National
ഇന്ത്യ- ചൈന തർക്കം: ചർച്ച പരാജയപ്പെട്ടാൽ മറ്റ് മാർഗങ്ങൾ ആവിഷ്‌കരിക്കുമെന്ന് ബിപിൻ റാവത്ത്
ലഡാക്ക്| അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തുന്ന അതിക്രമങ്ങൾ അതിരുകടന്നാൽ അത് കൈകാര്യം ചെയ്യുന്നതിനുള്ള സൈനികനടപടികൾ ആലോചനയിൽ ഉണ്ടെന്ന് ഇന്ത്യൻ ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും നയതന്ത്ര- സൈനിക ചർച്ച പരാജയപ്പെട്ടാൽ മാത്രമേ ഇതേ കുറിച്ച് ആലോചിക്കുകയുള്ളൂ.
യഥാർഥ നിയന്ത്രണ രേഖയിൽ അതിക്രമങ്ങൾ നടക്കുന്നത് അവിടുത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടാണെന്നും അദ്ദേഹം ഇന്ത്യാ ടുഡേയോട് സംസാരിക്കവെ വ്യക്തമാക്കി. അത്തരം പ്രദേശങ്ങളിൽ ചർച്ച തന്നെയാണ് പ്രശ്ന പരിഹാരത്തിനുള്ള പ്രധാന മാർഗം.
ചൈനക്കാരുടെ അതിക്രമങ്ങൾ കൈകാര്യം ചെയ്യാനുള്ള സൈനിക നടപടികൾ നടക്കുന്നുണ്ടെങ്കിലും സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ മാത്രമേ ഇവയെല്ലാം ആലോചിക്കൂ. എന്നാൽ ഏതൊക്കെ സാധ്യതകളാണ് പരിഗണിക്കുക തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.