Connect with us

Articles

അദാനി ഇച്ഛിച്ചതും മോദി കല്‍പ്പിച്ചതും

Published

|

Last Updated

പൊതു ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പൊതു ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് ആരംഭിക്കുന്ന സ്ഥാപനം. അവയെ പില്‍ക്കാലം എന്ത് ചെയ്യണമെന്ന് ആരംഭിക്കുന്നവര്‍ തന്നെയാണ് തീരുമാനിക്കുക. എല്ലാക്കാലത്തും പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊള്ളാമെന്ന ഉറപ്പൊന്നും ആരംഭിക്കുമ്പോള്‍ നല്‍കിയിട്ടില്ല. ആയതിനാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെ തെറ്റായി കാണാനാകില്ല. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചതിന് ശേഷം പൂര്‍ണമായോ ഭാഗികമായോ വിറ്റഴിച്ച സ്ഥാപനങ്ങള്‍ എത്രയുണ്ടാകും? വിറ്റഴിക്കല്‍ വില്‍പ്പനയാകുമ്പോള്‍ വാങ്ങാനെത്തുന്നവര്‍ക്കാണ് പ്രാധാന്യം. കച്ചവടം ലാഭകരമെങ്കിലേ വാങ്ങാന്‍ ആളുണ്ടാകൂ. ചിലത് പാട്ടത്തിന് നല്‍കും. 999 വര്‍ഷത്തെയും 99 വര്‍ഷത്തെയുമൊക്കെ പാട്ടം പരിചിതമായ രാജ്യത്ത് അതും പുതുമയല്ല. പാട്ടം കൊടുക്കാനുള്ള അവകാശം സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കെ, അവരങ്ങനെ തീരുമാനിച്ചാല്‍ കുറ്റം പറയാനാകില്ല.

പൊതുവാകയാല്‍ നഷ്ടത്തില്‍ തുടരുകയും പൊതുഖജനാവിലെ പണമൂറ്റുകയും ചെയ്യുന്നവയെ വെച്ചുപൊറുപ്പിക്കാനാകില്ല. ആകയാല്‍ അവയെ എത്രയും വേഗം വില്‍ക്കണം. നഷ്ടത്തിലുള്ളവ വില്‍ക്കുന്നത് ഭാവിയിലേക്ക് ലാഭമെങ്കിലും വില്‍പ്പന നടക്കുമ്പോള്‍ പൊതുഖജാനക്ക് നഷ്ടമാണ്. ആ ഹ്രസ്വകാല നഷ്ടം നികത്തണമെങ്കില്‍ ലാഭത്തിലുള്ളത് വിറ്റ് ലാഭമുണ്ടാക്കണം. ആ വഴിക്ക് ചിന്തിച്ച് വര്‍ഷാവര്‍ഷം പൊതുഖജാനയിലേക്ക് മുതല്‍ക്കൂട്ടേണ്ട സഹസ്ര കോടികളുടെ കണക്ക് ആറ് വര്‍ഷത്തിനിടെ പലതവണ പ്രസിദ്ധം ചെയ്തിരുന്നു. ലക്ഷ്യത്തോടടുക്കാന്‍ പാകത്തിലുള്ള വില്‍പ്പന ഇതുവരെ തരമായിട്ടില്ല. ഇനിയും കാത്തിരിക്ക വയ്യ. സ്വതേ തളര്‍ന്ന സമ്പദ് വ്യവസ്ഥക്കും കടമെടുക്കാന്‍ ത്രാണി കുറഞ്ഞ ഖജനാവിനും കൊവിഡൊരു അവസരമാണ്. അതുപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യത്തിലും അല്ലാത്തിടത്തും വികസനമുണ്ടാക്കിയേ മതിയാകൂ. സര്‍ക്കാര്‍ വഴിയായാലും സ്വകാര്യ വഴിയായാലും.

പുതിയ കാലം “ആത്മനിര്‍ഭര്‍” ആയതിനാല്‍ സ്വകാര്യത്തിലും ആഭ്യന്തരമാണ് നല്ലത്. ഇന്ത്യന്‍ യൂനിയനില്‍ വില്‍പ്പനക്ക് വെക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവകകള്‍ വാങ്ങാന്‍ ത്രാണിയുള്ള ആഭ്യന്തരന്‍മാര്‍ കുറവ്. അംബാനിയോ അദാനിയോ മാത്രമാണ് അല്‍പ്പം ഭേദം. മുമ്പും അവര്‍ക്ക് തന്നെയായിരുന്നു മുന്‍ഗണന. കിട്ടാക്കടത്തിന്റെ കണക്കുകള്‍ കാട്ടിയും വിദേശ യാത്രയിലെ നിരന്തര സാന്നിധ്യം ചൂണ്ടിക്കാണിച്ചും അദാനിക്കെതിരെ വികാരമുണര്‍ത്താന്‍ പണ്ടും ശ്രമമുണ്ടായിരുന്നു. അന്ന് തളര്‍ന്നിട്ടില്ല, ഇപ്പോള്‍ ഈ ആത്മനിര്‍ഭര്‍ കാലത്ത് തളരുകയുമില്ല. അതിനാല്‍ അവരെ തന്നെ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതാണ് ഉചിതമെന്ന് വികസനേച്ഛുക്കളാകയാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിച്ചു; പൊതുസ്ഥാപനങ്ങളെ വിറ്റഴിക്കാന്‍ മാത്രമായി ഒരു മന്ത്രാലയവും മന്ത്രിയുമുണ്ടായിരുന്ന എ ബി വാജ്പയിയുടെ സുവര്‍ണ ഭരണകാലം ഓര്‍ത്തുകൊണ്ട്.
ടെലികോം മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിച്ച് മത്സരം കൊഴുപ്പിച്ചിട്ടും ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും മുന്‍നിരയില്‍ നിന്ന കാലത്താണ് അനുജനുമായുള്ള കരാര്‍ റദ്ദാക്കി, ടെലികോം മേഖലയില്‍ പ്രവേശിക്കാന്‍ ജ്യേഷ്ഠന്‍ അംബാനി തീരുമാനിച്ചത്. 2016 സെപ്തംബറില്‍ അദ്ദേഹം സ്വന്തം കമ്പനി ലോഞ്ച് ചെയ്തപ്പോള്‍ പ്രധാനമന്ത്രി നേരിട്ട് പരസ്യ മോഡലായത് സ്വകാര്യ മേഖലയുടെ, പ്രത്യേകിച്ച് അംബാനിയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടാണ്. അഞ്ചാണ്ട് തികയാറാകുമ്പോള്‍ സര്‍ക്കാര്‍ വിലാസം ടെലികോം കമ്പനികള്‍ പ്രതിസന്ധിയുടെ മുകളിലിരിപ്പാണ്. വില്‍പ്പനക്ക് വെച്ചാല്‍ വാങ്ങാന്‍ ആളുണ്ടാകുമോ എന്ന് സംശയം. രാജ്യത്തെ കണ്ണായ സ്ഥലത്തൊക്കെ ഭൂമിയുള്ളതിനാല്‍ വിറ്റഴിച്ച് പൊതുഖജനാവിലേക്ക് മുതല്‍ക്കൂട്ടാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് പ്രതീക്ഷ.
അതിന്റെയൊക്കെ തുടര്‍ച്ചയിലാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കി പണമുണ്ടാക്കാനുള്ള തീരുമാനം. എല്ലാറ്റിലുമെന്ന പോലെ ഇതിലും മാതൃക കോണ്‍ഗ്രസ് തന്നെ. ഡല്‍ഹിയിലെയും മുംബൈയിലെയും വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറിയ മാതൃകയില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ കൈമാറാന്‍ നിശ്ചയിച്ചു. അതിന്റെ ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ഉള്‍പ്പെട്ടത് ആരുടെയെങ്കിലും കുറ്റമാണോ? ലാഭമുണ്ടാക്കുന്നതില്‍ മുന്നിലുള്ളവയെ ആദ്യം നല്‍കുക എന്നതല്ലേ കച്ചവടം മുന്നോട്ടു കൊണ്ടുപോകാനുള്ള ഉപാധി? രണ്ടാം ഘട്ടത്തില്‍ സ്വകാര്യ മേഖലക്ക് കൈമാറേണ്ട ആറെണ്ണത്തിന്റെ പട്ടിക തയ്യാറുമാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം 50 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കുന്നതിന് ലേലം വിളിക്ക് നടപടി തുടങ്ങിയപ്പോള്‍ തന്നെ തുടങ്ങി എതിര്‍പ്പ്. മറ്റൊരിടത്തുമില്ലാത്ത എതിര്‍പ്പ് ഇവിടെ മാത്രം! എതിര്‍പ്പിന് മുന്നില്‍ സംസ്ഥാനം ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും. നടത്തിപ്പ് കൈമാറുന്നുവെങ്കില്‍ ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍. അങ്ങനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തുടങ്ങിയാല്‍ മുന്‍പരിചയമൊന്നുമില്ലെങ്കിലും താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ സന്നദ്ധരായ അദാനിമാര്‍ എവിടെപ്പോകും? ലേല മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചാല്‍ നടത്തിപ്പ് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാറിന് മറുപടി നല്‍കി. ലേലത്തില്‍ ജയം അദാനിക്ക് തന്നെയെന്ന് ഉറപ്പിച്ചതിനാല്‍ സര്‍ക്കാറിന് മറുപടി നല്‍കാന്‍ രണ്ടാലൊന്ന് ആലോചിക്കേണ്ടിവന്നില്ല. അദാനി ഇച്ഛിച്ചത് പോലെയും മോദി കല്‍പ്പിച്ചത് പോലെയും സംഭവിച്ചു. ലേലക്കടലാസിന്റെ അരക്ക് ഉരുകിപ്പോയപ്പോള്‍ വിജയം അദാനിക്ക് തന്നെ. കരാര്‍ പിടിച്ച അദാനിക്ക്, വിമാനത്താവള നടത്തിപ്പില്‍ മുന്‍പരിചയമില്ലാത്തതിനാല്‍, മറ്റേതെങ്കിലും കമ്പനിക്ക് ഉപ കരാര്‍ നല്‍കാം. അടിസ്ഥാന സൗകര്യം അവര്‍ വികസിപ്പിക്കും. ആ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിരക്ക് അവര്‍ നിശ്ചയിക്കും. കൊവിഡാനന്തര കാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പതിനായിരക്കണക്കിന് യാത്രക്കാര്‍ പറക്കും. അവരുടെ കീശ പിഴിയുന്നതില്‍ നടുത്തുണ്ടം അദാനിക്ക്. പങ്കിടുന്ന വരുമാനത്തിന്റെ വാല്‍ക്കഷണം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും. വരുമാനത്തിന്റെ വാല്‍ക്കഷണം നല്‍കിയില്ലെങ്കിലും പ്രശ്‌നമില്ല. മുംബൈയിലെ താവളം പാട്ടത്തിനെടുത്തവര്‍ വരുമാനത്തിന്റെ പങ്ക് കൊടുത്തിട്ടില്ലെന്ന് സി എ ജി ചൂണ്ടിക്കാട്ടിയിട്ട് നടപടിയൊന്നുമുണ്ടായ ചരിത്രമില്ല. അതിന്റെ ആവര്‍ത്തനം പില്‍ക്കാലം തിരുവനന്തപുരത്തുണ്ടാകാം. ആവര്‍ത്തന വിരസതയില്‍ ചരിത്രം പ്രഹസനമാകും. പിന്നെ ആര് വകവെക്കാന്‍.

വിറ്റഴിക്കല്‍ വില്‍പ്പന ചോദ്യംചെയ്തുള്ള വ്യവഹാരം, അലക്ഷ്യമായ കോടതി നടപടിയായി അവസാനിക്കും. സര്‍ക്കാറിന്റെ നയങ്ങള്‍ക്കു മേല്‍ വിധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് പണ്ടേയുള്ള തീര്‍പ്പാണ്. സര്‍ക്കാര്‍ നയം ഹിന്ദുത്വമാകയാല്‍, ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്കാണെന്ന് വിധിച്ചത് ആ തീര്‍പ്പിന്റെ കൂടി ബലത്തിലല്ലേ. വില്‍പ്പനക്ക് കീഴ് വഴക്കമുണ്ട്. കോടതിയില്‍ കീഴ് വഴക്കം പ്രധാനവുമാണ്.
ഏറ്റവുമൊടുവില്‍ ഉയരുന്ന ചെന്നിക്കുത്ത്, ലേലത്തില്‍ പങ്കെടുത്ത കേരള സര്‍ക്കാര്‍ സ്ഥാപനത്തിന് നിയമ സഹായം നല്‍കിയത് കരാര്‍ പിടിച്ച, അദാനിയുടെ ബന്ധുവടങ്ങിയ കമ്പനിയാണെന്നതാണ്. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ലേലത്തുക, അദാനി ബന്ധുവിന്റെ സ്ഥാപനം ചോര്‍ത്തിക്കൊടുത്തുവെന്നെങ്ങാന്‍ ആരോപണമുണ്ടായാല്‍, അദാനി ബന്ധം മറച്ചുവെച്ചാണ് സര്‍ക്കാര്‍ സ്ഥാപനത്തിന് നിയമോപദേശം നല്‍കാന്‍ ഫീസ് വാങ്ങിയത് എന്നുവന്നാല്‍, ലേലം അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്ന ആക്ഷേപമുയര്‍ന്നാല്‍ വ്യവഹാരം നീണ്ടേക്കാം. നീളുമെന്നേയുള്ളൂ, വില്‍പ്പനക്ക് തടസ്സമാകില്ല. വിമാനത്താവള നടത്തിപ്പ് അദാനിയെ ഏല്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്നവര്‍, ലേലത്തില്‍ പങ്കെടുക്കാന്‍ അദാനിയുടെ തന്നെ സഹായം തേടിയെന്നത് രാഷ്ട്രീയത്തില്‍ തത്കാലം തടയാണ്.
നിയമസഹായം തേടാന്‍ കമ്പനിയെ തിരഞ്ഞെടുത്തത് എങ്ങനെ എന്ന് കേരള സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ല. അദാനി ബന്ധമുള്ള കമ്പനിയിലേക്ക് എത്തിയത് എങ്ങനെ എന്നതും വ്യക്തമാക്കിയിട്ടില്ല. അതിലെന്തെങ്കിലും വീഴ്ച കേരള സര്‍ക്കാറിന് പറ്റിയിട്ടുണ്ടാകണം. അതുണ്ടെങ്കില്‍ വ്യവഹാരത്തിലേക്ക് കാര്യങ്ങളെത്തില്ല. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഉറപ്പ്. പാട്ടത്തുകയുടെ കണക്ക് സി എ ജി പില്‍ക്കാലമെടുക്കുമ്പോള്‍ ചില നഷ്ടക്കണക്ക് രേഖപ്പെടുത്തപ്പെട്ടേക്കാം. ഡല്‍ഹി വിറ്റതില്‍ 1.63 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന് സി എ ജി കണ്ടെത്തിയത് 2012ലാണ്. അതില്‍ പേരിനൊരു സി ബി ഐ അന്വേഷണമുണ്ട്. അതങ്ങനെ നീണ്ടുനിവര്‍ന്ന് അവസാനിക്കും. അതുപോലെ പില്‍ക്കാലത്തെപ്പോഴെങ്കിലും വരാനിടയുള്ള നഷ്ടക്കണക്കും അന്വേഷണവും ഭയന്ന് അദാനിക്ക് താവളം കൈമാറാതിരിക്കാനാകുമോ? “ആത്മനിര്‍ഭര്‍ ഭാരത്” വൈകിപ്പിക്കുകയോ? രണ്ടാം പട്ടികയിലെ ആറെണ്ണം കൂടി വേഗം പാട്ടത്തിന് നല്‍കിയാലേ അടുത്ത പട്ടികയിലേക്ക് കടക്കാനാകൂ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്