Connect with us

Ongoing News

വിമാനത്താവള കൈമാറ്റം അഥവാ കോര്‍പറേറ്റ് വിധേയത്വം

Published

|

Last Updated

കേരളത്തോടുള്ള വെല്ലുവിളിയാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം. കൊവിഡ് കാലത്ത് പ്രത്യക്ഷ പ്രതിഷേധ സമരങ്ങള്‍ ഉയരില്ലെന്ന ധൈര്യത്തിലായിരിക്കണം തിരക്കിട്ട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. തിരുവനന്തപുരത്തോടൊപ്പം ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനിക്ക് കൈമാറുന്നുണ്ട്. അഹമ്മദാബാദ്, ലക്‌നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ നേരത്തേ തന്നെ നല്‍കിക്കഴിഞ്ഞതാണ്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് നിശ്ചിത ഫീസ് നല്‍കണമെന്ന വ്യവസ്ഥയില്‍ 50 വര്‍ഷത്തേക്കാണ്‌കൈമാറ്റം. ഒന്നില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഒരാള്‍ക്ക് നല്‍കരുതെന്നാണ് ധനകാര്യ വകുപ്പിന്റെയും നിതി ആയോഗിന്റെയും നിര്‍ദേശം. അത് മറന്നുകൊണ്ടാണ് അദാനിക്ക് രാജ്യത്തെ വിമാനത്താവളങ്ങള്‍ ഒന്നൊന്നായി കൈമാറുന്നത്. പൊതുമേഖലാ സ്ഥാപനവും ആയുധ നിര്‍മാണത്തില്‍ പതിറ്റാണ്ടുകളുടെ പരിചയവുമുള്ള ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ലിമിറ്റഡിനെ തഴഞ്ഞ് റാഫേല്‍ ആയുധ വിമാന നിര്‍മാണം മുകേഷ് അംബാനിയുടെ റിലയന്‍സിന് നല്‍കിയതു പോലെ കേവലം കോര്‍പറേറ്റ് വിധേയത്വം മാത്രമാണ് വിമാനത്താവള കൈമാറ്റത്തിനു പിന്നിലുമുള്ളത്. ആയുധ നിര്‍മാണ രംഗത്ത് റിലയന്‍സിനെന്ന പോലെ വ്യോമയാന രംഗത്ത് അദാനിക്കും യാതൊരു മുന്‍ പരിചയവുമില്ല. ഈ കൈമാറ്റത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് തടയാനും കേരളത്തിന് ലഭ്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍ പരമാവധി ശ്രമിച്ചതാണ്. ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (ഐ എ എ) കീഴിലുള്ള വിമാനത്താവളങ്ങള്‍ പൊതു, സ്വകാര്യ പങ്കാളിത്ത സംവിധാനത്തിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ഇതിന്റെ ഭാഗമായി ആറ് വിമാനത്താവളങ്ങള്‍ ലേലത്തിനു വെക്കുകയും ചെയ്തപ്പോള്‍, തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാറിനെ ഏല്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി മോദിയെ കണ്ട് കേരളം ആവശ്യപ്പെട്ടിരുന്നു. ലാഭകരമായി അത് നടത്തിക്കൊണ്ടുപോകാന്‍ കേരളത്തിനാകുമെന്ന് കൊച്ചി, കണ്ണൂര്‍ വിമാനത്താവള നടത്തിപ്പിന്റെ അനുഭവ സമ്പത്ത് എടുത്തുകാണിച്ച് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതുമാണ്. 380 കോടി രൂപയാണ് സിയാലിന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭം. ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ കേരളത്തിന്റെ വിമാനത്താവള നടത്തിപ്പ് മാതൃകയെ പ്രശംസിക്കുകയുമുണ്ടായി. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളം നേരിട്ട് കൈമാറാന്‍ സാധിക്കില്ലെന്നും കേരളത്തിന് വേണമെങ്കില്‍ ചട്ടങ്ങള്‍ പാലിച്ച് ലേലത്തില്‍ പങ്കെടുക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കേണ്ട രാജ്യതാത്പര്യത്തിലധിഷ്ഠിതമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ലേലത്തില്‍ പങ്കെടുക്കാതെ തന്നെ വിമാനത്താവളം കേരളത്തിന് കൈമാറാമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട്ടെ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് പൂട്ടാനും അതിന്റെ ആസ്തികള്‍ വിറ്റൊഴിക്കാനും തീരുമാനിച്ച ഘട്ടത്തില്‍, കേരളം അതേറ്റെടുക്കാന്‍ തയ്യാറാണെന്നറിയിച്ചപ്പോള്‍ കേന്ദ്രം അത് അംഗീകരിക്കുകയും കേരളത്തിന് കൈമാറുകയും ചെയ്തതാണ്. അന്ന് ലേല നടപടികളിലേക്കൊന്നും കടക്കാതെ 53 കോടി രൂപ ആസ്തിബാധ്യത കണക്കാക്കിയാണ് കേന്ദ്രവും കേരളവും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പു വെച്ചത്. ഈ നിലപാട് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിലും കേന്ദ്രത്തിന് സ്വീകരിക്കാമായിരുന്നു. ഏത് വിധേനയും വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലക്ക് പോകരുതെന്ന നിര്‍ബന്ധത്തില്‍ കേരളം ലേലത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കൂടുതല്‍ തുക കാണിച്ച ലേലക്കാരനെന്ന പേരില്‍ കേന്ദ്രം അദാനിക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയാണുണ്ടായത.് യാത്രക്കാരനൊന്നിന് 168 രൂപ നല്‍കാമെന്നായിരുന്നു ടെന്‍ഡറിലെ അദാനി ഗ്രൂപ്പിന്റെ വാഗ്ദത്തം. കേരളം കാണിച്ചത് 138 രൂപയായിരുന്നു. അന്ന് ലേലത്തിനു വെച്ച ആറ് വിമാനത്താവളങ്ങളില്‍ അഞ്ചും ലഭ്യമാകത്തക്ക വിധം ലേലങ്ങളില്‍ നിരക്ക് കാണിക്കാന്‍ അദാനിക്കെങ്ങനെ സാധിച്ചുവെന്ന കാര്യം ദുരൂഹമാണ്.

സംസ്ഥാന സര്‍ക്കാര്‍ വില കൊടുത്ത് വാങ്ങിയ 365 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം നിര്‍മിച്ചത്. ഭൂമിയുടെ വില ഓഹരി മൂല്യമായി സംസ്ഥാന സര്‍ക്കാറിന് ലഭിക്കുമെന്ന വ്യവസ്ഥയിലായിരുന്നു രാജ്യാന്തര ടെര്‍മിനലിന്റെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പിന്നീട് 23.57 ഏക്കര്‍ സ്ഥലം ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സൗജന്യമായി കൈമാറിയത്. 2018ല്‍ നിതി ആയോഗ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധികള്‍ ഇക്കാര്യം ഓര്‍മിപ്പിക്കുകയും ഭൂമി കേരളത്തിന് അവകാശപ്പെട്ടതാകയാല്‍ സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ അത് കൈമാറരുതെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാണ് സംസ്ഥാനം ഈ സ്ഥലം ഏറ്റെടുത്തത്. കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ വില്‍പ്പനക്ക് വിസമ്മതിച്ച സ്ഥലമുടമകളെ വികസനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയാണ് സര്‍ക്കാര്‍ അന്ന് സമ്മതിപ്പിച്ചത്. ഇതാണിപ്പോള്‍ കോര്‍പറേറ്റ് പ്രമുഖന്‍ അദാനിയുടെ കരങ്ങളിലേക്ക് നീങ്ങുന്നത്.

വിമാനത്താവളങ്ങള്‍ കൂടുതല്‍ ലാഭകരമാക്കുകയും നേരത്തേ പൊതു, സ്വകാര്യ പങ്കാളിത്തത്തിനു കീഴിലാക്കിയ (പി പി പി ) ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ കൈവരിച്ച പുരോഗതിയിലേക്ക് മറ്റു വിമാനത്താവളങ്ങളെയും ഉയര്‍ത്തുകയുമാണ് ആറ് വിമാനത്താവളങ്ങള്‍ കൂടി പി പി പി രീതിയിലേക്ക് മാറ്റുന്നതിന്റെ ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാല്‍ മുംബൈ വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത ജി വി കെ ഗ്രൂപ്പ് കള്ളക്കണക്കുണ്ടാക്കി സര്‍ക്കാറിനു നല്‍കേണ്ട ലാഭവിഹിതത്തില്‍ വെട്ടിപ്പു നടത്തിയതിന് നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. വിമാനത്താവള വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്ന വ്യാജേന ജി വി കെ ഗ്രൂപ്പ് 2012നും 2018നുമിടയില്‍ 805 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഇതിനിടെ ഗ്രൂപ്പിന്റെ മുംബൈയിലെയും ഹൈദരാബാദിലെയും ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുകയും ഗ്രൂപ്പ് ഉടമസ്ഥന്‍ ജി വി കെ റെഡ്ഡിക്കും കമ്പനിക്കുമെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കോര്‍പറേറ്റ് ഭീമന്റെ കൈയിലെത്തുന്നതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഗതിയും ഈ വിധത്തിലാകുമോ എന്തോ?

---- facebook comment plugin here -----

Latest