International
ഇനി സംസാരിച്ചാൽ നിന്റെ വായ ഞാനടപ്പിക്കും; മാധ്യമപ്രവർത്തകനോട് ബ്രസീൽ പ്രസിഡന്റ്
സാവോ പോളോ| അഴിമതി ആരോപണത്തിൽ ഭാര്യക്ക് ബന്ധമുണ്ടോയെന്ന് ചോദിച്ച മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി ബ്രസീൽ പ്രസിഡന്റ് ജയിർ ബോൽസനാരോ. ഇനിയും ഇതുപോലെ സംസാരിച്ചാൽ വായടപ്പിക്കുമെന്നാണ് ഒ ഗ്ലോബോയിലെ മാധ്യമപ്രവർത്തകനോട് പ്രസിഡന്റ് പറഞ്ഞത്.
ഇന്നലെ ബ്രസീലിയയിലെ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ പതിവ് സന്ദർശനത്തിന് എത്തിയ പ്രസിഡന്റിനെ കാണാനെത്തിയവരായിരുന്നു മാധ്യമപ്രവർത്തകർ. തുടർന്നാണ് സംഘത്തിലെ റിപ്പോർട്ടർ പ്രസിഡന്റിന്റെ ഭാര്യ ഉൾപ്പെട്ട അഴിമതിക്കേസിനെ പറ്റി അദ്ദേഹത്തോട് ചോദിച്ചത്. ഇതിൽ ക്ഷുഭിതനായ അദ്ദേഹം റിപ്പോർട്ടറോട് കയർത്തുസംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രസിഡന്റിന്റെ പ്രസ്താവനയെ തുടർന്ന് മറ്റ് മാധ്യമപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഇത് അവഗണിച്ച് കൂടുതൽ പരാമർശത്തിന് കാത്തുനിൽക്കാതെ ബോൽസനാരോ സ്ഥലവിട്ടു.
പ്രഥമ വനിതയായ മീഷേൽ ബോൽസനാരോയും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഫാബ്രിയോ ക്യൂറോസും ഉൾപ്പെട്ട അഴിമതി സംബന്ധിച്ച രേഖകൾ അടുത്തിടെ ഒരു മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയത്തിൽ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു ജെയിർ ബോൽസനാരോ ഈ രീതിയിൽ പ്രതികരിച്ചത്.
അതേസമയം, പ്രസിഡന്റിന്റെ പെരുമാറ്റത്തിനെതിരെ പ്രതികരണവുമായി ഒ ഗ്ലോബോ രംഗത്തെത്തി. പൊതുജനങ്ങളോട് ഉത്തരവാദിത്വമുള്ള പദവി കൈകാര്യം ചെയ്യുന്നയാൾ ഇത്തരത്തിലല്ല പെരുമാറേണ്ടതെന്നും ഇത് അത്യന്തികം അപലപനീയമാണെനനും അവർ വാർത്താ കുറിപ്പിൽ അറിയിച്ചു.