Connect with us

Kozhikode

ഖിലാഫത്തിന്റെ സന്ദേശം കൂടുതൽ കരുത്തേറേണ്ട സാഹചര്യം: ഡോ. കെ കെ എൻ കുറുപ്പ്

Published

|

Last Updated

കോഴിക്കോട് | “മാപ്പിളലഹള”യെന്ന് വിളിക്കപ്പെട്ട മലബാർ കലാപത്തിന് ഇന്നലെ 100 വർഷം പൂർത്തിയായി. അടിമത്തത്തിനെതിരായ ഖിലാഫത്തിന്റെ സന്ദേശം കൂടുതൽ കരുത്തേറേണ്ട സാഹചര്യമാണുള്ളതെന്ന് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. കെ കെ എൻ കുറുപ്പ് പറയുന്നു.
ചരിത്രത്തിൽ അതിന് മുമ്പോ പിമ്പോ കേരളം കണ്ടിട്ടില്ലാത്തത്ര വമ്പിച്ച സാമ്രാജ്യത്വ വിരോധ സമരം തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തുടങ്ങിയത് 1921 ആഗസ്റ്റ് 20നായിരുന്നു. 1921 ആഗസ്റ്റ് 20ന് പുലർച്ചെ മലബാർ ജില്ലാ കലക്്ടർ തോമസിന്റെയും ജില്ലാ പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്കിന്റെയും നേതൃത്വത്തിൽ തിരൂരങ്ങാടി പള്ളി വളഞ്ഞ് ഖിലാഫത്ത് നേതാക്കളായ ആലി മുസ്‌ലിയാരെയും വടക്കെവീട്ടിൽ മുഹമ്മദിനെയും അറസ്റ്റ് ചെയ്യാൻ നടത്തിയ നീക്കത്തെ തുടർന്നാണ് ചരിത്രം സൃഷ്ടിച്ച കലാപം ആരംഭിക്കുന്നത്.

നിരക്ഷരരും നിരായുധരുമായ സാധു കൃഷിക്കാർ സാമ്രാജ്യാധിപത്യത്തിന്റെ വൻ സന്നാഹങ്ങളോട് ആയുധമെടുത്തെതിർക്കാൻ കാണിച്ച ധീര സമരമായിരുന്നു മലബാർ കലാപം. കോൺഗ്രസിന്റെയും ഖിലാഫത്ത് കമ്മിറ്റിയുടെയും സമരസന്ദേശം കേട്ടാണ് പതിനായിരക്കണക്കിന് ധീരരായ മാപ്പിളമാർ വെള്ളപ്പട്ടാളത്തിന്റെ തോക്കിന് മാറ് കാണിച്ച് നാല് മാസത്തോളം പോരാടിയത്. പൂക്കോട്ടൂർ യുദ്ധമെന്ന സമരത്തിൽ ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടാനൊരുങ്ങിയ മാപ്പിളമാരെ തൂക്കിക്കൊല്ലുകയും ആയിരത്തിലധികം പേരെ ആന്തമാനിലും മറ്റും ജയിലുകളിലിട്ട് നരകിപ്പിക്കുകയും എണ്ണമറ്റ മാപ്പിളകുടുംബങ്ങളെ അനാഥമാക്കുകയും ചെയ്തു. മനുഷ്യത്വം മരവിച്ച “വാഗൺട്രാജഡി” ഇന്നും രക്തം കിനിയുന്ന ഏടായി അവശേഷിക്കുന്നു. ആലി മുസ്്‌ലിയാർ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ പോരാളികളുടെ നെഞ്ചൂക്ക് ഇന്നും ചർച്ച ചെയ്യപ്പെടുന്നു.

സാമ്രാജ്യത്വം അതിന്റെ രൂപവും ഭാവവും മാറ്റിയെങ്കിലും ഇന്നും മനുഷ്യന്റെ വിമോചനത്തെ സർവ തന്ത്രങ്ങളും ഉപയോഗിച്ച് തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. കെ കെ എൻ കുറുപ്പ് പറയുന്നു. ഭരണകൂടം കോർപറേറ്റുകൾക്ക് കീഴടങ്ങുന്നത് പുതിയ സാമ്രാജ്യാധിപത്യത്തിന്റെ രൂപമാണ്. കോർപറേറ്റുകൾ സർക്കാറിനെ വരെ കൈവശപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരമാണ് തിരുവനന്തപുരം എയർപോർട്ടിന്റെ വിൽപ്പന. പൊതുമേഖലകൾ ഒന്നൊന്നായി വിറ്റുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നമായ പട്ടിണി, പാർപ്പിടം, ആരോഗ്യ പരിചരണം പോലുള്ള കാര്യങ്ങൾ പരിഹരിക്കാൻ സന്നദ്ധമാകുന്ന ഒരു സംസ്ഥാന സർക്കാറിനെ നിലനിൽക്കാൻ പോലും ധനമൂലധനം അനുവദിക്കില്ലെന്നതിന്റെ തെളിവുകളാണ് കേരളത്തിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ ചേരിതിരിവിലൂടെ രാഷ്ട്രീയാധികാരം നേടിയ മതം കോർപറേറ്റുകളുമായി സന്ധിചെയ്യുന്ന കാഴ്ചയാണ് ഇന്ത്യയിൽ കാണുന്നത്. ഇതു ജനങ്ങൾക്കും ജനാധിപത്യ വ്യവസ്ഥക്കും എതിരായ യുദ്ധമാണ്. ഇത്തരം സന്ദർഭങ്ങളിലാണ് ഖിലാഫത്തിന്റെ സന്ദേശം ഉയർന്നു നിൽക്കുന്നത്. വിമോചന പോരാട്ടങ്ങൾ ഏതെങ്കിലും വിഭാഗങ്ങളിലോ പ്രദേശത്തോ ഒതുങ്ങിനിൽക്കാൻ പാടില്ലെന്നതാണ് മലബാർ കലാപം നൽകുന്ന താക്കീത്. ബഹുജനങ്ങളെ ആകമാനം പങ്കാളികളാക്കിക്കൊണ്ടുള്ള മുന്നേറ്റങ്ങൾക്ക് മാത്രമേ ലക്ഷ്യം നേടാൻ കഴിയു. ബ്രിട്ടീഷ് കോളനികൾ പോലെ മൂലധന ശക്തികൾ പുതിയ കോളനികൾ സൃഷ്ടിക്കുകയാണ്.

90കളിൽ തുടക്കം കുറിച്ച ആഗോളവത്കരണം ജനാധിപത്യ ഭരണകൂടത്തെ പോലും കീഴടക്കിക്കഴിഞ്ഞു. ജന്മിത്വവും ബ്രിട്ടീഷ് നികുതിയും ഏതുവിധേനയാണോ അന്ന് കർഷകരെ പ്രതിഷേധത്തിലേക്കു വലിച്ചിഴച്ചത് ആ വിധത്തിലേക്ക് ജനം മാറുകയാണ്. അന്ന് ഖിലാഫത്ത് കമ്മിറ്റിയും കോൺഗ്രസും ആഹ്വാനം ചെയ്ത പോരാട്ടങ്ങൾ പുതിയ കാലത്തിനനുസൃതമായി വളരേണ്ടതുണ്ട്.

ജനാധിപത്യത്തിലെ വോട്ടിംഗ് രീതിയെ വരെ കോർപറേറ്റുകൾ വിലക്കെടുക്കുന്നു. മത മൈത്രിയുടെ പ്രതിരോധം തീർത്തുകൊണ്ട് മാത്രമേ ഇതിനെ പ്രതിരോധിക്കാനാകുകയുള്ളൂ. ലാഭം മാത്രം ലക്ഷ്യമാക്കുന്ന കോർപറേറ്റ് കാലത്ത് കൊവിഡ് പോലുള്ള രോഗഭീതി വരെ നാളെ കച്ചവടച്ചരക്കായി മാറിയേക്കാം. ഈ പ്രതിസന്ധികളിലെല്ലാം മനുഷ്യനെ വിമോചനത്തിലേക്ക് പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന പോരാട്ട സ്മരണയാണ് 1921ലെ മലബാർ കലാപവും വാരിയൻകുന്നനെ പോലെ എണ്ണിയാലൊടുങ്ങാത്ത പോരാളികളും എന്ന് അദ്ദേഹം പറയുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest