Articles
പ്രശാന്ത് ഭൂഷണ്‍ തുറന്നു പറഞ്ഞത്
‘നമ്മുടെ രാജ്യ ചരിത്രത്തിലെ ഈ നിര്‍ണായക ഘട്ടത്തില്‍ ഞാന്‍ തീര്‍ച്ചയായും നിര്‍വഹിക്കേണ്ട കടമയുടെ ചെറിയ ഭാഗമായിരുന്നു എന്റെ ട്വീറ്റുകള്‍. ഞാന്‍ ട്വീറ്റ് ചെയ്തത് മനസ്സറിവില്ലാതെയല്ല. അതിലുള്ളത് എന്റെ ശരിയായ അഭിപ്രായമാണ്. ഇപ്പോഴും അതുതന്നെയാണ് എന്റെ അഭിപ്രായം. അതിന്റെ പേരില്‍ ഞാന്‍ മാപ്പ് പറഞ്ഞാല്‍ അത് വ്യാജവും അവമതിപ്പ് ഉളവാക്കുന്നതുമായിരിക്കും. അതിനാല്‍ ഒരു വിചാരണ സമയത്ത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്, “ഞാന്‍ ദയക്കായി യാചിക്കുകയോ ഔദാര്യത്തിനായി ആഗ്രഹിക്കുന്നോ ഇല്ല. അതുകൊണ്ട് കോടതി കുറ്റകരമെന്ന് കണ്ടെത്തിയ പ്രവൃത്തിക്ക് നിയമപരമായ ഏത് ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങാന്‍ തയ്യാറായാണ് ഞാന്‍ നില്‍ക്കുന്നത്. കോടതി കുറ്റകരമെന്ന് നിശ്ചയിച്ച എന്റെ പ്രവര്‍ത്തനങ്ങളെ ഒരു പൗരന്റെ ഏറ്റവും വലിയ കടമയായാണ് ഞാന്‍ കണക്കാക്കുന്നത്.”
മഹാത്മാ ഗാന്ധിയെ ഓര്‍മിപ്പിച്ചു പ്രശാന്ത് ഭൂഷണ്‍ ഇന്നലെ സുപ്രീം കോടതിയില്‍. നേരത്തേ തയ്യാറാക്കിയ പ്രസ്താവന വായിച്ചു കൊണ്ടാണ് അദ്ദേഹം സുപ്രീം കോടതിയുടെ ചരിത്രത്തിലെ വേറിട്ട ശബ്ദമുയര്‍ത്തിയത്.
കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതിയിലെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് വിധിച്ചപ്പോള്‍ പ്രകടമായ ആത്മവിശ്വാസം അത്രകണ്ട് നിറഞ്ഞില്ല ഇന്നലെ. പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന വിധിയാനന്തരം അദ്ദേഹത്തെ പിന്തുണച്ചും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും 1,500ല്‍ പരം അഭിഭാഷകര്‍ മാത്രം രംഗത്തെത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയലക്ഷ്യക്കേസിലെ വിധി ശരിയായ ദിശയിലുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി മുന്‍ ജസ്റ്റിസുമാരും വിദഗ്ധരും മുന്നോട്ടുവന്നു. പ്രത്യക്ഷമായും പരോക്ഷമായും ഭരണകൂട താത്പര്യത്തിനൊത്ത വിധികള്‍ ഉന്നത നീതിപീഠത്തില്‍ നിന്ന് പുറത്തുവന്ന ഒരു നിര്‍ണായക ദശാസന്ധിയില്‍ പ്രശാന്ത് ഭൂഷണിന്റെ ശബ്ദവും ന്യായാധിപര്‍ അനുഭവിച്ച സമ്മര്‍ദവും ജനാധിപത്യവാദികള്‍ക്കിടയില്‍ സുഖകരമായ ഓര്‍മയായി നിലനില്‍ക്കും എന്നുറപ്പാണ്.
കോടതിയലക്ഷ്യവും രാജ്യദ്രോഹക്കുറ്റവും
കോളനി വാഴ്ചയുടെ പ്രേതങ്ങള്‍
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം പിറവിയില്‍ തന്നെ പൗരസമൂഹത്തിന്റെ പേടിസ്വപ്‌നമാണ്. കോളനി രാജ്യങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ എഴുതിവെച്ച കരിനിയമം നമ്മുടെ രാജ്യത്ത് ഇന്നും കനത്തില്‍ തന്നെ തുടരുന്നു. ഗാന്ധിയടക്കമുള്ള പ്രമുഖ ദേശീയ പ്രസ്ഥാന നേതാക്കളെ രാജ്യദ്രോഹക്കുറ്റം വേട്ടയാടി സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍. നിയമ പുസ്തകത്തിലെ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന ആവശ്യത്തിന് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മേല്‍ക്കൈ ലഭിക്കാതെ പോയത് എന്തുകൊണ്ടാകും. പ്രസ്തുത നിയമം ഭരണകൂടങ്ങള്‍ക്ക് വഴിയില്‍ എവിടെയെങ്കിലും തുണയാകാതിരിക്കില്ലെന്ന് ചിലരെങ്കിലും കരുതിക്കാണും. ക്രിമിനല്‍ കോടതിയലക്ഷ്യ നിയമത്തിലെ അവ്യക്തത മേല്‍ പ്രസ്താവിത മാതൃകയില്‍ ന്യായാധിപര്‍ക്കും കുടപിടിക്കുന്നുണ്ട്. അതിനുമുള്ളത് ബ്രിട്ടീഷ് ഛായ തന്നെയാണ്.
ചക്രവര്‍ത്തി നിയമത്തിന് അതീതനാണെന്നും അദ്ദേഹം കുറ്റം ചെയ്താല്‍ വിചാരണ ചെയ്യപ്പെടില്ലെന്നുമെന്നത് മധ്യകാല യൂറോപ്പില്‍ പൊതുവിലും ഇംഗ്ലണ്ടില്‍ വിശേഷിച്ചും സ്ഥാപനവത്കരിക്കപ്പെട്ടുപോയ നിയമ വാക്യമാണ്. രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനാണ്. നിയമം ഉണ്ടാക്കാനും നീതി നടപ്പാക്കാനുമുള്ള അധികാരം ഏകചത്രാധിപതി തിരുമനസ്സിനാകയാല്‍ അദ്ദേഹത്തിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ അത് ഒരേ സമയം “ദൈവഹിത”ത്തെ അപഹസിക്കലും ന്യായാധിപനെ ചോദ്യം ചെയ്യുന്ന ഗുരുതര കുറ്റകൃത്യവുമായി കണക്കാക്കപ്പെട്ടു. ആധുനിക രാഷ്ട്രത്തിലെ പരമോന്നത നീതിപീഠത്തിന്റേതിന് സമാനമായ ധര്‍മവും ഉത്തരവാദിത്വവും നിര്‍വഹിച്ചിരുന്ന പരമാധികാരികളെ വിമര്‍ശനാതീതരാക്കാനുള്ള ചെപ്പടിവിദ്യയായിരുന്നു മധ്യകാല യൂറോപ്പിലെ കോടതിയലക്ഷ്യം. അവിടെ വാദിയായ ഏകാധിപതി പ്രതിയെ ഏകപക്ഷീയ വിചാരണ നടത്തി ശിക്ഷിച്ചിരുന്നതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. എന്നാല്‍ ആധുനിക ജനാധിപത്യ സാമൂഹിക ക്രമത്തില്‍ ന്യായാധിപര്‍ തന്നെ അന്യായക്കാരും വിചാരണ നടത്തി ശിക്ഷ വിധിക്കുന്ന തീര്‍പ്പുകാരുമാകുന്നതില്‍ അസ്വാഭാവികത വേണ്ടുവോളമുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിനില്‍ക്കുന്ന ജനാധിപത്യ വളര്‍ച്ചയും സ്വേഛാധിപത്യത്തിന്റെ മധ്യകാല യാഥാര്‍ഥ്യങ്ങളും ചേര്‍ത്തു നിര്‍ത്തിയാല്‍ ബോധ്യപ്പെടുന്ന കാര്യമാണത്.
ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി 1926ലാണ് കോടതിയലക്ഷ്യ നിയമം ഒരു ചട്ടക്കൂടിനുള്ളില്‍ നിയമ പ്രാബല്യം കൈവരിക്കുന്നത്. അതിന് മുമ്പ് വിവിധ പ്രവിശ്യകളില്‍ പ്രത്യേക നിയമങ്ങളുണ്ടായിരുന്നു. മാത്രമല്ല 1926ലെ ആക്ടിന്റെ പരിധിയില്‍ വരാത്ത നാട്ടുരാജ്യങ്ങളില്‍ വേറെയും കോടതിയലക്ഷ്യ നിയമങ്ങളുണ്ടായിരുന്നു. നമ്മുടെ നിയമങ്ങളില്‍ പലതും ബ്രിട്ടീഷ് കോമണ്‍ ലോ ചില മാറ്റങ്ങളോടെ ലിഖിത രൂപത്തില്‍ സ്വതന്ത്രാസ്തിത്വം നേടിയതാണ്. ആ തുടര്‍ച്ചയില്‍ തന്നെയാണ് കോടതിയലക്ഷ്യ നിയമവുമെന്ന് ചുരുക്കം. പിന്നീട് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 1952ല്‍ ഭേദഗതികളോടെ പുതിയ നിയമം പാസ്സാക്കുകയായിരുന്നു. തുടര്‍ന്നും പരിഷ്‌കരണ മുറവിളി ഉയര്‍ന്നപ്പോഴാണ് 1971ല്‍ ഇപ്പോള്‍ നിലവിലുള്ള കോടതിയലക്ഷ്യ നിയമം രൂപപ്പെട്ടത്.
കോടതിയലക്ഷ്യ നിയമത്തിന്റെ വകുപ്പ് 2(സി)(ഒന്ന്) ക്രിമിനല്‍ കോടതിയലക്ഷ്യം എന്താണെന്ന് വിശദീകരിക്കുന്നതില്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തല്‍(Scandalising the court) കുറ്റകരമാണ്.
പ്രസ്താവിത അപകീര്‍ത്തി എന്തെന്ന് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ലെന്നിരിക്കെ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ക്രിമിനല്‍ കോടതിയലക്ഷ്യത്തെ സാധൂകരിക്കാന്‍ വേണ്ട “അപകീര്‍ത്തിപ്പെടുത്തലി”നെ ഒരു ചട്ടുകമാക്കി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന പരാതി നേരത്തേ ഉയര്‍ന്നുവന്നതാണ്. സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകനും പൊതുതാത്പര്യ ഹരജികളുടെ വക്താവ് എന്ന അപര നാമത്തിലറിയപ്പെടുകയും ചെയ്യുന്ന പ്രശാന്ത് ഭൂഷണിനെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ശിക്ഷിച്ചപ്പോള്‍ ക്രിമിനല്‍ കോടതിയലക്ഷ്യത്തിലെ പഴുതുകള്‍ വീണ്ടും പ്രശ്‌നവത്കരിക്കപ്പെടുകയും ക്രിമിനല്‍ കോടതിയലക്ഷ്യത്തിലെ ഒന്നാമത്തെ ഉപവകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടിരിക്കുകയുമാണ്. തദ്വിഷയകമായ ഹരജി ഇതിനകം സുപ്രീം കോടതിയിലെത്തിയിട്ടുമുണ്ട്.
ഭരണഘടനയുടെ ആമുഖത്തിലെ മൂല്യങ്ങളോടും അതിന്റെ മൗലിക സ്വഭാവ(Basic structure)ത്തോടും സമീകരിക്കാന്‍ കഴിയാത്തതാണ് ക്രിമിനല്‍ കോടതിയലക്ഷ്യം വിശദീകരിക്കുന്ന ഉപവകുപ്പ് എന്ന വാദം അസംഗതമല്ല. വിമര്‍ശങ്ങള്‍ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ആരോഗ്യകരമായ വിമര്‍ശങ്ങളെ നീതിപീഠവും ഉള്‍ക്കൊള്ളണം എന്ന് തന്നെയാണ് ഭരണഘടനയുടെ പൊരുള്‍. വസ്തുതാപരമായ വിമര്‍ശങ്ങള്‍ പോലും അസ്വീകാര്യമാണെന്ന് കോടതി വിധികളിലൂടെ പറയുന്ന ന്യായാധിപര്‍ ഇന്ത്യയെ ആധുനിക പുരോഗമന ജനാധിപത്യ റിപ്പബ്ലിക്കായി പേര്‍ത്തും പേര്‍ത്തും വിശേഷിപ്പിക്കാറുണ്ട്. മറുത്തൊരു വാക്ക് മിണ്ടാന്‍ പാടില്ലെങ്കില്‍ പിന്നെ എവിടെയാണ് അത്തരമൊരു ജനാധിപത്യം കുടികൊള്ളുന്നത്.
മൗലികാവകാശമായി ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അതിര്‍ വരമ്പുകളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണഘടനയില്‍ തന്നെ വിശദീകരിക്കുന്ന ന്യായമായ നിയന്ത്രണങ്ങളിലൊന്നാണ് കോടതിയലക്ഷ്യം. കോടതിയലക്ഷ്യത്തെ പ്രതി അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രണ പരിധിയില്‍ കൊണ്ടുവരാമെങ്കിലും അവ്യക്തതകളേറെയുള്ള “അപകീര്‍ത്തി”യുടെ പേരില്‍ മൗലികാവകാശത്തിന് മൂക്കുകയറിടുന്നത് അന്യായവും അമിതാധികാര പ്രയോഗവുമാണ്. അപകീര്‍ത്തികരം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് എല്ലാതരം എതിര്‍ ശബ്ദങ്ങള്‍ക്കും തടയിടാനുള്ള ന്യായാധിപരുടെ ശ്രമത്തില്‍ 14ാം ഭരണഘടനാനുഛേദം ആവശ്യപ്പെടുന്ന തുല്യനീതിയെക്കൂടി നിഷേധിക്കുന്നുണ്ട്. കോടതികളില്‍ പൊതുജനത്തിനുള്ള വിശ്വാസമുടയും എന്ന പ്രതിരോധമുയര്‍ത്തുന്ന ബഹുമാന്യ ന്യായാധിപര്‍, ആന്തരിക ജീര്‍ണതകളാണ് ന്യായാസനങ്ങളില്‍ നിന്ന് ജനസാമാന്യത്തെ അകറ്റുന്നത് എന്ന യാഥാര്‍ഥ്യത്തിന് നേരേ കണ്ണടക്കുകയാണ്.
പ്രശാന്ത് ഭൂഷണ്‍ നടത്തിയ രണ്ട് ട്വീറ്റുകളെ മുന്‍നിര്‍ത്തി അദ്ദേഹം കോടതിയലക്ഷ്യ കുറ്റത്തിന് ശിക്ഷാര്‍ഹനാണെന്ന് ആഗസ്റ്റ് 14ന് സുപ്രീം കോടതിയിലെ മൂന്നംഗ ബഞ്ച് പുറപ്പെടുവിച്ച വിധി അനാവശ്യമായ ഒരു കീഴ് വഴക്ക(Precedent)മായി മാറുന്നത് നമ്മുടെ പരമോന്നത നീതിപീഠത്തിന്റെ ചരിത്രത്തിലെ ഒരു കളങ്കമായിരിക്കും. ന്യായാധിപരെയും കോടതി വിധികളെയും വിമര്‍ശന വിധേയമാക്കാന്‍ തുനിഞ്ഞാലുള്ള ഗതി ഇതാകും എന്നാണ് കോടതി വിധിയുടെ അര്‍ഥമെങ്കില്‍ നിരാശാജനകം എന്നല്ലാതെ എന്തു പറയാന്‍. പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് വിശദീകരിക്കുന്ന 108 പേജുള്ള വിധിയില്‍, ഇത്തരം വിമര്‍ശങ്ങളെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് രാജ്യത്തിന്റെ യശസ്സിന് കളങ്കമേല്‍പ്പിക്കുമെന്ന് കാണാം. ന്യായാധിപരുടെ അനുചിത നടപടികളെ പ്രശ്‌നവത്കരിച്ചാല്‍ രാജ്യത്തിന്റെ കീര്‍ത്തിക്ക് കോട്ടം സംഭവിക്കുമെന്ന വാദത്തിന് എന്തടിസ്ഥാനമാണുള്ളതെന്ന് മനസ്സിലാകുന്നില്ല.
ക്രിമിനല്‍ കോടതിയലക്ഷ്യ നിയമത്തെ നിര്‍വചിച്ചതിലാണ് അനിശ്ചിതത്വമെങ്കില്‍ ഐ പി സിയിലെ 124( എ) വകുപ്പ് മുന്നോട്ടുവെക്കുന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ പ്രയോഗത്തിലാണ് പ്രശ്‌നം. അടിസ്ഥാനപരമായി അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ല ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം. എന്നാല്‍ രാഷ്ട്രീയ എതിരാളികളെയും അപരത്വം അടിച്ചേല്‍പ്പിക്കപ്പെട്ടവരെയും വേട്ടയാടാനുള്ള ആയുധമായി ഉപയോഗിക്കുകയാണ് ഭരണകൂടം ഈ ബ്രിട്ടീഷ് നിയമത്തെ.
രാജ്യദ്രോഹക്കുറ്റം അഭിപ്രായ സ്വാതന്ത്ര്യത്തെ കഴുമരത്തിലേറ്റുന്നില്ലെന്നും അത് ദുരുപയോഗം ചെയ്യരുതെന്നും ചൂണ്ടിക്കാട്ടി പലതവണ സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയിട്ടുണ്ട്. 1962ലെ ചരിത്രപ്രധാനമായ കേദാര്‍നാഥ് കേസില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണം അവ്വിധം ശ്രദ്ധേയമാണ്. നിയമാനുസൃതം സ്ഥാപിക്കപ്പെട്ട ഭരണകൂടത്തിനെതിരെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കാതിരിക്കുകയും ക്രമസമാധാന ലംഘനമുണ്ടാക്കാന്‍ ഉദ്ദേശിക്കാതിരിക്കുകയും ചെയ്യുന്ന കാലത്തോളം ഒരു പൗരന് സര്‍ക്കാറിനെക്കുറിച്ചും സര്‍ക്കാര്‍ നടപടികളെക്കുറിച്ചും പറയാനും എഴുതാനുമുള്ള അവകാശമുണ്ടെന്നായിരുന്നു പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പ്. ഈയടുത്തും കേദാര്‍നാഥിലെ വിധിയെ സുപ്രീം കോടതി ശരിവെക്കുകയുണ്ടായി.
തീവ്രവാദികളെയും സാമൂഹിക വിരുദ്ധ ശക്തികളെയും അമര്‍ച്ച ചെയ്യാനാണ് രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തിയിരിക്കുന്നത് എന്ന എതിര്‍വാദമുയര്‍ത്തുന്ന ഭരണകൂടം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. ഐ പി സിയിലെ തന്നെ 121,121( എ) വകുപ്പുകള്‍ മേല്‍ചൊന്ന ലക്ഷ്യത്തിന് മതിയായതാണ്. ബ്രിട്ടന്റെ കോളനികളായിരുന്ന രാജ്യങ്ങളില്‍ നിന്ന് നേരത്തേ തിരോഭവിച്ച രാജ്യദ്രോഹക്കുറ്റത്തെ ബ്രിട്ടനും കൈയൊഴിഞ്ഞിട്ടും ജനാധിപത്യ ഇന്ത്യക്ക് മാത്രം എങ്ങനെയാണ് അതിണങ്ങുക. ബ്രിട്ടീഷ് അപ്രമാദിത്വത്തെ അരക്കിട്ടുറപ്പിക്കാന്‍ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റവും കോടതിയലക്ഷ്യവും നമുക്ക് വേണ്ടെന്ന് വെക്കാന്‍ അവസരമൊരുങ്ങിയിരിക്കുകയാണിപ്പോള്‍. പക്ഷേ, വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ അവ്വിധം ചരിത്രപരമായൊരു നീക്കം നടക്കുമെന്ന് വിചാരിക്കുന്നത് അവിവേകമായിരിക്കുമെന്ന് മാത്രം.