Connect with us

Vazhivilakk

അവളും ചിരി തുടങ്ങി പോലും!

Published

|

Last Updated

പെട്ടെന്നെന്താ ഉണ്ടായത് എന്നറിയില്ല! നാട്ടിലാകെ പട്ടാളമിറങ്ങിയിരിക്കുകയാണ്. നരനായാട്ടാണ് നടക്കുന്നത്. ആണുങ്ങളെ അടിച്ച് നുറുക്കുന്നു. പെണ്ണുങ്ങളെ അജ്ഞാത ദിക്കുകളിലേക്ക് കടത്തുന്നു. ഇദ്്ലിബിൽ എത്തിയാൽ രക്ഷപ്പെടാം. അമ്മാവനും കുടുംബവും അവിടെയാണ്. നൂറ്റിപ്പത്ത് കിലോ മീറ്റർ അകലെയാണത്.
തബസ്സുമിന് ഒരു ഐഡിയ തോന്നി. കാലങ്ങളായി പൂട്ടിക്കിടക്കുന്ന തറവാട് വീടുണ്ട്. തക്കം നോക്കി അങ്ങോട്ട് മാറുക. ഗേറ്റും വീടും പുറത്ത് നിന്ന് പൂട്ടുക. ആരും സംശയിക്കില്ല. രായ്ക്കുരാമാനം നാടുവിടുക. കേട്ടിട്ട് എല്ലാവർക്കും കൊള്ളാമെന്നു തോന്നി.

ഉപ്പയും സഹോദരങ്ങളും ഒരുങ്ങിത്തുടങ്ങി. പക്ഷേ, മനസ്സിനെ ഒരു കാര്യം കീറി. പ്രായംചെന്ന അയൽക്കാരി ഉമ്മയും മക്കളും. ചേർന്ന് നിൽക്കുന്ന ഒരു വീടേയുള്ളൂ. തനി പാവങ്ങളാണ്. അവരെ തനിച്ചാക്കിപ്പോയാൽ, അവർക്കെന്തെങ്കിലും സംഭവിച്ചാൽ, ആ ചോരക്കറ ഹൃദയത്തിൽ നിന്ന് മായില്ല, ഒരു കാലവും.
എല്ലാം കൂടി 21 പേർ. നാല് കുട്ടികൾ. ആറ് സ്ത്രീകൾ, ഒരു കൈക്കുഞ്ഞ്. ബാക്കി മുതിർന്ന ബാല്യക്കാർ. ലാൻസറിന്റെ ഒരു കാറിൽ എങ്ങനെ ഇവരെ കൊള്ളും. പിന്നെയുള്ളത് ചരക്കു വലിക്കുന്ന ട്രക്ക് ആണ്. മുബാറക്കിന് കാറല്ലാതെ വലിയ വാഹനം വഴങ്ങില്ല. പറഞ്ഞിട്ട് കാര്യമില്ല. അത്യാസന്ന വേളയിൽ എന്തും ഏതും വഴങ്ങണമല്ലോ.

പാതിരാവ് പിന്നിട്ടിട്ടുണ്ട്. രണ്ട് കുടുംബം ഒരു പൊട്ടിപ്പാളീസായ ട്രക്കിൽ പേടിച്ചരണ്ട് പതുങ്ങിയിരിപ്പാണ്. വഴിയിലെല്ലാം തകർന്ന കെട്ടിടങ്ങളും കത്തിയെരിഞ്ഞ വസ്തുവകകളുമുണ്ട്. ഇടക്കിടെ പട്ടാള വണ്ടികൾ തലങ്ങും വിലങ്ങും ഇരച്ച് പായുന്നുണ്ട്. മുബാറക്കിന് വണ്ടി റോഡ് നിറയെ ആയാണ് തോന്നുന്നത്. കൈയിൽ ഒതുങ്ങുന്നില്ല. ഇടക്കിടെ വണ്ടി ചായുന്നുണ്ട്, ചെരിയുന്നുണ്ട്. ക്ഷീണം കൊണ്ട് ചിലരൊക്കെ മയങ്ങിപ്പോയി.

ഹാവൂ! ഇനി 15 കിലോ മീറ്ററേയുള്ളൂ. ഫരീദാ തബസ്സുമും ഉപ്പയും ഉമ്മയും മുന്നിലാണിരുന്നത്. കുഞ്ഞ് മുലകുടിച്ച് മടിയിലുറങ്ങിപ്പോയി. ഒരു കൊടും വളവ് തിരിയുന്നിടത്ത് അതാ റോഡിന് കുറുകെ തടസ്സം വെച്ചിരിക്കുന്നു! ഓ മൈ ഗോഡ്!! പെട്ടെന്ന് ഒരു പട്ടാളക്കാരൻ ചാടിവീണു. അയാൾ ആകാശത്തേക്ക് വെടിവെച്ചു. സകലരും പേടിച്ചു. എല്ലാവരോടും ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതാ ഞങ്ങളുടെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ എണ്ണിക്കഴിഞ്ഞു എന്ന ഭീതിയാൽ ഒരോരുത്തരും ലോറിയിൽ നിന്ന് വലിഞ്ഞിറങ്ങി.
പട്ടാളക്കാരൻ ഓരോരുത്തരേയും സൂക്ഷിച്ച് നോക്കി. അയാൾ മുബാറക്കിനേയും കൂട്ടി ശകലം മാറി നടന്നു. എന്തോ കുശലം പറഞ്ഞു. പണം കൊടുത്താൽ വിട്ടയക്കാമെന്ന്. ആശ്വാസമായി. എല്ലാവരും കൈകളിലുള്ളത് മുബാറക്കിനെ ഏൽപ്പിച്ചു.

മുബാറക് തിരിച്ചുവരികയാണ്. പക്ഷേ, മുഖം സുഖം പോരാ. ആദ്യം എന്തും പറയുക തബസ്സുമിനോടാണ്. ഇത്താത്തയെ വലിയ സ്നേഹവും പേടിയുമാണ്. പക്ഷേ, ഇത്തവണ അവളെ വെട്ടിയൊഴിഞ്ഞ് ഉപ്പയോടും അനിയനോടും അയൽക്കാരനായ മുറാദിനോടുമാണ് സംസാരിക്കുന്നത്. തബസ്സുമിന് എന്തോ പന്തികേട് തോന്നി.
“മുബാറക്!! ഇങ്ങോട്ട് വാടാ!! കാര്യം തുറന്ന് പറ!!!”
മുബാറക്കിന്റെ മുഖം വാടി, ചുണ്ടു കോടി.
“ഇത്താത്താനോട് അവന് എന്തോ പറയാനുണ്ട് പോൽ. അങ്ങോട്ടു ചെല്ലാൻ പറയുന്നു”
കൂട്ടത്തിൽ ഫരീദാ തബസ്സും മാത്രമാണ് യുവതി. സുന്ദരി. പ്രസവം കഴിഞ്ഞിട്ട് മൂന്ന് മാസമേയായുള്ളൂ. മാതളം പോലെ തുടുത്തിട്ടുണ്ട്.
കേട്ടുനിന്ന ആണുങ്ങൾക്കെല്ലാം മസിൽ തരിച്ചു. ജീവൻ പോയാലും സാരമില്ല അവളെ അങ്ങോട്ടു വിടില്ല എന്ന് ഉറച്ചു. പട്ടാളക്കാരൻ ഒന്നുകൂടി ആകാശത്തേക്ക് വെടിവെച്ചു. തന്റെ ഡിമാൻഡ് അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ പട്ടാളക്കാരെ വിളിക്കുമെന്നും, ആണുങ്ങളെ മൊത്തം വെടിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ആർക്കും ഒന്നും പറയാൻ പറ്റാതെ അഞ്ചുപത്ത് നിമിഷം കടന്നുപോയി. എല്ലാവരും വെന്തിരിക്കുകയാണ്. തലച്ചോറിൽ കടന്നലുകൾ മൂളുകയാണ്
വിശ്വസിക്കാൻ പറ്റുന്നില്ല പിന്നീട് നടന്നത്. ബുർഖ അഴിച്ച് മാറ്റുകയാണ് തബസ്സും. മഞ്ഞയിൽ വയലറ്റ് പുള്ളിയുള്ള ചുരിദാറാണ് ഉള്ളിൽ. നിറഞ്ഞു തുളുമ്പി നിൽക്കുന്ന ആകാരവടിവ്. കുഞ്ഞിനെ സീറ്റിൽ ഷാൾ വിരിച്ച് കിടത്തി. ആരോടും ഒന്നും ചോദിക്കാതെ, പറയാതെ അവൾ ഒറ്റക്ക് ആ പട്ടാളക്കാരന്റെ അടുത്തേക്ക് നീങ്ങുകയാണ്.

സകലരും മുഖത്ത് വിരൽ വെച്ച് പോയി. ഈ പെണ്ണ് എന്ന് പറഞ്ഞാൽ ഒരു കെട്ടജാതി തന്നെ. നല്ല തടിമിടുക്കുള്ള ഒരുത്തൻ വിളിക്കുമ്പോഴേക്ക് ഒരുമ്പെട്ടോൾ ഇറങ്ങിപ്പോകുന്ന പോക്ക് കണ്ടോ. ലക്ഷണം കെട്ടവൾ! എന്നാലും ഈ നാറിയ പണിക്ക് നിൽക്കണ്ടായിരുന്നു. തന്റെ ഭർത്താവ് വെടിയേറ്റു മരിച്ചിട്ട് ഒരു കൊല്ലം പൂർത്തിയായിട്ടില്ല. അവരുടെ മനസ്സിൽ പുച്ഛവും വിഷാദവും നുരകുത്തി.
അതിനിടെ എന്തോ ദുഃസ്വപ്നം കണ്ടിട്ടെന്നപോലെ കുഞ്ഞ് ഞെട്ടിയുണർന്നു പൊട്ടിക്കരയാൻ തുടങ്ങി. പത്ത് മിനുട്ട് കഴിഞ്ഞു കാണില്ല. കഠിനമായ ശബ്ദത്തിലുള്ള നിലവിളി. ജീവൻ പോകുമ്പോഴുള്ള കൂക്കി! എല്ലാവരും ആ ഭാഗത്തേക്ക് കണ്ണെറിഞ്ഞു. തബസ്സും ഓടി വരുന്നു. മുഖത്താകെ ചോര തെറിച്ചിട്ടുണ്ട്. വലത് കൈയിൽ എന്തോ പൊക്കിപ്പിടിച്ചിട്ടുണ്ട്. ഓട്ടപ്പന്തയത്തിൽ ഒന്നാം സ്ഥാനത്തെത്തി ട്രോഫിയുമായി വരുമ്പോലുണ്ട്. അവൾ അത് നിലത്തേക്ക് ആഞ്ഞെറിഞ്ഞു. തന്റെ ഷൂ കൊണ്ട് ചവിട്ടി ഞെരിച്ചു. അതിന്മേൽ കാർക്കിച്ചു തുപ്പി. വായ്സുരതം നടിച്ച് കടിച്ചെടുത്ത അവന്റെ ലിംഗമായിരുന്നു അത്!
മനസ്സ് കടഞ്ഞു. ഞാൻ പുസ്തകം അടച്ചു. സിറിയൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലിന്റെ അവസാന ഭാഗമാണ്. അയ്മൻ ഹരീരിയുടെ രൂക്ഷരചന.
“നിങ്ങളോട് ഒരു കാര്യം പറഞ്ഞിട്ട്?”- അപ്പോഴേക്കും എന്റെ കെട്ടിയോൾ അടുത്തെത്തി.

എനിക്ക് പെട്ടെന്ന് പിടികിട്ടിയില്ല.
എപ്പോഴും പറയാറുള്ളതാണ് അവളുടെ ആരിഫ്താത്താന്റെ കഥയെഴുതാൻ. അതായിരിക്കുമോ?
“മഴ വന്നാൽ ഞാനറിയില്ലേ, ഞാൻ തൊടൂലാ..
എത്രകാലമായി മുകളിൽ ഷീറ്റ് അടിച്ച് ആറിയിടാൻ ഒരിടം ഉണ്ടാക്കാൻ പറയുന്നു”
ഓഹോ! അതാണ്. പുറത്ത് അലക്കിയ വസ്ത്രങ്ങൾ ചിക്കിയിട്ടിരിക്കുന്നു. ഉണങ്ങിയിട്ടുണ്ട്. അവ എടുത്ത് വെക്കാൻ നേരത്തേ ഉത്തരവ് കിട്ടിയതാണ്. അത്ര കാര്യമാക്കിയില്ല. അഞ്ചാറ് പേജ് കൂടി വായിക്കാമെന്ന് വെച്ചു. മഴ പെയ്യുന്നതിന് മുമ്പ് എടുത്തു വെക്കണം. അവൾ ഇതെല്ലാം അലക്കുന്നില്ലേ. ഒന്നെടുത്ത് വെക്കാനല്ലേ പറഞ്ഞുള്ളൂ. അതിനിത്ര മടി കാണിക്കണോ? അല്ലെങ്കിലും ഇന്നത്തെ അലക്കൽ ഒരു പണിയാണോ? ഓട്ടോമാറ്റിക് മെഷീനല്ലേ. ആ തവളയുടെ വായിൽ തുണിത്തരം കുത്തിനിറച്ച് സോപ്പ് പൊടിയിട്ടാൽ പിന്നെ പണി കഴിഞ്ഞു. അലക്കി, ഒലുമ്പി, പാതിയുണക്കി മൂപ്പരിങ്ങ് തരും. അക്കണക്കിന് എന്റെ ഉമ്മയും പെങ്ങമ്മാരുമൊക്കെ പണ്ട് എത്ര കഷ്ടപ്പെട്ടാണ് അലക്കിയത്. തോട്ടിൽ പോയാണ് അലക്കുക. വെള്ളം കുതിർന്ന വസ്ത്ര ബക്കറ്റുമായി കുന്ന് കയറിക്കയറി വരണം. വേനൽ കാലമായാൽ വെള്ളം വറ്റും. അപ്പോൾ ഒന്നര കിലോ മീറ്റർ നടന്ന് തെക്കൻ പൊയിൽ പോകണം. ദുർഘടമായ വഴി ഇറങ്ങണം. ഒരിക്കൽ ഉമ്മ ആ വഴി പോകുമ്പോൾ കാല് തെന്നി ഊരിക്കുത്തിവീണു. ചെറുതായിരുന്ന ഞാൻ ഉമ്മാ…. എന്റുമ്മാ…. എന്ന് നീട്ടിവിളിച്ച് ഏങ്ങലടിച്ചു കരഞ്ഞു. ആ വീഴ്ചക്ക് ശേഷം ഉമ്മാക്ക് എന്നും നടുവേദനയമാണ്.

എവിടെയും പെണ്ണുങ്ങളാണ് അധികം കഷ്ടപ്പെടുന്നത്. ഞാൻ മുഴുവൻ വസ്ത്രവുമെടുത്ത് നെഞ്ചത്ത് കൂട്ടിവെച്ച് ഒരു കുന്ന് പോലെയാക്കി വരുമ്പോൾ അവളില്ല; ബാത്റൂമിലാണ്. അവൾ വരുംവരെ ഞാൻ വാതിൽക്കൽ മറഞ്ഞ് നിന്നു. എന്റെ വസ്ത്രവാഹിതമായ വരവ് അവൾ കാണണമായിരുന്നു. അവൾ പുറത്തിറങ്ങിയപ്പോൾ ഞാൻ ആദ്യമേ വരുമ്പോലെ നടിച്ചു. ഇത്തിരി സാഹസം പ്രദർശിപ്പിച്ച് മൂന്ന് നാല് ഊഹൂ, …ആഹൂ, …ഊഹു …എന്നൊക്കെ ധ്വനികളുണർത്തി. അത് കട്ടിലിൽ കൊണ്ട് പോയിട്ടു.
ഞാനിപ്പം നിന്റെ ആരിഫ്താന്റെ കഥയാണ് എഴുതാൻ പോകുന്നത്. എന്തു തരും?
എന്താ വേണ്ടത്?
നല്ല ദമ്മ് ചായ, വിത്ത് ഏലത്തരി.
കടി എന്തുവേണം?

കല്ലുമ്മക്കായ പൊരിച്ചത്, ചൂടോടെ, മുളകോടെ!
കണ്ണൂർ മരക്കാർകണ്ടികാരിയാണ് ആരിഫ. പാലക്കാടാണ് ഇപ്പോൾ താമസം. മുമ്പൊരിക്കൽ ഞങ്ങൾ കുടുംബസമേതം അവിടെ പോയിരുന്നു. കേട്ടാൽ ജീവിതം അല്ല, വെറും കഥയാണന്നേ നിങ്ങൾക്കു തോന്നൂ. പക്ഷേ, പലതും നേരിട്ടുകണ്ട എന്നോട് തർക്കിക്കാൻ വന്നാൽ എനിക്കെന്റെ ചിറ്റപ്പനിങ്ങിളകും, പറഞ്ഞേക്കാം.
സുന്ദരി ആയിരുന്നു ആരിഫ. പക്ഷേ, ഉപ്പാക്കും ഉമ്മാക്കും ആവതില്ലായിരുന്നു. ആയതിനാലാണ് അടുത്തുനിന്നും കല്യാണം വരാതെ പോയത്. പാലക്കാട് നിന്നുവന്ന, കിണ്ണവും നിലവിളക്കും ഇസ്തിരിപ്പെട്ടിയും തലച്ചുമടായി നടന്നു വിൽക്കുന്ന കമ്മുക്കാന്റെ മകനാണ് കെട്ടിക്കൊണ്ട് പോയത്. ഹോസ്റ്റലിൽ കിട്ടുന്ന സാമ്പാർകറി പോലെ, നിർവികാരനായ ഒരു മന്ദു. ആരിഫ ചുള്ളച്ചി ആയിരുന്നു. മനസ്സ് റൊമാൻസിന്റെ പൂപ്പന്തലായിരുന്നു. ഗുപ്തമായ പ്രണയപ്രാവുകൾ ആ വള്ളിക്കുടിലിൽ ചിറകടിച്ചിരുന്നു. മോഹകാമനകളാൽ ആ ഹൃദയസരോവരം കനത്തിരുന്നു.

ഉഗ്രകാന്തം ആയ ആരിഫാക്ക് കാരിരുമ്പായ ഷാഹുലിനെ ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷേ, വന്നണഞ്ഞത് കഞ്ഞിപ്പിച്ചള അസൈനാർ. പിച്ചളയിൽ ഇരുമ്പ് അംശം ഇല്ല. അതിന് ആകർഷിക്കാൻ പോയിട്ട് വികർഷിക്കാനുള്ള കഴിവ് പോലുമില്ല. ഉപ്പാന്റെ തലച്ചുമടിൽ പിച്ചള കാണാമെന്ന് മാത്രം.
എന്നാൽ അവന്റെ ഉമ്മയോ? ഒന്നാന്തരം ഭദ്രകാളി! കൊത്തിക്കുടയുന്ന കാളനാഗം. ദാമ്പത്യത്തിന്റെ വസന്തകാലം അടുപ്പിലെ ചാരമായി അടിഞ്ഞു. ആദ്യത്തെ മോന് ഒന്നര വയസ്സായിട്ടും നടക്കാൻ ആകാതെ വന്നപ്പോഴാണ് പെരിന്തൽമണ്ണ മൗലാനയിൽ കാണിച്ചത്. നോക്കുമ്പോൾ കടുത്ത സെറിബ്രൽ പാൾസി. വളരുന്തോറും കൈകാലുകൾ വളഞ്ഞുകോടി വേതാളത്തിന്റെ വൈകൃതം വന്നു. വായിൽനിന്ന് മുട്ടയുടെ വെള്ള പോലുള്ള കൊഴുത്ത ദ്രവം ഒഴുകിക്കൊണ്ടിരുന്നു. മുഖം, അടിച്ചു പരത്തിയ ആക്രിപ്പാത്രം പോലെയിരുന്നു. വായിൽ നിറച്ച് വൃത്തികെട്ട പല്ലുകൾ ആയിരുന്നു.

കാലമൊട്ട് കഴിഞ്ഞപ്പോൾ അസൈനാറിന്റെ ഉമ്മാക്ക് മൂച്ചിപ്പിരാന്തിളകി. പാരമ്പര്യമാണ് പോലും. പിരാന്ത് എന്ന് പറഞ്ഞാൽ പച്ചക്ക് തുണിയഴിച്ച് തുള്ളുന്ന ചിത്തരോഗം. കൊച്ചുകുട്ടികളെ പോലെ തൂറിയതും പാത്തിയതും വാരിമെഴുകും, വെരകും. ഉപ്പ കമ്മുക്കാക്ക, പാത്ര വിൽപ്പനയുമായി ഒരു പോക്ക് പോയാൽ ഒന്നര രണ്ട് മാസം കഴിഞ്ഞേ തിരിച്ച് വരൂ. മകൻ അസൈനാർ പൊരുത്തക്കോഴിയെ പോലെ മുറ്റത്തും ഇറയത്തും, ഇറയത്തും മുറ്റത്തുമായി പതുങ്ങിക്കഴിയും.
ഇടക്കിടെ ആരിഫ്ത്താന്റെ ഉപ്പയും ഉമ്മയും കണ്ണൂരിൽ നിന്ന് ട്രെയിൻ കയറും. ഷൊർണൂരിൽ വണ്ടി ഇറങ്ങും. നല്ല കണ്ണൂരൻ കിണ്ണത്തപ്പവും മീനടയുമൊക്കെയായി ചെന്നാൽ ഒന്ന് രണ്ട് ദിവസം ആരിഫാക്ക് കൊസി.

ഇക്കഴിഞ്ഞതിന്റെ മുമ്പത്തെ ഏപ്രിലിലാണ് ഞങ്ങൾ അവിടെ പോയത്. എന്റെ ഹബീബുമാരേ!! കാണാൻ വയ്യ!!! 19ഉം 17ഉം വയസ്സുള്ള രണ്ട് പെൺമക്കൾ. ചെറുപ്പത്തിൽ നല്ലതായിരുന്നത്രെ. ഒരു പ്രായം എത്തിയപ്പോൾ ഒരുമാതിരി ചിരി തുടങ്ങി. പിന്നെ അന്തവും കുന്തവുമില്ലാത്ത തനി മന്ദബുദ്ധികളായി മാറി. മെൻസസ് പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇളയ മോൾ കഴിഞ്ഞ വർഷം എസ്സെസ്സെൽസി ആയിരുന്നു. പഠിക്കാൻ മിടുക്കി. തുടർ പഠനത്തിന് ഒത്താശ ചെയ്യാൻ എന്നോട് പറഞ്ഞിരുന്നു. മർകസുമായി ബന്ധപ്പെട്ട് ഷിക്യാമ്പസിലോ, ക്യൂൻ വാലിയിലോ മറ്റോ ആക്കിക്കൊടുക്കാമെന്ന് ഞാനന്നു ഭാര്യാദ്വാരാ അവരോട് പറഞ്ഞിരുന്നു. ഉന്നതങ്ങളിൽ പിടിപാടുള്ള ആളാണെന്ന് കരുതിക്കോട്ടെ എന്നു കരുതി.

എന്നാൽ ഇവൾക്ക് എല്ലാം കെട്ടിപ്പൂട്ടി കണ്ണൂരിലേക്ക് തന്നെ പോരരുതോ?
“ആരിഫ്താന്റെ കദ, ആരിഫ്താന്റെ കദ” എന്നും പറഞ്ഞ് വരാറുള്ള അവളോട് ഒരിക്കൽ ഞാൻ ചോദിച്ചു.
“അത് പറയാത്തതാണ് മോനെ നല്ലത്. അതിപ്പോൾ അതിന്റെ അപ്പുറമാണ്.”
അതെന്തു പറ്റി?
ഒരു ദിവസമുണ്ടുപോലും ഉമ്മ കരഞ്ഞുകൊണ്ട് വിളിക്കുന്നു. ഉമ്മയുമായി ശണ്ഠയുണ്ടാക്കി ഉപ്പ എങ്ങോ പോയത്രെ. ഇപ്പോൾ കാഞ്ഞങ്ങാട്ട് അതിഞ്ഞാൽ ഭാഗത്തെവിടെയോ വേറെ പെണ്ണ് കെട്ടി പാർക്കുകയാണ് പോലും. വയ്യ, ഇതൊന്നും കേൾക്കാൻ.

ഇനി ഒന്നുകൂടി പറയട്ടെ. വേരും കായും ഇലയും തണലും എല്ലാം നഷ്ടപ്പെട്ട ഈ ആരിഫ എങ്ങനെയാണ് നിത്യച്ചെലവ് കണ്ടെത്തുന്നത് എന്നറിയോ? പുലർച്ചെ മൂന്ന്മണിക്ക് ഉണരും ആരിഫ… ഇല്ല ഞാനത് എഴുതില്ല, പറയില്ല! എന്റെ ഈ വിരൽ നേത്രങ്ങളിൽ നിന്ന്പോലും കണ്ണീര് പൊടിയുന്നു.
ചൂടുള്ള കല്ലുമ്മക്കായയും ദമ്മ് ചായയും മുന്നിലെത്തി. അരി നിറച്ച്, മുളക് തേച്ച് ഫ്രിഡ്ജിൽ വെച്ചത് രാത്രി ഞാൻ കണ്ടിരുന്നു. നല്ലോണം മുളകുള്ള ഒന്നെടുത്ത് ഞാനങ്ങ് കടിച്ചു. എരിവ് കൊണ്ടായിരിക്കണം അല്ലേ എൻറെ കണ്ണ് നനഞ്ഞു.
അല്ല, നിന്റെ ആരിഫ്ത്താന്റെ ഈ കഥ വായിച്ചിട്ട് കേൾക്കുന്നോർക്ക് എന്താ കിട്ടുക?

“പെണ്ണുങ്ങളുടെ കഷ്ടപ്പാട് ജനങ്ങളറിയട്ടെ”. ശരിയാ, കൊച്ചു കൊച്ചു വേദനകൾക്ക് മുന്നിൽ നമ്മൾ പതറുമ്പോൾ, യുദ്ധവും പലായനവും പീഡനവും സഹിക്കുന്ന ഫരീദ തബസ്സുമുമാരുടെ, ദുരിതങ്ങളുടെ ലോഹലായനിയിൽ വെന്തുരുകുന്ന ആരിഫമാരുടെ, ആരോരുമറിയാതെ ദുരന്തങ്ങളുടെ രാജസദ്യകൾ ആയിമാറിയ എത്രയോ ജീവിതങ്ങൾക്ക് മധ്യേ നമ്മളൊക്കെ അനുഗ്രഹങ്ങളുടെ സ്വർഗരാജ്യത്ത് വാഴുന്നവരാണെന്ന് തിരിച്ചറിയാമല്ലോ. കൊച്ചുകൊച്ചു പോരായ്മകളെ പെരുപ്പിച്ചും, സൂചിക്കുത്ത് വേദനകളെ സൂം ചെയ്ത് വണ്ണിപ്പിച്ചും ഇല്ലായ്മകളും വല്ലായ്മകളും മുക്കി മനസ്സിനെ മുറിപ്പെടുത്തിയും നമ്മുടെ ജീവിതത്തെ കരിച്ചു പുകക്കേണ്ടല്ലോ എന്ന് തിരിച്ചറിയാൻ പറ്റിയാൽ…?! നമ്മൾ എപ്പോഴാണ് എങ്ങനെയാണ് ഇനി പാഠം പഠിക്കുക? അനുഗ്രഹങ്ങളുടെ രാജാവായ അല്ലാഹുവേ ഞങ്ങളോട് കനിയണേ!

Latest