Articles
സാമൂഹിക അകലം ഓണ്‍ലൈനിലും
കുടുംബ വ്യവസ്ഥകളിലെ സമവാക്യങ്ങള്‍ പുതിയ ലോകത്ത് നാം പ്രതീക്ഷിക്കുക പോലും ചെയ്യാത്ത തരത്തില്‍ മാറിമറിയുകയാണ്. ജനനം മുതല്‍ പ്രായപൂര്‍ത്തിയാകുന്നത് വരെയോ അതല്ലെങ്കില്‍ വിവാഹം വരെയോ ഒരുവേള പിന്നീടും മക്കളുടെ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് മാതാപിതാക്കളായിരുന്നു. പതിയെപ്പതിയെ അതിലൊക്കെ മാറ്റങ്ങള്‍ വന്നുതുടങ്ങിയിരുന്നെങ്കിലും നവസമൂഹ മാധ്യമങ്ങളുടെ കടന്നുവരവ് അവയുടെ തലം മറ്റൊരു രീതിയിലെത്തിച്ചിരിക്കുകയാണ്. കുട്ടികളെക്കുറിച്ച് വീമ്പിളക്കാനും പെരുമ കാണിക്കാനും ശകാരിക്കാനും മറ്റുമായി നടത്തുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ അവര്‍ക്ക് താത്പര്യമില്ലാത്തതാണെങ്കില്‍ നിങ്ങള്‍ നിയമനടപടി നേരിടാനും ശിക്ഷിക്കപ്പെടാന്‍ പോലും സാധ്യത ഉള്ളിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ നടത്തുന്ന പോസ്റ്റുകളെ കുട്ടികള്‍ക്ക് ചോദ്യം ചെയ്യാന്‍ അവകാശമുള്ളപ്പോള്‍ തന്നെ ജാഗ്രതയില്ലാത്ത അത്തരം പ്രവണത സാമൂഹിക പ്രശ്‌നങ്ങള്‍ കൂടി സൃഷ്ടിക്കുന്നുണ്ട്.
കുഞ്ഞുങ്ങളുടെ ഫോട്ടോകളും വീഡിയോകളും മറ്റും മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന പ്രവണത വർധിച്ചുവരുന്നുണ്ട്. ഈ പ്രവണതയെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ് “ഷെയറെന്റിംഗ്”. സമൂഹമാധ്യമങ്ങളുടെ വരവോടെ പ്രശസ്തമായ ഷെയര്‍ (share) എന്ന വാക്കും പാരെന്റിംഗ് (parenting) എന്ന വാക്കും സംയോജിപ്പിച്ചാണ് ഷെയറെന്റിംഗ്് എന്ന പുതിയ വാക്ക് രൂപപ്പെട്ടത്. ഇത് “ഷാരന്റിംഗ്” എന്ന് ഉച്ചരിക്കുന്നവരുണ്ട്. പാരന്റിംഗ് പോലെ പ്രാധാന്യമുള്ള ഒരു കാര്യമാണ് ഷെയറെന്റിംഗ്.
കുട്ടികളെക്കുറിച്ച് മാതാപിതാക്കള്‍ പുറത്തുവിടുന്ന വിവരങ്ങളില്‍ പലതും കുട്ടികള്‍ക്ക് പ്രശ്നമാകുന്നു എന്നാണ് സമീപകാലത്ത് നടന്ന പഠനം വ്യക്തമാക്കുന്നത്. തങ്ങളെക്കുറിച്ചിടുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകളെ സംബന്ധിച്ച് അവര്‍ മാതാപിതാക്കളോട് സംസാരിച്ചിട്ടുണ്ടെന്നാണ് ഈ പഠനം പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത കുട്ടികളില്‍ മൂന്നില്‍ രണ്ട് പേരും മാതാപിതാക്കള്‍ തങ്ങളെക്കുറിച്ചിടുന്ന ഓണ്‍ലൈന്‍ പോസ്റ്റുകള്‍ അസ്വസ്ഥത പകരുന്നുവെന്ന അഭിപ്രായക്കാരാണ്. വിമര്‍ശനങ്ങളും കളിയാക്കലും മറ്റും തങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ വിനയാകുന്നു എന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ, പല രാജ്യങ്ങളും ഇതിനെതിരെ നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍, ഈ ചര്‍ച്ച ഉയര്‍ന്നതലത്തിൽ തന്നെ എത്തി. കുട്ടികള്‍ക്ക് അവരുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതിന് മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുക്കാവുന്ന തരത്തില്‍ ഫ്രാൻസിലെ സൈബര്‍ നിയമം ഭേദഗതി ചെയ്യപ്പെട്ടു. നിയമപ്രകാരം, മാതാപിതാക്കള്‍ക്ക് വലിയ സംഖ്യ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാം. മറ്റ് മിക്ക രാജ്യങ്ങളും കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്ര ഉടമ്പടി എന്ന അന്താരാഷ്ട്ര കരാറിലൂടെ സ്വകാര്യതക്കുള്ള അവകാശം ഉറപ്പ് നല്‍കുന്നുണ്ട്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ രൂപപ്പെട്ടപ്പോള്‍, പ്രത്യേകിച്ചും ന്യൂജെന്‍ മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും പ്രദർശിപ്പിക്കാനുള്ള ഒരു വഴി കണ്ടെത്തിയ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
കൊറോണ പ്രതിസന്ധിയെ തുടർന്ന് ആശയ വിനിമയവും വിദ്യാഭ്യാസവുമെല്ലാം ഓണ്‍ലൈനായതോടെ ഈ പ്രവണത കൂടുകയും ചെയ്തു. കുട്ടികളടക്കം ആശയവിനിമയം നടത്താനും ചലന നിശ്ചലങ്ങൾ ഷെയര്‍ ചെയ്യാനും പുതിയ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നു. കുട്ടികള്‍ അവരുടെ ചങ്ങാതിമാരില്‍ നിന്നും മറ്റും അകന്നുനില്‍ക്കുമ്പോള്‍ അവര്‍ക്ക് അധിക സ്വാതന്ത്ര്യം നാം വകവെച്ചു കൊടുത്തിട്ടുമുണ്ട്. എങ്കിലും, തങ്ങളുടെ കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ എന്താണ് ചെയ്യുന്നതെന്ന മോണിറ്ററിംഗിന് മിനക്കെടുമ്പോള്‍ തന്നെ, സ്വന്തം രീതികളെക്കുറിച്ച് ജാഗ്രത കൈക്കൊള്ളാന്‍ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.
സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ കുട്ടികളെ വിമര്‍ശിക്കുമ്പോഴും പരിഹസിക്കുമ്പോഴും ചിലപ്പോള്‍ പുകഴ്ത്തുമ്പോഴും അത് തെരുവില്‍ വെച്ച് പരിചിത- അപരിചിത ആളുകളുടെ മുന്നില്‍ വെച്ച് പറയുന്നതിന് സമാനമാണെന്ന് മനസ്സിലാക്കണം. വാക്കാലുള്ള വിമര്‍ശനങ്ങള്‍ മറന്നുപോകാന്‍ ഇടയുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ പോസ്റ്റുകള്‍ നശിക്കണമെന്നില്ല. ഇത്തരം അവസ്ഥ നേരിട്ട കുട്ടികള്‍ തങ്ങളൊരു പരാജയമാണല്ലോ എന്ന് കരുതി കടുംകൈകള്‍ നടത്തുമെന്ന് ഭയപ്പെടുന്ന മനഃശാസ്ത്രജ്ഞരുണ്ട്. ഇനി നിരുപദ്രവമെന്ന് തോന്നുന്ന ഫോട്ടോകളോ വീഡിയോകളോ ആണെങ്കിലും അതിലും ഗുരുതര പ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് പല കണക്കുകളും കാണിക്കുന്നത്.
കുട്ടികളെ കുറിച്ചുള്ള പോസ്റ്റുകള്‍ക്ക് വലിയ ശക്തിയുണ്ട്. രൂപപ്പെട്ടുവരുന്ന കൗമാരക്കാരുടെ ജീവിതത്തെ അത് സ്വാധീനിക്കും. ഷെയര്‍ ചെയ്യണോ വേണ്ടയോ എന്നത് ഒരു കുടുംബത്തിന്റെ തീരുമാനമാണ്. ഷെയര്‍ ചെയ്യാനാണ് മാതാപിതാക്കളുടെ തീരുമാനമെങ്കില്‍ അത് വളരെ ശ്രദ്ധാപൂര്‍വമായിരിക്കണം. ഇതില്‍ ശക്തമായ ജാഗ്രത കാണിക്കണം. ഓരോരുത്തരെ കുറിച്ചും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്താൻ പറ്റാത്തതുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് അത് തന്നെയാണ്. കുട്ടികളുടെ മുഴുവന്‍ പേരും വയസ്സും അവരുടെ ഇഷ്ടാനിഷ്ടങ്ങളും വളര്‍ത്തു മൃഗങ്ങളുടെ പേരുകളും തുടങ്ങിയ വ്യക്തിപരമായ ഒന്നും ഷെയര്‍ ചെയ്യരുതെന്നാണ് സൈബര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധർ പറയുന്നത്. നമ്മുടെ ഷെയറിംഗുകള്‍ സൂക്ഷിക്കപ്പെടുന്നത് ലോകമെമ്പാടുമുള്ള വിവിധ സെര്‍വറുകളിലാണ്. തുറന്ന ഒരു പത്തായത്തിലെന്ന് വേണമെങ്കില്‍ പറയാം.
കുറ്റവാളികള്‍, വക്രതയുള്ളവര്‍, തട്ടിപ്പുകാര്‍, ആള്‍മാറാട്ടക്കാര്‍, ഡാറ്റാ മോഷ്ടാക്കള്‍ തുടങ്ങിയവര്‍ക്ക് ആക്സസ് ചെയ്യാവുന്ന വിശാലമായ ഇടമാണ് സാമൂഹിക മാധ്യമം. നിരുപദ്രവകരമെന്ന് കരുതുന്നതോ നല്ല ഉദ്ദേശ്യത്തില്‍ ചെയ്തതോ ആയവ പിന്നീട് മോര്‍ഫിംഗ് അടക്കമുള്ള ചൂഷണങ്ങൾക്ക് ഉപയോഗപ്പെടുത്താന്‍ സാധ്യത കൂടുതലാണ്. ജാഗ്രത തന്നെയാണ് ഇവിടെ പ്രധാനം.
ഒരു കുട്ടിയുടെ സ്വകാര്യ വിവരങ്ങളുടെ ഒരു ഗേറ്റ്കീപ്പറാണ് രക്ഷാകര്‍ത്താവ്. അത്തരം വിവരങ്ങള്‍ ഒരു രക്ഷാകര്‍ത്താവ് പങ്കിടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അല്ലെങ്കില്‍ പങ്കിടുന്നതിലൂടെ തങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് കരുതുന്നുവെങ്കില്‍, കുട്ടിയോട് ആശയവിനിമയം നടത്തണം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിർദേശം. കുട്ടികളെക്കുറിച്ച് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ്, അല്ലെങ്കില്‍ അവരുടെ കഥ പങ്കിടുന്നതിനെ കുറിച്ച് അവര്‍ക്ക് എന്ത് തോന്നുന്നുവെന്ന് അവരോട് ചോദിക്കുന്നത് നിര്‍ണായകമാണ്. ചെറിയ കുട്ടികള്‍ പോലും മാതാപിതാക്കള്‍ പങ്കിടുന്നതിന്റെ “വീറ്റോ പവര്‍” അര്‍ഹിക്കുന്നുണ്ട്. സ്വകാര്യതയെ വിലമതിക്കുകയും മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യണമെന്ന നല്ല പാഠങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം അവരുടെ സ്വകാര്യതയെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യലാണ്.
“ഷെയര്‍ വിത് കെയര്‍” എന്ന ആശയം പ്രതിഫലിപ്പിക്കുന്നത് പോലെ കുട്ടികളുടെ സുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കി മാത്രം സമൂഹ മാധ്യമ പോസ്റ്റുകളിടുക എന്നതാണ് മാതാപിതാക്കള്‍ സദാ മനസ്സില്‍ വെക്കേണ്ട കാര്യം. റോഡരികിലും മറ്റും സ്ഥാപിച്ചിരിക്കുന്ന വലിയ പരസ്യ ബോര്‍ഡുകളില്‍ എഴുതിവെക്കുന്നത് പോലെയാണ് ഓരോ പോസ്റ്റുകളുമെന്ന് ഓര്‍ത്തുകൊണ്ടാകണം രക്ഷിതാക്കളുടെ ഓരോ പോസ്റ്റും. പോസ്റ്റുകളും ചിത്രങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്ന ദുരന്ത ലോകത്ത് സാമൂഹിക അകലം പാലിച്ചേ കാര്യങ്ങള്‍ ചെയ്യാവൂ എന്ന് ചുരുക്കം.