Connect with us

Kerala

പ്രതിപക്ഷത്തിന് അവരില്‍ തന്നെ വിശ്വാസം നഷ്ടപ്പെട്ടു: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷത്തിന് അവരില്‍ തന്നെ വിശ്വാസം നഷ്ടപ്പെട്ടതിന്റെ ഭാഗമായാണ് നിയമസഭയില്‍ സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരിലാണ്, എന്തിലാണ് അവിശ്വാസം എന്ന് വ്യക്തമല്ല. നിരവധി പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായപ്പോഴും അതിലൊന്നും വികസന, ക്ഷേമ പദ്ധതികളില്‍ വിട്ടുവീഴ്ച ചെയ്യാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് പ്രതിപക്ഷത്തിന് അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പ്രതികൂല സാഹര്യങ്ങള്‍ വരുമ്പോള്‍ നേരത്തെ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടക്കാതാവുകകയും വികസനം മുരടിക്കുകയും ചെയ്യുമെന്നാണ് പ്രതിപക്ഷം കരുതിയത്. എന്നാല്‍ ആ പ്രതീക്ഷ നഷ്ടപ്പെട്ടു. ആ നിലക്ക് അവര്‍ക്ക് അവരില്‍ തന്നെ അവിശ്വാസം വന്നിട്ടുണ്ട്. മാത്രവുമല്ല യുഡിഎഫ് ഘടകക്ഷികള്‍ക്കിടയിലുള്ള ബന്ധം ശിശിലമായി വരികയാണ്. അതിന്റെ ഭാഗമായി അവര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അവിശ്വാസവും അവിശ്വാസ പ്രമേയത്തിന് അടിസ്ഥാനമായിട്ടുണ്ടോ എന്ന് സംശയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിനെതിരെ പ്രചരണ കൊടുങ്കാറ്റ് അഴിച്ചുവിട്ട് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുവാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ആ ശ്രമത്തില്‍ വിശ്വാസയോഗ്യമായ ഒന്നും അവതരിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം അണികളില്‍ നിന്ന് നേതൃത്വത്തിന്റെ കഴിവിലുള്ള അവിശ്വാസം ശക്തമായി വരുന്നുന്നു. അതും പ്രതിപക്ഷത്തിന്റെ നീക്കത്തിന് അടിസ്ഥാമായി വരുന്നുണ്ടോ എന്നതും പരിശോധിക്കണം.

ജനപിന്തുണയുടെ കാര്യമെടുത്താല്‍ യുഡിഎഫിന് ഒപ്പം ഉണ്ടായവര്‍ തന്നെ വിഘടിച്ച് നില്‍ക്കുന്ന അവസ്ഥയാണ്. നേരത്തെ ഉണ്ടായിരുന്ന ജനപിന്തുണ അവര്‍ക്ക് നഷ്ടപ്പെടുന്നു. അതിന്റെ ഫലമായി നിയമസഭയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന സീറ്റുകളില്‍ രണ്ടെണ്ണം അവര്‍ക്ക് നഷ്ടമായി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍, യുഡിഎഫിലെ അസ്വസ്ഥത കാരണം രണ്ട് പേര്‍ വരാതിരുന്നു. ഇത്തരത്തില്‍ യുഡിഎഫിന് നിലവില്‍ സംഭവിക്കുന്ന കുറവുകള്‍ അസ്വസ്ഥത ഉണ്ടാക്കും. ഇതിന് മറയിടാനാണോ അവിശ്വാസം പ്രമേയം കൊണ്ടുവന്നത് എന്നും സംശയിക്കണം.

അതേസമയം, ജനങ്ങള്‍ സരക്കാറില്‍ പ്രകടിപ്പിച്ച വിശ്വാസം വര്‍ധിച്ചുവരുന്നതാണ് അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്ാര്‍ വരുമ്പോള്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്ന 91 സീറ്റ് 93 ആയി വര്‍ധിച്ചത് ഇതിന്റ സൂചനയാണെന്ന് അദ്ദേഹം വ്യക്തമാക്കി.