Ongoing News
ജിമെയിലിനെ ബാധിച്ച സുരക്ഷാ പ്രശ്‌നം ഗൂഗ്ള്‍ പരിഹരിച്ചു
ന്യൂയോര്‍ക്ക് | ജിമെയിലിനെയും ജി സ്യൂട്ട് ഇമെയില്‍ സര്‍വറുകളെയും ബാധിച്ച സുരക്ഷാ പ്രശ്‌നം പരിഹരിച്ച് ഗൂഗ്ള്‍. ഇതുസംബന്ധിച്ച് ഏപ്രിലിലാണ് ഗൂഗിളിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നത്. ബഗ് പ്രശ്‌നം പരിഹരിക്കാന്‍ നാല് മാസമാണ് ഗൂഗ്ള്‍ എടുത്തത്.
ഏത് ജിമെയില്‍, ജിസ്യൂട്ട് ഉപയോക്താവിന്റെയും പേരില്‍ ഹാക്കര്‍മാര്‍ക്ക് വ്യാജ ഇമെയിലുകള്‍ അയക്കാന്‍ സാധിക്കുമായിരുന്ന ബഗ് ആയിരുന്നു ഇത്. ഏപ്രില്‍ ഒന്നിനാണ് സുരക്ഷാ ഗവേഷകന്‍ ഇത് കണ്ടെത്തി ഗൂഗിളിന് റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ ഇമെയിലുകള്‍ അയക്കുമ്പോള്‍ സെന്‍ഡര്‍ പോളിസി ഫ്രെയിംവര്‍ക് (എസ് പി എഫ്), ഡൊമൈന്‍ അടിസ്ഥാനമാക്കിയുള്ള മെസ്സേജ് ഒതന്റിക്കേഷന്‍, റിപ്പോര്‍ട്ടിംഗ്, കണ്‍ഫേമന്‍സ് (ഡി എം എ ആര്‍ സി) തുടങ്ങിയവ മറികടക്കാനും സാധിക്കുമായിരുന്നു.
ഈ ബഗിനെ സംബന്ധിച്ച് സുരക്ഷാ ഗവേഷകനായ അലിസന്‍ ഹുസൈന്‍ തന്റെ ബ്ലോഗിലൂടെ പരസ്യപ്പെടുത്തിയിരുന്നു. സെപ്തംബറോടെ ഗൂഗ്ള്‍ ഇത് പരിഹരിക്കുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍, ബഗ് വിഷയം പരസ്യപ്പെടുത്തിയതോടെ ഏഴ് മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഗൂഗിളിന് സാധിച്ചു.