ഉള്‍പ്പെടെ, രേഖകള്‍ സഹിതം ഇ മെയിലായോ നേരിട്ടോ ആള്‍വശമോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ലഭ്യമാക്കാം.

ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ ഓണ്‍ലൈന്‍ വഴിയോ, മൊബൈല്‍ ഫോണ്‍/ വീഡിയോകോള്‍ വഴിയോ മറ്റ് വിധത്തിലോ അപേക്ഷയിലെ വിവരങ്ങള്‍ ബോധ്യപ്പെട്ട് തുടര്‍ നടപടി സ്വീകരിക്കാം. ഫോറം 5-ല്‍ ലഭിക്കുന്ന ആക്ഷേപങ്ങള്‍ക്കും ഹിയറിംഗിന് ഹാജരാകാന്‍ കഴിയാത്തവര്‍ക്കും ഓണ്‍ലൈന്‍, മൊബൈല്‍ ഫോണ്‍/ വീഡിയോകോള്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാം.

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ രണ്ടാംഘട്ട പുതുക്കലിനുള്ള കരട് പട്ടിക ഈ മാസം 12-ന് പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ആഗസ്റ്റ് 26 വരെ അപേക്ഷ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26 ന് പ്രസിദ്ധീകരിക്കും.

Latest